Friday, April 16, 2010

വാര്‍ഷികപദ്ധതി 10,025 കോടി

കേരളത്തിന് നടപ്പുസാമ്പത്തിക വര്‍ഷം 10,025 കോടിയുടെ വാര്‍ഷികപദ്ധതി അടങ്കലിന് ആസൂത്രണകമീഷന്‍ അംഗീകാരം നല്‍കി. അധികസഹായമായി 135 കോടി രൂപയും അനുവദിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് പദ്ധതി അടങ്കലില്‍ 15.76 ശതമാനത്തിന്റെ വര്‍ധനയുണ്ട്. ആദ്യമായാണ് വാര്‍ഷികപദ്ധതി 10,000 കോടി കടക്കുന്നത്. അടങ്കല്‍ തുക വര്‍ധിച്ചതിനാല്‍ നടപ്പുവര്‍ഷം വിവിധ മേഖലകള്‍ക്കുള്ള തുക ഉയരും. മുന്‍വര്‍ഷം 8660 കോടി രൂപയായിരുന്നു പദ്ധതി അടങ്കല്‍. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെയും ധനമന്ത്രി തോമസ് ഐസക്കിന്റെയും നേതൃത്വത്തിലുള്ള കേരളസംഘം തിങ്കളാഴ്ച ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയുടെ നേതൃത്വത്തിലുള്ള കമീഷന്‍ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിക്ക് അംഗീകാരമായത്. ചര്‍ച്ചയില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. പ്രഭാത് പട്നായക്കും പങ്കെടുത്തു. മുന്‍വര്‍ഷം അധിക കേന്ദ്രസഹായം 115 കോടിയായിരുന്നു. ഈ വര്‍ഷം അനുവദിച്ച 135 കോടിയില്‍ 25 കോടി അഗ്നിശമനസേനയുടെ നവീകരണത്തിന് വകയിരുത്തും. നടപ്പുവര്‍ഷത്തെ പദ്ധതി അടങ്കല്‍ 10,025 കോടിയായി നിശ്ചയിച്ചതോടെ പതിനൊന്നാം പദ്ധതി ലക്ഷ്യമായ 40,425 കോടി മറികടക്കുമെന്നുറപ്പായി. കേരളം നടപ്പാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ വിജയത്തെ കമീഷന്‍ അഭിനന്ദിച്ചു. പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി രേഖ കൈമാറണമെന്ന് കമീഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനാണിത്.

കേരളത്തിന്റെ പുതിയ പദ്ധതിയായ നഗരതൊഴിലുറപ്പുപദ്ധതിയുടെ വിശദാംശങ്ങളും കമീഷന്‍ ആരാഞ്ഞു. വൈദ്യുതിനിരക്കും വെള്ളക്കരവും കൂട്ടണമെന്ന് കമീഷന്‍ നിര്‍ദേശിച്ചെങ്കിലും കേരളം സ്വീകരിച്ചില്ല. വൈദ്യുതിബോര്‍ഡിനെ മൂന്നായി വിഭജിക്കുക, പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകകള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുക എന്നീ നിര്‍ദേശങ്ങളും കേരളം അംഗീകരിച്ചില്ല. പദ്ധതി അടങ്കല്‍ വര്‍ധിച്ചതോടെ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, വ്യവസായം, ഉന്നതവിദ്യാഭ്യാസം, അടിസ്ഥാനസൌകര്യ വികസനം, തൊഴില്‍, സ്പോര്‍ട്സ് എന്നീ മേഖലകളുടെ വിഹിതം 50 ശതമാനം വര്‍ധിക്കും. ഐടിക്കും ഇ-ഗവേണന്‍സിനും 59 ശതമാനം വിഹിതം കൂടും. ആരോഗ്യമേഖല -48, സാംസ്കാരികം -37, വിനോദസഞ്ചാരം-38 എന്നിങ്ങനെയാണ് വിഹിതത്തില്‍ വരുന്ന ശതമാനവര്‍ധന. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 2197.64 കോടിയാണ് നീക്കിയിരുപ്പ്. പ്രത്യേക ഘടകപദ്ധതികള്‍ക്കും ആദിവാസി ഉപപദ്ധതികള്‍ക്കുമായി 1181 കോടി നീക്കിവച്ചിട്ടുണ്ട്. മൊത്തം പദ്ധതിയുടെ 12 ശതമാനമാണിത്. മറ്റു മേഖലകള്‍ക്കുള്ള വിഹിതം: സാമൂഹ്യക്ഷേമം- 3550.14 കോടി, ഊര്‍ജം- 1047, കൃഷിയും അനുബന്ധ മേഖലകളും- 622.63, ഗതാഗതം- 874.47, വ്യവസായം- 418.98, ഗ്രാമവികസനം- 316.73, ജലസേചനം, വെള്ളപ്പൊക്കനിയന്ത്രണം- 376.61, ശാസ്ത്രസാങ്കേതിക, പരിസ്ഥിതി- 294.22, പൊതു സമ്പദ്സേവനരംഗം- 179.88, പ്രത്യേക മേഖലാപദ്ധതികള്‍- 90.66, പൊതുസേവനം- 31.03 കോടി.
(എം പ്രശാന്ത്)

കേന്ദ്രപദ്ധതികളുടെ മാനദണ്ഡം മാറ്റണം: മന്ത്രി ഐസക്

കേന്ദ്രപദ്ധതികളുടെ മാനദണ്ഡത്തില്‍ മാറ്റം വരുത്തണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. സാമൂഹ്യവികസനത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലുള്ള കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് യോജിക്കുന്ന വിധത്തിലല്ല പദ്ധതികള്‍ പലതും. ഇപ്പോള്‍ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശനിയമവും തയ്യാറാക്കി വരുന്ന ഭക്ഷ്യസുരക്ഷാ ബില്ലുമൊക്കെ ഉദാഹരണങ്ങളാണ്. ഈ നിയമത്തിലെയും ബില്ലിലെയുമൊക്കെ വ്യവസ്ഥകളില്‍ ശക്തമായ വിയോജിപ്പ് കേരളത്തിനുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാഭ്യാസ അവകാശനിയമം കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ കുറയുന്നതിന് വഴിവയ്ക്കും. അധ്യാപകരെ ദോഷകരമായി ബാധിക്കും. അഎയ്ഡഡ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കേണ്ട സ്ഥിതിയുണ്ടാകും. ഭക്ഷ്യസുരക്ഷാ ബില്‍ യഥാര്‍ഥത്തില്‍ റേഷന്‍സംവിധാനത്തെ തകിടം മറിക്കുന്നതാണ്. എപിഎല്‍ വിഭാഗത്തിനുള്ള ധാന്യത്തിന്റെ വിലയില്‍ വര്‍ധന വരും. ഇതിനോട് കേരളത്തിന് യോജിക്കാനാകില്ല.

തൊഴിലുറപ്പു പദ്ധതിയൊക്കെ വേണ്ടവിധം നടപ്പാക്കുന്നില്ല എന്ന ആക്ഷേപവും മാനദണ്ഡങ്ങളിലെ പ്രശ്നങ്ങള്‍ കാരണമാണ്. കേരളത്തിന്റെ സാഹചര്യത്തിന് അനുസരിച്ചല്ല ഈ പദ്ധതിയും ഒരുക്കിയിരിക്കുന്നത്. എന്നാല്‍, അതൊക്കെ മറികടന്ന് പദ്ധതി വിജയകരമായി നടപ്പാക്കി വരികയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ പദ്ധതിത്തുകയുടെ 90 ശതമാനത്തിലേറെ ചെലവഴിക്കാന്‍ കഴിയുമെന്ന് തീര്‍ച്ചയാണെന്ന് ധനമന്ത്രി പറഞ്ഞു. ഫെബ്രുവരിവരെയുള്ള കണക്കുപ്രകാരം പദ്ധതിയുടെ 70 ശതമാനംവരെ ചെലവഴിച്ചിട്ടുണ്ട്. ആസൂത്രണ കമീഷന്‍ ഇപ്പോള്‍ അനുവദിച്ച പദ്ധതി അടങ്കലും വര്‍ധിപ്പിക്കണമെന്നാണ് കേരളത്തിന്റെ അഭിപ്രായം. വിദേശസഹായം ആവശ്യമായ പദ്ധതികളില്‍ 25 ശതമാനം കുറവ് വരുത്തിയശേഷം അംഗീകരിച്ചിട്ടുള്ള പദ്ധതിയാണിത്. അതുകൊണ്ടുതന്നെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ വര്‍ധന വന്നിട്ടുണ്ട്. സാങ്കേതികമായ കാരണങ്ങളാലാണ് വിദേശസഹായ പദ്ധതികളില്‍ കുറവ് വരുത്തിയത്-ഐസക് പറഞ്ഞു.

deshabhimani news

1 comment:

  1. കേരളത്തിന് നടപ്പുസാമ്പത്തിക വര്‍ഷം 10,025 കോടിയുടെ വാര്‍ഷികപദ്ധതി അടങ്കലിന് ആസൂത്രണകമീഷന്‍ അംഗീകാരം നല്‍കി. അധികസഹായമായി 135 കോടി രൂപയും അനുവദിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് പദ്ധതി അടങ്കലില്‍ 15.76 ശതമാനത്തിന്റെ വര്‍ധനയുണ്ട്. ആദ്യമായാണ് വാര്‍ഷികപദ്ധതി 10,000 കോടി കടക്കുന്നത്. അടങ്കല്‍ തുക വര്‍ധിച്ചതിനാല്‍ നടപ്പുവര്‍ഷം വിവിധ മേഖലകള്‍ക്കുള്ള തുക ഉയരും. മുന്‍വര്‍ഷം 8660 കോടി രൂപയായിരുന്നു പദ്ധതി അടങ്കല്‍.

    ReplyDelete