Thursday, April 8, 2010

ദേശീയ പ്രക്ഷോഭം കേന്ദ്രത്തിന് താക്കീതാകും

ഇന്ന് ദേശീയ പ്രക്ഷോഭം; കേന്ദ്രത്തിന് താക്കീതാകും

വിലക്കയറ്റം തടയുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ വ്യാഴാഴ്ച രാജ്യമാകെ പ്രതിഷേധക്കൊടുങ്കാറ്റ് അലയടിക്കും. ജനവിരുദ്ധനയങ്ങള്‍ പിന്തുടരുന്ന യുപിഎ സര്‍ക്കാരിന് ശക്തമായ താക്കീതാകുന്ന നിയമലംഘനസമരത്തില്‍ അരക്കോടിയോളംപേര്‍ അണിനിരക്കും. സിപിഐ എം ഉള്‍പ്പെടെയുള്ള നാല് ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തിലാണ് കൂട്ടപിക്കറ്റിങ്ങ്. മാര്‍ച്ച് 12ന് നടന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ തുടര്‍ച്ചയായാണ് ദേശീയപ്രക്ഷോഭം. വിലക്കയറ്റം തടയുക, തൊഴില്‍ ലഭ്യമാക്കുക, ഭൂപരിഷ്കരണം നടപ്പാക്കുക, ഇടതുപക്ഷപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണം തടയുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം. സംസ്ഥാന- ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നിലാണ് പിക്കറ്റിങ്ങ്.

ഡല്‍ഹിയില്‍ സമരത്തിന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍, സെക്രട്ടറി ഡി രാജ, ഫോര്‍വേഡ് ബ്ളോക്ക് സെക്രട്ടറി ദേവബ്രത ബിശ്വാസ് എന്നിവര്‍ നേതൃത്വം നല്‍കും. കേരളത്തില്‍ നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന ഉപരോധം കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിശ്ചലമാക്കും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള ചെന്നൈയിലും സീതാറാം യെച്ചൂരി മുംബൈയിലും കെ വരദരാജന്‍ ബംഗളൂരുവിലും ബിമന്‍ബസു കൊല്‍ക്കത്തയിലും എം കെ പന്ഥെ റാഞ്ചിയിലും വൃന്ദ കാരാട്ട് പട്നയിലും മുഹമ്മദ് അമീന്‍ ലഖ്നൌവിലും രാഘവലു ഹൈദരാബാദിലും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഹനന്‍മുള്ള ജയ്പുരിലും തപന്‍സെന്‍ ഡെറാഡൂണിലും സുധ സുന്ദര്‍രാമന്‍ ഭോപാലിലും നീലോല്‍പല്‍ബസു ചണ്ഡീഗഢിലും പങ്കെടുക്കും. നിയമലംഘന സമരമായതിനാല്‍ മുഖ്യമന്ത്രിമാരും മറ്റും പ്രക്ഷോഭത്തില്‍ പങ്കെടുക്കില്ല.

സമരവിരോധം മറയ്ക്കാന്‍ വിവാദവ്യവസായം

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ രാജ്യമാകെ ഉയരുന്ന സമരവീര്യത്തെ പ്രതിരോധിക്കാന്‍ ഒരു സംഘം മാധ്യമങ്ങളുടെ വിവാദ വ്യവസായം. ഇടതുപക്ഷകക്ഷികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ദേശീയപ്രക്ഷോഭത്തിലെ ശക്തമായ അധ്യായങ്ങളിലൊന്നാകും വ്യാഴാഴ്ചത്തെ നിയമലംഘനസമരം. ഇത് പ്രഖ്യാപിച്ചതിനുപിന്നാലെ, ഇടതുപക്ഷത്തെ മുഖ്യകക്ഷിയായ സിപിഐ എമ്മില്‍ സമരത്തെച്ചൊല്ലി ഭിന്നതയുണ്ടെന്നുവരുത്താനാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ ശ്രമിച്ചത്. സിപിഐ എം കേന്ദ്രനേതൃത്വവും ബംഗാള്‍ ഘടകവും രണ്ടുതട്ടിലാണെന്നായിരുന്നു ആദ്യ സങ്കല്‍പ്പകഥ. ജയില്‍നിറയ്ക്കല്‍ സമരമല്ല, പിക്കറ്റിങ് സമരമായിരിക്കും ബംഗാളിലെന്ന് സംസ്ഥാനസെക്രട്ടറി ബിമന്‍ബസു പറഞ്ഞത് ദേശീയപ്രക്ഷോഭത്തിന് വിരുദ്ധമായ വാദഗതിയാണെന്നും ഇക്കൂട്ടര്‍ വ്യാഖ്യാനിച്ചു. എട്ടിന്റെ ദേശീയനിയമലംഘനസമരത്തില്‍ ബംഗാളും സജീവമായി പങ്കാളിയാകുകയാണെന്നും ഇതേച്ചൊല്ലിയുള്ള മാധ്യമവിവാദം അര്‍ഥശൂന്യമാണെന്നും പാര്‍ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും വ്യക്തമാക്കി. ബംഗാളിലെ സമരം ആളെ ബുദ്ധിമുട്ടിക്കാത്തതാണെങ്കില്‍ കേരളത്തിലെ സമരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നായി പിന്നീടുള്ള മാധ്യമപ്രചാരണം. ഇതിന് പാര്‍ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉചിതമായ മറുപടി നല്‍കി. ജനങ്ങളെ വിലക്കയറ്റത്തിന്റെ നടുക്കടലില്‍ തള്ളി ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തില്‍ കേരളവും ബംഗാളും ഒന്നാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.

സമരത്തെ താറടിക്കാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് മറ്റുവക കിട്ടാതെ വന്നപ്പോള്‍ 'അണികള്‍ സമരത്തില്‍, നേതാക്കള്‍ ഗള്‍ഫില്‍' എന്ന പ്രചാരണമായി. പ്രവാസിമലയാളികളുടെ പൊതുസംഘടനകളുടെ ക്ഷണം സ്വീകരിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തുകയാണ്. മന്ത്രി പാലോളി മുഹമ്മദ്കുട്ടി, പാര്‍ടി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍, സംസ്ഥാനകമ്മിറ്റി അംഗവും പ്രവാസിക്ഷേമനിധിബോര്‍ഡ് ചെയര്‍മാനുമായ ടി കെ ഹംസ എന്നിവരും പിണറായിക്കൊപ്പമുണ്ട്. സൌദി അറേബ്യയില്‍ ആദ്യമായെത്തിയ പിണറായിക്ക് ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലെല്ലാം മറ്റൊരു നേതാവിനും ലഭിക്കാത്തത്ര ആവേശകരമായ വരവേല്‍പ്പാണ് മലയാളികള്‍ നല്‍കിയത്. ഓരോ കേന്ദ്രത്തിലും ആയിരക്കണക്കിന് മലയാളികളാണ് പങ്കെടുത്തത്. സൌദിപൌരന്മാരും ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരും വ്യത്യസ്ത രാഷ്ട്രീയപാര്‍ടികളില്‍പ്പെട്ടവരുമെല്ലാം സ്വീകരണയോഗങ്ങള്‍ക്ക് എത്തിയിരുന്നു. മാധ്യമം, മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ പിണറായിയുടെ സ്വീകരണസമ്മേളനങ്ങളുടെ സവിശേഷതയും പങ്കാളിത്തവും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ ഗള്‍ഫ്നാടുകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ബഹ്റൈനിലും സ്നേഹനിര്‍ഭരമായ വരവേല്‍പ്പാണ് മലയാളികള്‍ നല്‍കിയത്. കേരളത്തിന്റെ പുരോഗതിക്ക് ഇടതുപക്ഷസര്‍ക്കാരുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നേതാക്കള്‍ സ്വീകരണയോഗങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. പ്രവാസിമലയാളികളുടെ ജീവിതദുഃഖങ്ങളും പ്രശ്നങ്ങളും സിപിഐ എം സംഘം മനസ്സിലാക്കുന്നു.

നേതാക്കളുടെ ഗള്‍ഫ് പര്യടനം പാര്‍ടി തീരുമാനപ്രകാരമാണെന്ന് പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും അര്‍ഥരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തുടരുകയാണ്. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ മാര്‍ച്ചില്‍ അഞ്ചുദിവസത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസ് ഉപരോധസമരം നടന്നിരുന്നു. ജനങ്ങളെ ജീവിതദുരിതത്തിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍നയം തിരുത്തിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു അത്. അന്ന്, കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റംവരെ ഓടിയെത്തി ഉപരോധസമരത്തിന് നേതൃത്വംകൊടുത്ത നേതാവാണ് പിണറായി. അപ്പോള്‍ പിണറായിക്കും സമരഭടന്മാര്‍ക്കുമെതിരെ വാര്‍ത്ത കൊടുത്ത് ആനന്ദിച്ച മനോരമ-മാതൃഭൂമിയാദികളാണ് ഇപ്പോള്‍ ദേശീയസമരം വന്നിട്ട് പിണറായി കേരളത്തിലില്ല എന്നുപറഞ്ഞ് വാര്‍ത്ത ചമയ്ക്കുന്നത്. ഈ ഇരട്ടത്താപ്പ് സമരത്തെ അപഹസിക്കുന്നതിനാണ്.
(ആര്‍ എസ് ബാബു)

ദേശാഭിമാനി 08042010

1 comment:

  1. വിലക്കയറ്റം തടയുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ വ്യാഴാഴ്ച രാജ്യമാകെ പ്രതിഷേധക്കൊടുങ്കാറ്റ് അലയടിക്കും. ജനവിരുദ്ധനയങ്ങള്‍ പിന്തുടരുന്ന യുപിഎ സര്‍ക്കാരിന് ശക്തമായ താക്കീതാകുന്ന നിയമലംഘനസമരത്തില്‍ അരക്കോടിയോളംപേര്‍ അണിനിരക്കും. സിപിഐ എം ഉള്‍പ്പെടെയുള്ള നാല് ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തിലാണ് കൂട്ടപിക്കറ്റിങ്ങ്. മാര്‍ച്ച് 12ന് നടന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ തുടര്‍ച്ചയായാണ് ദേശീയപ്രക്ഷോഭം. വിലക്കയറ്റം തടയുക, തൊഴില്‍ ലഭ്യമാക്കുക, ഭൂപരിഷ്കരണം നടപ്പാക്കുക, ഇടതുപക്ഷപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണം തടയുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം. സംസ്ഥാന- ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നിലാണ് പിക്കറ്റിങ്ങ്.

    ReplyDelete