Wednesday, March 3, 2010

എണ്ണവില കുറയ്കേണ്ടതില്ല

പെട്രോള്‍-ഡീസല്‍ വിലവര്‍ധന പിന്‍വലിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്

രാജ്യമാകെ പ്രതിഷേധം ആളിപ്പടരുമ്പോഴും പെട്രോള്‍-ഡീസല്‍ വിലവര്‍ധന പിന്‍വലിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം. എണ്ണവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പൂര്‍ണ പിന്തുണ നല്‍കാനും ഘടകകക്ഷികളെ ഇക്കാര്യം 'ബോധ്യപ്പെടുത്താനും' ചൊവ്വാഴ്ച വൈകിട്ട് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഭരണസഖ്യത്തിന്റെ ഭാഗമായ ഡിഎംകെയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും പുറമെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മറ്റ് കക്ഷികളും വിലവര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കോര്‍കമ്മിറ്റി യോഗം ചേര്‍ന്നത്. വിലവര്‍ധന ഭാഗികമായെങ്കിലും പിന്‍വലിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നെങ്കിലും പ്രധാനമന്ത്രിയും ധനമന്ത്രിയും നിലപാടില്‍ അയവുവരുത്തിയില്ല. കോണ്‍ഗ്രസ് എംപിമാരില്‍ ചിലരും വിലവര്‍ധനയില്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ ബുധനാഴ്ച പ്രണബ് മുഖര്‍ജി അവരെ പ്രത്യേകം കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും. വ്യാഴാഴ്ച ചേരുന്ന പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ വിലവര്‍ധന സംബന്ധിച്ച് സോണിയ ഗാന്ധി തന്നെ വിശദീകരണം നടത്താനും തീരുമാനിച്ചതായി അറിയുന്നു. എണ്ണവില വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ യുപിഎ സഖ്യകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും ഈ വിഷയമുന്നയിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇവരെ അനുനയിപ്പിക്കാനാണ് കോര്‍ കമ്മിറ്റി യോഗത്തില്‍ ധാരണയായത്. എന്നാല്‍, പ്രതിഷേധം രൂക്ഷമാകുകയും പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതി വരുകയും ചെയ്താല്‍ ഡീസല്‍ വിലവര്‍ധനയില്‍ മാത്രം നേരിയ ഇളവ് നല്‍കി തടിയൂരാമെന്നാണ് നേതൃത്വം കരുതുന്നത്. എന്നാല്‍, അത് പരമാവധി നീട്ടിക്കൊണ്ടുപോയി സര്‍ക്കാരിനും കമ്പനികള്‍ക്കും നേട്ടമുണ്ടാക്കാനാണ് നീക്കം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ധനമന്ത്രി പ്രണബ് മുഖര്‍ജി, പ്രതിരോധമന്ത്രി എ കെ ആന്റണി, ആഭ്യന്തരമന്ത്രി പി ചിദംബരം, അഹമ്മദ് പട്ടേല്‍ എന്നിവര്‍ പങ്കെടുത്ത കോര്‍ കമ്മിറ്റി യോഗം പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചര്‍ച്ചചെയ്തു. പ്രധാനമന്ത്രിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കടുത്ത തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വത്തെ എത്തിച്ചത്.
(വിജേഷ് ചൂടല്‍)

പ്രതിപക്ഷവാദം കേന്ദ്രത്തിന്റെ കൊള്ളയെ സഹായിക്കാന്‍

എണ്ണ വിലവര്‍ധനയിലൂടെയുള്ള അധികവരുമാനം കേരളം വേണ്ടെന്നുവയ്ക്കണമെന്ന് പ്രതിപക്ഷം പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ കൊള്ളയെ സഹായിക്കാനാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. വിലകൂട്ടിയതിലൂടെ കേരളത്തില്‍നിന്ന് 1800 കോടിയാണ് കേന്ദ്രം പിഴിഞ്ഞെടുക്കുന്നത്. ഇതിലുള്ള ജനരോഷം തണുപ്പിച്ച് കേന്ദ്രത്തെ രക്ഷിക്കാനാണ് പ്രതിപക്ഷത്തിന്റെ ഈ വാദം. വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. യുഡിഎഫ് ഭരണകാലത്ത് ഒന്‍പതു തവണ പെട്രോള്‍-ഡീസല്‍വിലകൂട്ടി. 28.53 രൂപയുണ്ടായിരുന്ന പെട്രോളിന് 45.91രൂപയും 18.18 രൂപയുണ്ടായിരുന്ന ഡീസലിന് 33.51 രൂപയുമായി. യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനു പോകുന്ന വേളയില്‍ മാത്രമാണ് നികുതി കുറച്ചത്. 2008 ജൂണില്‍ കേന്ദ്രം വിലകൂട്ടിയപ്പോള്‍ അധികനികുതി വരുമാനം വേണ്ടെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ കിട്ടുന്ന അധികവരുമാനം വഴി പാവങ്ങള്‍ക്ക് റേഷനും പെന്‍ഷനും നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മാന്ദ്യപാക്കേജിന്റെ ഭാഗമായി എക്സൈസ് നികുതി കുറച്ചപ്പോള്‍ വരുമാന നഷ്ടം കുറയ്ക്കാന്‍ വാറ്റ് നികുതി വര്‍ധനയ്ക്ക് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേരളം അതിനു വഴങ്ങിയില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രയും ഡല്‍ഹിയുമെല്ലാം നികുതികൂട്ടി അധികഭാരം അടിച്ചേല്‍പ്പിച്ചിട്ടും കേരളം അതിനു തയ്യാറായില്ലെന്നത് പ്രതിപക്ഷം മറക്കരുത്-മന്ത്രി പറഞ്ഞു.

വിലക്കയറ്റത്തിന് കേന്ദ്രം തീകൊളുത്തുന്നു: മുഖ്യമന്ത്രി

വിലക്കയറ്റത്തിന് കേന്ദ്രം തീകൊളുത്തുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. വിലനിയന്ത്രിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയെ മാതൃകാപരമെന്ന് കേന്ദ്രമന്ത്രിമാരടക്കം പ്രശംസിച്ചിട്ടും പ്രതിപക്ഷം അതുകാണാതെ സൂത്രവിദ്യയുമായി നടക്കുകയാണ്. ആര്യാടന്‍ മുഹമ്മദ് നോട്ടീസ് നല്‍കിയ അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി. നടപടി നിര്‍ത്തിവച്ചാണ് സഭ അടിയന്തരപ്രമേയം ചര്‍ച്ചചെയ്തത്. വന്‍കിടകുത്തകകള്‍ക്കായി പൊതുവിതരണസംവിധാനം പരാജയപ്പെടുത്തുന്ന നയമാണ് കേന്ദ്രബജറ്റിലടക്കമുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലക്കയറ്റത്തിനു കാരണമായ കേന്ദ്രസര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ ഭരണപക്ഷം ചര്‍ച്ചയില്‍ തുറന്നുകാട്ടി. എന്നാല്‍, വിലവര്‍ധന സംസ്ഥാനസര്‍ക്കാരിന്റെ സൃഷ്ടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മന്ത്രിമാരായ സി ദിവാകരന്‍, ടി എം തോമസ് ഐസക് എന്നിവരും ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു. പെട്രോളിയം വിലവര്‍ധനയില്ലായിരുന്നെങ്കില്‍ നൂറുമാര്‍ക്ക് കൊടുക്കാവുന്ന ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു. വിലക്കയറ്റം സ്പോണ്‍സര്‍ ചെയ്യുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് എം പ്രകാശന്‍ (സിപിഐ എം) പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ ഒന്നുംചെയ്യാതിരിക്കുകയാണെന്ന് പ്രമേയം അവതരിപ്പിച്ച ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ്) പറഞ്ഞു. വി എസ് സുനില്‍കുമാര്‍, എ എ അസീസ്, കുട്ടി അഹമ്മദുകുട്ടി, കെ കെ ഷാജു, മോന്‍സ് ജോസഫ്, ജോസഫ് എം പുതുശേരി, തോമസ് ചാണ്ടി, പി എം എ സലാം, കെ എസ് സലീഖ, കെ പി മോഹനന്‍, സാജുപോള്‍, കെ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

ദേശാഭിമാനി 030310

1 comment:

  1. രാജ്യമാകെ പ്രതിഷേധം ആളിപ്പടരുമ്പോഴും പെട്രോള്‍-ഡീസല്‍ വിലവര്‍ധന പിന്‍വലിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം. എണ്ണവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പൂര്‍ണ പിന്തുണ നല്‍കാനും ഘടകകക്ഷികളെ ഇക്കാര്യം 'ബോധ്യപ്പെടുത്താനും' ചൊവ്വാഴ്ച വൈകിട്ട് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി

    ReplyDelete