Thursday, April 29, 2010

പ്രതിച്ഛായ തകര്‍ന്ന് മന്‍മോഹന്‍ സര്‍ക്കാര്‍

പെട്രോള്‍-ഡീസല്‍ വിലവര്‍ധനയ്ക്കും വളം സബ്ഡിസി വെട്ടിക്കുറച്ചതിനുമെതിരെ ഇടതുപക്ഷം ലോക്സഭയില്‍ കൊണ്ടുവന്ന ഖണ്ഡനോപക്ഷേപം യുപിഎ സര്‍ക്കാരിന്റെ ദൌര്‍ബല്യം കൂടുതല്‍ വെളിവാക്കുന്നതായി. മന്‍മോഹന്‍ സര്‍ക്കാരിനെ താഴെയിറക്കാനല്ല, രൂക്ഷമായ വിലക്കയറ്റത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം പാര്‍ലമെന്റില്‍ ചെയ്തത്. വിലക്കയറ്റത്തിനെതിരെ ദേശവ്യാപകമായി നടത്തിയ ഹര്‍ത്താല്‍ ദിവസംതന്നെയാണ് പാര്‍ലമെന്റിനകത്തും ജനകീയ പ്രതിഷേധം ഉയര്‍ത്തിയത്. ഖണ്ഡനോപക്ഷേപത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് പെട്രോള്‍-ഡീസല്‍ നികുതി പിന്‍വലിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ജനദ്രോഹനടപടിയില്‍നിന്ന് മന്‍മോഹന്‍ സര്‍ക്കാര്‍ പിന്‍വാങ്ങിയില്ല. പകരം പാര്‍ലമെന്റിലെ കണക്കിലെ കളിയില്‍ തങ്ങളുടെ പ്രതിലോമനയം മൂടിവയ്ക്കാന്‍ ശ്രമിച്ചു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍വിജയം നേടിയിരിക്കുന്നുവെന്നാണ് ഞങ്ങളുടെ പല സഹജീവികളും ആവേശംകൊള്ളുന്നത്. പെട്രോള്‍-ഡീസല്‍ വിലവര്‍ധന പിന്‍വലിക്കാത്ത യുപിഎ സര്‍ക്കാരിനെ അഭിനന്ദനംകൊണ്ട് മൂടിയിരിക്കുകയാണ് മനോരമാദികള്‍. ഖണ്ഡനോപക്ഷേപം കൊണ്ടുവന്ന പ്രതിപക്ഷത്തിന് എന്തോ അക്കിടി പറ്റിയെന്നും അവര്‍ പരിഹസിക്കുന്നു.

ആര്‍ക്കാണ് അക്കിടി പറ്റിയത്?

ഒരു വര്‍ഷം മുമ്പ് കോണ്‍ഗ്രസിനെ മാന്യമായി അധികാരത്തിലെത്തിച്ച വോട്ടര്‍മാര്‍ക്കാണ് അക്കിടി പറ്റിയത്. ഒരു വര്‍ഷത്തിനകം ജനക്ഷേമകരമായ വല്ല നടപടിയും മന്‍മോഹന്‍ സര്‍ക്കാര്‍ കൈക്കൊണ്ടതായി കോണ്‍ഗ്രസുകാര്‍ക്കുതന്നെ പറയാന്‍ കഴിയില്ല. പകരം രാജ്യം കണ്ട ഏറ്റവും രൂക്ഷമായ വിലക്കയറ്റത്തിലേക്ക് ഇന്ത്യന്‍ ജനതയെ നയിക്കുകയാണ് ചെയ്തത്. കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി സൌജന്യം നല്‍കുകയും പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുകയും ചെയ്യുന്നവര്‍ക്ക് എന്ത് 'ഐക്യപുരോഗമന'മാണുള്ളത്. പെട്രോള്‍-ഡീസല്‍ വില അടിക്കടി കയറ്റുക മാത്രമല്ല, അതിന്മേല്‍ അധികനികുതി ചുമത്തി വീണ്ടും വിലകൂട്ടി. തല്‍ഫലമായി ജനങ്ങള്‍ നേരിടുന്ന പൊറുതിമുട്ടലിന് പ്രതിഷേധരൂപം നല്‍കുകയാണ് മതേതര കക്ഷികളെ കൂട്ടുപിടിച്ച് ഇടതുപക്ഷം ചെയ്തത്. സര്‍ക്കാരിനെ താഴെയിറക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് ഖണ്ഡനോപക്ഷേപം കൊണ്ടുവരാന്‍ തീരുമാനിച്ചപ്പോള്‍തന്നെ ഇടതുപക്ഷം പ്രഖ്യാപിച്ചു. എന്നാല്‍, മന്‍മോഹന്‍ സര്‍ക്കാര്‍ ഒന്നിളകി. സര്‍ക്കാരിനെ നിലനില്‍പ്പിനുമേല്‍ അനിശ്ചിതത്വം താല്‍ക്കാലികമായെങ്കിലും ഉണ്ടായി. പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ പതിവുപരിപാടിയായ കുതിരക്കച്ചവടംതന്നെ ഉപയോഗിച്ചു. തലേന്നാള്‍വരെ കീരിയും പാമ്പുമായിരുന്ന ബിഎസ്പി പൊടുന്നനെ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുചെയ്തു. അംബേദ്കര്‍ ദിനത്തില്‍ രാഹുല്‍ഗാന്ധിക്ക് യുപിയിലെ അംബേദ്കര്‍ ജില്ലയിലേക്ക് പ്രവേശനം നിഷേധിച്ച മായാവതി പൊടുന്നനെ സോണിയ ഗാന്ധിയുടെ ഉറ്റസുഹൃത്തായി. ബിഎസ്പിയുടെ 21 അംഗങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ഖണ്ഡനോപക്ഷേപത്തിന് എതിരായി 289 വോട്ടുലഭിച്ചു. ബിഎസ്പിയെ കിഴിച്ചാല്‍ വോട്ട് 261. ഇത്രയുമാണ് മന്‍മോഹന്‍ സര്‍ക്കാരിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന കണക്കിലെ സ്ഥിരത. ഇതോടൊപ്പം മുലായംസിങ്ങും ലാലുപ്രസാദ് യാദവും തങ്ങളുടെ നിലപാടില്ലായ്മ ഇറങ്ങിപ്പോക്കിലൂടെ വീണ്ടും തെളിയിച്ചപ്പോള്‍ സോണിയ ഗാന്ധിക്കും മന്‍മോഹന്‍സിങ്ങിനും അത്യാഹ്ളാദമായി. കോണ്‍ഗ്രസ് അംഗങ്ങള്‍ അവരെ അഭിനന്ദനത്തില്‍ മൂടി.

ഈ ആഹ്ളാദപ്രകടനത്തിന് എത്ര കോടികള്‍ ചെലവാക്കി? സിബിഐ എന്തൊക്കെ കളി കളിച്ചു?

ഏത് കൊച്ചുകുട്ടിക്കും ഊഹിക്കാവുന്നതേയുള്ളൂ. ആണവകരാര്‍ വിഷയത്തില്‍ ഇടതുപക്ഷം പുറത്തുനിന്നുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ 2008 ജൂലൈ 22ന് ഈ കോടികളുടെ കളി ലോക്സഭ ദര്‍ശിച്ചതാണ്. തന്റെ കസേര ഉറപ്പിക്കാന്‍ മന്‍മോഹന്‍സിങ് കളിച്ച വൃത്തികെട്ട കളി മൂന്ന് കോടിയുടെ കറന്‍സിയായി ലോക്സഭയില്‍ അവതരിച്ചതാണ്. 1993 ജൂലൈയില്‍ നരസിംഹറാവു കളിച്ച അതേ വൃത്തികെട്ട കളിയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരമോന്നത സഭയില്‍ മന്‍മോഹനും കളിക്കുന്നത്. കുപ്രസിദ്ധമായ ജെഎംഎം കോഴക്കേസില്‍ നരസിംഹറാവു കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി വിധിച്ചിരുന്നു; മേല്‍ക്കോടതി പിന്നീട് കുറ്റവിമുക്തനാക്കിയെങ്കിലും. ജെഎംഎം കോഴക്കേസിലെ കക്ഷി ഷിബുസൊറന്‍ ഇത്തവണയും കളിക്കാനെത്തിയത് യാദൃച്ഛികമാവാം. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി വന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനുവേണ്ടി വോട്ടുകുത്തിയ നാണംകെട്ട കാഴ്ചയും കണ്ടു.

രണ്ടാം മന്‍മോഹന്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ ഇത്രയുമാണ്. സ്ഥിരത ഇങ്ങനെയാണ്.

രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായി ഇത്തവണയാണ് കോണ്‍ഗ്രസിന് ലോക്സഭയില്‍ ഇരുനൂറിനുമേല്‍ സീറ്റ് ലഭിച്ചത്. എന്നിട്ടെന്ത്? ഭൂരിപക്ഷമുറപ്പിക്കാന്‍ അടിക്കടി നാണംകെട്ട് കളിക്കേണ്ടി വരുന്നു. ഭൂരിപക്ഷം ലഭിക്കില്ലെന്ന പേടിമൂലം ആണവബാധ്യതാ ബില്‍ അവതരിപ്പിക്കാതെ മാറ്റി. ഇടതുപക്ഷത്തിന്റെ എതിര്‍പ്പുമൂലമായിരുന്നു ഇത്. രാജ്യസഭ പാസാക്കിയ വനിതാ സംവരണ ബില്‍ ഘടകകക്ഷികളുടെ എതിര്‍പ്പുമൂലം ലോക്സഭയില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ല. പെട്രോള്‍-ഡീസല്‍ നികുതി, ആണവകരാര്‍, വനിതാസംവരണം തുടങ്ങി ഏതെങ്കിലും നിര്‍ണായക വിഷയത്തില്‍ ഐക്യപുരോഗമന സഖ്യത്തില്‍ (യുപിഎ) ഐക്യമുണ്ടോ? ഇടതുപക്ഷം പിന്തുണച്ച ആദ്യ യുപിഎ സര്‍ക്കാരിന് ഒരു പൊതുമിനിമം പരിപാടിയുണ്ടായിരുന്നു. അത് ലംഘിച്ച് ആണവകരാറില്‍ ഏര്‍പ്പെട്ടപ്പോഴാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. പിന്നീട് പിന്തുണയ്ക്കായി 'ഐപിഎല്‍ കളി'കളിക്കുന്ന കോണ്‍ഗ്രസിനെയാണ് പാര്‍ലമെന്റ് ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ഐപിഎല്‍ അഴിമതി, നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ മുഖം ചുളിഞ്ഞിരിക്കുന്ന മന്‍മോഹന്‍ സര്‍ക്കാരിന് നാണം മറയ്ക്കാന്‍ പ്രതിച്ഛായയുടെ ഒരു കീറത്തുണിയെങ്കിലും കൈവശമുണ്ടോ? ഖണ്ഡനോപക്ഷേപം പരാജയപ്പെട്ടതിന് മന്‍മോഹന്‍സിങ്ങിനെ വാനോളം പുകഴ്ത്തുന്ന ഞങ്ങളുടെ മാന്യ സഹജീവികള്‍ ഇക്കാര്യം ജനങ്ങളോട് വിശദീകരിച്ചാല്‍ നന്നായിരുന്നു.

ദേശാഭിമാനി മുഖപ്രസംഗം 29042010

1 comment:

  1. രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായി ഇത്തവണയാണ് കോണ്‍ഗ്രസിന് ലോക്സഭയില്‍ ഇരുനൂറിനുമേല്‍ സീറ്റ് ലഭിച്ചത്. എന്നിട്ടെന്ത്? ഭൂരിപക്ഷമുറപ്പിക്കാന്‍ അടിക്കടി നാണംകെട്ട് കളിക്കേണ്ടി വരുന്നു. ഭൂരിപക്ഷം ലഭിക്കില്ലെന്ന പേടിമൂലം ആണവബാധ്യതാ ബില്‍ അവതരിപ്പിക്കാതെ മാറ്റി. ഇടതുപക്ഷത്തിന്റെ എതിര്‍പ്പുമൂലമായിരുന്നു ഇത്. രാജ്യസഭ പാസാക്കിയ വനിതാ സംവരണ ബില്‍ ഘടകകക്ഷികളുടെ എതിര്‍പ്പുമൂലം ലോക്സഭയില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ല. പെട്രോള്‍-ഡീസല്‍ നികുതി, ആണവകരാര്‍, വനിതാസംവരണം തുടങ്ങി ഏതെങ്കിലും നിര്‍ണായക വിഷയത്തില്‍ ഐക്യപുരോഗമന സഖ്യത്തില്‍ (യുപിഎ) ഐക്യമുണ്ടോ? ഇടതുപക്ഷം പിന്തുണച്ച ആദ്യ യുപിഎ സര്‍ക്കാരിന് ഒരു പൊതുമിനിമം പരിപാടിയുണ്ടായിരുന്നു. അത് ലംഘിച്ച് ആണവകരാറില്‍ ഏര്‍പ്പെട്ടപ്പോഴാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. പിന്നീട് പിന്തുണയ്ക്കായി 'ഐപിഎല്‍ കളി'കളിക്കുന്ന കോണ്‍ഗ്രസിനെയാണ് പാര്‍ലമെന്റ് ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ഐപിഎല്‍ അഴിമതി, നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ മുഖം ചുളിഞ്ഞിരിക്കുന്ന മന്‍മോഹന്‍ സര്‍ക്കാരിന് നാണം മറയ്ക്കാന്‍ പ്രതിച്ഛായയുടെ ഒരു കീറത്തുണിയെങ്കിലും കൈവശമുണ്ടോ? ഖണ്ഡനോപക്ഷേപം പരാജയപ്പെട്ടതിന് മന്‍മോഹന്‍സിങ്ങിനെ വാനോളം പുകഴ്ത്തുന്ന ഞങ്ങളുടെ മാന്യ സഹജീവികള്‍ ഇക്കാര്യം ജനങ്ങളോട് വിശദീകരിച്ചാല്‍ നന്നായിരുന്നു.

    ReplyDelete