Friday, April 2, 2010

ദേശസ്നേഹവും മാധ്യമങ്ങളും

നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ ദേശസ്നേഹം ആര്‍ക്കും ചോദ്യംചെയ്യാന്‍ കഴിയില്ല. പല സന്ദര്‍ഭങ്ങളിലും മാധ്യമങ്ങള്‍ അത് യഥേഷ്ടം പ്രകടിപ്പിക്കുന്നുണ്ട്. രാഷ്ട്രത്തിന്റെയും ദേശീയതയുടെയും പൊതു പ്രശ്നങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിനുപരിയായി പൊതുനിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ രാഷ്ട്രീയ പാര്‍ടികളെപ്പോലെതന്നെ മാധ്യമങ്ങളും മുന്നോട്ടുവരാറുണ്ട്. ഇന്ത്യയുടെ പാര്‍ലമെന്റിനുനേരെ ആക്രമണമുണ്ടായപ്പോഴും കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തിന്റെ സന്ദര്‍ഭത്തിലും അവസാനം മുംബൈ ആക്രമിക്കപ്പെട്ടപ്പോഴും രാജ്യമാകെ അലയടിച്ചുയര്‍ന്ന ദേശസ്നേഹത്തിന്റെ വികാരങ്ങള്‍ക്കൊത്താണ് മുഖ്യധാരാ മാധ്യമങ്ങളും നിലയുറപ്പിച്ചത്.

എന്നാല്‍ ഇന്ത്യന്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ കാതലായ ഒരു വ്യത്യസ്തത മാധ്യമ നിലപാടുകളില്‍ തെളിഞ്ഞുവരാറുണ്ട്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ യഥാര്‍ത്ഥ നിലയെ സംബന്ധിച്ച കാര്യങ്ങളിലാണത്. അമേരിക്ക ഇന്ത്യയുടെ സുഹൃത്താണോ? കാതലായ ഈ ചോദ്യത്തോട് നമ്മുടെ മാധ്യമങ്ങളുടെ സമീപനമെന്താണ്?

സ്വാതന്ത്യ്രാനന്തര ഭാരതത്തെ വളര്‍ത്തുന്നതിന് സഹായകരമായ നിലപാടുകള്‍ സ്വീകരിച്ച ചരിത്രം അമേരിക്കയ്ക്കില്ല. സോഷ്യവിയറ്റ് യൂണിയന്‍ സൌഹാര്‍ദ പൂര്‍ണ്ണമായ നിലപാട് സ്വീകരിച്ചപ്പോഴാണ് പതുക്കെപ്പതുക്കെയെങ്കിലും ഇന്ത്യയുമായി സഹകരിക്കുന്ന നിലപാട് അമേരിക്ക സ്വീകരിച്ചത്. ബംഗ്ളാദേശ് പ്രശ്നത്തിലെത്തിയപ്പോള്‍ ഇന്ത്യയ്ക്കെതിരെ യുദ്ധത്തിന് കപ്പല്‍പടയെ അയച്ച ചരിത്രവും അമേരിക്കയ്ക്കുണ്ട്. അക്കാലങ്ങളിലെല്ലാം ഭാരതത്തിന്റെ രക്ഷയ്ക്കെത്തിയ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം അമേരിക്ക - ഇന്ത്യാ ബന്ധം സംബന്ധിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ ഭാരതത്തിലുണ്ട്.

ഭാരതത്തെ തങ്ങളുടെ സൈനിക പങ്കാളിയാക്കുകയെന്ന ദീര്‍ഘലക്ഷ്യം അമേരിക്കയ്ക്കുണ്ടെന്നത് രഹസ്യമല്ല. ചേരിചേരാ നയത്തില്‍നിന്ന് ഭാരതം പിന്നോക്കംപോയെങ്കിലും ശക്തമായ ഇടതുപക്ഷ നിലപാടും പൊതുജനാഭിപ്രായവുംമൂലം ഇന്ത്യയെ അമേരിക്കയുടെ പങ്കളിയാക്കുന്നതില്‍നിന്ന് തടയാനായിട്ടുണ്ട്. എങ്കിലും ആശവെടിയാതെ അമേരിക്ക യൂദ്ധ പങ്കാളിയായി ഇന്ത്യയെ ഇറാഖിലേക്ക് ക്ഷണിച്ചു. സെപ്തംബര്‍ 11ന് അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രം ആക്രമിക്കപ്പെട്ടതിന്റെപേരില്‍ ഭീകരതയ്ക്കെതിരായ ആഗോള യുദ്ധത്തില്‍ ഇന്ത്യയെ പങ്കാളിയാക്കാന്‍ ശ്രമിച്ചു. ഇതിനെയെല്ലാം ഭാരതം ചെറുത്തുനിന്നു. അപ്പോഴാണ് മുംബൈ ആക്രമണം ഉണ്ടായത്. അറിയപ്പെടുന്ന പാകിസ്ഥാനി പൌരന്മാര്‍ ഉള്‍പ്പെട്ട ഒരു ആക്രമണമെന്ന നിലയില്‍ സ്വാഭാവികമായും ആക്രമിക്കപ്പെട്ട ഭാരതത്തിനൊപ്പം നിലകൊള്ളാന്‍ അമേരിക്ക തയ്യാറാകേണ്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന യാഥാര്‍ത്ഥ്യം എന്താണ്? അമേരിക്കന്‍ പൌരനായ ഹെഡ്ലി തനിക്ക് ഇതിലുള്ള പങ്കിനെക്കുറിച്ച് കുറ്റസമ്മതം നടത്തിയിരിക്കുന്നു.

ലാദനെത്തേടി അഫ്ഗാനിസ്ഥാനിലെത്തിയ അമേരിക്കന്‍ നടപടി ശരിയാണെങ്കില്‍ ഇന്ത്യന്‍ പട്ടാളത്തിന് ഹെഡ്ലിയെത്തേടി വാഷിംഗ്ടണിലേക്ക് പോകാവുന്നതാണ്. അതുവേണ്ട, പകരം നേരായ രീതിയില്‍ ഒരു ചോദ്യംചെയ്യലിനെങ്കിലും ഹെഡ്ലിയെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ അമേരിക്ക തയ്യാറല്ല. ഭാരതത്തിലെ ജനകോടികളെ നടുക്കിയ മുംബൈ ആക്രമണത്തിന്റെ സൂത്രധാരന് അമേരിക്ക സംരക്ഷിതവലയം തീര്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹെഡ്ലി ഇസ്ളാമിക ഭീകരവാദികളുടെ തോഴന്‍ മാത്രമല്ല. സിഐഎയുടെ ചാരന്‍കൂടിയാണ്. ഇന്ത്യയെ അമേരിക്കന്‍ പാളയത്തിലെത്തിക്കാനായി സിഐഎ പാകിസ്ഥാനി പൌരന്മാരെ ചട്ടുകമാക്കി നടത്തിയ ആക്രമണമായിരുന്നോ മുംബെയിലേത്? അല്ലെന്ന് തെളിയിക്കണമെങ്കില്‍ ഹെഡ്ലിയുടെ കാര്യത്തില്‍ അമേരിക്കന്‍ നിലപാട് തിരുത്തിയേ തീരു.

സൂഫിയക്കും മദനിക്കും ഏറെ ദിനങ്ങളില്‍ മുന്‍ പേജുകള്‍ നീക്കിവച്ച നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഹെഡ്ലിയുടെ കുറ്റസമ്മതം അകത്തെ പേജിലൊതുക്കി. മദനിയുടെപേരില്‍ സിപിഐ (എം)നെതിരെ മതവികാരമിളക്കാന്‍ നടത്തിയ മാധ്യമവേലകള്‍ക്ക് സമാനമാണ് ഹെഡ്ലിയെ അകത്തെ പേജിലാക്കി മാധ്യമങ്ങള്‍ അതിന്റെ പ്രാധാന്യം ചെറുതാക്കുന്നത്. ഹെഡ്ലിയെന്ന ഇന്ത്യാവിരുദ്ധനെ കൈകാര്യംചെയ്യാന്‍ ഭാരതത്തെ അനുവദിക്കാത്ത അമേരിക്കന്‍ ഹൂങ്കിനെതിരെ നാലുവരിയെഴുതാന്‍ എന്താണ് ഭീകരതാവിരുദ്ധ നാട്ട്യക്കാരായ നമ്മുടെ മാധ്യമങ്ങള്‍ മറന്നുപോയത്. ഇന്ത്യയോട് കൂറില്ലെന്നല്ല, അമേരിക്കയോട് കൂറുകാട്ടുന്നുവെന്ന സത്യമാണ് ഇവിടെ മാധ്യമനിലപാടുകളില്‍ ദൃശ്യമാകുന്നത്. അമേരിക്ക ഉള്‍പ്പെട്ട കാര്യമാകുമ്പോള്‍ ദേശസ്നേഹം 'പരണത്ത്' കെട്ടിവയ്ക്കുന്നത് നഗ്നമായ സാമ്രാജ്യത്വ ദാസ്യമല്ലേ?

പെട്ടെന്നൊരു വെളിപാടുപോലെ ആണവസുരക്ഷാ ബില്‍ പാര്‍ലമെന്റിലെത്തി. അമേരിക്കയില്‍ നിന്ന് വാങ്ങുന്ന ആണവസാമഗ്രികള്‍ക്ക് കേടുപറ്റി ദുരന്തമുണ്ടായാല്‍ അതിന് ഇരയാകുന്ന ഇന്ത്യക്കാരനെ ആര് രക്ഷിക്കും? ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് നടത്തിയ കളികള്‍ മറക്കാനായിട്ടില്ല. ഇക്കാര്യത്തില്‍ നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിയമം ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ ഇരയാക്കപ്പെടുന്ന മനുഷ്യനുവേണ്ടിയല്ല, മറിച്ച് ലാഭംതേടുന്ന കമ്പനികള്‍ക്കുവേണ്ടി ആണവ സുരക്ഷാ നിയമവുമായി പാര്‍ലമെന്റിലെത്താന്‍ കോണ്‍ഗ്രസിന് മടിയുണ്ടായില്ല. വിദേശകമ്പനികള്‍ക്കുവേണ്ടി നഗ്നമായ വിടുപണിചെയ്യുന്ന ഈ ബില്‍ ഇന്ത്യയുടെ ആത്മാഭിമാനത്തെപ്പോലും വ്രണപ്പെടുത്തും. ഏത് മാധ്യമത്തിനാണ് അതിന്റെ ശരികേടുകള്‍ തിരിഞ്ഞത്? ലാവ്ലിന്‍പോലൊരു കമ്പനിയുമായി ആന്റണി സര്‍ക്കാര്‍ സൃഷ്ടിച്ച കരാര്‍ റദ്ദുചെയ്തില്ല എന്ന കുറ്റത്തിന്റെപേരില്‍ സിപിഐ (എം)നെ എപ്പോഴും വേട്ടയാടുന്ന മാധ്യമങ്ങള്‍ വിദേശ ആണവ കമ്പനികള്‍ക്കായി ഒരു നിയമനിര്‍മ്മാണത്തിനുതന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് വാഴ്ചയെ ഇപ്പോഴും നിര്‍ലജ്ജം പിന്തുണയ്ക്കുകയും ദേശരക്ഷയുടേയും ജനകീയ താല്‍പര്യങ്ങളുടെയും പ്രശ്നങ്ങളില്‍ ഘോരമായ മൌനം പാലിക്കുകയും ചെയ്യുന്നു.

ലാവ്ലിനെ ആനയും പൂനയുമാക്കുന്നതില്‍ പ്രകടമാകുന്ന മാധ്യമ പക്ഷപാതിത്വംതന്നെയാണ് ആണവ സുരക്ഷാബില്ലിന്റെ കാര്യത്തിലും കാണപ്പെടുന്നത്. ലാവ്ലിന്റെ ആയിരം ഇരട്ടി ശക്തിയുള്ള ആണവ ഭീമന്‍മാര്‍ക്കായി രാജ്യത്തെ പാര്‍ലമെന്റിനെക്കൊണ്ട് നിയമനിര്‍മ്മാണത്തിന് മുതിര്‍ന്നതുതന്നെ സാമ്രാജ്യത്വ ദാസ്യവും രാഷ്ട്രീയ അഴിമതിയുമാണ്. ഹെഡ്ലി യെപ്പറ്റിയും ആണവസുരക്ഷാ ബില്ലിനെപ്പറ്റിയും നമ്മുടെ ജനങ്ങള്‍ ചര്‍ച്ചചെയ്താല്‍ ചിലരൊക്കെ തുറന്നു കാട്ടപ്പെടും. അതിനനുവദിക്കാതെ ഈ പ്രശ്നങ്ങളെ ഇരുട്ടില്‍ നിര്‍ത്തുന്നവിധം ഈ സംഭവങ്ങള്‍ യാദൃച്ഛിക കാര്യങ്ങളാക്കി ചുരുക്കി കാട്ടുന്നതില്‍ മാധ്യമങ്ങളുടെ രാഷ്ട്രീയം ഒളിഞ്ഞിരിക്കുന്നു. സാമ്രാജ്യത്വത്തോട് വിനീത ദാസ്യം പുലര്‍ത്തുന്ന ഇന്ത്യന്‍ ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ പിന്‍പാട്ടുകാരായ മാധ്യമങ്ങള്‍ അമേരിക്കയോട് പ്രകടിപ്പിക്കുന്ന വിധേയത്വം ആരെയാണ് നാണിപ്പിക്കാത്തത്?

അഡ്വ. കെ അനില്‍കുമാര്‍ chintha weekly 020410

1 comment:

  1. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ ദേശസ്നേഹം ആര്‍ക്കും ചോദ്യംചെയ്യാന്‍ കഴിയില്ല. പല സന്ദര്‍ഭങ്ങളിലും മാധ്യമങ്ങള്‍ അത് യഥേഷ്ടം പ്രകടിപ്പിക്കുന്നുണ്ട്. രാഷ്ട്രത്തിന്റെയും ദേശീയതയുടെയും പൊതു പ്രശ്നങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിനുപരിയായി പൊതുനിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ രാഷ്ട്രീയ പാര്‍ടികളെപ്പോലെതന്നെ മാധ്യമങ്ങളും മുന്നോട്ടുവരാറുണ്ട്. ഇന്ത്യയുടെ പാര്‍ലമെന്റിനുനേരെ ആക്രമണമുണ്ടായപ്പോഴും കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തിന്റെ സന്ദര്‍ഭത്തിലും അവസാനം മുംബൈ ആക്രമിക്കപ്പെട്ടപ്പോഴും രാജ്യമാകെ അലയടിച്ചുയര്‍ന്ന ദേശസ്നേഹത്തിന്റെ വികാരങ്ങള്‍ക്കൊത്താണ് മുഖ്യധാരാ മാധ്യമങ്ങളും നിലയുറപ്പിച്ചത്.

    ReplyDelete