Saturday, May 15, 2010

ഹിന്ദുത്വ തീവ്രവാദികളെ തുറന്നുകാട്ടണം

ഹിന്ദുത്വ തീവ്രവാദികളെ തുറന്നുകാട്ടണം മലേഗാവ് ഉള്‍പ്പടെ 3 കേസ് എന്‍ഐഎക്ക് വിടണം: സിപിഐ എം

ന്യൂഡല്‍ഹി: മലേഗാവ്, ഹൈദരാബാദ്, അജ്മീര്‍ ബോംബ് സ്ഫോടനക്കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. കളമശേരി ബസ് കത്തിച്ച കേസ് എന്‍ഐഎക്ക് കൈമാറാന്‍ അമിത താല്‍പ്പര്യം കാട്ടിയ കേന്ദ്രസര്‍ക്കാര്‍ ഈ മൂന്ന് കേസും എന്‍ഐഎക്ക് വിടാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. 1995ലെ ബസ് കത്തിക്കല്‍ കേസില്‍ കേരള പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയെന്നു മാത്രമല്ല കുറ്റവാളികളെ മുഴുവന്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കേസിപ്പോള്‍ കോടതിയിലാണ്. ഹൈദരാബാദ്, അജ്മീര്‍ കേസില്‍ യഥാക്രമം ആന്ധ്രപ്രദേശ് സര്‍ക്കാരും രാജസ്ഥാന്‍ സര്‍ക്കാരും തെറ്റായ വിചാരണയാണ് നടത്തിയതെന്ന് തെളിഞ്ഞിട്ടും കേസ് എന്‍ഐഎക്ക് വിട്ടുകൊടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം മുഖവാരികയായ 'പീപ്പീള്‍സ് ഡെമോക്രസി'യുടെ മുഖപ്രസംഗത്തില്‍ പറഞ്ഞു. അജ്മീര്‍ ദര്‍ഗാഷെരീഫ് ബോംബ്സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേരെക്കൂടി അറസ്റ്റ് ചെയ്തതോടെ ഹിന്ദുത്വ തീവ്രവാദികള്‍ ഭീകരവാദാക്രമണം നടത്തുകയാണെന്ന് വീണ്ടും തെളിഞ്ഞു. തീവ്ര ഹിന്ദു സംഘടനയായ അഭിനവ് ഭാരതുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായവര്‍. ഇതേ സംഘടനയാണ് 2008ലെ മലേഗാവിലെ സ്ഫോടനത്തിനു പിന്നിലുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഹൈദരാബാദിലെ മെക്ക മസ്ജിദ് സ്ഫോടനവുമായും ഇവര്‍ക്ക് ബന്ധമുണ്ട്. മൂന്നിടത്തും ഹിന്ദു തീവ്രവാദി സംഘടനകള്‍ ലക്ഷ്യമാക്കിയത് മുസ്ളിങ്ങളെയും അവരുടെ ആരാധനാലയങ്ങളെയുമാണ്.

അഭിനവ് ഭാരതിനു പുറമെ ഗോവയിലെ ബോംബ് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സനാതര്‍ സംസ്ഥാന്‍ എന്ന ഹിന്ദു തീവ്രവാദി സംഘടനയുമുണ്ട്. എന്നാല്‍, രാജ്യത്തെ രഹസ്യാന്വേഷണ, സുരക്ഷാ ഏജന്‍സികള്‍ ഈ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ തയ്യാറല്ല. ഭീകരവാദം മുസ്ളിം തീവ്രവാദത്തില്‍നിന്ന് മാത്രമാണ് ഉടലെടുക്കുന്നത് എന്ന ധാരണയാണ് ഈ സ്ഥാപനങ്ങള്‍ക്കുള്ളത്. ഹൈദരാബാദിലെ മെക്ക മസ്ജിദ് സ്ഫോടനക്കേസിലെ അന്വേഷണത്തില്‍ ഇത് പ്രകടമാവുകയുംചെയ്തു. നിരവധി മുസ്ളിം ചെറുപ്പക്കാരെ പൊലീസ് പിടിച്ചുകൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തു. രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്തെന്ന കുറ്റത്തിന് 26 പേര്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചു. എന്നാല്‍, ഏഴു മാസത്തിനുശേഷം തെളിവില്ലെന്നു പറഞ്ഞ് ഇവരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. അജ്മീര്‍ സ്ഫോടനത്തിന്റെ കാര്യത്തിലും സംശയത്തിന്റെ പേരില്‍ മുസ്ളിങ്ങളെ അറസ്റ് ചെയ്തു. മലേഗാവ് സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ പ്രജ്ഞാസിങ് ഠാക്കൂറിനെ പ്രതിരോധിക്കാന്‍ ആര്‍എസ്എസും ബിജെപിയും പരസ്യമായി രംഗത്തുവരികയുണ്ടായി- മുഖപ്രസംഗത്തില്‍ പറഞ്ഞു.
(എം പ്രശാന്ത്)

ഗുജറാത്ത് വംശഹത്യ എസ്ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യ കേസുകള്‍ പുനരന്വേഷിച്ച പ്രത്യേക അന്വേഷക സംഘം വെള്ളിയാഴ്ച സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്‍ തലവനായ സമിതി മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. സുപ്രീംകോടതി ഗുജറാത്ത് കേസുകള്‍ പരിഗണിക്കുന്ന ആഗസ്ത് ആറിനു മാത്രമേ റിപ്പോര്‍ട്ട് തുറക്കൂ. അതിനിടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി കലാപത്തിന് കൂട്ടുനിന്നെന്ന് തെളിയിക്കുന്ന രേഖകള്‍ സിറ്റിസസ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന സംഘടന കലാപം അന്വേഷിക്കുന്ന ജസ്റ്റിസ് നാനാവതി കമീഷനു കൈമാറി. മോഡിയുടെ ഫോണ്‍ വിശദാംശങ്ങള്‍ അടങ്ങുന്നതാണ് രേഖ. സംഘപരിവാറിന്റെ നേതൃത്വത്തില്‍ വംശഹത്യ നടക്കുമ്പോള്‍ പല സ്ഥലങ്ങളില്‍നിന്നും മുഖ്യമന്ത്രിക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നതായി രേഖകള്‍ തെളിയിക്കുന്നു. സഹായം അഭ്യര്‍ഥിച്ചുള്ള ഈ ഫോണ്‍ വിളികളോട് തണുപ്പന്‍ പ്രതികരണമാണ് മോഡിയുടെ ഭാഗത്തുനിന്നുണ്ടായത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും നിഷ്ക്രിയരായിരുന്നു.

വംശഹത്യാസമയത്ത് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലുണ്ടായ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നല്‍കിയ പരാതിയിലാണ് അഞ്ചംഗ എസ്ഐടിക്ക് സുപ്രീംകോടതി രൂപം നല്‍കിയത്. 2008 മാര്‍ച്ചിലാണ് ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ എസ്ഐടി നിലവില്‍ വന്നത്. ഏപ്രില്‍ 30 ഓടെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് കൈമാറിയത്. എസ്ഐടി രൂപീകരിക്കുമ്പോള്‍ മൂന്നുമാസത്തെ സമയപരിധിയാണ് സുപ്രീംകോടതി അനുവദിച്ചത്. എന്നാല്‍, അന്വേഷണം നീണ്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് എസ്ഐടി സമര്‍പ്പിച്ചിരുന്നു.

ദേശാഭിമാനി 15052010

1 comment:

  1. മലേഗാവ്, ഹൈദരാബാദ്, അജ്മീര്‍ ബോംബ് സ്ഫോടനക്കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. കളമശേരി ബസ് കത്തിച്ച കേസ് എന്‍ഐഎക്ക് കൈമാറാന്‍ അമിത താല്‍പ്പര്യം കാട്ടിയ കേന്ദ്രസര്‍ക്കാര്‍ ഈ മൂന്ന് കേസും എന്‍ഐഎക്ക് വിടാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. 1995ലെ ബസ് കത്തിക്കല്‍ കേസില്‍ കേരള പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയെന്നു മാത്രമല്ല കുറ്റവാളികളെ മുഴുവന്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കേസിപ്പോള്‍ കോടതിയിലാണ്. ഹൈദരാബാദ്, അജ്മീര്‍ കേസില്‍ യഥാക്രമം ആന്ധ്രപ്രദേശ് സര്‍ക്കാരും രാജസ്ഥാന്‍ സര്‍ക്കാരും തെറ്റായ വിചാരണയാണ് നടത്തിയതെന്ന് തെളിഞ്ഞിട്ടും കേസ് എന്‍ഐഎക്ക് വിട്ടുകൊടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം മുഖവാരികയായ 'പീപ്പീള്‍സ് ഡെമോക്രസി'യുടെ മുഖപ്രസംഗത്തില്‍ പറഞ്ഞു. അജ്മീര്‍ ദര്‍ഗാഷെരീഫ് ബോംബ്സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേരെക്കൂടി അറസ്റ്റ് ചെയ്തതോടെ ഹിന്ദുത്വ തീവ്രവാദികള്‍ ഭീകരവാദാക്രമണം നടത്തുകയാണെന്ന് വീണ്ടും തെളിഞ്ഞു. തീവ്ര ഹിന്ദു സംഘടനയായ അഭിനവ് ഭാരതുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായവര്‍. ഇതേ സംഘടനയാണ് 2008ലെ മലേഗാവിലെ സ്ഫോടനത്തിനു പിന്നിലുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഹൈദരാബാദിലെ മെക്ക മസ്ജിദ് സ്ഫോടനവുമായും ഇവര്‍ക്ക് ബന്ധമുണ്ട്. മൂന്നിടത്തും ഹിന്ദു തീവ്രവാദി സംഘടനകള്‍ ലക്ഷ്യമാക്കിയത് മുസ്ളിങ്ങളെയും അവരുടെ ആരാധനാലയങ്ങളെയുമാണ്.

    ReplyDelete