Saturday, April 10, 2010

ഇന്ത്യാ- അമേരിക്ക ബന്ധങ്ങളെ ഒരു ചാരന്‍ അട്ടിമറിക്കുന്നു

166 പേര്‍ കൊല്ലപ്പെട്ട, 2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതില്‍ മുഖ്യപങ്കു വഹിച്ച ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വിലപേശി കുറ്റസമ്മതം നടത്തിച്ചുവെന്ന വാര്‍ത്ത ഇന്ത്യയില്‍ കോലാഹലം സൃഷ്ടിച്ചിരിക്കുകയാണ്.

ഹെഡ്ലിയും അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയും തമ്മിലുണ്ടായേക്കാവുന്ന ബന്ധങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ അയാള്‍ക്കെതിരായ എന്തെങ്കിലും തെളിവുകള്‍ ഒരു കോടതിയില്‍ ഔപചാരികമായി സമര്‍പ്പിക്കുന്നതില്‍നിന്ന് രക്ഷപ്പെടാന്‍ അമേരിക്കന്‍ ഗവണ്‍മെന്റിനെ ഈ നടപടി സഹായിക്കുന്നു; ഹെഡ്ലിയെ ക്രോസ് വിസ്താരം ചെയ്യുന്നതിന് പ്രോസിക്യൂഷന് അനുമതി നല്‍കാനുള്ള ബാധ്യതയില്‍നിന്നും അത് അമേരിക്കന്‍ ഗവണ്‍മെന്റിനെ രക്ഷിക്കുന്നു.

ഹെഡ്ലിയുടെ വിചാരണ ചിക്കാഗോയില്‍ ആരംഭിക്കുമ്പോള്‍, ഇന്ത്യയില്‍ കൊല്ലപ്പെട്ട 166 പേരുടെ കുടുംബങ്ങള്‍ക്ക് തങ്ങളുടെ അഭിഭാഷകന്മാര്‍ വഴി അയാളെ ചോദ്യം ചെയ്യാനുള്ള അവസരവും നിഷേധിക്കപ്പെടുന്നു. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായുള്ള ഹെഡ്ലിയുടെ ബന്ധങ്ങള്‍ ഇതോടെ രഹസ്യ വിവരങ്ങളായിത്തന്നെ അവശേഷിക്കും; മുംബൈ ആക്രമണത്തില്‍ ഉള്‍പ്പെട്ട പാകിസ്ഥാന്‍കാര്‍ പിടി തരാതെ രക്ഷപ്പെടുകയും ചെയ്യും. എന്നുമാത്രമല്ല, ഹെഡ്ലിയെ ഇന്ത്യയ്ക്ക് വിട്ടു തരാന്‍ എഫ്ബിഐ സമ്മതിക്കുകയില്ല; അയാളുടെ അടുത്തു ചെല്ലാന്‍ അനുവദിക്കുകയുമില്ല. അതുകാരണം അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായും പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായും അയാള്‍ക്കുള്ള ബന്ധങ്ങളെക്കുറിച്ച് അയാളെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് കഴിയുകയുമില്ല.

തന്റെ പേരിലുള്ള ചാര്‍ജുകളില്‍ കുറ്റം ഏറ്റു പറഞ്ഞ ഹെഡ്ലിക്ക്, അതുകാരണം മരണശിക്ഷയേക്കാള്‍ വളരെ കുറഞ്ഞ ശിക്ഷ മാത്രമേ ലഭിക്കുകയുള്ളൂ. അതല്ലെങ്കില്‍ മരണശിക്ഷ തന്നെ ലഭിക്കുമായിരുന്നേനേ.

കഴിഞ്ഞ ഒക്ടോബറില്‍ ചിക്കാഗോയില്‍വെച്ച് ഹെഡ്ലി അറസ്റ്റ് ചെയ്യപ്പെട്ടതുവഴി, പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ - ഇ - തൊയ്ബയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളിലേക്കും ആക്രമണ സംഭവങ്ങളിലേക്കും വെളിച്ചം വീശാന്‍ കഴിയുമെന്ന് തുടക്കത്തില്‍ പ്രത്യാശിക്കപ്പെട്ടിരുന്നു. എന്നാല്‍ ആ കേസിന്റെ വിശദാംശങ്ങള്‍ മൂടിവെയ്ക്കുന്നതിന് ഒബാമ ഭരണകൂടം കൈക്കൊണ്ട വെപ്രാളത്തോടെയുള്ള നടപടികള്‍, അതിന്റെ സ്വാഭാവിക പരിണാമത്തിലെത്തിച്ചേര്‍ന്നിരിക്കുന്നു.

പ്രതിയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് സ്ഫോടനാത്മകമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. മുംബൈ ആക്രമണത്തിനുള്ള പദ്ധതികള്‍ക്ക് ലഷ്കര്‍ - ഇ - തൊയ്ബ തുടക്കം കുറിച്ചത് 2006 സെപ്തംബറിലോ മറ്റോ ആണ്. ഹെഡ്ലിയുടെ കുറ്റസമ്മതം അനുസരിച്ച്, 2006നും 2008 നവംബറിലെ ആക്രമണത്തിനും ഇടയ്ക്ക് അഞ്ചുതവണ പ്രാരംഭ നിരീക്ഷണങ്ങള്‍ക്കായി അയാള്‍ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. ഓരോ തവണയും അമേരിക്കയിലേക്ക് മടങ്ങിയത് പാകിസ്ഥാന്‍ വഴിയായിരുന്നു. "ഗൂഢാലോചനയില്‍ പങ്കുള്ള മറ്റ് നിരവധി പേരെ അവിടെ വെച്ച് അയാള്‍ കണ്ടുമുട്ടി. അവരില്‍ ലഷ്കര്‍ - ഇ - തൊയ്ബ അംഗങ്ങളും ഉണ്ടായിരുന്നു. അവര്‍ ഒട്ടും കുറവല്ല താനും''.

ഹെഡ്ലിയെ നിയന്ത്രിച്ചിരുന്ന പാകിസ്ഥാന്‍കാരെക്കുറിച്ച് കുറ്റസമ്മതത്തില്‍ അയാള്‍ പരാമര്‍ശിക്കുന്നത് അ, ആ, ഇ, ഉ എന്നിങ്ങനെ മാത്രമാണ്. എന്നാല്‍ അവര്‍ ആരാണ്? അത് നമുക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല. ലഷ്കര്‍ - ഇ - തൊയ്ബയ്ക്ക് പാകിസ്ഥാനിലെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സുമായിട്ടുള്ള (ഐഎസ്ഐ) ദൃഢമായ അടുപ്പം എല്ലാവര്‍ക്കും അറിവുള്ളതാണ്. വളരെ വലിയ അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കുന്നതും ഇന്ത്യയുമായി യുദ്ധം തന്നെ ഉണ്ടാക്കാന്‍ സാധ്യതയുള്ളതുമായ അത്ര വലിയ ഒരു ആക്രമണം ഐഎസ്ഐയുടെ അറിവില്ലാതെയാണ് നടത്തപ്പെട്ടത് എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. പ്രത്യേകിച്ചും 2004 ഒക്ടോബര്‍ തൊട്ട് 2007 ഒക്ടോബര്‍ വരെ ഐഎസ്ഐയുടെ തലവന്‍ ഇപ്പോഴത്തെ ആര്‍മി ചീഫ് ആയ ജനറല്‍ ആഷ്ഫാക് പര്‍വേസ് കിയാനി ആയിരുന്നു എന്നു കൂടി നാം ഓര്‍ക്കണം.

ഹെഡ്ലിയുടെ കുറ്റസമ്മത മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളുമുണ്ട്. "ഇന്ത്യയിലേക്കുള്ള അഞ്ചാമത്തെ സന്ദര്‍ശനത്തിനുശേഷം ഹെഡ്ലിയോട് ലഷ്കര്‍ - ഇ - തൊയ്ബയിലെ അ എന്ന ആള്‍ ആസൂത്രിതമായ ആക്രമണത്തിന്റെ നിരവധി വിശദാംശങ്ങള്‍ വിവരിച്ചുകൊടുക്കുകയുണ്ടായി എന്നും അതില്‍ താഴെ പറയുന്നവ കൂടി ഉള്‍പ്പെടുന്നുണ്ട് എന്നും ഹെഡ്ലി പ്രസ്താവിക്കുന്നു: ഒരു സംഘം ആക്രമണകാരികള്‍ക്ക് നിരവധി ആക്രമണ മുറകളില്‍ പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്; ഈ സംഘം മുംബൈയിലേക്ക് കടല്‍ വഴി യാത്ര ചെയ്യുന്നതായിരിക്കും; ഹെഡ്ലി നിര്‍ദ്ദേശിച്ച സ്ഥലത്ത് ഇറങ്ങുന്നതായിരിക്കും; ഈ സംഘം മരണംവരെ ആക്രമണം നടത്തും; ആക്രമണത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുകയില്ല''.

എന്നിട്ടും വില പേശിക്കൊണ്ടുള്ള കുറ്റസമ്മത മൊഴിയുടെ തുടര്‍ നടപടികളുടെ ഭാഗത്ത്, ഹെഡ്ലിയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കേണ്ടതില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യന്‍ അധികൃതരുടെ ചോദ്യം ചെയ്യലുകള്‍ക്ക് താന്‍ വിധേയനായിക്കൊള്ളാം എന്ന് എഫ്ബിഐയോട് ഹെഡ്ലി ഔപചാരികമായി സമ്മതിച്ചതായും കാണുന്നില്ല. അമേരിക്കയിലെവിടെയെങ്കിലുംവെച്ച് ഏതെങ്കിലും വിദേശ നീതിന്യായ നടപടിയുണ്ടാവുകയാണെങ്കില്‍ താന്‍ തെളിവ് നല്‍കാം എന്നു മാത്രമേ അയാള്‍ സമ്മതിച്ചിട്ടുള്ളൂ.

ഇതിന്റെ സാരാംശം ഇതാണ്: ഹെഡ്ലി എന്താണ് പറയുന്നത് എന്ന് അമേരിക്കക്കാര്‍ ഇന്ത്യക്കാരോട് പറയാം; അയാളെ നേര്‍ക്കുനേര്‍ നിര്‍ത്തി ചോദ്യം ചെയ്യേണ്ട ആവശ്യമൊന്നുമില്ല. ലോക്കര്‍ ബി കേസില്‍ അമേരിക്ക സ്വീകരിച്ചതിന് കടകവിരുദ്ധമായ നിലപാടാണിത്. 1988ല്‍ സ്കോട്ട്ലാന്റിലെ ലോക്കര്‍ ബി പട്ടണത്തില്‍ പാന്‍ അം വിമാനം ബോംബ് വെച്ച് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് 270 പേര്‍ കൊല്ലപ്പെട്ടു. ബോംബിങ്ങില്‍ ഉള്‍പ്പെട്ട അബ്ദല്‍ ബാസെറ്റ്അലി മുഹമ്മദ് അല്‍ മെഗ്രഹി എന്ന ലിബിയക്കാരന്‍ ശിക്ഷിക്കപ്പെട്ടു.

എന്നു മാത്രമല്ല, അമേരിക്കയില്‍ 1989 തൊട്ട് ക്രിമിനല്‍ റെക്കോര്‍ഡുള്ള വ്യക്തിയാണ് ഹെഡ്ലി എന്നും ഹേറോയിന്‍ ഇറക്കുമതി ചെയ്യുന്നതിന് ഗൂഢാലോചന നടത്തിയ സംഘത്തിലെ അംഗമാണ് അയാള്‍ എന്നും നാല് തവണ ശിക്ഷിക്കപ്പെട്ടതിന്റെ ഫലമായി ആകെ ആറുവര്‍ഷം ജയിലില്‍ക്കിടന്ന ആളാണെന്നും വിലപേശലോടെയുള്ള കുറ്റസമ്മതത്തില്‍നിന്ന് വ്യക്തമായി. പിന്നീടയാള്‍ അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അതോറിറ്റീസ് എന്ന സ്ഥാപനത്തിന്റെ ഏജന്റായി റിക്രൂട്ട് ചെയ്യപ്പെട്ടു. സെപ്തംബര്‍ 11ന്റെ ആക്രമണത്തെത്തുടര്‍ന്ന് അമേരിക്കയിലെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായി (സിഐഎ) ഏറ്റവും ദൃഢമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഹെഡ്ലി.

സിഐഎയ്ക്ക് എത്രത്തോളം അറിയാം?

അമേരിക്കന്‍ ഏജന്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ 2002 ഫെബ്രുവരിക്കും 2003 ഡിസംബറിനും ഇടയില്‍ ലഷ്കര്‍ -ഇ - തൊയ്ബ പാകിസ്ഥാനില്‍വെച്ച് സംഘടിപ്പിച്ച അഞ്ച് പരിശീലന കോഴ്സുകളിലെങ്കിലും ഹെഡ്ലി പങ്കെടുത്തിട്ടുണ്ട് എന്ന് കുറ്റസമ്മത മൊഴി വിശദീകരിക്കുന്നു. ആയുധങ്ങളും ഗ്രനേഡുകളും ഉപയോഗിക്കുക, തൊട്ടടുത്തുചെന്ന് ആക്രമിക്കുക, ചാര പ്രവര്‍ത്തനം നടത്തുക തുടങ്ങിയ പരിശീലന കോഴ്സുകള്‍ അതില്‍ ഉള്‍പ്പെടുന്നു.

2003 ഏപ്രിലിലും ഡിസംബറിലും നടന്ന പരിശീലന കോഴ്സുകള്‍ രണ്ടും മുമ്മൂന്നു മാസം ദൈര്‍ഘ്യമുള്ളതായിരുന്നു. സെപ്തംബര്‍ 11ന്റെ ആക്രമണത്തിനോട് വളരെ അടുത്ത കാലത്താണ് അവ നടന്നത്. അതുകൊണ്ട് ലഷ്കര്‍ - ഇ - തൊയ്ബയുടെ പരിശീലന ക്യാമ്പുകളില്‍ തങ്ങളുടെ ഏജന്റ് എന്താണ് ചെയ്തിരുന്നത് എന്ന് അറിയാന്‍ സിഐഎ ശ്രമിച്ചില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.

പ്രശ്നത്തിന്റെ മര്‍മം ഇതാണ്: മുംബൈയിലെ ഭീകരാക്രമണത്തെക്കുറിച്ച് എന്തെല്ലാം വിവരങ്ങള്‍ സിഐഎയ്ക്ക് മുന്‍കൂട്ടി അറിയാമായിരുന്നു? "പ്രവൃത്തിയില്‍ കൊണ്ടുവരാവുന്ന രഹസ്യകാര്യ''ങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ഒബാമ ഭരണകൂടം ഡെല്‍ഹിയുമായി പങ്കുവെയ്ക്കുകയുണ്ടായോ?

ഇന്ത്യയിലെ തല മുതിര്‍ന്ന ഒരു പത്രാധിപര്‍ കഴിഞ്ഞ ഞായറാഴ്ച ഇങ്ങനെ എഴുതുകയുണ്ടായി: "മയക്കുമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട ആളാണ് ഹെഡ്ലി. അമേരിക്കന്‍ ജയിലില്‍ അടയ്ക്കപ്പെട്ടിട്ടുമുണ്ട്. അയാളെ പിന്നീട് ജയിലില്‍നിന്ന് വിട്ടയച്ചുവെന്നും ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന് അയാളെ കൈമാറിയെന്നും പാകിസ്ഥാനിലേക്ക് ഒരു രഹസ്യ ഏജന്റായി അയയ്ക്കാന്‍ വേണ്ടിയാണ് അയാളെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്‍ ഏറ്റെടുത്തതെന്നും നമുക്കറിയാം. ഇതൊക്കെ പരസ്യമായ രേഖകളുള്ള കാര്യങ്ങളാണ്. ഹെഡ്ലിയെ പാകിസ്ഥാനിലേക്ക് അയയ്ക്കുകയും പിന്നീട് ഏതാനും മാസങ്ങള്‍ക്കുമുമ്പ് അയാള്‍ ചിക്കാഗോ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ആണുണ്ടായത്. ഇതിനിടയില്‍ എന്തൊക്കെയാണ് സംഭവിച്ചത്? ഒരു അമേരിക്കന്‍ ഏജന്റ് ഭീകരനായി മാറിയതെങ്ങനെയാണ്? അക്കാര്യം അമേരിക്ക പറയുകയില്ല''.

എന്നിരുന്നാലും, ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ സഹകരിക്കുക എന്നത്, ഇന്ത്യാ- അമേരിക്കാ തന്ത്രപര സഹകരണത്തിന്റെ പരമ പ്രധാനമായ ഭാഗമാണു താനും! ഇന്ത്യയും അമേരിക്കയും തമ്മില്‍ ഭീകരതയ്ക്ക് എതിരായി മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള സഹകരണത്തിനാണ് മുംബൈ ആക്രമണങ്ങള്‍ വഴിവെച്ചത്. മുംബൈ ആക്രമണത്തെയും ഹെഡ്ലിയേയുംകുറിച്ച് മാര്‍ച്ച് 11ന് അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ സാക്ഷ്യപ്പെടുത്തുന്ന അവസരത്തില്‍ ഒരു പ്രമുഖ അമേരിക്കന്‍ സുരക്ഷാ വിദഗ്ധയായ ലിസാ കര്‍ടിസ് പ്രസ്താവിച്ചത് ഇങ്ങനെയാണ്: "ഈ രണ്ടു രാജ്യങ്ങളുടെയും ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും ഇടയ്ക്കുള്ള ബ്യൂറോക്രാറ്റിക് തടസ്സങ്ങളും മതിലുകളും തകര്‍ക്കുന്ന സഹകരണമാണത്''.

കര്‍ടിസിനെ ഉദ്ധരിക്കുകയാണെങ്കില്‍, "ഹെഡ്ലി കേസില്‍ ഏറ്റവും കൂടുതല്‍ വിഷമകരമായത്, പാകിസ്ഥാനിലെ സൈന്യവും ലഷ്കര്‍ - ഇ - തൊയ്ബയുമായുള്ള അടുപ്പത്തെക്കുറിച്ച് അത് വെളിപ്പെടുത്തിയ കാര്യങ്ങളാണ്''.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുതാപരമായ ബന്ധങ്ങളുടെ കണ്ണടയിലൂടെ ലഷ്കര്‍ - ഇ - തൊയ്ബയെ വീക്ഷിക്കാനുള്ള അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ബോധപൂര്‍വമായ നയത്തില്‍ ഊന്നിക്കൊണ്ടാണ് കര്‍ടിസ് സംസാരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കിക്കൊടുക്കുന്നതില്‍ 2006 മുതല്‍ ലഷ്കര്‍ - ഇ - തൊയ്ബ വഹിക്കുന്ന സുപ്രധാനമായ പങ്കിനെക്കുറിച്ച് എല്ലാ തെളിവുകളും കയ്യിലുണ്ടായിട്ടും അമേരിക്ക അതാണ് ചെയ്യുന്നത്. താലിബാന് തുടര്‍ച്ചയായി പടയാളികളുടെ നീണ്ട നിരയെ എത്തിച്ചു കൊടുക്കുന്നതും അവരെ റിക്രൂട്ട് ചെയ്യുന്നതും പരിശീലിപ്പിക്കുന്നതും പാകിസ്ഥാനിലെ ഗോത്രവര്‍ഗ മേഖലകളില്‍നിന്ന് അതിര്‍ത്തിയിലൂടെ നുഴഞ്ഞ് കയറാന്‍ കലാപകാരികളെ സഹായിക്കുന്നതും എല്ലാം ലഷ്കര്‍ -ഇ - തൊയ്ബയാണെന്ന് ഓര്‍ക്കുക.

അമേരിക്കയുടെ നയം നിര്‍ദോഷകരമായ വിധത്തില്‍ ന്യായയുക്തമാണ്. അമേരിക്കന്‍ താല്‍പര്യങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളില്‍ ഇസ്ളാമാബാദിന്റെ സഹകരണം നേടുന്നതിനാണ് അത് പരമപ്രധാനമായ മുന്‍ഗണന നല്‍കുന്നത്; ഇന്ത്യക്കാര്‍ക്ക് സംരക്ഷണം നല്‍കി പാകിസ്ഥാന്റെ സൌമനസ്യം പാഴാക്കുന്നതിനല്ല.

പരസ്യമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഹെഡ്ലി നാടകത്തിന്റെ മര്‍മ സ്ഥാനത്തു കിടക്കുന്നത് രാഷ്ട്രീയമായ ഈ കള്ളത്തരമാണ്. സംശയത്തിന്റെ ആനുകൂല്യം സിഐഎയ്ക്ക് നല്‍കുകയാണെങ്കില്‍ത്തന്നെ, ഇതില്‍നിന്ന് സിദ്ധിക്കുന്ന വസ്തുത ഇതാണ്: ഹെഡ്ലി സിഐഎ ഏജന്റായിരുന്നു. എന്നാല്‍ പിന്നീട് പാകിസ്ഥാന്‍ ആസ്ഥാനമാക്കിയുള്ള ഭീകരസംഘടനകളില്‍ അയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം; ഇങ്ങനെ ഇരട്ട ഏജന്റായി മാറിയിട്ടുണ്ടാവാം.

അമേരിക്കന്‍ ഭരണം വളരെ സംശയകരമായ രീതിയിലാണ് പെരുമാറുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. വളരെ വളരെ സ്ഫോടനാത്മകമായ എന്തോ ഒന്ന് ഇന്ത്യക്കാരില്‍നിന്ന് അവര്‍ക്ക് ഒളിച്ചു വെയ്ക്കാനുണ്ട്. സ്വന്തം കസ്റ്റഡിയില്‍ ഹെഡ്ലിയെ സുരക്ഷിതമായി സൂക്ഷിക്കുകയും ഇന്ത്യയുടെ ഇന്റലിജന്‍സ് സംവിധാനത്തിന് അയാളെ തുറന്നു കാണിക്കുന്നതുവഴി അപായം വരുത്തിവെയ്ക്കുന്നത് ഒഴിവാക്കുകയും അല്ലാതെ മറ്റൊരു മെച്ചപ്പെട്ട മാര്‍ഗം എന്താണ് അമേരിക്കക്കുള്ളത്?

മുംബൈ ആക്രമണത്തെക്കുറിച്ച് വാഷിങ്ടണ് നേരത്തേത്തന്നെ അറിയാമായിരുന്നു. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ ഇന്ത്യയ്ക്ക് അവര്‍ കൈമാറാതിരുന്നത് ബോധപൂര്‍വമാണ് എന്നതാണ് ഡെല്‍ഹിയില്‍ വിശ്വസനീയമായ രീതിയില്‍ പടരുന്ന ഊഹം.

2006 തൊട്ട് ഹെഡ്ലി ഇന്ത്യയിലേക്ക് നടത്തിയ തുടര്‍ച്ചയായ യാത്രകളുടെ ഉദ്ദേശം അമേരിക്കന്‍ ഭരണകൂടത്തിന് അറിയാമായിരുന്നു. എന്നാല്‍ ആ വിവരങ്ങള്‍ അവര്‍ ഇന്ത്യയുമായി പങ്കുവെയ്ക്കുകയുണ്ടായില്ല. മുംബൈ നഗരം ആക്രമിക്കപ്പെട്ടതിനുശേഷംപോലും ഒരിക്കല്‍കൂടി ഹെഡ്ലി ആ നഗരം സന്ദര്‍ശിക്കുകയുണ്ടായി. ഇന്ത്യയുടെ കയ്യില്‍ അയാളെ കിട്ടിയാല്‍ അയാള്‍ രഹസ്യങ്ങളെല്ലാം വെളിപ്പെടുത്തിയേക്കുമെന്നും അയാളെ വിചാരണ ചെയ്യുകയാണെങ്കില്‍ സിഐഎയും ലഷ്കര്‍ - ഇ - തൊയ്ബയും പാകിസ്ഥാന്‍ സൈന്യവും ആയി അയാള്‍ക്കുള്ള ബന്ധങ്ങളിലേക്ക് അത് നയിക്കുമെന്നും ഒബാമ ഭരണം ആശങ്കപ്പെടുന്നു. അപ്പോള്‍ അമേരിക്കയുടെ സ്ഥിതി എന്താവും?

പാകിസ്ഥാനിലെ സൈനിക നേതൃത്വത്തിനുമേല്‍ "സമ്മര്‍ദ്ദം'' ചെലുത്താന്‍ കഴിയുന്ന നിലയിലല്ല ഒബാമ എന്ന് വ്യക്തമാണ്. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചരണം 2012ല്‍ ആരംഭിക്കുന്നതിനു മുമ്പ് അഫ്ഗാനിസ്ഥാനിലെ യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ വ്യാമോഹം. ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ പാകിസ്ഥാന്‍ സൈനിക നേതൃത്വത്തിനുള്ള ബാധ്യതയെക്കുറിച്ച് അഫ്പാക്കിന്റെ പ്രത്യേക പ്രതിനിധിയായ റിച്ചാര്‍ഡ് ഹോള്‍ബ്രൂക് പോലും (ഒന്നും അറിയാത്ത ആളാണ് താനെന്ന് സ്വയം നടിക്കുന്ന ആളാണ് അദ്ദേഹം) ഒടുവില്‍ അഭിപ്രായം മാറ്റിപ്പറഞ്ഞത്, പാകിസ്ഥാന്‍ സൈന്യത്തോട് അമേരിക്ക എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ്.

വിദേശനയം ആകെ കുഴപ്പത്തില്‍

അതെന്തായാലും, ഇന്ത്യയിലെ വരേണ്യ വര്‍ഗത്തെ സ്വാധീനിക്കാനുള്ള തങ്ങളുടെ വൈദഗ്ധ്യത്തിലാണ് അമേരിക്കക്കാര്‍ ഇപ്പോഴും വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. ദക്ഷിണേഷ്യയ്ക്കായുള്ള അമേരിക്കയുടെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി റോബര്‍ട്ട് ബ്ളേക് (അദ്ദേഹം അമേരിക്കന്‍ എംബസിയിലെ ഉപനേതാവായിട്ടാണ് പ്രവര്‍ത്തിക്കാറുള്ളത്) കഴിഞ്ഞ ആഴ്ച ഡെല്‍ഹി സന്ദര്‍ശിക്കുകയുണ്ടായി. കുഴപ്പം പരിഹരിക്കുന്നതിനുള്ള അഭ്യാസത്തിനാണ് അദ്ദേഹം വന്നത്. ഭരണവര്‍ഗത്തിന്റെ മേല്‍ വളരെ വലിയ സ്വാധീനശക്തിയുള്ള ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയുമായി അദ്ദേഹം ബന്ധപ്പെട്ടു.

എന്നാല്‍ ഡെല്‍ഹിയിലെ അമേരിക്കന്‍ അനുകൂല ലോബിയ്ക്ക് ആനുകൂല്യം ചെയ്തു കൊടുക്കുന്ന തന്ത്രംകൊണ്ട്, ഇന്ത്യാ - അമേരിക്കാ പങ്കാളിത്തത്തില്‍ ഉണ്ടായിരിക്കുന്ന കുഴപ്പം പരിഹരിക്കാന്‍ ഇത്തവണ കഴിയുമോ? ഇന്ത്യയിലെ സാധാരണക്കാരുടെ മനസ്സില്‍ അഗാധമായ മുറിവുകളാണ് മുംബൈ ഭീകരാക്രമണം വരുത്തിവെച്ചിട്ടുള്ളത്. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഒരൊറ്റ ചിന്തയോടുകൂടി മാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, പങ്കാളികളേയും സുഹൃത്തുക്കളേയും സഖ്യശക്തികളേയും വഞ്ചിക്കുന്ന, പൈശാചികമായ, തന്‍ കാര്യം മാത്രം നോക്കുന്ന ശക്തിയാണ് അമേരിക്ക എന്ന പാകിസ്ഥാനില്‍ വ്യാപകമായി പ്രചരിക്കുന്ന അഭിപ്രായത്തോട് ഇന്ത്യയിലെ പൊതുജനങ്ങള്‍ ഈ അടുത്ത വര്‍ഷങ്ങളില്‍ ഇതാദ്യമായി യോജിച്ചു വരുന്ന കാഴ്ചയാണ് നാം കാണുന്നത്.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഡെല്‍ഹിയിലെ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം ഈ ധാരണ ചില പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. അമേരിക്കയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിദേശനയത്തെ അത്യാവേശത്തോടെ പുണരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നിലപാടിനോട് ഒപ്പം നില്‍ക്കാന്‍ ഇന്ത്യയിലെ ഭരണകക്ഷിയ്ക്ക് ഇനി കഴിയുമോ എന്നതാണ് വലിയ ചോദ്യം.

ആണവ വ്യാപാരത്തിനായി അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ പ്രവേശനം അനുവദിക്കുന്നതിന് ഉതകുന്ന നിയമനിര്‍മാണം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കപ്പെട്ടിരുന്ന അതേ ആഴ്ച തന്നെ, എഫ്ബിഐയുടെ വിലപേശല്‍ വഴിയുള്ള കുറ്റസമ്മതക്കരാര്‍ പരസ്യമാക്കപ്പെട്ടത് മന്‍മോഹന്‍സിങ്ങിന്റെ വ്യക്തിപരമായ യശസ്സിനേറ്റ കനത്ത ആഘാതമാണ്.

ഏപ്രില്‍ 12ന് ഒബാമ ഒരുക്കുന്ന ആണവ ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനുള്ള മന്‍മോഹന്‍സിങ്ങിന്റെ വാഷിങ്ടണ്‍ സന്ദര്‍ശനം, ഇന്ത്യാ - അമേരിക്കാ ബന്ധങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ആ സന്ദര്‍ശനത്തെ ചൂഴ്ന്നു നില്‍ക്കുന്ന പ്രതീക്ഷയെ ഇന്ന് ഹെഡ്ലി വേട്ടയാടുകയാണ്.

2004ല്‍ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായതില്‍ പിന്നീട് അനുവര്‍ത്തിച്ചുവരുന്ന ഇന്ത്യയുടെ വിദേശനയത്തിലെ വൈകല്യങ്ങളാണ്, ഹെഡ്ലി സംഭവത്തിലൂടെ മറനീക്കി പുറത്തുവരുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധങ്ങള്‍ അമേരിക്കയുടെ നിരീക്ഷണത്തിന്‍കീഴില്‍ നടക്കുന്നേടത്തോളം കാലം മാത്രമേ, വലിയ ശക്തിയായി വളര്‍ന്നുവരാനുള്ള ഇന്ത്യയുടെ താല്‍പര്യം അമേരിക്കയുടെ മേഖലാ നയത്തിന് അനുഗുണമാകുന്നേടത്തോളം കാലം മാത്രമേ, അമേരിക്കയുമായുള്ള "തന്ത്രപരമായ പങ്കാളിത്ത''ത്തിന് കേന്ദ്ര സ്ഥാനം ലഭിക്കുകയുള്ളൂ.

വിദേശനയത്തെ സംബന്ധിച്ചിടത്തോളം ഒരു പുനര്‍ വിചിന്തനം ഇപ്പോള്‍ മിക്കവാറും അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. റഷ്യന്‍ പ്രധാനമന്ത്രി വ്ളാദിമിര്‍ പുടിനെ ന്യൂഡെല്‍ഹി ഈയിടെ ചുവപ്പു പരവതാനി വിരിച്ചു സ്വീകരിക്കുകയുണ്ടായി. ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധങ്ങളോട് മന്‍മോഹന്‍സിങ്ങിനുള്ള പ്രകടമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുമ്പോള്‍ത്തന്നെ, ഡെല്‍ഹി ഇപ്പോള്‍ ടെഹ്റാനുമായി ഗൌരവബോധത്തോടെ ഇടപെടാനിടയുണ്ട്. ഇന്ത്യയുമായി ബിസിനസ്സ് നടത്തുന്നതിനുള്ള മുന്നുപാധിയായി അമേരിക്കന്‍ ആണവ വ്യവസായം മുന്നോട്ടുവെയ്ക്കുന്ന ആണവ ബാധ്യതാ ബില്‍ നിയമമാക്കാനുള്ള കഴിവില്ലായ്മ മൂലം, 2008ലെ ഇന്ത്യാ - അമേരിക്ക ആണവക്കരാര്‍ "പ്രാവര്‍ത്തികമാക്കുന്ന''ത് പ്രധാനമന്ത്രിക്ക് ഇപ്പോള്‍ കൂടുതല്‍ വിഷമകരമായിത്തീരും.

അമേരിക്കന്‍ ആയുധ നിര്‍മാണ വ്യവസായികള്‍ക്ക് ഇന്ത്യന്‍ സൈനിക സമൂഹത്തിനുമേലുള്ള സ്വാധീനം എന്തുതന്നെയായാലും ശരി, ഇന്ത്യയുടെ ആയുധ വ്യാപാരത്തിന്റെ ഒരു വലിയ പങ്ക് സ്വായത്തമാക്കാമെന്ന അമേരിക്കന്‍ പ്രതീക്ഷ എത്രത്തോളം നടക്കുമെന്ന് വ്യക്തമല്ല. ബുധനാഴ്ച വാഷിങ്ടണില്‍വെച്ച് നടക്കാനിരിക്കുന്ന, അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള തന്ത്രപരമായ സംഭാഷണങ്ങളിലാണ് ഡെല്‍ഹിയിലെ എല്ലാ കണ്ണുകളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ നയങ്ങളില്‍ പാകിസ്ഥാന് നിര്‍ണായകമായ സ്ഥാനം ശരിക്കും അംഗീകരിച്ചു കൊടുക്കുന്ന, ആ രണ്ടു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ദീര്‍ഘകാല പങ്കാളിത്തത്തിനുവേണ്ടി ആ സംഭാഷണത്തില്‍ കിയാനി വാദിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

താലിബാനുമായി ഇടപെടുന്നതിനും അവര്‍ക്ക് അഫ്ഗാനിസ്ഥാനിലെ ശാക്തിക ഘടനയിലുണ്ടായിരുന്ന സ്ഥാനം പുനഃസ്ഥാപിക്കുന്നതിനും വേണ്ടി അമേരിക്കയും പാകിസ്ഥാനും നടത്തുന്ന കള്ളക്കളിക്കെതിരായി ഡെല്‍ഹി ഇപ്പോള്‍ സര്‍വശക്തിയും പ്രയോഗിച്ച് പ്രവര്‍ത്തിക്കുമെന്ന് നമുക്ക് മിക്കവാറും പ്രതീക്ഷിക്കാം. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ - പാകിസ്ഥാന്‍ അച്ചുതണ്ട്, ഇന്ത്യയുടെ ദേശീയ സുരക്ഷാ താല്‍പര്യങ്ങളെ സംബന്ധിച്ചിടത്തോളം വിനാശകരമാണെന്ന് ഹെഡ്ലി സംഭവം വ്യക്തമാക്കുന്നുണ്ട്.

എം കെ ഭദ്രകുമാര്‍ chintha weekly

(ഇന്ത്യന്‍ അംബാസിഡറായിരുന്ന എം കെ ഭദ്രകുമാര്‍ സോവിയറ്റ് യൂണിയന്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക, ജര്‍മനി, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, കുവൈത്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നയതന്ത്ര പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.)

1 comment:

  1. 166 പേര്‍ കൊല്ലപ്പെട്ട, 2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതില്‍ മുഖ്യപങ്കു വഹിച്ച ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വിലപേശി കുറ്റസമ്മതം നടത്തിച്ചുവെന്ന വാര്‍ത്ത ഇന്ത്യയില്‍ കോലാഹലം സൃഷ്ടിച്ചിരിക്കുകയാണ്.

    ഹെഡ്ലിയും അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയും തമ്മിലുണ്ടായേക്കാവുന്ന ബന്ധങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ അയാള്‍ക്കെതിരായ എന്തെങ്കിലും തെളിവുകള്‍ ഒരു കോടതിയില്‍ ഔപചാരികമായി സമര്‍പ്പിക്കുന്നതില്‍നിന്ന് രക്ഷപ്പെടാന്‍ അമേരിക്കന്‍ ഗവണ്‍മെന്റിനെ ഈ നടപടി സഹായിക്കുന്നു; ഹെഡ്ലിയെ ക്രോസ് വിസ്താരം ചെയ്യുന്നതിന് പ്രോസിക്യൂഷന് അനുമതി നല്‍കാനുള്ള ബാധ്യതയില്‍നിന്നും അത് അമേരിക്കന്‍ ഗവണ്‍മെന്റിനെ രക്ഷിക്കുന്നു.

    ReplyDelete