Thursday, April 15, 2010

വിഷുക്കൈനീട്ടമായി നാടുകാണി ടെക്സ്റ്റൈല്‍ സെന്റര്‍

കൈത്തറി വ്യവസായരംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന നാടുകാണി കിന്‍ഫ്ര ടെക്സ്റ്റൈല്‍ സെന്റര്‍ ഉത്തര മലബാറിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിഷുക്കൈനീട്ടം. ടെക്സ്റ്റൈല്‍ സെന്റര്‍ വെള്ളിയാഴ്ച നാടിന് സമര്‍പ്പിക്കും. വലിയവെളിച്ചം വ്യവസായ പാര്‍ക്കിന് പിന്നാലെയാണ് കണ്ണൂരില്‍ തളിപ്പറമ്പിനടുത്ത് ടെക്സ്റ്റൈല്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമായത്. വസ്ത്രനിര്‍മാണത്തിന് അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ധിപ്പിക്കുക, കൈത്തറി വ്യവസായത്തിന് കൂടുതല്‍ ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. സെന്റര്‍ പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ പതിനായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. അനുബന്ധമേഖലയിലും നിരവധി പേര്‍ക്ക് തൊഴിലവസരമുണ്ടാകും. 250 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് പാര്‍ക്ക് വികസിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. 125 ഏക്കറില്‍ 45 കോടി രൂപ ചെലവിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ടെക്സ്റ്റൈല്‍ സെന്റര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് സ്കീം പ്രകാരം എല്ലാ അടിസ്ഥാന സൌകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. 120 കോടി രൂപ കേന്ദ്ര സഹായമായി ലഭിച്ചു. കേന്ദ്രപദ്ധതി പ്രകാരം രാജ്യത്ത് എല്ലാ സൌകര്യങ്ങളോടുംകൂടി പൂര്‍ത്തിയായ ആദ്യ സെന്ററാണ് നാടുകാണിയിലേത്. ഉദ്ഘാടനത്തിന് മുമ്പുതന്നെ 24 കമ്പനികള്‍ ഇവിടെ ടെക്സ്റ്റൈല്‍ യൂണിറ്റ് തുടങ്ങാന്‍ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. നാടുകാണി കിന്‍ഫ്ര ടെക്സ്റ്റൈല്‍ സെന്റര്‍ വെള്ളിയാഴ്ച വൈകിട്ട് നാലിന് കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി പനബക ലക്ഷ്മി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ സി കെ പി പത്മനാഭന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യവസായ മന്ത്രി എളമരം കരീം അധ്യക്ഷനാകും. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യാതിഥിയാകും.

ദേശാഭിമാനി 15042010

1 comment:

  1. കൈത്തറി വ്യവസായരംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന നാടുകാണി കിന്‍ഫ്ര ടെക്സ്റ്റൈല്‍ സെന്റര്‍ ഉത്തര മലബാറിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിഷുക്കൈനീട്ടം. ടെക്സ്റ്റൈല്‍ സെന്റര്‍ വെള്ളിയാഴ്ച നാടിന് സമര്‍പ്പിക്കും. വലിയവെളിച്ചം വ്യവസായ പാര്‍ക്കിന് പിന്നാലെയാണ് കണ്ണൂരില്‍ തളിപ്പറമ്പിനടുത്ത് ടെക്സ്റ്റൈല്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമായത്. വസ്ത്രനിര്‍മാണത്തിന് അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ധിപ്പിക്കുക, കൈത്തറി വ്യവസായത്തിന് കൂടുതല്‍ ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.

    ReplyDelete