Thursday, April 8, 2010

നേര് മറയ്ക്കാന്‍ സിബിഐ

കൈകള്‍ പിറകില്‍ പിണച്ചുവെച്ചുള്ള ചടുലമായ നടത്തവും അളന്നു മുറിച്ചുള്ള സംഭാഷണവുംകൊണ്ട് നടന്‍ പത്മശ്രീ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രമാണ് സിബിഐ ഓഫീസര്‍ സേതുരാമയ്യര്‍... മമ്മൂട്ടി എന്ന നടന് മലയാളികളുടെ മനസ്സില്‍ ഉള്ള ഇടം വലിയൊരളവില്‍ ആ കഥാപാത്രത്തിനും സിനിമയ്ക്കും തുണയായി... ആരംഭത്തില്‍ തന്നെ കഥയിലെ യഥാര്‍ത്ഥ കുറ്റവാളിയെ മമ്മൂട്ടിയുടെ സിബിഐ ഓഫീസര്‍ വെളിച്ചത്തു കൊണ്ടുവരുമെന്ന് ജനങ്ങള്‍ ഉറച്ചുവിശ്വസിക്കുകയും അതുതന്നെ സംഭവിക്കുകയും ചെയ്തപ്പോള്‍ സിനിമ ബോക്സോഫീസില്‍ വമ്പിച്ച വിജയമാവുകയും ചെയ്തു. പിന്നീടങ്ങോട്ട് സിബിഐ എന്ന കുറ്റാന്വേഷണ ഏജന്‍സിയുടെ ഏതൊരു ഉദ്യോഗസ്ഥനെയും മമ്മൂട്ടിയുടെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നത് ഒരു വലിയ വിഭാഗം മലയാളിയുടെ ശീലമായി തീര്‍ന്നു. ഏത് പെറ്റി കേസിന്റെയും അന്വേഷണം സിബിഐക്ക് വിടുക എന്ന ആവശ്യത്തിനുപിന്നില്‍ ഇത്തരത്തിലുള്ള മനഃശാസ്ത്രപരമായ ഘടകവും ഉണ്ട് എന്നത് ഒരു വസ്തുതയാണ്.

മമ്മൂട്ടിയുടെ കഥാപാത്രമായ സേതുരാമയ്യരെ വെല്ലുന്ന ഉദ്യോഗസ്ഥര്‍ സിബിഐയില്‍ ഇല്ലെന്നല്ല; എന്നാല്‍ എല്ലാവരും അങ്ങനെ അല്ലെന്ന സത്യമാണ് നാം മലയാളികള്‍ മറന്നുപോയത്. ഇപ്പോഴും മറന്നുപോകുന്നത്. ഒട്ടേറെ സമീപകാല ഉദാഹരണങ്ങള്‍ ഈ വസ്തുതയെ സാധൂകരിക്കുന്നു.

ഇന്ത്യയുടെ രാഷ്ട്ര ശരീരത്തെ കാര്‍ന്നുതിന്നുന്ന അഴിമതിയുടെ ആഴം തുറന്നു കാട്ടുന്നതായിരുന്നു 1990കളില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ട ജയിന്‍ ഹവാല കേസ്. ഉന്നതന്‍മാര്‍ ഉള്‍പ്പെട്ട ഈ കേസ് അഷ്ഫക്ക് ഹുസൈന്‍ ലോണ്‍ എന്നൊരാളുടെ അറസ്റ്റോടു കൂടിയാണ് ആരംഭിക്കുന്നത്. കാശ്മീരിലെ ഭീകരര്‍ക്ക് ധനസഹായമെത്തിക്കുന്നതിലെ ഒരു കണ്ണി എന്ന നിലയിലാണ് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രാഥമികമായ ചോദ്യം ചെയ്യലില്‍ ദില്ലിയിലുള്ള ശംഭു ദയാല്‍ ശര്‍മ്മ എന്നയാള്‍ മുഖേന വിദേശത്തുനിന്ന് ഹവാല പണം ലഭിക്കുന്നതായി മനസ്സിലായി. ഹവാല ഇടപാടും ഭീകര പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം മനസ്സിലായതോടെ കേസ് സിബിഐ ഏറ്റെടുത്തു. ഈ ഹവാല ഇടപാടുകാരന്റെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലാണ് പലര്‍ക്കുമെന്നപോലെ ജെ കെ ജയിനിനും സ്ഥിരമായി ഹവാല പണം ലഭിച്ചുവരുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ മനസ്സിലാക്കിയത്. ഇതേ തുടര്‍ന്ന് 1991 മെയ് 3ന് ജെ കെ ജയിനിന്റെ വീട്ടില്‍ റെയ്ഡ് നടന്നു. 58 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍, 2000 പൌണ്ട് സ്റ്റെര്‍ലിംഗ്, 10.5 ലക്ഷത്തിന്റെ ഇന്ദിരാ വികാസ് പത്ര എന്നിവയോടൊപ്പം ഏതാനും ഡയറികളും സിബിഐ ഉദ്യോഗസ്ഥര്‍ കണ്ടുെത്തു. കൂടുതല്‍ അന്വേഷണത്തില്‍ എസ് കെ ജയിനിനുവേണ്ടിയാണ് ഡയറികള്‍ സൂക്ഷിക്കുന്നതെന്നും ഡയറിയിലെ ചുരുക്കെഴുത്തുകള്‍ സൂചിപ്പിക്കുന്നത് മന്ത്രിമാര്‍ (മുന്‍ മന്ത്രിമാരും) ഉള്‍പ്പെടെയുള്ള വിഐപികളുടെ പേരുകളാണെന്നും മനസ്സിലാക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. ഇതോടെയാണ് ജയിന്‍ ഹവാല കേസ് കോളിളക്കം സൃഷ്ടിച്ച വിവാദമാകുന്നത്. എന്നാല്‍ ഉന്നതര്‍ ഉള്‍പ്പെട്ട കേസ് കൂടുതല്‍ ശ്രദ്ധയോടെ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിനുപകരം ഡയറിയിലെ പേരുവിവരങ്ങള്‍ ഉപയോഗിച്ച് ചിലരെ ബ്ളാക്ക്മെയില്‍ ചെയ്യാനും പണം പോക്കറ്റിലാക്കാനുമാണ് കേസിന്റെ ചുമതല വഹിച്ച സിബിഐ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ശ്രമിച്ചത്. 10 ലക്ഷം രൂപ ഒരാളില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അദ്ദേഹം കയ്യോടെ പിടിക്കപ്പെടുകയും ചെയ്തു.

രണ്ടുവര്‍ഷത്തിനുശേഷമാണ് കേസ് വീണ്ടും സജീവമാകുന്നത്. അതും വിനീത് നാരായണ്‍, രാജീന്ദര്‍ പുരി എന്നിവര്‍ ഫയല്‍ചെയ്ത ഒരു പൊതു താല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി നല്‍കിയ ഉത്തരവിനെ തുടര്‍ന്ന്. സുപ്രീംകോടതിയുടെ കര്‍ക്കശമായ നിര്‍ദ്ദേശം കൂടുതല്‍ അന്വേഷണം നടത്താന്‍ സിബിഐയെ നിര്‍ബന്ധിതമാക്കി. അതോടെയാണ് ഇതൊരു ഹവാല പണമിടപാട് മാത്രമല്ലെന്നും മറിച്ച് നഗ്നമായ, ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് ഇതിനുപിന്നിലെന്നും കണ്ടെത്തിയത്.

ജെയിന്‍ സഹോദരന്മാര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളുമായും, പൊതുമേഖലാ സ്ഥാപനങ്ങളുമായുമുള്ള (പ്രത്യേകിച്ച് സ്റ്റീല്‍, വൈദ്യുതി മേഖലകള്‍) ഇടപാടിലേക്കാണ് സിബിഐ അന്വേഷണം ചെന്നെത്തിയത്. ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളുടെയും സാമ്പത്തിക ഇടപാടുകളുടെയും ഭാഗമായുള്ള കമ്മീഷന്റെയും കോഴപ്പണത്തിന്റെയും ഒരു പാരാവാരംതന്നെ അന്വേഷണോദ്യോഗസ്ഥരുടെ മുന്നില്‍ തുറന്നുവന്നു. 1994 സെപ്തംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ഡയറിയിലെ പേരുകാരെ സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഡയറിയില്‍ 5 ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നതെങ്കിലും 3 ലക്ഷം ലഭിച്ചതായി ശരത് യാദവ് കുറ്റസമ്മതം നടത്തി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ചിമന്‍ ഭായി പട്ടേലിനോടൊപ്പം വന്ന ഒരു ആര്‍ എല്‍ ജയിനാണ് പണം നല്‍കിയതെന്ന വിശദീകരണവും അദ്ദേഹം നല്‍കി. മറ്റൊരു പേരുകാരനായ അരവിന്ദ് നീതം, താന്‍ 50000 രൂപ കൈപ്പറ്റിയതായി തുറന്നുപറഞ്ഞു. ഇതോടെ ഡയറിയിലെ പേരുകള്‍ യഥാര്‍ത്ഥമാണെന്ന് സിബിഐക്ക് ബോധ്യമായി.

സുപ്രീംകോടതി അനുവദിച്ച സമയപരിധി കഴിയാറായ ഘട്ടത്തില്‍ ഡയറിയില്‍ പേരുള്‍പ്പെട്ടിട്ടുള്ള മുഴുവനാളുകള്‍ക്കുമെതിരെ ഒരു പ്രാഥമികാന്വേഷണം രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണത്തിന്റെ ചുമതലയുള്ള ആന്റി കറപ്ഷന്‍ ഹെഡ്ക്വാര്‍ട്ടര്‍ (വിഐപി കേസ് കൈകാര്യം ചെയ്യുന്ന സിബിഐ വിഭാഗമാണ് ഇത്) ജോയിന്റ് ഡയറക്ടര്‍ ബി ആര്‍ ലാല്‍ ഐപിഎസ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചതോടെയാണ് സിബിഐയുടെയും അതിനെ നിയന്ത്രിക്കുന്നവരുടെയും ഉള്ളിലിരുപ്പ് ആദ്യമായി മറനീക്കി പുറത്തുവന്നത്. ഏതാനും ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി എഫ്ഐആര്‍ തയ്യാറാക്കാനാണ് സിബിഐ ഡയറക്ടര്‍ വിജയ രാമറാവു നിര്‍ദ്ദേശിച്ചത്. രാഷ്ട്രീയ നേതാക്കളെ തൊട്ടുകൂടെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. എന്നാല്‍ ബി ആര്‍ ലാലിനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നവരായിരുന്നില്ല. ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ പ്രാഥമികാന്വേഷണം രജിസ്റ്റര്‍ ചെയ്യാന്‍ ഡയറക്ടര്‍ അനുവാദം നല്‍കി. 1995 ജനുവരി 13ന് അഴിമതി എന്ന കുറ്റം ചുമത്തി പ്രാഥമികാന്വേഷണം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കേസിന്റെ അടുത്ത റിവ്യൂ മെയ് 6 ആയി സുപ്രീംകോടതി നിശ്ചയിക്കുകയും ചെയ്തു.

നിരവധി വൈദ്യുത പദ്ധതികളും ഉരുക്കു നിര്‍മ്മാണശാലകളുമായി ബന്ധപ്പെട്ട അതിവിപുലമായ അഴിമതിയുടെ ചുരുളഴിയണമെങ്കില്‍ ആയിരക്കണക്കിന് ഫയലുകളും റിക്കാര്‍ഡുകളും പരിശോധിക്കേണ്ടതുണ്ട്. സുപ്രീംകോടതി അനുവദിച്ച സമയമാണെങ്കില്‍ വളരെ പരിമിതം. പരിശോധനയ്ക്ക് നിരവധി ഉദ്യോഗസ്ഥരുടെ സേവനം കൂടിയേ തീരൂ. എന്നാല്‍ അധിക ജീവനക്കാരെ അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ചുകൊണ്ട് തന്റെ യജമാനന്‍മാരായ രാഷ്ട്രീയ നേതാക്കളുടെ ഇംഗിതം നടപ്പാക്കാനാണ് സിബിഐ ഡയറക്ടര്‍ തുനിഞ്ഞത്. ഏതാനും ഉദ്യോഗസ്ഥരെ മാത്രം കേസില്‍ ഉള്‍പ്പെടുത്തി എഫ്ഐആര്‍ തയ്യാറാക്കണമെന്ന മുന്‍നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

എസ് കെ ജയിനിനെയും ജെ കെ ജയിനിനെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് അഴിമതിയുടെ ഉള്ളറക്കഥകള്‍ സിബിഐ ഉദ്യോഗസ്ഥരുടെ മുന്നില്‍ ചുരുള്‍ നിവര്‍ന്നത്. ചില ഉദ്യോഗസ്ഥരുടെയും, ജര്‍ണി, ക്വട്ടറോച്ചി തുടങ്ങിയ വിദേശികളുടെയും സഹായത്തോടെയുള്ള തീവെട്ടി കൊള്ളയുടെ കഥകള്‍. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും തലങ്ങളില്‍ ഇടപെട്ട് കാര്യങ്ങള്‍ ശരിയാക്കിയെടുക്കുക എന്നതായിരുന്നു എസ് കെ ജയിനിന്റെ ചുമതല. പ്രധാനമന്ത്രിയുടെ ഓഫീസുമായും പ്രധാനമന്ത്രിയുമായും ക്വട്ട്റോച്ചിയാണ് ബന്ധപ്പെട്ടത്. പത്തുശതമാനമാണ് ഈ ഇടനിലക്കാര്‍ക്കുള്ള കമ്മീഷന്‍. അതില്‍ മൂന്ന് ശതമാനം ജയിനും ഏഴ് ശതമാനം ക്വട്ട്റോച്ചിയും വീതിച്ചെടുക്കും. ജയിനിന് ലഭിക്കുന്ന മൂന്ന് ശതമാനത്തില്‍നിന്നാണ് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള കോഴപ്പണം. ഓരോ പദ്ധതിയിലും ജയിനിനു ലഭിച്ച കമ്മീഷന്‍ താഴെ പറയുന്ന പ്രകാരം.

ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഒരു കാര്യം ജയിന്‍ തുറന്നു പറഞ്ഞു. - പ്രധാനമന്ത്രി പി വി നരസിംഹറാവുവിന് (ഡയറിയില്‍ പിവിഎന്‍ആര്‍) 3.55 കോടി രൂപ നല്‍കിയതായി. ക്യാപ്റ്റന്‍ സതീശ്ശര്‍മ്മയും ചന്ദ്രസ്വാമിയുമായിരുന്നു ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്. ചന്ദ്രസ്വാമിയോടൊപ്പം ആറ് തവണയും തനിച്ച് മൂന്ന് തവണയും പ്രധാനമന്ത്രിയുടെ വീട്ടില്‍ പോയതായി ജയിന്‍ വെളിപ്പെടുത്തി. ഈ പണത്തിന്റെ ഒരു വിഹിതം നരസിംഹറാവുവിന്റെ വീട്ടിലെ മുറിയില്‍, കപ്ബോഡില്‍ എങ്ങനെയാണ് നേരിട്ട് നിക്ഷേപിച്ചത് എന്നതിന്റെ വിവരണവും ജയിന്‍ നല്‍കുകയുണ്ടായി. ദുര്‍ഗാപുര്‍ സ്റ്റീല്‍ പ്ളാന്റ് മോഡേണൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ലഭിച്ച 15 കോടി രൂപയില്‍ 10.5 കോടി രൂപ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്ക് നല്‍കിയതായും ജയിന്‍ വെളിപ്പെടുത്തി. ക്യാപ്റ്റന്‍ സതീശ് ശര്‍മ തന്നെയായിരുന്നു ഇവിടെയും ഇടനിലക്കാരന്‍. കൂടുതല്‍ അന്വേഷണത്തില്‍ കോഴ പറ്റിയ പല ഉന്നതരുടെയും പേരുകളും വെളിവാക്കപ്പെട്ടു. എന്‍ടിപിസി ചെയര്‍മാനായിരുന്ന പി എസ് ബാലി, ദുര്‍ഗാപുര്‍ സ്റ്റീല്‍ പ്ളാന്റിന്റെ ജനറല്‍ മാനേജരായിരുന്ന പ്രകാശ് ഭാട്ട്യ, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാനായിരുന്ന വി കൃഷ്ണമൂര്‍ത്തി എന്നിവരായിരുന്നു അവരില്‍ പ്രമുഖര്‍.

ജയിനിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളും അദ്ദേഹത്തിന്റെ സ്റ്റേറ്റ്മെന്റും സിബിഐ ഡയറക്ടര്‍ വിജയ് രാമറാവുവിന്റെ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് നഗ്നമായ രാഷ്ട്രീയ ഇടപെടലിന്റെ മറ്റൊരു മുഖം തെളിഞ്ഞുവന്നത്. പ്രധാനമന്ത്രിയുടെ പേര് വന്നപ്പോള്‍ തന്നെ അക്കാര്യം ഡയറക്ടറെ അറിയിക്കാത്തതില്‍ അദ്ദേഹം കുണ്ഡിതപ്പെട്ടു. ഭരിക്കുന്ന പ്രധാനമന്ത്രിയുടെ പേര് സ്റ്റേറ്റ്മെന്റില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ്മെന്റില്‍നിന്ന് പ്രധാനമന്ത്രിയുടെ പേര് നീക്കം ചെയ്യണമെന്ന് ശഠിച്ചു. ജയിനിനെ വീണ്ടും ചോദ്യംചെയ്ത് പുതിയൊരു സ്റ്റേറ്റ്മെന്റ് തയ്യാറാക്കാന്‍ സിബിഐ സ്പെഷല്‍ ഡയറക്ടര്‍ എന്‍ എന്‍ സിംഗ് നിയോഗിക്കപ്പെട്ടു. എന്നാല്‍ ജയിന്‍ അദ്ദേഹത്തിന്റെ സ്റ്റേറ്റ്മെന്റില്‍ ഉറച്ചുനിന്നതോടെ ഈ പദ്ധതി പൊളിയുകയായിരുന്നു. എന്നിട്ടും സ്റ്റേറ്റ്മെന്റ് തിരുത്തണമെന്ന് ഡയറക്ടര്‍ രാമറാവു ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. കേസിന്റെ ചുമതലയുള്ള ജോയിന്റ് ഡയറക്ടര്‍ ബി ആര്‍ ലാല്‍ ഡയറക്ടറുടെ നീക്കത്തെ ശക്തിയായി ചെറുത്തതോടെ ഡയറക്ടറുടെ നീക്കത്തിന് താല്‍ക്കാലികമായി തിരിച്ചടി ലഭിച്ചു. ചന്ദ്രസ്വാമിയോടൊപ്പം ആറ് തവണയും തനിച്ച് മൂന്ന് തവണയും പ്രധാനമന്ത്രി നരസിംഹറാവുവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയെന്ന ജയിനിന്റെ സ്റ്റേറ്റ്മെന്റ് അവിശ്വസിക്കേണ്ട ഒരു സാഹചര്യവും ഇല്ലാത്തതിനാലാണ് താന്‍ സ്റ്റേറ്റ്മെന്റ് തിരുത്താത്തതെന്ന് ലാല്‍ തീര്‍ത്തുപറഞ്ഞു. ഒടുവില്‍ ഡയറക്ടര്‍ അനുരഞ്ജനത്തിന്റെ മാര്‍ഗം നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ മുറിയെപ്പറ്റിയും അതിലുണ്ടായിരുന്ന കപ്ബോര്‍ഡിനെപ്പറ്റിയും, കപ്ബോര്‍ഡില്‍ പണം നിക്ഷേപിച്ച രീതിയെപ്പറ്റിയും വിശദമായി വിവരിക്കുന്ന ഭാഗം സ്റ്റേറ്റ്മെന്റില്‍നിന്ന് ഒഴിവാക്കിയാല്‍ റിപ്പോര്‍ട്ട് അംഗീകരിക്കാം. ഇതായിരുന്നു അനുരഞ്ജനത്തിന്റെ രീതി. മനസ്സില്ലാമനസ്സോടെ ഈ നിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ട് ലാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സുപ്രീംകോടതിക്ക് സമര്‍പ്പിക്കുകയും ചെയ്തു.

പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷവും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് സിബിഐ ഡയറക്ടര്‍ ശഠിച്ചുകൊണ്ടിരുന്നു. ഡയറക്ടറുടെ നീക്കത്തെ ചെറുക്കാന്‍ തന്നെ ബി ആര്‍ ലാല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്തു. പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി അവരുടെ സ്വത്തുവിവരങ്ങള്‍ ശേഖരിക്കാനുള്ള പദ്ധതി തയ്യാറാക്കപ്പെട്ടു. അഴിമതിക്കേസില്‍ പ്രതികളുടെ സ്ഥാവര - ജംഗമ സ്വത്തുക്കളുടെ വിവരങ്ങള്‍ പ്രധാനമാണ്. എന്നാല്‍ പ്രതികളുടെ സ്ഥാപനങ്ങളിലും വീടുകളിലും സര്‍ച്ച് നടത്താന്‍ അനുവാദം ചോദിച്ചുകൊണ്ടുള്ള ഫയല്‍ ഡയറക്ടര്‍ തിരിച്ചയച്ചു. - അനുവാദം നിരസിച്ചുകൊണ്ട്. ഇതുതന്നെ പലതവണ ആവര്‍ത്തിക്കപ്പെട്ടു. ഡയറിയില്‍ പേര് പറഞ്ഞവരെ മാത്രമേ അന്വേഷണത്തിന് വിധേയരാക്കേണ്ടതുള്ളു എന്ന നിലപാടില്‍ മാറ്റം വരുത്താന്‍ ഡയറക്ടര്‍ തയ്യാറായില്ല.

പിന്നീടങ്ങോട്ട് കേസ് അട്ടിമറിക്കാനുള്ള നഗ്നമായ ഇടപെടലാണ് നാം കാണുന്നത്. കീഴ്വഴക്കങ്ങള്‍ കാറ്റില്‍ പറത്തി, കേസ് അന്വേഷിച്ചുകൊണ്ടിരുന്ന പ്രമോദ് എന്ന സത്യസന്ധനായ ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ ഡപ്യൂട്ടേഷന്‍ കാലാവധി കഴിയുന്ന ദിവസം തന്നെ പറഞ്ഞുവിട്ടു. 1995 ജൂണ്‍ 26ന് ബി ആര്‍ ലാല്‍ എന്ന ഉദ്യോഗസ്ഥനെയും ഹവാലാ കേസിന്റെ അന്വേഷണ ചുമതലയില്‍നിന്ന് ഒഴിവാക്കി, തീരുമാനമെടുത്തു. തുടര്‍ന്ന് ആ സ്ഥാനത്തുനിന്നു തന്നെ മാറ്റിക്കൊണ്ട് ഉത്തരവിറക്കി. പകരം വന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ചാര്‍ജ് ഷീറ്റ് തയ്യാറാക്കി. ഫലം, സിബിഐ ഡയറക്ടര്‍ (അദ്ദേഹത്തിന്റെ യജമാനന്‍മാരും) ആഗ്രഹിച്ചതുപോലെ തന്നെ. ഡയറിയില്‍ എഴുതിച്ചേര്‍ത്ത ഏതാനും പേരുകളെ മാത്രം അടിസ്ഥാനമാക്കി കേസ് നിലനില്‍ക്കില്ലെന്ന് അറിഞ്ഞുകൊണ്ടുള്ള കളയാണ് സിബിഐ ഡയറക്ടറും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന് കളിച്ചത്. രാഷ്ട്രത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ച, പ്രധാനമന്ത്രി നരസിംഹറാവുവടക്കം ഉള്‍പ്പെട്ട അഴിമതിക്കേസ് സ്വാഭാവിക മരണം വരിച്ചു. സ്വന്തം യജമാനന്‍മാരെ വേണ്ട വിധത്തില്‍ സേവിച്ചു എന്ന സംതൃപ്തിയോടെ മറ്റ് കേസുകള്‍ ഏറ്റെടുത്ത് അതേ പാതയിലൂടെ സിബിഐ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. സേതുരാമയ്യര്‍മാര്‍ സിബിഐയില്‍ അവശേഷിക്കുന്നുണ്ടോ, ആവോ.

വി എം പവിത്രന്‍ chintha weekly 09042010

1 comment:

  1. ഇന്ത്യയുടെ രാഷ്ട്ര ശരീരത്തെ കാര്‍ന്നുതിന്നുന്ന അഴിമതിയുടെ ആഴം തുറന്നു കാട്ടുന്നതായിരുന്നു 1990കളില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ട ജയിന്‍ ഹവാല കേസ്. ഉന്നതന്‍മാര്‍ ഉള്‍പ്പെട്ട ഈ കേസ് അഷ്ഫക്ക് ഹുസൈന്‍ ലോണ്‍ എന്നൊരാളുടെ അറസ്റ്റോടു കൂടിയാണ് ആരംഭിക്കുന്നത്. കാശ്മീരിലെ ഭീകരര്‍ക്ക് ധനസഹായമെത്തിക്കുന്നതിലെ ഒരു കണ്ണി എന്ന നിലയിലാണ് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രാഥമികമായ ചോദ്യം ചെയ്യലില്‍ ദില്ലിയിലുള്ള ശംഭു ദയാല്‍ ശര്‍മ്മ എന്നയാള്‍ മുഖേന വിദേശത്തുനിന്ന് ഹവാല പണം ലഭിക്കുന്നതായി മനസ്സിലായി. ഹവാല ഇടപാടും ഭീകര പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം മനസ്സിലായതോടെ കേസ് സിബിഐ ഏറ്റെടുത്തു. ഈ ഹവാല ഇടപാടുകാരന്റെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലാണ് പലര്‍ക്കുമെന്നപോലെ ജെ കെ ജയിനിനും സ്ഥിരമായി ഹവാല പണം ലഭിച്ചുവരുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ മനസ്സിലാക്കിയത്. ഇതേ തുടര്‍ന്ന് 1991 മെയ് 3ന് ജെ കെ ജയിനിന്റെ വീട്ടില്‍ റെയ്ഡ് നടന്നു. 58 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍, 2000 പൌണ്ട് സ്റ്റെര്‍ലിംഗ്, 10.5 ലക്ഷത്തിന്റെ ഇന്ദിരാ വികാസ് പത്ര എന്നിവയോടൊപ്പം ഏതാനും ഡയറികളും സിബിഐ ഉദ്യോഗസ്ഥര്‍ കണ്ടുെത്തു. കൂടുതല്‍ അന്വേഷണത്തില്‍ എസ് കെ ജയിനിനുവേണ്ടിയാണ് ഡയറികള്‍ സൂക്ഷിക്കുന്നതെന്നും ഡയറിയിലെ ചുരുക്കെഴുത്തുകള്‍ സൂചിപ്പിക്കുന്നത് മന്ത്രിമാര്‍ (മുന്‍ മന്ത്രിമാരും) ഉള്‍പ്പെടെയുള്ള വിഐപികളുടെ പേരുകളാണെന്നും മനസ്സിലാക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. ഇതോടെയാണ് ജയിന്‍ ഹവാല കേസ് കോളിളക്കം സൃഷ്ടിച്ച വിവാദമാകുന്നത്.

    ReplyDelete