Sunday, May 9, 2010

രണ്ടു രൂപ അരി 35 ലക്ഷം കുടുംബങ്ങളിലേക്ക്

സംസ്ഥാനത്തെ 50 ശതമാനം കുടുംബത്തിലേക്കും രണ്ടു രൂപയ്ക്ക് അരി എത്തുന്നു. കയര്‍, കശുവണ്ടി, കൈത്തറി, ഖാദി, ചെറുകിടതോട്ടം, കളിമണ്‍, ബീഡി തുടങ്ങിയ അസംഘടിതമേഖലയിലെ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളും കഴിഞ്ഞവര്‍ഷം 50 ദിവസമെങ്കിലും തൊഴിലുറപ്പുപദ്ധതിയില്‍ ജോലിചെയ്ത എപിഎല്‍ കുടുംബങ്ങളുമാണ് പുതുതായി രണ്ടു രൂപ അരിക്ക് അര്‍ഹത നേടിയിട്ടുള്ളത്. പുതുക്കിയ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ രണ്ടിന് ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും. നിലവില്‍ 25 ലക്ഷം കുടുംബത്തിനാണ് രണ്ടു രൂപ അരി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. പദ്ധതിയിലേക്ക് പുതുതായി 10 ലക്ഷം എപിഎല്‍ കുടുംബം വരുമെന്നാണ് കണക്കാക്കുന്നത്. എപിഎല്‍ റേഷന്‍കാര്‍ഡുകാര്‍ക്ക് അനുവദിച്ചിട്ടുള്ള പ്രതിമാസ വിഹിതമാണ് രണ്ടു രൂപ നിരക്കില്‍ ഇവര്‍ക്ക് ലഭിക്കുക. രണ്ടു രൂപ അരി എത്തുന്ന കുടുംബത്തിന്റെ എണ്ണം ഇതോടെ 35 ലക്ഷമാകും. ആകെയുള്ള 69 ലക്ഷം റേഷന്‍കാര്‍ഡില്‍ പകുതിയിലേറെ പദ്ധതിക്കുകീഴിലാകും. ജൂണ്‍ ആദ്യവാരംമുതല്‍തന്നെ പുതുതായി എത്തുന്നവര്‍ക്കും രണ്ടു രൂപയ്ക്ക് അരി ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി സി ദിവാകരന്‍ ദേശാഭിമാനിയോട് പറഞ്ഞു.

പുതുതായി പദ്ധതിക്ക് അര്‍ഹരായ കുടുംബത്തിന്റെ ലിസ്റ്റും റേഷന്‍സംബന്ധിച്ച വിവരങ്ങളും വിവിധ ക്ഷേമനിധിബോര്‍ഡുകളില്‍നിന്ന് ശേഖരിച്ചുവരികയാണ്. തൊഴിലുറപ്പുപദ്ധതിയില്‍ 50 ദിവസം പണിയെടുത്ത കുടുംബങ്ങള്‍ 2.25 ലക്ഷമാണ്. ഇവരില്‍ വലിയൊരു ശതമാനം എപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവരാണ്. രണ്ടു രൂപ അരിക്കുപുറമെ ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങളും ഇവര്‍ക്കെല്ലാം ലഭിക്കും. അഞ്ചുലക്ഷം അന്ത്യോദയ അന്നയോജന (എഎവൈ) കുടുംബമടക്കം 15 ലക്ഷം കുടുംബമാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളത്. എന്നാല്‍, 20 ലക്ഷം കുടുംബത്തെയാണ് സംസ്ഥാനസര്‍ക്കാര്‍ ബിപിഎല്ലായി കണക്കാക്കുന്നത്. എപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ആശ്രയ പദ്ധതിയില്‍പ്പെട്ടവര്‍, പട്ടികജാതി- വര്‍ഗ കുടുംബങ്ങള്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തിയതോടെ രണ്ടു രൂപ അരി പദ്ധതിയില്‍ 25 ലക്ഷം കുടുംബത്തിന് രണ്ടു രൂപയ്ക്ക് അരി ലഭിച്ചുവരികയായിരുന്നു. എഎവൈ കാര്‍ഡുകാര്‍ക്ക് മൂന്നു രൂപയ്ക്ക് ലഭിക്കുന്ന അരിയാണ് ഒരു രൂപ സബ്സിഡി രണ്ടു രൂപയ്ക്ക് സംസ്ഥാനം നല്‍കുന്നത്. ബിപിഎല്ലില്‍പ്പെടുന്ന മറ്റുള്ളവര്‍ക്ക് കേന്ദ്രം 6.20 രൂപ നിരക്കില്‍ തരുന്ന അരി 4.40 രൂപ സബ്സിഡി നല്‍കി സംസ്ഥാനം രണ്ടു രൂപയ്ക്ക് വിതരണംചെയ്യുന്നു. പദ്ധതിക്ക് അര്‍ഹരായ എപിഎല്‍ വിഭാഗക്കാര്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ കിലോയ്ക്ക് 6.90 രൂപ സബ്സിഡി ഇനത്തില്‍ കേരളം മുടക്കുന്നുണ്ട്. പൊതുവിപണിയിലെ പൊള്ളുന്ന വിലയില്‍നിന്ന് ആശ്വാസം നല്‍കാന്‍ രണ്ടു രൂപയ്ക്ക് അരി നല്‍കിയതിലൂടെ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ചെലവിട്ടത് 228 കോടി രൂപയാണ്. 35 ലക്ഷം കുടുംബത്തിലേക്ക് പദ്ധതി നീളുന്നതോടെ ചെലവ് 500 കോടിയിലെത്തും.
(ആര്‍ സാംബന്‍)

deshabhimani

4 comments:

  1. സംസ്ഥാനത്തെ 50 ശതമാനം കുടുംബത്തിലേക്കും രണ്ടു രൂപയ്ക്ക് അരി എത്തുന്നു. കയര്‍, കശുവണ്ടി, കൈത്തറി, ഖാദി, ചെറുകിടതോട്ടം, കളിമണ്‍, ബീഡി തുടങ്ങിയ അസംഘടിതമേഖലയിലെ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളും കഴിഞ്ഞവര്‍ഷം 50 ദിവസമെങ്കിലും തൊഴിലുറപ്പുപദ്ധതിയില്‍ ജോലിചെയ്ത എപിഎല്‍ കുടുംബങ്ങളുമാണ് പുതുതായി രണ്ടു രൂപ അരിക്ക് അര്‍ഹത നേടിയിട്ടുള്ളത്. പുതുക്കിയ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ രണ്ടിന് ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും. നിലവില്‍ 25 ലക്ഷം കുടുംബത്തിനാണ് രണ്ടു രൂപ അരി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. പദ്ധതിയിലേക്ക് പുതുതായി 10 ലക്ഷം എപിഎല്‍ കുടുംബം വരുമെന്നാണ് കണക്കാക്കുന്നത്. എപിഎല്‍ റേഷന്‍കാര്‍ഡുകാര്‍ക്ക് അനുവദിച്ചിട്ടുള്ള പ്രതിമാസ വിഹിതമാണ് രണ്ടു രൂപ നിരക്കില്‍ ഇവര്‍ക്ക് ലഭിക്കുക. രണ്ടു രൂപ അരി എത്തുന്ന കുടുംബത്തിന്റെ എണ്ണം ഇതോടെ 35 ലക്ഷമാകും. ആകെയുള്ള 69 ലക്ഷം റേഷന്‍കാര്‍ഡില്‍ പകുതിയിലേറെ പദ്ധതിക്കുകീഴിലാകും.

    ReplyDelete
  2. നമ്മുടെ ആശ്രയ പദ്ധതി വിജയിക്കാതെ പോയത് എന്തു കൊണ്ടാണെന്നു ഇപ്പോഴാണു മനസ്സിലായത്.

    ReplyDelete
  3. അതിനുള്ള മറുപടി പോസ്റ്റില്‍ തന്നെ ഇട്ടിട്ടുണ്ട്. അതിലെ അനില്‍ ബ്ലോഗിന്റെ കമന്റും മറുപടി തന്നെ.

    ReplyDelete
  4. അങ്കിളിന്റെ ഒരു കാര്യം !!
    ആശ്രയ പദ്ധതിയെന്നല്ല പുതുതായി വരുന്ന വിദ്യാഭ്യാസ ബില്ലും അതേ പടി കേരളത്തില്‍ നടപ്പാവില്ല, കാരണം കേരളത്തിലെ സാഹചര്യങ്ങള്‍ വേറെ ആണെന്ന് തന്നെ കാരണം.
    ചുമ്മാ വിമര്‍ശിക്കാനായിട്ട് വിമര്‍ശിക്കരുതന്നൊരു റിക്വസ്റ്റ് വക്കുന്നു.

    ReplyDelete