Sunday, April 4, 2010

ആദിവാസി സമ്മേളനത്തിന് ഉജ്വല തുടക്കം

പി കെ കാളന്‍ നഗര്‍: (കണ്ണൂര്‍) ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ച ആദിവാസി ക്ഷേമസമിതിയുടെ രണ്ടാംസംസ്ഥാന സമ്മേളനത്തിന് ആവേശകരമായ തുടക്കം. വിപ്ളവ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂരില്‍ സംസ്ഥാനപ്രസിഡന്റ് പി രാജന്‍ പതാക ഉയര്‍ത്തിയതോടെ ദ്വിദിനസമ്മേളനത്തിന് തുടക്കമായി. സമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. പി രാജന്‍ അധ്യക്ഷനായി. കെ സി കുഞ്ഞിരാമന്‍ എംഎല്‍എ രക്തസാക്ഷി പ്രമേയവും രത്നാകരന്‍ കാണി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം പ്രകാശന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. സംസ്ഥാനസെക്രട്ടറി കെ സി കുഞ്ഞിരാമന്‍ എംഎല്‍എ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് പൊതുചര്‍ച്ച ആരംഭിച്ചു. പി രാജന്‍, വിദ്യാധരന്‍ കാണി, കെ വി സുജ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടി നിയന്ത്രിക്കുന്നത്. ആദിവാസി ക്ഷേമസമിതിയുടെ സംഘശക്തിയും കരുത്തും വിളിച്ചോതി വൈകിട്ട് കാല്‍ലക്ഷത്തോളം പേര്‍ അണിനിരന്ന പ്രകടനം നടന്നു. അരാഷ്ട്രീയ- തീവ്രവാദസംഘങ്ങളുടെയും വലതുപക്ഷ കടലാസുസംഘടനകളുടെയും പാവകളല്ല തങ്ങളെന്ന് പ്രകടനത്തില്‍ അണിചേര്‍ന്നവര്‍ പ്രഖ്യാപിച്ചു. വയനാട്ടില്‍ ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം തുടരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആവേശപൂര്‍വം പ്രകടനത്തില്‍ കണ്ണികളായി.

ജ്യോതിബസു നഗറില്‍ പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനപ്രസിഡന്റ് പി രാജന്‍ അധ്യക്ഷനായി. കെഎസ്കെടിയു ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി എ കെ ബാലന്‍, സിപിഐ എം ജില്ലാസെക്രട്ടറി പി ശശി, എ കെ എസ് സംസ്ഥാന സെക്രട്ടറി കെ സി കുഞ്ഞിരാമന്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ വി നാരായണന്‍ സ്വാഗതം പറഞ്ഞു. സമ്മേളനം ഞായറാഴ്ച വൈകിട്ട് സമാപിക്കും. വയനാട് വെള്ളമുണ്ട പുളിഞ്ഞാലിലെ ശാന്തയുടെ സ്മൃതിമണ്ഡപത്തില്‍നിന്നാരംഭിച്ച കൊടിമരജാഥയും പാടിയോട്ടുചാലിലെ മുനയന്‍കുന്ന് രക്തസാക്ഷിനഗറില്‍നിന്ന് തുടങ്ങിയ പതാകജാഥയും വെള്ളിയാഴ്ച വൈകിട്ട് കണ്ണൂരില്‍ സംഗമിച്ച് വിളംബരജാഥയായി സ്റ്റേഡിയം കോര്‍ണറിലേക്ക് നീങ്ങി. പൊതുസമ്മേളന നഗരിയായ ജ്യോതിബസു നഗറില്‍ വെള്ളിയാഴ്ച വൈകിട്ട് സംഘാടകസമിതി ചെയര്‍മാന്‍ എം പ്രകാശന്‍ എംഎല്‍എ പതാക ഉയര്‍ത്തി.

സംഘബോധത്തിന്റെ ഉണര്‍ത്തുപാട്ടായി ആദിവാസികളുടെ ഉജ്വല പ്രകടനം

കണ്ണൂര്‍: നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കണ്ണൂരിന്റെ വിപ്ളവ മണ്ണില്‍ ആദിവാസി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന മഹാപ്രകടനം ആദിവാസി സമൂഹത്തിന്റെ ഉണര്‍ത്തെഴുന്നേല്‍പ് ഉദ്ഘോഷിക്കുന്നതായി. മാറുന്ന ജനതയുടെ ആവേശവും പോരാട്ടവീറും ജ്വലിപ്പിച്ച് കാടിളക്കിവന്ന ആദിവാസികള്‍, തങ്ങള്‍ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കേണ്ടവരല്ലെന്ന് പ്രഖ്യാപിച്ചു. സ്ത്രീപുരുഷേഭേദമെന്യേ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം ആദിവാസി പോരാട്ടപാതയില്‍ സുവര്‍ണലിപിയില്‍ കുറിക്കേണ്ട ചരിത്രമായി. യുഡിഎഫ് സര്‍ക്കാര്‍ വെടിയുണ്ടയാണ് നല്‍കിയതെങ്കില്‍ ഇടതുസര്‍ക്കാര്‍ തങ്ങള്‍ക്ക് ജീവിതമാണ് നല്‍കിയതെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ ഏറ്റുപറഞ്ഞു. അധഃസ്ഥതിവര്‍ഗത്തിന്റെ പോരാട്ട ജ്വാലകള്‍ നെഞ്ചിലേറ്റി അടിമത്തനുകം പൊട്ടിച്ചെറിഞ്ഞ് സംഘടിക്കാനുള്ള ആഹ്വാനവുമായി മുന്നേറിയ പ്രകടനത്തില്‍ കുഞ്ഞുങ്ങള്‍മുതല്‍ പ്രായമായവര്‍വരെ അണിനിരന്നു. സെന്റ് മൈക്കിള്‍സ് സ്കൂള്‍ മൈതാനിക്ക് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം മൂന്നു വരിയായി കണ്ണൂര്‍ നഗരത്തെ വലംവച്ചു സ്റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു. കാടിന്റെ നേരവകാശികള്‍ക്ക് കണ്ണൂരിന്റെ ചുവന്നമണ്ണില്‍ വിവിധ വര്‍ഗബഹുജനസംഘടനകളുടെ ബാനറില്‍ നൂറുകണക്കിനാളുകള്‍ അഭിവാദ്യമര്‍പ്പിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എം പ്രകാശന്‍ എംഎല്‍എ, എന്‍ ചന്ദ്രന്‍, ആദിവാസിക്ഷേമസമിതി നേതാക്കളായ സംസ്ഥാന പ്രസിഡന്റ് പി രാജന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സി കുഞ്ഞിരാമന്‍ എംഎല്‍എ, വിദ്യാധരന്‍ കാണി, രത്നാകരന്‍ കാണി, പി കെ സുരേഷ് ബാബു, കെ ചെമ്മരന്‍, പി തങ്കപ്പന്‍ കാണി, സീത ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍: മന്ത്രി കോടിയേരി

കണ്ണൂര്‍: കോണ്‍ഗ്രസ് സര്‍ക്കാര്‍ ആദിവാസികളെ വെടിവച്ചു കൊന്നപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അവര്‍ക്ക് ഭൂമിയും ജോലിയും നല്‍കുകയാണ് ചെയ്തതതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കണ്ണൂര്‍ സ്റ്റേഡിയം കാര്‍ണറില്‍ ആദിവാസി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസികളുടെ പ്രശ്നം സാമൂഹിക പ്രശ്നമായി കണ്ടു പരിഹരിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. എന്നാല്‍ യുഡിഎഫ് ഭരിച്ചപ്പോള്‍ വോട്ട് ബാങ്ക് മാത്രമായി നിര്‍ത്താനായിരുന്നു താല്‍പര്യം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം 15,000 ആദിവാസികള്‍ക്ക് ഭൂമി നല്‍കി. പട്ടിക ജാതി പട്ടിക വര്‍ഗ മന്ത്രി എ കെ ബാലന്‍ ആദിവാസി ഊരില്‍പോയി താമസിച്ചാണ് അവരുടെ പ്രശ്നം പഠിച്ചുപരിഹരിക്കുന്നത്. പട്ടിക വര്‍ഗ കുട്ടികളുടെ വിദ്യാഭ്യാസ ഗ്രാന്റും ലപ്സം ഗ്രാന്റും 50 ശതമാനം വര്‍ധിപ്പിച്ചു. ആദിവാസികള്‍ക്ക് വീട് വെക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ 15,000 രൂപയാണ് നല്‍കിയതെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നത് ഒന്നേകാല്‍ ലക്ഷമാണ്. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് മുന്നേറ്റം നടത്തുമെന്ന് മന്ത്രി കോടിയേരി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം കണ്ട് യുഡിഎഫ് ആഹ്ളാദിക്കേണ്ട. എല്‍ഡിഎഫ് വരുന്ന തെരഞ്ഞെടുപ്പുകളില്‍ വന്‍ മുന്നേറ്റമാണ് നടത്താന്‍പോകുന്നത്. കോടിയേരി പറഞ്ഞു. ആദിവാസികളെ ഉപയോഗിച്ചുള്ള സ്വത്വരാഷ്ട്രീയം ഇനി നടപ്പില്ലെന്ന് കെഎസ്കെടിയു സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഭൂമി തരാമെന്ന് പ്രലോഭിപ്പിച്ച് സി കെ ജാനുവും ഗീതാനന്ദനും ചേര്‍ന്ന് ആദിവാസികളെ വഞ്ചിക്കുകയായിരുന്നു. അതേ ജാനുവിന്റെ അമ്മയ്ക്ക് മുഖ്യമന്ത്രി വിഎസാണ് ഒരേക്കര്‍ നാല്‍പ്പത്തിയെട്ട് സെന്റിന്റെ പട്ടയം നല്‍കിയത്. വോട്ടുബാങ്കുകളല്ലാത്തതിനാല്‍ ആദിവാസികളെ സംഘടിപ്പിക്കാന്‍ ഭരണവര്‍ഗ രാഷ്ട്രീയപാര്‍ടികള്‍ക്ക് താല്‍പര്യമില്ലായിരുന്നു. എ കെ എസിന്റെ പ്രവര്‍ത്തനം സജീവമായതോടെ ആദിവാസി ഊരുകളില്‍ ദിശാബോധം കൈവന്നു. പിന്നണിയില്‍ പരിതാപാവസ്ഥയില്‍ കിടക്കുന്ന ഈ സാധുജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാതെ കേരളത്തിന്റെ പുരോഗതി അര്‍ഥപൂര്‍ണമാണെന്ന് പറയാനാവില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ആദിവാസി ഭൂമി വിതരണം അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുക്കണം: മന്ത്രി എ കെ ബാലന്‍

കണ്ണൂര്‍: ആദിവാസി ഭൂമി വിതരണം അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ആദിവാസി ക്ഷേമസമിതി സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി വിതരണം അട്ടിമറിക്കാന്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ ഏറെക്കാലമായി ശ്രമം തുടങ്ങിയിട്ട്. ഇതുമൂലം ആദിവാസി ഭൂമി വിതരണവുമായി ബന്ധപ്പെട്ട് മുമ്പ് കൊണ്ടുവന്ന നിയമങ്ങളൊന്നും നടപ്പാക്കാനായില്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ പരിസ്ഥിതി സ്നേഹി എന്ന പേരില്‍ ചിലര്‍ കോടതിയെ സമീപിച്ചു. ആദിവാസികളാണ് യാഥാര്‍ഥ പ്രകൃതി സ്നേഹികള്‍. അവര്‍ക്ക് ഭൂമി നല്‍കുന്നത് വനമേഖലയുടെ സംരക്ഷണത്തിന് സഹായകമാകും. നിയമം പ്രാബല്യത്തില്‍ വന്നിട്ടും അര്‍ഹരില്‍ മൂന്നിലൊന്നിനാണ് ഭൂമി നല്‍കിയത്. 30,000 കുടുംബങ്ങള്‍ക്കാണ് ഭൂമി നല്‍കേണ്ടത്. 10,000 കുടുംബങ്ങള്‍ക്ക് ഇതിനകം കൈമാറി. നാല് മാസത്തിനകം ഭൂമി വിതരണം പൂര്‍ത്തിയാക്കും. പ്ളാച്ചിമടയില്‍ കുടിവെള്ളത്തിന് സമരം നടത്തിയ ആദിവാസികളെ പഞ്ചായത്ത് ഭരിക്കുന്ന ജനതാദള്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദിച്ചതിനെപ്പറ്റി നിലപാട് വ്യക്തമാക്കാന്‍ എം പി വീരേന്ദ്രകുമാര്‍ തയ്യാറാകണം. കൊക്കോ കോളക്കെതിരെ സമരം നടത്തുന്ന ആദിവാസികളെയാണ് മര്‍ദിച്ചത്. ഭൂമി കൈയേറ്റത്തോടൊപ്പം ആദിവാസികളെ മര്‍ദിച്ചൊതുക്കാനാണ് വീരേന്ദ്രകുമാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

ദേശാഭിമാനിയില്‍ നിന്ന്

1 comment:

  1. പി കെ കാളന്‍ നഗര്‍: (കണ്ണൂര്‍) ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ച ആദിവാസി ക്ഷേമസമിതിയുടെ രണ്ടാംസംസ്ഥാന സമ്മേളനത്തിന് ആവേശകരമായ തുടക്കം. വിപ്ളവ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂരില്‍ സംസ്ഥാനപ്രസിഡന്റ് പി രാജന്‍ പതാക ഉയര്‍ത്തിയതോടെ ദ്വിദിനസമ്മേളനത്തിന് തുടക്കമായി. സമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. പി രാജന്‍ അധ്യക്ഷനായി. കെ സി കുഞ്ഞിരാമന്‍ എംഎല്‍എ രക്തസാക്ഷി പ്രമേയവും രത്നാകരന്‍ കാണി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം പ്രകാശന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. സംസ്ഥാനസെക്രട്ടറി കെ സി കുഞ്ഞിരാമന്‍ എംഎല്‍എ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് പൊതുചര്‍ച്ച ആരംഭിച്ചു. പി രാജന്‍, വിദ്യാധരന്‍ കാണി, കെ വി സുജ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടി നിയന്ത്രിക്കുന്നത്. ആദിവാസി ക്ഷേമസമിതിയുടെ സംഘശക്തിയും കരുത്തും വിളിച്ചോതി വൈകിട്ട് കാല്‍ലക്ഷത്തോളം പേര്‍ അണിനിരന്ന പ്രകടനം നടന്നു. അരാഷ്ട്രീയ- തീവ്രവാദസംഘങ്ങളുടെയും വലതുപക്ഷ കടലാസുസംഘടനകളുടെയും പാവകളല്ല തങ്ങളെന്ന് പ്രകടനത്തില്‍ അണിചേര്‍ന്നവര്‍ പ്രഖ്യാപിച്ചു. വയനാട്ടില്‍ ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം തുടരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആവേശപൂര്‍വം പ്രകടനത്തില്‍ കണ്ണികളായി.

    ReplyDelete