Tuesday, April 27, 2010

കര്‍ഷകദ്രോഹമാകുന്ന വിത്തുബില്‍

രാജ്യത്ത് 75 ശതമാനത്തോളം ജനങ്ങള്‍ കൃഷിയുമായി ബന്ധപ്പെട്ട് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വികസനമെന്നാല്‍ അതില്‍ കാര്‍ഷികരംഗത്തെ വികസനത്തിന് വന്‍ പ്രാധാന്യമുണ്ട്. എന്നാല്‍, കയറ്റുമതി അധിഷ്ഠിതവികസനതന്ത്രവുമായി മുന്നോട്ടുപോകുന്ന നവലിബറല്‍ വികസന നയങ്ങളാണ് കേന്ദ്രത്തില്‍ മാറിമാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ സ്വീകരിച്ച് വന്നിരുന്നത്. കാര്‍ഷികരംഗം വന്‍ പ്രതിസന്ധിയെ നേരിടുന്നു. ഈ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുന്ന നയങ്ങളാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ മുഖമുദ്ര. കര്‍ഷക ജനസാമാന്യത്തിന്റെ ദുരിതങ്ങളും ആത്മഹത്യകളുമല്ല അഗ്രി ബിസിനസിന്റെയും അത് നിയന്ത്രിക്കുന്ന വന്‍കിട കോര്‍പറേറ്റുകളുടെയും താല്‍പ്പര്യങ്ങളാണ് യുപിഎ സര്‍ക്കാരിനെ നയിക്കുന്നത്. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ വിത്തുബില്‍ പാസാക്കാനുള്ള നീക്കം.

വിത്തുബില്‍ 2004 ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബഹുരാഷ്ട്ര വിത്തുകുത്തകകള്‍ക്കുവേണ്ടി തട്ടിപ്പടച്ച നിരവധി വ്യവസ്ഥകളോടെയുള്ള ബില്‍ അന്നുതന്നെ കടുത്ത എതിര്‍പ്പിനു വിധേയമായി. അന്ന് പാര്‍ലമെന്റിന്റെ ഇരുസഭയിലും ചര്‍ച്ചചെയ്ത് കൃഷിയുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. തീര്‍ത്തും പ്രതിലോമപരവും കര്‍ഷക താല്‍പ്പര്യങ്ങള്‍ ഹനിക്കുന്നതുമായ ബില്‍ ഇടതുപക്ഷവും സിപിഐ എമ്മും ശക്തിയായി എതിര്‍ത്തിരുന്നില്ലെങ്കില്‍ പാര്‍ലമെന്റില്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ പാസാക്കുമായിരുന്നു.

കുത്തകകളില്‍നിന്ന് വിത്തുവാങ്ങാന്‍ നിര്‍ബന്ധിതമാവുകയും പിന്നീട് അതേ വിത്തില്ലെങ്കില്‍ കൃഷിതന്നെ അവസാനിപ്പിക്കേണ്ടിവരികയും ചെയ്യുന്ന അവസ്ഥയിലേക്ക് കര്‍ഷകനെ തള്ളിവിടുന്ന നിയമനിര്‍മാണത്തിനെതിരെ വ്യാപകമായ വിമര്‍ശമാണ് ഉയര്‍ന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധിച്ച് കാതലായ ഭേദഗതി നിര്‍ദേശങ്ങളോടെയാണ് ബില്‍ തിരിച്ചയച്ചത്. എന്നാല്‍, കര്‍ഷകരുടെ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കാനും വിത്തുകുത്തകകളെ നിയന്ത്രിക്കാനും പര്യാപ്തമായ വ്യവസ്ഥകള്‍ ഇല്ലാതെ ബില്‍ പാസാക്കാനുള്ള നീക്കത്തിലാണിപ്പോള്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍. പഴയ വീഞ്ഞുതന്നെ പുതിയ കുപ്പിയിലാക്കുന്നു. വിത്തില്‍ കര്‍ഷകര്‍ക്കുള്ള അവകാശം നഷ്ടപ്പെടുകയും അത് ബഹുരാഷ്ട്ര കുത്തകകളുടെ കൈവശം ചെന്നുചേരുകയും ചെയ്യുന്ന ബില്‍ രാജ്യത്തിന്റെയും കര്‍ഷകരുടെയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ഭേദഗതികള്‍ ഉള്‍പ്പെടുത്തി ബില്‍ പാസാക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. കേന്ദ്ര കൃഷിമന്ത്രി കര്‍ഷക താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായ ചില ഭേദഗതികളാണ് ബില്ലിന് നിര്‍ദേശിച്ചിട്ടുള്ളത്. കൃഷിചെയ്ത് വിത്തുണ്ടാക്കുക, അത് സൂക്ഷിച്ചുവയ്ക്കുകയും വീണ്ടും ഉപയോഗിക്കുകയും ചെയ്യുക, കൈമാറുക, വില്‍ക്കുക എന്നിങ്ങനെ വിത്തിന്മേല്‍ കര്‍ഷകര്‍ക്കുള്ള അവകാശങ്ങളൊന്നും സംരക്ഷിക്കുന്നതല്ല കൃഷിമന്ത്രിയുടെ നാമമാത്രമായ ഭേദഗതികള്‍. ബില്‍ ഇന്നത്തെ നിലയില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ഭേദഗതികള്‍ ഇല്ലാതെ പാസാക്കിയാല്‍ കര്‍ഷകര്‍ സാധാരണ ഉപയോഗിച്ചുവരുന്നതും സുലഭവുമായ വിത്തുകള്‍ ചിന്തിക്കാവുന്നതിനപ്പുറമുള്ള വാണിജ്യവല്‍ക്കരണത്തിന് വിധേയമാകും.

പാര്‍ലമെന്റ് കമ്മിറ്റി മുന്നോട്ടുവച്ച സുപ്രധാനമായ ഭേദഗതികളാകെ തള്ളുന്ന സമീപനമാണ് യുപിഎ സര്‍ക്കാരിന്റേത്. ബഹുരാഷ്ട്ര കാര്‍ഷിക ബിസിനസുകാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന അജന്‍ഡയാണ് ഇതിനുപിന്നില്‍. ഇത് കോടിക്കണക്കിനു കര്‍ഷകരുടെ ജീവിതം തകര്‍ക്കുന്നതും ബഹുരാഷ്ട്ര കാര്‍ഷിക ബിസിനസുകാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമാണ്. കര്‍ഷകര്‍ക്ക് താങ്ങാനാകാത്ത വിലയാണ് വിത്തുമേഖലയിലെ വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത വാഗ്ദാനംചെയ്യുന്ന ഈ വിത്തുകള്‍ കര്‍ഷകരെ കബളിപ്പിക്കുകയാണ്. വിത്തുകളുടെ വില നിശ്ചയിക്കാനോ നിയന്ത്രിക്കാനോ വ്യാജ വിത്തുകള്‍ തടയാനോ ഉള്ള വ്യവസ്ഥ ബില്ലിലില്ല. പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനുള്ള സംവിധാനമോ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ പ്രശ്നപരിഹാരത്തിന് സമീപിക്കാവുന്ന സ്ഥാപനങ്ങളോ ബില്ലില്‍ നിര്‍ദേശിക്കുന്നില്ല. കുത്തക കമ്പനികള്‍ക്ക് ഇഷ്ടമുള്ളപോലെ വില നിശ്ചയിക്കാം. നിര്‍ബന്ധിത ലൈസന്‍സിങ് അവകാശവും നിര്‍ദേശിക്കുന്നില്ല.

കേന്ദ്ര വിത്തുസമിതിയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കാന്‍ കഴിയുമായിരുന്ന 1966ലെ വിത്തുനിയമത്തിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്ത് ഫെഡറല്‍ തത്വങ്ങളെ തകര്‍ത്തു. ജനിതക വിത്തുകള്‍ക്കും താല്‍ക്കാലിക രജിസ്ട്രേഷന്‍ നല്‍കുന്നത് ജൈവസുരക്ഷയെ തകര്‍ക്കും. ജൈവവൈവിധ്യ നിയമത്തെയും ഇത് അട്ടിമറിക്കും. വിത്തുകള്‍ സാക്ഷ്യപ്പെടുത്താന്‍ വിദേശ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്നത് അപകടകരമാണ്. കാലാവസ്ഥ, മണ്ണ്, വിള പരിപാലന സംവിധാനം എന്നിവയില്‍നിന്നെല്ലാം വ്യത്യസ്തമായ സംവിധാനത്തില്‍ വിത്തുകള്‍ പരിശോധിച്ച് അത് ഇവിടേക്ക് കൊണ്ടുവരുന്നതും ആശാസ്യമല്ല. ചുരുക്കത്തില്‍ എല്ലാ അര്‍ഥത്തിലും എതിര്‍ത്തുതോല്‍പ്പിക്കേണ്ടതാണ് ഈ ബില്‍. അക്കാര്യം ശക്തമായ ഭാഷയില്‍ കഴിഞ്ഞ ദിവസം കിസാന്‍ സഭാ നേതൃത്വം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കര്‍ഷകവിരുദ്ധ വ്യവസ്ഥകളോടെ ബില്‍ പാസാക്കപ്പെടാതിരിക്കാനുള്ള അതീവ ജാഗ്രത കര്‍ഷകരും ജനങ്ങളുമാകെ പാലിക്കേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം

2 comments:

  1. രാജ്യത്ത് 75 ശതമാനത്തോളം ജനങ്ങള്‍ കൃഷിയുമായി ബന്ധപ്പെട്ട് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വികസനമെന്നാല്‍ അതില്‍ കാര്‍ഷികരംഗത്തെ വികസനത്തിന് വന്‍ പ്രാധാന്യമുണ്ട്. എന്നാല്‍, കയറ്റുമതി അധിഷ്ഠിതവികസനതന്ത്രവുമായി മുന്നോട്ടുപോകുന്ന നവലിബറല്‍ വികസന നയങ്ങളാണ് കേന്ദ്രത്തില്‍ മാറിമാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ സ്വീകരിച്ച് വന്നിരുന്നത്. കാര്‍ഷികരംഗം വന്‍ പ്രതിസന്ധിയെ നേരിടുന്നു. ഈ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുന്ന നയങ്ങളാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ മുഖമുദ്ര. കര്‍ഷക ജനസാമാന്യത്തിന്റെ ദുരിതങ്ങളും ആത്മഹത്യകളുമല്ല അഗ്രി ബിസിനസിന്റെയും അത് നിയന്ത്രിക്കുന്ന വന്‍കിട കോര്‍പറേറ്റുകളുടെയും താല്‍പ്പര്യങ്ങളാണ് യുപിഎ സര്‍ക്കാരിനെ നയിക്കുന്നത്. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ വിത്തുബില്‍ പാസാക്കാനുള്ള നീക്കം.

    ReplyDelete
  2. ശക്തമായി എതിർക്കപ്പെടേണ്ടതാണീ വിത്ത് ബിൽ

    ReplyDelete