Friday, April 9, 2010

വര്‍ഗീസിന്റെ മൃതദേഹം - കരിമ്പന്റെ മൊഴി

നക്സല്‍ വര്‍ഗീസ് വധക്കേസില്‍ നാലു സാക്ഷികളെക്കൂടി സിബിഐ പ്രത്യേക കോടതി വിസ്തരിച്ചു. വര്‍ഗീസിനെ വെടിവച്ചുകൊന്നത് താനാണെന്നു വെളിപ്പെടുത്തി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയ ഹൈക്കോടതി അഭിഭാഷകന്‍ ടി എ ഉണ്ണിക്കൃഷ്ണന്‍, രാമചന്ദ്രന്‍നായരുടെ ഭാര്യ ശാന്തമ്മ, വര്‍ഗീസിനെ കൊലപ്പെടുത്തുന്നതിനുമുമ്പ് പൊലീസുകാര്‍ കാട്ടിനുള്ളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതു കണ്ട ജോഗി, കൊലയ്ക്കുശേഷം മൃതദേഹം പൊതിഞ്ഞുകെട്ടിയ കരിമ്പന്‍ എന്നിവരെയാണ് പ്രത്യേക ജഡ്ജി എസ് വിജയകുമാര്‍ മുമ്പാകെ വിസ്തരിച്ചത്. കോടതിവരാന്തയില്‍വച്ച് അഡ്വ. എ എക്സ് വര്‍ഗീസിന്റെ അഭ്യര്‍ഥനപ്രകാരമാണ് രാമചന്ദ്രന്‍നായരുടെ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയതെന്ന് അഡ്വ. ഉണ്ണിക്കൃഷ്ണന്‍ മൊഴി നല്‍കി. രാമചന്ദ്രന്‍നായര്‍ കോടതിയില്‍ എത്തി സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍ വായിച്ചുകേട്ടശേഷമാണ് ഒപ്പിട്ടുനല്‍കിയതെന്നും അദ്ദേഹം കോടതിയില്‍ വിശദീകരിച്ചു.

വര്‍ഗീസിന്റെ കൊലയ്ക്കുശേഷം കുറച്ചുനാള്‍ ഭര്‍ത്താവ് ആരോടും സംസാരിച്ചിരുന്നില്ലെന്നും കാരണം ചോദിച്ചപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഒരാളെ വെടിവച്ചുകൊന്നുവെന്നും ഏതാനും ആഴ്ചക്കുശേഷം രാമചന്ദ്രന്‍നായര്‍ മദ്യപാനവും പുകവലിയും തുടങ്ങിയെന്നും ഭാര്യ ശാന്തമ്മ കോടതിയെ അറിയിച്ചു.

വര്‍ഗീസിനെ കാക്കിനിക്കറും ബനിയും ധരിപ്പിച്ച് കൈകള്‍ പിന്നോട്ടുകെട്ടി പൊലീസുകാര്‍ കാട്ടിനുള്ളിലേക്കു കൊണ്ടുപോകുന്നതു കണ്ടതായി ജോഗി മൊഴി നല്‍കി. തിരുനെല്ലി പൊലീസ് സ്റ്റേഷനു സമീപം കൂമ്പാരക്കുന്നില്‍ ഇബ്രാഹിമിന്റെ ചായപ്പീടികയില്‍ ഇരിക്കുമ്പോഴാണ് ഇതു കണ്ടതെന്നും തന്നോടൊപ്പം മറ്റൊരു സാക്ഷിയായ പ്രഭാകരവാര്യരും ഉണ്ടായിരുന്നുവെന്നും തൊട്ടടുത്ത ദിവസം വര്‍ഗീസ് കൊല്ലപ്പെട്ടതായി അറിഞ്ഞുവെന്നും ജോഗി പറഞ്ഞു.

തിരുനെല്ലി ക്ഷേത്രത്തിലെ അപ്പുമാരാരുടെ വീട്ടില്‍ കൂലിപ്പണി ചെയ്യുന്നതിനിടെ പൊലീസ് ആവശ്യപ്പെട്ടപ്രകാരമാണ് വര്‍ഗീസിന്റെ മൃതദേഹം പൊതിഞ്ഞുകെട്ടിയതെന്ന് കരിമ്പന്‍ മൊഴി നല്‍കി. തന്നെയും പൊന്തന്‍ എന്ന ആദിവാസിയെയും കാട്ടിലേക്ക് നടത്തിക്കൊണ്ടുപോയി. വലിയ ഒരു പാറയുടെ മുകളില്‍ വര്‍ഗീസിന്റെ ശവം കിടക്കുന്നതുകണ്ടു. കോടിമുണ്ടുകൊണ്ട് പൊതിഞ്ഞ്ഓലപ്പായകൊണ്ടു കെട്ടി കൊണ്ടുവന്ന മൃതദേഹം പിന്നീട് മാനന്തവാടി ഗവമെന്റ് ആശുപത്രിയിലേക്കു കൊണ്ടുപോയി. തനിക്കും പൊന്തനും 30 രൂപ കൂലി നല്‍കിയശേഷം ഉടന്‍ സ്ഥലംവിടാന്‍ പൊലീസ് ആവശ്യപ്പെട്ടു.

മറ്റു സാക്ഷികളായ കേശവദാസനായര്‍, ശ്രീനിവാസന്‍, സി കെ മുഹമ്മദ്, വേലായുധന്‍ എന്നിവരെ വെള്ളിയാഴ്ച പ്രത്യേക കോടതിയില്‍ വിസ്തരിക്കും.

ദേശാഭിമാനി 09042010

1 comment:

  1. നക്സല്‍ വര്‍ഗീസ് വധക്കേസില്‍ നാലു സാക്ഷികളെക്കൂടി സിബിഐ പ്രത്യേക കോടതി വിസ്തരിച്ചു. വര്‍ഗീസിനെ വെടിവച്ചുകൊന്നത് താനാണെന്നു വെളിപ്പെടുത്തി കോസ്റ്റബിള്‍ രാമചന്ദ്രന്‍നായര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയ ഹൈക്കോടതി അഭിഭാഷകന്‍ ടി എ ഉണ്ണിക്കൃഷ്ണന്‍, രാമചന്ദ്രന്‍നായരുടെ ഭാര്യ ശാന്തമ്മ, വര്‍ഗീസിനെ കൊലപ്പെടുത്തുന്നതിനുമുമ്പ് പൊലീസുകാര്‍ കാട്ടിനുള്ളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതു കണ്ട ജോഗി, കൊലയ്ക്കുശേഷം മൃതദേഹം പൊതിഞ്ഞുകെട്ടിയ കരിമ്പന്‍ എന്നിവരെയാണ് പ്രത്യേക ജഡ്ജി എസ് വിജയകുമാര്‍ മുമ്പാകെ വിസ്തരിച്ചത്. കോടതിവരാന്തയില്‍വച്ച് അഡ്വ. എ എക്സ് വര്‍ഗീസിന്റെ അഭ്യര്‍ഥനപ്രകാരമാണ് രാമചന്ദ്രന്‍നായരുടെ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയതെന്ന് അഡ്വ. ഉണ്ണിക്കൃഷ്ണന്‍ മൊഴി നല്‍കി. രാമചന്ദ്രന്‍നായര്‍ കോടതിയില്‍ എത്തി സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍ വായിച്ചുകേട്ടശേഷമാണ് ഒപ്പിട്ടുനല്‍കിയതെന്നും അദ്ദേഹം കോടതിയില്‍ വിശദീകരിച്ചു.

    ReplyDelete