Friday, April 30, 2010

പൊതുമേഖലാ കമ്പനികളെല്ലാം ലാഭത്തിലേക്ക്

വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 2010-11 സാമ്പത്തികവര്‍ഷം 309 കോടി രൂപ ലാഭം പ്രതീക്ഷിക്കുന്നതായി വ്യവസായമന്ത്രി എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ലാഭം 240 കോടിയായിരുന്നു. അഞ്ചു പൊതുമേഖലാ സ്ഥാപനം മാത്രമാണ് ഇപ്പോള്‍ നഷ്ടത്തിലുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ സ്ഥാപനവും ലാഭത്തിലാക്കുമെന്ന് വാര്‍ഷിക അവലോകനത്തിനുശേഷം മന്ത്രി പറഞ്ഞു. അതിന് വ്യക്തമായ പദ്ധതികള്‍ ആവിഷ്കരിച്ചു. കമ്പനികള്‍ ലാഭത്തിലേക്ക് ചുവടുവച്ച സാഹചര്യത്തില്‍ മുഴുവന്‍ ഒഴിവും നികത്താന്‍ തീരുമാനിച്ചു. 2005-06ല്‍ വ്യവസായവകുപ്പിനു കീഴില്‍ 43 സ്ഥാപനത്തില്‍ 12 എണ്ണം മാത്രമാണ് ലാഭമുണ്ടാക്കിയത്. എല്ലാ സ്ഥാപനവുംകൂടിയുണ്ടാക്കിയ നഷ്ടം 70 കോടിയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതിന് മാറ്റമുണ്ടാകുകയും അഞ്ചെണ്ണമൊഴികെ ബാക്കിയെല്ലാം ലാഭത്തിലാകുകയും ചെയ്തു. വിറ്റുവരവിലും ഗണ്യമായ വര്‍ധനയുണ്ടായി. 2005-06ല്‍ 1523 കോടിയായിരുന്നു മൊത്തം വിറ്റുവരവെങ്കില്‍ 2009-10 ആയപ്പോള്‍ 2191 കോടിയായി. പുതിയ സാമ്പത്തികവര്‍ഷം ഉല്‍പ്പാദനം 2430 കോടിയും വിറ്റുവരവ് 2356 കോടിയുമാക്കാനാണ് തീരുമാനം.

കഴിഞ്ഞ നാലുവര്‍ഷമായി കമ്പനികള്‍ ക്രമാനുഗതമായ പുരോഗതി കൈവരിച്ചതായി അവലോകനയോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിച്ചും ആധുനിക മാനേജ്മെന്റ് തന്ത്രങ്ങള്‍ ഫലപ്രദമായി പ്രയോഗിച്ചും ധൂര്‍ത്തും അഴിമതിയും ഇല്ലാതാക്കിയുമാണ് ഈ നേട്ടം കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു. 2006-07 മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 5850ല്‍ അധികം തൊഴിലവസരങ്ങളുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണവും വൈവിധ്യവല്‍ക്കരണവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 275 കേടി രൂപയുടെ വിപുലീകരണപദ്ധതികളും 55 കോടിയുടെ നവീകരണവും ഉദ്ദേശിക്കുന്നു. എട്ട് പുതിയ പൊതുമേഖലാ സ്ഥാപനം ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉല്‍പ്പാദനം തുടങ്ങും. കേന്ദ്ര സംരംഭമായ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ (ബിഇഎംഎല്‍) ആദ്യഘട്ടം മെയ് 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തറക്കല്ലിട്ട് ഇത്രവേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ കേരളത്തില്‍ അപൂര്‍വമാണ്. ബ്രഹ്മോസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിനുള്ള തടസ്സം നീങ്ങി. സമാനസ്വഭാവമുള്ള കമ്പനികളെ ഏകീകരിച്ച് ഒറ്റക്കമ്പനിയാക്കി ശക്തിപ്പെടുത്താനും തീരുമാനമായി. ഇത്തരത്തില്‍ കേരളത്തിലെ കെല്‍ട്രോണ്‍ കമ്പനികളെല്ലാം ഒരുമിപ്പിക്കും. വാര്‍ഷിക അവലോകനയോഗം തൊഴില്‍മന്ത്രി പി കെ ഗുരുദാസന്‍ ഉദ്ഘാടനംചെയ്തു. വ്യവസായമന്ത്രി എളമരം കരീം അധ്യക്ഷനായി. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍, വ്യവസായ ഡയറക്ടര്‍ ടി സൂരജ്, പൊതുമേഖലാ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിനുള്ള 'റിയാബ്' ചെയര്‍മാന്‍ ജോ മത്തായി, സെക്രട്ടറി കെ പത്മകുമാര്‍, വ്യവസായ സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 30042010

1 comment:

  1. വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 2010-11 സാമ്പത്തികവര്‍ഷം 309 കോടി രൂപ ലാഭം പ്രതീക്ഷിക്കുന്നതായി വ്യവസായമന്ത്രി എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ലാഭം 240 കോടിയായിരുന്നു. അഞ്ചു പൊതുമേഖലാ സ്ഥാപനം മാത്രമാണ് ഇപ്പോള്‍ നഷ്ടത്തിലുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ സ്ഥാപനവും ലാഭത്തിലാക്കുമെന്ന് വാര്‍ഷിക അവലോകനത്തിനുശേഷം മന്ത്രി പറഞ്ഞു.

    ReplyDelete