Wednesday, May 5, 2010

ജനങ്ങളെ പ്രഹരിക്കാനോ കേന്ദ്രഭരണം

രാജ്യത്തിന്റെ നാനാകോണില്‍നിന്നും ഉയര്‍ന്ന ആവശ്യങ്ങളെയും ഇടതുപക്ഷത്തിന്റെയും മതനിരപേക്ഷകൂട്ടായ്മയുടെയും നേതൃത്വത്തില്‍ നടന്ന ഉജ്വല പ്രക്ഷോഭങ്ങളെയും പാര്‍ലമെന്റിന് അകത്തും പുറത്തും നടന്ന പോരാട്ടങ്ങളെയും അവഗണിച്ചാണ് 2010-11ലേക്കുള്ള ബജറ്റ് രണ്ടാം യുപിഎ സര്‍ക്കാര്‍ പാസാക്കിയത്. പെട്രോളിനും ഡീസലിനും കസ്റ്റംസ് എക്സൈസ് നികുതി ചുമത്തി 28000 കോടിരൂപ വരുമാനമുണ്ടാക്കാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റിലെ സാങ്കേതിക ഭൂരിപക്ഷത്തിന്റെ ബലത്തില്‍ അംഗീകാരം നേടിയിരിക്കുന്നു. അന്യായമായ ഈ നികുതിചുമത്തലിലൂടെ വിലക്കയറ്റം എന്ന തീമലയിലേക്ക് എണ്ണ കോരി ഒഴിക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. ഭക്ഷ്യസാധനങ്ങളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധം ഉയര്‍ന്നിട്ടുണ്ടെന്ന് പാര്‍ലമെന്റില്‍ സമ്മതിച്ചുകൊണ്ട് ഈ ദുരവസ്ഥ മാറ്റുന്നതിനായി സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല എന്ന ഏറ്റുപറച്ചിലാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി നടത്തിയത്. യുപിഎ സര്‍ക്കാരില്‍നിന്ന് ഒരുതരത്തിലുള്ള നീതിയും സാധാരണക്കാര്‍ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ധാര്‍ഷ്ട്യം നിറഞ്ഞ സമീപനത്തിലൂടെ ആവര്‍ത്തിച്ച് വ്യക്തമാക്കപ്പെടുന്നത്.

സാമ്രാജ്യത്വസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി, തൊഴിലാളികള്‍ക്കും മറ്റ് അധ്വാനിക്കുന്ന ജനങ്ങള്‍ക്കും എതിരായ നടപടികളാണ് തുടര്‍ച്ചയായി നടപ്പാക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ രൂക്ഷവിലക്കയറ്റം കുത്തകകളും കേന്ദ്രസര്‍ക്കാരുംകൂടി അടിച്ചേല്‍പ്പിച്ചതാണ്. പതിനായിരക്കണക്കിന് കോടി രൂപയുടെ ലാഭമാണ് വന്‍കിടകള്‍ സര്‍ക്കാരിന്റെ സഹായത്തോടെ ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് നേടിയത്. കേന്ദ്രം വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളാത്തതിലുള്ള ജനരോഷം രാജ്യത്തിന്റെ എല്ലാ മേഖലകളിലും പ്രകടമാണ്. നേരത്തെ യുപിഎ ഗവമെന്റിന് പിന്തുണ പ്രഖ്യാപിച്ച കക്ഷികള്‍ക്കുപോലും സഹികെട്ട് പ്രക്ഷോഭരംഗത്തു വരേണ്ടിവന്നു എന്നതില്‍നിന്ന് പ്രശ്നത്തിന്റെ ഗൌരവം വായിച്ചെടുക്കാവുന്നതാണ്.

ജനങ്ങളുടെ ജീവിതപ്രശ്നങ്ങളൊന്നുംതന്നെ യുപിഎ സര്‍ക്കാരിനെയോ അതിനെ നയിക്കുന്ന കോണ്‍ഗ്രസിനെയോ ബാധിക്കുന്നില്ല. ഇന്ത്യന്‍ ജനതയെ കൊള്ളയടിക്കുന്ന വന്‍കിട കോര്‍പറേറ്റുകളുടെ സംരക്ഷകരായും സഹായികളായും വിടുപണിക്കാരുമായാണ് കേന്ദ്രഭരണം മാറിയിട്ടുള്ളത്. അഴിമതി കൊടികുത്തി വാഴുകയാണ്. ഐപിഎല്‍ വിവാദവും ശശി തരൂരിന്റെ രാജിയിലേക്ക് നയിച്ച സംഭവങ്ങളും ഉന്നത പദവികളിലിരിക്കുന്നവര്‍ അധികാരത്തെ എങ്ങനെ ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന് തെളിയിച്ചു. രാജ്യരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിലടക്കം വന്‍ക്രമക്കേട് നടക്കുന്നു. മെഡിക്കല്‍ കൌസില്‍ പ്രസിഡന്റ് കേതന്‍ ദേശായിയും കേന്ദ്ര ആഭ്യന്തര വകുപ്പിലെ ജോയിന്റ് സെക്രട്ടറി ഒ രവിയുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടത് രാഷ്ട്രീയതലത്തില്‍ നടക്കുന്ന കൂറ്റന്‍ അഴിമതിയുടെ സൂചനതന്നെയാണ്.

രാഷ്ട്രീയ സദാചാരരാഹിത്യവും യുപിഎ സര്‍ക്കാര്‍ മുഖമുദ്രയായി സ്വീകരിച്ചിരിക്കുന്നു. ഗവമെന്റിനെ താങ്ങിനിര്‍ത്താനുള്ള കങ്കാണികളായി രാജ്യത്തെ ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ സിബിഐയെ അധഃപതിപ്പിച്ചു. കോണ്‍ഗ്രസിന് ആവശ്യമുള്ളവരുടെ കേസുകള്‍ മരവിപ്പിക്കുക; എതിര്‍പ്പുള്ളവരെ നിഗ്രഹിക്കുക എന്ന ജോലിയാണിപ്പോള്‍ സിബിഐ ചെയ്യുന്നത്. നീചമായ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി ഭരണകക്ഷിയായ കോഗ്രസിലെ ഒരു സമുന്നത നേതാവിന്റെയും ഫോ സര്‍ക്കാര്‍ ഏജന്‍സി ചോര്‍ത്തി എന്നത് പതനത്തിന്റെ പരിതോവസ്ഥയാണ് വെളിപ്പെടുത്തിയത്.

അധ്വാനിക്കുന്നവരും പാവപ്പെട്ടവരുമായ ജനങ്ങളുടെ ജീവിതം വഴിമുട്ടുകയാണ്. വന്‍കിട മുതലാളിമാരും മറ്റ് കൊടും ചൂഷകരും രാജ്യത്തെ സമ്പത്താകെ കൈയടക്കാന്‍ ശ്രമിക്കുന്നു; സര്‍ക്കാര്‍ അതിന്റെ കാര്‍മികത്വം വഹിക്കുന്നു. സാമ്രാജ്യത്വത്തിന്റെ അടിമകളായി ചുരുങ്ങുന്നതിനും കോര്‍പറേറ്റുകളുടെ രക്ഷാകര്‍ത്താക്കളാകുന്നതിനും ജനങ്ങളെ മറന്ന് മുന്നേറുന്ന സര്‍ക്കാരിന്റെ വികൃതമുഖമാണ് എല്ലാ എതിര്‍ശബ്ദങ്ങളെയും ജനരോഷത്തെയും വകവയ്ക്കാതെ വര്‍ധിപ്പിച്ച ഇന്ധനവിലയോടെത്തന്നെ ബജറ്റ് പാസാക്കിയതിലൂടെ അനാവൃതമായത്. രാജ്യത്തെ സാമ്പത്തിക സാഹചര്യം വളരെ വിഷമകരമാണെന്നും മെച്ചപ്പെട്ട സാഹചര്യം ഉണ്ടാകുന്നതുവരെ സഹകരിക്കണമെന്നുമാണ് പ്രണബ് മുഖര്‍ജി ലോക്സഭയില്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടത്. പൊതുവിതരണ സംവിധാനം ഫലപ്രദമായി നടപ്പാക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് അദ്ദേഹം കൈകഴുകി.

ഇതൊന്നും ചെയ്യാനല്ലെങ്കില്‍ എന്തിന് ഒരു കേന്ദ്രസര്‍ക്കാര്‍? എന്താണ് കോണ്‍ഗ്രസ് നേതൃത്വത്തിന് പറയാനുള്ളത്? തുടരെത്തുടരെ ജനങ്ങള്‍ക്ക് പ്രഹരം നല്‍കാനുള്ളതാണോ കേന്ദ്രസര്‍ക്കാരിന്റെ അധികാരം എന്ന് വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസും യുപിഎയിലെ മറ്റു കക്ഷികളുമാണ്.

ദേശാഭിമാനി മുഖപ്രസംഗം 06052010

1 comment:

  1. രാജ്യത്തിന്റെ നാനാകോണില്‍നിന്നും ഉയര്‍ന്ന ആവശ്യങ്ങളെയും ഇടതുപക്ഷത്തിന്റെയും മതനിരപേക്ഷകൂട്ടായ്മയുടെയും നേതൃത്വത്തില്‍ നടന്ന ഉജ്വല പ്രക്ഷോഭങ്ങളെയും പാര്‍ലമെന്റിന് അകത്തും പുറത്തും നടന്ന പോരാട്ടങ്ങളെയും അവഗണിച്ചാണ് 2010-11ലേക്കുള്ള ബജറ്റ് രണ്ടാം യുപിഎ സര്‍ക്കാര്‍ പാസാക്കിയത്. പെട്രോളിനും ഡീസലിനും കസ്റ്റംസ് എക്സൈസ് നികുതി ചുമത്തി 28000 കോടിരൂപ വരുമാനമുണ്ടാക്കാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റിലെ സാങ്കേതിക ഭൂരിപക്ഷത്തിന്റെ ബലത്തില്‍ അംഗീകാരം നേടിയിരിക്കുന്നു. അന്യായമായ ഈ നികുതിചുമത്തലിലൂടെ വിലക്കയറ്റം എന്ന തീമലയിലേക്ക് എണ്ണ കോരി ഒഴിക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. ഭക്ഷ്യസാധനങ്ങളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധം ഉയര്‍ന്നിട്ടുണ്ടെന്ന് പാര്‍ലമെന്റില്‍ സമ്മതിച്ചുകൊണ്ട് ഈ ദുരവസ്ഥ മാറ്റുന്നതിനായി സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല എന്ന ഏറ്റുപറച്ചിലാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി നടത്തിയത്. യുപിഎ സര്‍ക്കാരില്‍നിന്ന് ഒരുതരത്തിലുള്ള നീതിയും സാധാരണക്കാര്‍ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ധാര്‍ഷ്ട്യം നിറഞ്ഞ സമീപനത്തിലൂടെ ആവര്‍ത്തിച്ച് വ്യക്തമാക്കപ്പെടുന്നത്.

    ReplyDelete