Thursday, April 29, 2010

സ്പെക്ട്രം അഴിമതി ചര്‍ച്ചയാകാം: കേന്ദ്രം

ടെലികോം സ്പെക്ട്രം ഇടപാടിലെ അഴിമതിയെച്ചൊല്ലി പാര്‍ലമെന്റിലെ ഇരുസഭയും പ്രക്ഷുബ്ധമായി. ടെലികോം മന്ത്രി എ രാജ അഴിമതി നടത്തിയതിന് വ്യക്തമായ തെളിവുകള്‍ സിബിഐക്ക് ലഭിച്ചതായുള്ള പത്രവാര്‍ത്തയെ തുടര്‍ന്നാണ് ഇരുസഭയിലും പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയത്. ബഹളം കാരണം ലോക്സഭയിലും രാജ്യസഭയിലും നടപടി തടസ്സപ്പെട്ടു. രാജയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഒടുവില്‍ സ്പെക്ട്രം അഴിമതിയെക്കുറിച്ച് ചര്‍ച്ചയാകാമെന്ന് സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നു.

അതിനിടെ, സ്പ്രക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജലയളിത ബുധനാഴ്ച പുറത്തുവിട്ടു. സിബിഐ അന്വേഷണ സംഘ തലവനായിരുന്ന വിനീത് അഗര്‍വാള്‍, ആദായനികുതി വകുപ്പ് ജോയന്റ് ഡയറക്ടര്‍ അഷിഷ് അബ്റോള്‍ എന്നവരെഴുതിയ കത്തുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആദായനികുതി ഡയറക്ടര്‍ ജനറലിന്റെ ആഭ്യന്തര വിലയിരുത്തല്‍ റിപ്പോര്‍ടും, കേസില്‍ സംശയനിഴലിലുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയത് സംബന്ധിച്ച അതീവ രഹസ്യ വിവരങ്ങളും പുറത്തുവിട്ട രേഖകളിലുണ്ട്. പബ്ളിക് റിലേഷന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നിര റാഡിയ എന്ന സ്ത്രീയുമായി എ രാജ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശം സിബിഐക്ക് ലഭിച്ചതായാണ് പത്രവാര്‍ത്തകള്‍. നിരവധി പബ്ളിക് റിലേഷന്‍സ്- കസള്‍ട്ടിങ് സ്ഥാപനങ്ങളുടെ ഉടമസ്ഥയാണ് നിര റാഡിയ. രണ്ടാംതലമുറ സ്പെക്ട്രം ലേലത്തില്‍ നേട്ടമുണ്ടാക്കിയ ഒമ്പതോളം കമ്പനികളില്‍ അഞ്ചെണ്ണത്തിന് നിര റാഡിയയുടെ സേവനം ലഭിച്ചതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ റാഡിയയെ ചോദ്യംചെയ്യാന്‍ സിബിഐ അനുമതി തേടിയെങ്കിലും ഉന്നതങ്ങളിലെ ഇടപെടലിനെത്തുടര്‍ന്ന് നിഷേധിക്കപ്പെട്ടു.

ആദായനികുതി വകുപ്പാണ് സ്പെക്ട്രം അഴിമതി അന്വേഷണത്തിന്റെ ഭാഗമായി നിര റാഡിയയുടെയും മറ്റുചില ബിസിനസ്-രാഷ്ട്രീയ പ്രമുഖരുടെയും ഫോണുകള്‍ ചോര്‍ത്തിയത്. 2008ലും 2009ലും രണ്ടുഘട്ടമായിട്ടായിരുന്നു ചോര്‍ത്തല്‍. സ്പെക്ട്രം അഴിമതിയിലൂടെ ലഭിച്ച പണം റിയല്‍ എസ്റേറ്റ് മേഖലയിലും കമ്പനി ഓഹരികളിലും കള്ളപ്പണ നിക്ഷേപങ്ങള്‍ക്ക് പേരുകേട്ട മൌറീഷ്യസിലും മറ്റുമായി നിക്ഷേപിച്ചതായി സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നു. മന്ത്രി എ രാജയും നിര റാഡിയയും പലവട്ടം ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശവും അന്വേഷണഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. രാജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍ കെ ചന്ദോലിയയുമായി റാഡിയ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശം ആദായനികുതി വകുപ്പ് കൈമാറുകയായിരുന്നു. രാജയെ പുറത്താക്കണമെന്നും ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശം വെളിപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോക്സഭയിലും രാജ്യസഭയിലും എഐഎഡിഎംകെ അംഗങ്ങളാണ് വിഷയം ഉയര്‍ത്തിയത്. രാജ്യസഭയില്‍ ചോദ്യോത്തരവേള മുടങ്ങി. ലോക്സഭ ചോദ്യോത്തരവേളയ്ക്ക് ശേഷം രണ്ടുമണിവരെ നിര്‍ത്തേണ്ടി വന്നു. വിഷയത്തെക്കുറിച്ച് വിശദമായ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ പിന്നീട് രാജ്യസഭയില്‍ സമ്മതിച്ചു.

ടെലികോം 2ജി സ്പെക്ട്രം വില്‍പ്പനയിലെ അഴിമതി സര്‍ക്കാരിന് ഒരുലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയതായാണ് കണക്ക്. സ്വാന്‍ ടെലികോം, യൂണിടെക് എന്നീ കമ്പനികള്‍ക്ക് കുറഞ്ഞ തുകയ്ക്ക് സ്പെക്ട്രം ലൈസന്‍സ് നല്‍കിയതാണ് വിവാദമായത്. ലേലം കൂടാതെയായിരുന്നു വില്‍പ്പന. ലൈസന്‍സ് നേടിയ രണ്ടുകമ്പനിയും ഓഹരികള്‍ വിദേശകമ്പനികള്‍ക്ക് മറിച്ചുവിറ്റ് പതിനായിരം കോടിയോളം രൂപ ലാഭം നേടി. ലൈസന്‍സ് സ്വന്തമാക്കിയ സിഡിഎംഎ മൊബൈല്‍ കമ്പനികള്‍ക്കും വന്‍ലാഭം കൈവരിക്കാനായി. സ്വാന്‍ ടെലികോം കമ്പനി കരുണാനിധിയുടെ മകള്‍ കനിമൊഴിയുടേതാണെന്ന് വാര്‍ത്ത വന്നതോടെയാണ് രാജ പ്രതിക്കൂട്ടിലായത്. ഖണ്ഡനപ്രമേയത്തെ കുതിരക്കച്ചവടത്തിലൂടെ അതിജീവിച്ച സര്‍ക്കാരിനു മുന്നില്‍ സ്പെക്ട്രം അഴിമതി പുതിയ പ്രതിസന്ധിയായി.

എം പ്രശാന്ത് ദേശാഭിമാനി 29042010

3 comments:

  1. ടെലികോം സ്പെക്ട്രം ഇടപാടിലെ അഴിമതിയെച്ചൊല്ലി പാര്‍ലമെന്റിലെ ഇരുസഭയും പ്രക്ഷുബ്ധമായി. ടെലികോം മന്ത്രി എ രാജ അഴിമതി നടത്തിയതിന് വ്യക്തമായ തെളിവുകള്‍ സിബിഐക്ക് ലഭിച്ചതായുള്ള പത്രവാര്‍ത്തയെ തുടര്‍ന്നാണ് ഇരുസഭയിലും പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയത്. ബഹളം കാരണം ലോക്സഭയിലും രാജ്യസഭയിലും നടപടി തടസ്സപ്പെട്ടു. രാജയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഒടുവില്‍ സ്പെക്ട്രം അഴിമതിയെക്കുറിച്ച് ചര്‍ച്ചയാകാമെന്ന് സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നു.

    ReplyDelete
  2. Once upon a time DMK and its Grand Old Man was friends of CPM...

    ReplyDelete
  3. ഒന്നുകില്‍ അന്തകാലം, ഇല്ലെങ്കില്‍ വരാന്‍ പോകുന്ന കാലം. ഇപ്പോള്‍ എന്നൊന്നില്ലല്ലോ അല്ലേ ജഡ്സാ..

    ReplyDelete