Wednesday, March 31, 2010

ആണവ നിര്‍വ്യാപനം ഉറപ്പ് നല്‍കണമെന്ന് അമേരിക്ക

ആണവനിര്‍വ്യാപനം സംബന്ധിച്ച് രേഖാമൂലം ഉറപ്പുകൊടുക്കുകയും ആണവബാധ്യത ബില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുകയും ചെയ്താലേ ഇന്ത്യ-അമേരിക്ക ആണവകരാര്‍ നടപ്പാക്കാനാകൂ എന്ന് അമേരിക്ക വ്യക്തമാക്കി. ആണവ ഇന്ധനത്തിന്റെ പുനഃസംസ്കരണത്തിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച ചര്‍ച്ച ഏറെക്കുറെ പൂര്‍ത്തിയായെന്നും അമേരിക്ക വെളിപ്പെടുത്തി. ആണവനിര്‍വ്യാപനത്തിന് സമ്മതിക്കുന്നതടക്കമുള്ള ഉപാധികളിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കയുടെ പ്രസ്താവന. ഇന്ത്യ ഒരുതരത്തിലുള്ള ആണവപരീക്ഷണവും നടത്തില്ലെന്നുള്ള ഉറപ്പ് നല്‍കുകയാണ് വേണ്ടതെന്ന് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി തിമോത്തി ജെ റോമര്‍ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കന്‍ ഫെഡറല്‍ റഗുലേഷന്‍സിലെ 810-ാംവകുപ്പ് അനുസരിച്ച് ഇതുസംബന്ധിച്ച ഉറപ്പ് ഇന്ത്യ നല്‍കണം. ആണവോര്‍ജം ഉപയോഗിച്ച് ഇരുരാജ്യങ്ങള്‍ക്കും പുരോഗതി കൈവരിക്കാന്‍ കഴിയുന്നതിനുപുറമെ ലോകത്തെ ആണവായുധ വിമുക്തമാക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ സ്വപ്നം പൂവണിയിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മുന്നോട്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു അമേരിക്കന്‍ സ്ഥാനപതി. ഏപ്രിലില്‍ നടക്കുന്ന മന്‍മോഹന്‍സിങ്ങിന്റെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഇതുസംബന്ധിച്ച ഉറപ്പ് നല്‍കുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര പ്രാധാന്യമുള്ള കരാര്‍ യാഥാര്‍ഥ്യമാവുകയാണെന്നും പുനഃസംസ്കരണം സംബന്ധിച്ച സംവിധാനങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് അന്തിമരൂപമായെന്നും തിമോത്തി ജെ റോമര്‍ പറഞ്ഞു.

ആണവോര്‍ജം ഉപയോഗിച്ച് മെച്ചപ്പെട്ട വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിലേക്ക് ഇന്ത്യയും അമേരിക്കയും ഒരുപടികൂടി അടുത്തു. ഇരുരാജ്യങ്ങളുടെയും ആഗോളസഹകരണത്തിന്റെ ഭാഗമാണിത്. ആണവസഹകരണകരാര്‍ പൂര്‍ണമായും ഉപയോഗിക്കുന്നതിന്റെ സൂചനയാണിത്. പുനഃസംസ്കരണകരാര്‍ നടപ്പാകുന്നതോടെ അമേരിക്കന്‍ ആണവകമ്പനികള്‍ക്ക് ഇന്ത്യയിലേക്കുള്ള വാതിലുകള്‍ തുറക്കുമെന്നും ഇരുരാജ്യങ്ങളിലെയും ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും റോമര്‍ പറഞ്ഞു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള പുനഃസംസ്കരണപദ്ധതി സ്ഥാപിക്കുന്നതുസംബന്ധിച്ച ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായെന്നാണ് അമേരിക്കന്‍ വിദേശകാര്യവകുപ്പ് പ്രസ്താവനയില്‍ പറഞ്ഞത്. 2008ല്‍ ആണവകരാര്‍ ഒപ്പിട്ട് ആറുമാസം പിന്നിട്ടശേഷമാണ് പുനഃസംസ്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇത് ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ആഗസ്തിലാണ് ചര്‍ച്ച ആരംഭിച്ചത്. ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിനുമുമ്പ് ചര്‍ച്ച അവസാനിക്കുമെന്നും അമേരിക്കന്‍ വിദേശകാര്യവകുപ്പ് വ്യക്തമാക്കി. ആണവ നിര്‍വ്യാപനകാര്യത്തില്‍ അമേരിക്കയുടെ ചൊല്‍പ്പടിക്ക് ഇന്ത്യ നിലകൊള്ളണമെന്ന പരസ്യമായ ആജ്ഞയായി അമേരിക്കന്‍ സ്ഥാനപതിയുടെ പ്രസ്താവനയെ കാണേണ്ടതുണ്ട്. ആണവ നിര്‍വ്യാപനത്തില്‍ സഹകരണം ഉണ്ടാകുമെന്നുതന്നെ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആണവബാധ്യത ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ഒരുങ്ങിയെങ്കിലും പ്രതിപക്ഷകക്ഷികളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്.

വി ജയിന്‍ ദേശാഭിമാനി 310310

1 comment:

  1. ആണവനിര്‍വ്യാപനം സംബന്ധിച്ച് രേഖാമൂലം ഉറപ്പുകൊടുക്കുകയും ആണവബാധ്യത ബില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുകയും ചെയ്താലേ ഇന്ത്യ-അമേരിക്ക ആണവകരാര്‍ നടപ്പാക്കാനാകൂ എന്ന് അമേരിക്ക വ്യക്തമാക്കി. ആണവ ഇന്ധനത്തിന്റെ പുനഃസംസ്കരണത്തിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച ചര്‍ച്ച ഏറെക്കുറെ പൂര്‍ത്തിയായെന്നും അമേരിക്ക വെളിപ്പെടുത്തി. ആണവനിര്‍വ്യാപനത്തിന് സമ്മതിക്കുന്നതടക്കമുള്ള ഉപാധികളിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കയുടെ പ്രസ്താവന. ഇന്ത്യ ഒരുതരത്തിലുള്ള ആണവപരീക്ഷണവും നടത്തില്ലെന്നുള്ള ഉറപ്പ് നല്‍കുകയാണ് വേണ്ടതെന്ന് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി തിമോത്തി ജെ റോമര്‍ പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete