Sunday, May 9, 2010

വനിതാബില്‍ ഉപേക്ഷിക്കുന്നു

അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ആണവബാധ്യതാ ബില്ല് പാസാക്കിയെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ വനിതാ ബില്‍ ബലികൊടുക്കുന്നു. വനിതാസംവരണ ബില്‍ പാസാക്കാതെ ലോക്സഭ പിരിഞ്ഞു. രാജ്യസഭ അംഗീകരിച്ച ബില്ല് ഈ സര്‍ക്കാരിന്റെ കാലത്ത് പാസാക്കാനുള്ള വിദൂരസാധ്യതപോലും ഇല്ലാതാക്കുന്ന നിലപാടാണ് ലോക്സഭയില്‍ കോണ്‍ഗ്രസ് കൈക്കൊണ്ടത്. സോണിയഗാന്ധിയുടെ തൊപ്പിയിലെ തൂവലെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ച ബില്‍ അവതരിപ്പിക്കാന്‍പോലും ശ്രമിക്കാതെ സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിക്കുകയായിരുന്നു. വനിതാബില്‍ രാജ്യസഭയില്‍ പാസാക്കിയതും ലോക്സഭയില്‍ കൊണ്ടുവരാതെ ഒഴിഞ്ഞുമാറിയതും കോണ്‍ഗ്രസിന്റെ രഹസ്യ അജണ്ട നടപ്പാക്കാനാണെന്ന് ഇതോടെ വ്യക്തമായി. പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം നല്‍കുന്ന ബില്ലിനെക്കുറിച്ച് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ സംസാരിക്കാന്‍പോലും കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും മറന്നു.

സാര്‍വദേശീയ മഹിളാദിനമായ മാര്‍ച്ച് എട്ടിന് ബില്‍ പാസാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരം തൊട്ടടുത്ത ദിവസം വന്‍ ഭൂരിപക്ഷത്തോടെ രാജ്യസഭ അംഗീകരിച്ചിരുന്നു. വിലക്കയറ്റത്തിനെതിരെയുള്ള പ്രതിപക്ഷ ഐക്യം തകര്‍ക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. ചില പാര്‍ടികള്‍ക്ക് വനിതാബില്ലിനോടുള്ള എതിര്‍പ്പ് മുതലെടുത്ത് പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാന്‍ അന്ന് കോണ്‍ഗ്രസിനായി. ബിജെപിയുടെയും ഇടതുപക്ഷ പാര്‍ടികളുടെയും പിന്തുണയുള്ളതിനാല്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുമെന്നറിഞ്ഞിട്ടും ബില്‍ ലോക്സഭയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. വനിതാ ബില്ലിനെ എതിര്‍ക്കുന്നവരുടെ പിന്തുണയില്ലാതെ യുപിഎ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നതാണ് വനിതകളെ വഞ്ചിക്കാന്‍ സോണിയ ഗാന്ധിയെ പ്രേരിപ്പിച്ചത്. സമാജ്വാദി പാര്‍ടി, ആര്‍ജെഡി, ബിഎസ്പി, ജെഡിയു കക്ഷികളാണ് വനിതാ ബില്ലിനെ ശക്തമായി എതിര്‍ക്കുന്നത്. സംവരണത്തില്‍ സംവരണം വേണമെന്നാണ് ഇവരുടെ ആവശ്യം.

വിലക്കയറ്റത്തിനെതിരെ ഇടതുപക്ഷവും ബിജെപിയും അവതരിപ്പിച്ച ഖണ്ഡനോപക്ഷേപത്തെ കോണ്‍ഗ്രസ് അതിജീവിച്ചത് എസ്പിയുടെയും ബിഎസ്പിയുടെയും ആര്‍ജെഡിയുടെയും സഹായത്തോടെയാണ്. ആദ്യം മാറ്റിവച്ച ആണവബാധ്യതാ നിയമം കടുത്ത അമേരിക്കന്‍ സമ്മര്‍ദം കാരണം ബജറ്റ് സമ്മേളനത്തിന്റെ അവസാനദിവസം ലോക്സഭയില്‍ അവതരിപ്പിച്ചതും എസ്പിയുടെയും ആര്‍ജെഡിയുടെയും പിന്തുണ ഉറപ്പിച്ചുകൊണ്ടാണ്. അതിനുള്ള വില ബില്‍ അവതരിപ്പിച്ച ദിവസംതന്നെ ലാലുവും മുലായവും സര്‍ക്കാരില്‍നിന്ന് പിടിച്ചുവാങ്ങുകയും ചെയ്തു. ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസിന് സര്‍ക്കാര്‍ തയ്യാറാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഉദാഹരണം. എന്നാല്‍, ഇവര്‍ക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം വനിതാബില്‍ അവതരിപ്പിക്കില്ലെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനമാണ്. കോണ്‍ഗ്രസിന് വനിതാ ബില്ലിനോട് ആത്മാര്‍ത്ഥതയില്ലെന്ന് ഏപ്രില്‍ അഞ്ചിനു ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തന്നെ വ്യക്തമായിരുന്നു. കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമാണെന്ന് വരുത്തി യോഗം പരാജയപ്പെടുത്തുകയായിരുന്നു. വീണ്ടും യോഗം വിളിക്കുമെന്ന വാഗ്ദാനവും കാറ്റില്‍ പറത്തി. ഖണ്ഡനോപക്ഷേത്തെ അതിജീവിക്കാനും ആണവബാധ്യതാബില്‍ സഭയില്‍ അവതരിപ്പിക്കാനുമാണ് വനിതാസംവരണബില്ലിനെ ബലികഴിച്ചതെന്ന് സിപിഐ എം നേതാവ് വൃന്ദ കാരാട്ട് പറഞ്ഞു.
(വി ബി പരമേശ്വരന്‍)

deshabhimani 09052010

1 comment:

  1. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ആണവബാധ്യതാ ബില്ല് പാസാക്കിയെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ വനിതാ ബില്‍ ബലികൊടുക്കുന്നു. വനിതാസംവരണ ബില്‍ പാസാക്കാതെ ലോക്സഭ പിരിഞ്ഞു. രാജ്യസഭ അംഗീകരിച്ച ബില്ല് ഈ സര്‍ക്കാരിന്റെ കാലത്ത് പാസാക്കാനുള്ള വിദൂരസാധ്യതപോലും ഇല്ലാതാക്കുന്ന നിലപാടാണ് ലോക്സഭയില്‍ കോണ്‍ഗ്രസ് കൈക്കൊണ്ടത്. സോണിയഗാന്ധിയുടെ തൊപ്പിയിലെ തൂവലെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ച ബില്‍ അവതരിപ്പിക്കാന്‍പോലും ശ്രമിക്കാതെ സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിക്കുകയായിരുന്നു. വനിതാബില്‍ രാജ്യസഭയില്‍ പാസാക്കിയതും ലോക്സഭയില്‍ കൊണ്ടുവരാതെ ഒഴിഞ്ഞുമാറിയതും കോണ്‍ഗ്രസിന്റെ രഹസ്യ അജണ്ട നടപ്പാക്കാനാണെന്ന് ഇതോടെ വ്യക്തമായി. പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം നല്‍കുന്ന ബില്ലിനെക്കുറിച്ച് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ സംസാരിക്കാന്‍പോലും കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും മറന്നു.

    ReplyDelete