Monday, April 19, 2010

ലാവ്ലിന്‍ കേസ് ഇനി നിലനില്‍ക്കില്ല

ലാവ്ലിന്‍: സിപിഐ എം നിലപാട് ശരിയെന്ന് തെളിഞ്ഞു-യെച്ചൂരി

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവ്ലിന്‍ കേസില്‍ പ്രതിയാക്കിയത് രാഷ്ട്രീയപ്രേരിതമായാണെന്ന പാര്‍ടിയുടെ നിലപാട് ശരിവയ്ക്കുന്നതാണ് സിബിഐയുടെ പുതിയ വെളിപ്പെടുത്തലെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എം തകര്‍ന്നുകാണാന്‍ ആഗ്രഹിച്ചവരെ സിബിഐ വെളിപ്പെടുത്തല്‍ നിരാശരാക്കും. രണ്ടു വര്‍ഷമായി ലാവ്ലിന്‍ പ്രശ്നത്തില്‍ പിണറായിയെയും സിപിഐ എമ്മിനെയും വേട്ടയാടുകയായിരുന്നു പാര്‍ടിവിരുദ്ധര്‍. പാര്‍ടിയുടെയും ഇടതുപക്ഷത്തിന്റെയും വിശ്വാസ്യത തകര്‍ക്കുകയായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യം. അതാണ് ഇപ്പോള്‍ തകര്‍ന്നത്-യെച്ചൂരി പറഞ്ഞു. ഇ എം എസിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

കേരളത്തിലും പശ്ചിമബംഗാളിലും സിപിഐ എം തകരണമെന്നാണ് നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ആഗ്രഹം. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്തോ-അമേരിക്കന്‍ സിവില്‍ ആണവകരാറിനെ ശക്തമായി എതിര്‍ത്തതിന്റെ പേരിലാണ് കേരളത്തില്‍ ലാവ്ലിന്‍ പ്രശ്നം ഉയര്‍ത്തിയതും ബംഗാളില്‍ മവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും കൈകോര്‍ത്തതും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ 175 സിപിഐ എം പ്രവര്‍ത്തകരെയാണ് ഇവര്‍ കൊന്നത്. മുസ്ളിം വിധ്വംസക ശക്തികളും ചില സന്നദ്ധ സംഘടനകളും നക്സലൈറ്റകളും ഈ ഗൂഢസംഘത്തിനു പിന്നിലുണ്ട്. ഇതുകൊണ്ടൊന്നും സിപിഐ എമ്മിനെ തകര്‍ക്കാനാകില്ല.

നവലിബറല്‍ സാമ്പത്തിക നയങ്ങളും ഊഹക്കച്ചവടവും ഭക്ഷ്യസാധനങ്ങളുടെ അവധിവ്യാപാരവുമാണ് അതിരൂക്ഷമായ വിലക്കയറ്റത്തിനു കാരണം. ഈ നയങ്ങള്‍ തിരുത്തിക്കാന്‍ ശക്തമായി പ്രക്ഷോഭം മാത്രമാണ് ജനങ്ങള്‍ക്കു മുന്നിലുള്ളത്. ഈ ഉത്തരവാദിത്തം ഇടതുപക്ഷം നിര്‍വഹിക്കും. ഇന്ത്യയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പാര്‍ട്ണറാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിനുവേണ്ടിയാണ് കൊച്ചി ഐപിഎല്‍ ടീം രൂപംനല്‍കിയതെന്ന കേന്ദ്രമന്ത്രി ശശി തരൂരിന്റെ വാദം യെച്ചൂരി തള്ളിക്കളഞ്ഞു. കേരളത്തിന്റെ പ്രശ്നമാണ് അദ്ദേഹത്തിനു പ്രധാനമെങ്കില്‍ കേരളത്തിന്റെ വെട്ടിക്കുറച്ച ഭക്ഷ്യധാന്യവിഹിതം പുനഃസ്ഥാപിക്കുന്നതിനും കൊച്ചി മെട്രോ റെയില്‍വേ യാഥാര്‍ഥ്യമാക്കുന്നതിനും തരൂര്‍ യത്നിക്കണം. ഐപിഎല്ലുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു കോടി രൂപയുടെ ഉറവിടത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുസമ്മേളനത്തില്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി. മന്ത്രി ഡോ. തോമസ് ഐസക് സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു സ്വാഗതം പറഞ്ഞു.

ലാവ്ലിന്‍ കേസ് ഇനി നിലനില്‍ക്കില്ല: ജ. കൃഷ്ണയ്യര്‍

കൊച്ചി: സിബിഐയുടെ പുതിയ സത്യവാങ്മൂലത്തോടെ ലാവ്ലിന്‍ കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാണെന്നും ഇനിയും കേസ് തുടര്‍ന്നാല്‍ നീതിയുടെ പേരില്‍ അനീതി നടപ്പാക്കലാകുമെന്നും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. കേസില്‍ ഒന്നുമില്ലെന്ന് സിബിഐ തന്നെ സമ്മതിച്ചു. ഇനി അത് അവസാനിപ്പിക്കാം. നിയമം മനുഷ്യരെ ഉപദ്രവിക്കാനല്ല, നീതി ലഭ്യമാക്കാനാണ്- കൃഷ്ണയ്യര്‍ പറഞ്ഞു. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ടിനെക്കുറിച്ച് ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ് ഇനി നിലനില്‍ക്കില്ലെന്ന അഭിപ്രായമാണ് മറ്റു നിയമവിദഗ്ധര്‍ക്കുമുള്ളത്. അവരുടെ പ്രതികരണങ്ങള്‍ ചുവടെ.

ജനനേതാക്കളെ ക്രൂശിക്കുന്നത് തടയണം: അഡ്വ. കേളുനമ്പ്യാര്‍

രാഷ്ട്രീയലക്ഷ്യത്തോടെ കേസുകള്‍ കുത്തിപ്പൊക്കി ഉന്നതരായ ജനനേതാക്കളെ അവഹേളിക്കുന്ന പ്രവണത ലാവ്ലിന്‍ കേസോടെ അവസാനിക്കണമെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ടി പി കേളുനമ്പ്യാര്‍ പറഞ്ഞു. രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമയ്ക്കുന്ന കേസുകള്‍ക്ക് നല്ല ഉദാഹരണമാണ് പിണറായി വിജയനെ പ്രതിചേര്‍ത്ത ലാവ്ലിന്‍ കേസ്. രാഷ്ട്രീയലക്ഷ്യത്തോടെയായതിനാല്‍ ഈ കേസുകള്‍ നീണ്ടുപോകും. ദീര്‍ഘകാലത്തിനുശേഷം പലതും തെളിവില്ലാതെ തള്ളുകയുംചെയ്യും. ലാവ്ലിന്‍ കേസില്‍ സിബിഐ പോലുള്ള ദേശീയ അന്വേഷണ ഏജന്‍സിയെപ്പോലും നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഉപയോഗിച്ചു. ഇതൊന്നും അഴിമതിയോടുള്ള വിരോധം കൊണ്ടോ ജനങ്ങളെ നന്നാക്കാനുള്ള ആഗ്രഹം മൂലമോ അല്ല. രാഷ്ട്രീയനേട്ടവും എതിരാളികളെ ഏതു മാര്‍ഗത്തിലും ഇല്ലാതാക്കലും മാത്രമാണ് ഉദ്ദേശ്യം. അതിന് ഇരയാകുന്നവര്‍ക്കുണ്ടാകുന്ന മനഃപ്രയാസമോ സങ്കടമോ കണക്കിലെടുക്കുന്നില്ല. ജനനേതാക്കളെ അനാവശ്യമായി ക്രൂശിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നു. അത് അനുവദിക്കരുതെന്നും കേളുനമ്പ്യാര്‍ പറഞ്ഞു.

അവഹേളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും: ജനാര്‍ദനക്കുറുപ്പ്


തെറ്റൊന്നും ചെയ്യാത്ത ഉന്നതനായ ഒരു ജനനേതാവിനെ ഇത്രയും കാലം അഴിമതിക്കാരനായി ചിത്രീകരിക്കുകയും അവഹേളിക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജി ജനാര്‍ദനക്കുറപ്പ് ചോദിച്ചു. ഏറെ കോലാഹലം സൃഷ്ടിച്ച ഒരു നുണപ്രചാരണത്തിന്റെ അവസാന അധ്യായമാണ് സിബിഐ സത്യവാങ്മൂലത്തില്‍ കാണുന്നത്. പിണറായി വിജയനെ പ്രതിയാക്കിയ ലാവ്ലിന്‍ കേസ് വന്നപ്പോള്‍തന്നെ, വേണമെങ്കില്‍ എല്ലാം അഞ്ചു മിനിറ്റ്കൊണ്ട് തീര്‍ത്തുതരാമെന്ന് താന്‍ പരസ്യമായി പ്രസംഗിച്ചതാണ്. കാരണം അതില്‍ ഒന്നുമില്ലെന്ന് അന്നേ വ്യക്തമായിരുന്നു. അല്ലാത്തപക്ഷം സിബിഐക്ക് പിണറായിയെ അറസ്റ്റ്ചെയ്യാമായിരുന്നു. അവര്‍ അതിനു മുതിര്‍ന്നില്ല. വൃത്തികെട്ട നിലപാടാണ് അവര്‍ കേസിലൂടെ കൈക്കൊണ്ടത്. ഒരാളെ ഇത്രയേറെ ആക്ഷേപിച്ചിട്ട് ഒടുവില്‍ ഒന്നുമില്ലെന്നു പറഞ്ഞ് പിന്മാറിയ സിബിഐക്കെതിരെ നടപടിയെടുക്കേണ്ടതാണ്. അത്രയേറെ ആക്ഷേപവും അവഹേളനവുമാണ് അവരുടെ നടപടിമൂലം സത്യസന്ധനായ രാഷ്ട്രീയനേതാവിന് നേരിടേണ്ടിവന്നത്. എല്ലാം കലങ്ങിത്തെളിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ജനാര്‍ദനക്കുറുപ്പ് പറഞ്ഞു.

സര്‍ക്കാര്‍ നിലപാട് ശരിയെന്ന് തെളിഞ്ഞു: സെബാസ്റ്റ്യന്‍ പോള്‍

ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന സംസ്ഥാനസര്‍ക്കാര്‍ നിലപാട് പൂര്‍ണമായും ശരിവയ്ക്കുന്നതാണ്സിബിഐയുടെ പുതിയ റിപ്പോര്‍ട്ടെന്ന് മുന്‍ എംപിയും പ്രമുഖ അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. കൊട്ടിഘോഷിക്കപ്പെട്ട ലാവ്ലിന്‍ കേസ് പ്രതീക്ഷ അന്ത്യത്തിലേക്ക് എത്തുകയാണ്. പ്രോസിക്യൂഷന് വിജയിക്കാന്‍ ആവശ്യമായ ഒന്നും സിബിഐ ഹാജരാക്കിയ കുറ്റപത്രത്തില്‍ ഇല്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതാണ്. അവിഹിതമായി പണം സ്വീകരിച്ചെന്നു കണ്ടെത്താന്‍ സിബിഐക്കു കഴിയാത്ത സാഹചര്യത്തില്‍, രാഷ്ട്രീയലക്ഷ്യത്തോടെ കെട്ടിപ്പൊക്കിയ കേസ് ചീട്ടുകൊട്ടാരംപേലെ തകര്‍ന്നുവീണു. ഇനി ശേഷിക്കുന്നത് ഭരണനിര്‍വഹണത്തില്‍ മന്ത്രിയുടെ വിവേചനാധികാരം സംബന്ധിച്ച പരിശോധനമാത്രമാണ്. ആ പരിശോധന നടത്തേണ്ടത് സിബിഐ കോടതിയല്ല എന്നതിനാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഈ ഘട്ടത്തില്‍തന്നെ സിബിഐ അവസാനിപ്പിക്കുന്നതായിരിക്കും ഉചിതം.

ദേശാഭിമാനി 19042010

No comments:

Post a Comment