Thursday, May 6, 2010

പൊതുമേഖലയെ ശക്തിപ്പെടുത്തുക

കേന്ദ്രനയത്തിനെതിരെ പൊതുമേഖലയെ ശക്തിപ്പെടുത്തുക: മന്ത്രി കരീം

കൊച്ചി: ജനജീവിതം ദുരിതമാക്കിയ കേന്ദ്രനയങ്ങള്‍ക്കെതിരെ ബദല്‍നയങ്ങള്‍ പ്രയോഗിക്കുകയാണ് സംസ്ഥാനസര്‍ക്കാരെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. ഈ ബദല്‍നയങ്ങള്‍ക്ക് കരുത്തുപകരാന്‍ സര്‍വീസ്മേഖലകളിലെ ജീവനക്കാര്‍ തയ്യാറാകണമെന്ന്അദ്ദേഹം പറഞ്ഞു. എന്‍എഫ്പിഇ 34-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും കൊറിയര്‍ സര്‍വീസുകള്‍ക്ക് അവിഹിതമായ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്ത് തപാല്‍സര്‍വീസിനെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുദ്ധരിക്കുകയും ലാഭകരമാക്കുകയും ചെയ്യുന്നു. ജീവനക്കാരെ കുറയ്ക്കുകയും സ്വകാര്യവല്‍ക്കരിക്കുകയും ചെയ്ത് സര്‍ക്കാര്‍സര്‍വീസിനെയും പൊതുമേഖലയെയും തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ശതകോടീശ്വരന്മാരായ വ്യവസായികള്‍ക്ക് ലക്ഷക്കണക്കിനു കോടി രൂപയുടെ ഇളവ് അനുവദിക്കുമ്പോള്‍ തൊഴിലാളിക്ക് ചില്ലിക്കാശുപോലും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല. അരിവിഹിതം വെട്ടിക്കുറച്ച് പൊതുവിതരണസമ്പ്രദായം തകര്‍ക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. അതേസമയം സംസ്ഥാനസര്‍ക്കാര്‍ പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുകയും വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയും ചെയ്യുന്നു. ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കുകയും നെല്ലിന്റെ സംഭരണവില കേന്ദ്രം 9.50 രൂപ നല്‍കുന്ന സ്ഥാനത്ത് 12 രൂപ നല്‍കുകയും ചെയ്യുന്നത് സംസ്ഥാനസര്‍ക്കാരാണ്. ഇതു തിരിച്ചറിയാന്‍ കഴിയണമെന്നും എളമരം പറഞ്ഞു.

എന്‍എഫ്പിഇ സംസ്ഥാന സമ്മേളനം തുടങ്ങി

കൊച്ചി: തപാല്‍-ആര്‍എംഎസ് ജീവനക്കാരുടെ ഐക്യപ്രസ്ഥാനമായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ളോയീസ് (എന്‍എഫ്പിഇ) 34-ാം സംസ്ഥാന സമ്മേളനം തുടങ്ങി. ടൌണ്‍ഹാളില്‍ ജ്യോതിബസു നഗറില്‍ ഘടക യൂണിയനുകളുടെ പ്രതിനിധിസമ്മേളനം മന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്തു.

ജീവിതം ദുരിതപൂര്‍ണമാക്കുന്ന കേന്ദ്രനയത്തിനെതിരെ ട്രേഡ്യൂണിയന്‍ ഐക്യം ശക്തിപ്പെടുന്നതിനൊപ്പം വിവിധ സര്‍വീസ് രംഗങ്ങളിലെ ജീവനക്കാരുടെ ഐക്യം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് എളമരം കരീം പറഞ്ഞു. യോഗത്തില്‍ ഫെഡറേഷന്‍ വൈസ് ചെയര്‍മാന്‍ എച്ച് വി കുറുപ്പ് അധ്യക്ഷനായി. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ്, വിവിധ സംഘടനാ ഭാരവാഹികളായ കെ കെ എന്‍ കുട്ടി, എ ശ്രീകുമാര്‍, എ വി കുര്യന്‍, കെ രാഘവേന്ദ്രന്‍, കെ വി ശ്രീധരന്‍, ഈശ്വര്‍സിങ് ഡബാസ്, ഗിരിരാജ്സിങ്, പി സുരേഷ്, എസ് എസ് മഹാദേവയ്യ, പ്രണാബ് ഭട്ടാചാര്യ, പി രാജനായകം എന്നിവര്‍ സംസാരിച്ചു. സി എ വര്‍ഗീസ് സ്വാഗതവും കെ രവിക്കുട്ടന്‍ നന്ദിയും പറഞ്ഞു.

രാവിലെ സമ്മേളനനഗറിലെ രക്തസാക്ഷിമണ്ഡപത്തില്‍ പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി പതാക ഉയര്‍ത്തി. പി ശൈലന്‍ രക്തസാക്ഷി പ്രമേയവും ഡി ശങ്കരന്‍കുട്ടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഉച്ചക്കുശേഷം പ്രതിനിധിസമ്മേളനം ആരംഭിച്ചു. വൈകിട്ട് സാംസ്കാരിക സമ്മേളനം സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു. സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷനായി. ഡോ. എം ലീലാവതി സംസാരിച്ചു. കലാമത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി. കെ രവിക്കുട്ടന്‍ സ്വാഗതവും കെ കെ സതീശന്‍ നന്ദിയും പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ പ്രതിനിധിസമ്മേളനം തുടരും. പകല്‍ മൂന്നിന് ട്രേഡ് യൂണിയന്‍ സുഹൃദ് സമ്മേളനം മന്ത്രി എസ് ശര്‍മ ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് അധ്യക്ഷനാകും.

ദേശാഭിമാനി 06052010

1 comment:

  1. ജനജീവിതം ദുരിതമാക്കിയ കേന്ദ്രനയങ്ങള്‍ക്കെതിരെ ബദല്‍നയങ്ങള്‍ പ്രയോഗിക്കുകയാണ് സംസ്ഥാനസര്‍ക്കാരെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. ഈ ബദല്‍നയങ്ങള്‍ക്ക് കരുത്തുപകരാന്‍ സര്‍വീസ്മേഖലകളിലെ ജീവനക്കാര്‍ തയ്യാറാകണമെന്ന്അദ്ദേഹം പറഞ്ഞു. എന്‍എഫ്പിഇ 34-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

    ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും കൊറിയര്‍ സര്‍വീസുകള്‍ക്ക് അവിഹിതമായ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്ത് തപാല്‍സര്‍വീസിനെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുദ്ധരിക്കുകയും ലാഭകരമാക്കുകയും ചെയ്യുന്നു. ജീവനക്കാരെ കുറയ്ക്കുകയും സ്വകാര്യവല്‍ക്കരിക്കുകയും ചെയ്ത് സര്‍ക്കാര്‍സര്‍വീസിനെയും പൊതുമേഖലയെയും തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

    ReplyDelete