Monday, May 3, 2010

ഡിവൈഎഫ്ഐ അരിമാര്‍ച്ച്

ഡിവൈഎഫ്ഐ ഡല്‍ഹിയില്‍ അരിമാര്‍ച്ച് നടത്തി

ന്യൂഡല്‍ഹി: കേരളത്തിന്റെ ബിപിഎല്‍ അരിവിഹിതം പൂര്‍ണമായി പുനസ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ പാര്‍ലമെന്റിലേക്ക് അരി മാര്‍ച്ച് നടത്തി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബാങ്കിങ്ങ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് പുനഃസ്ഥാപിക്കുക, റെയില്‍വെയുടെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും മാര്‍ച്ചില്‍ ഉന്നയിച്ചു. ആയിരത്തോളംപേര്‍ പങ്കെടുത്ത ഗംഭീര മാര്‍ച്ച് കേരള ഹൌസില്‍നിന്നാണ് തുടങ്ങിയത്. പാര്‍ലമെന്റ് സ്ട്രീറ്റില്‍ പൊലീസ് തടഞ്ഞു. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ശ്രീരാമകൃഷ്ണന്‍, സംസ്ഥാന പ്രസിഡന്റ് എം ബി രാജേഷ് എംപി, സെക്രട്ടറി ടി വി രാജേഷ്, പി രാജീവ് എംപി, പി കൃഷ്ണപ്രസാദ് എംഎല്‍എ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

യുവാക്കളുടെ പാര്‍ലമെന്റ് മാര്‍ച്ച് അരിവിഹിതം പുനഃസ്ഥാപിക്കാന്‍

കേരളത്തിന് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവിഹിതം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കേന്ദ്രഗവമെന്റ് തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ അരിസമരം സംഘടിപ്പിക്കുകയാണ്. അന്ധമായ രാഷ്ട്രീയ വിരോധത്താല്‍ കേരളത്തിന് ന്യായമായും ലഭിക്കേണ്ട ഭക്ഷ്യവിഹിതം നല്‍കാതെ ക്രൂരമായി അവഗണിക്കുകയാണ് കേന്ദ്രം. ഉത്സവഘട്ടങ്ങളില്‍ നല്‍കിവന്ന വിഹിതംപോലും വെട്ടിക്കുറയ്ക്കുന്ന നീതിരഹിത സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍, കേന്ദ്രവിഹിതം, റെയില്‍വേ തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തോടുള്ള അവഗണനയുടെ ചിത്രം തെളിഞ്ഞുകാണാം.

സാമ്പത്തിക വളര്‍ച്ച കുറവായിട്ടും മെച്ചപ്പെട്ട സാമൂഹ്യ നേട്ടങ്ങള്‍ കൈവരിക്കാന്‍ കേരളത്തെ സഹായിച്ചതില്‍ സുപ്രധാനമായ പങ്ക് റേഷന്‍ സംവിധാനത്തിനുണ്ട്. കേരളത്തിന്റ റേഷന്‍ സംവിധാനം വളര്‍ന്നത് ശക്തമായ രാഷ്ട്രീയ അടിത്തറയിലാണ്. നാല്‍പ്പതുകളുടെ തുടക്കത്തിലാണ് കേരളത്തില്‍ റേഷന്‍ സംവിധാനം തുടങ്ങുന്നത്. സംസ്ഥാനത്തെ റേഷന്‍ ശക്തിപ്പെടുത്തുന്നതും വ്യാപിക്കുന്നതും 1957ല്‍ ഇ എം എസ് മന്ത്രിസഭ അധികാരം ഏറ്റെടുത്തതോടുകൂടിയാണ്. അന്നും കോണ്‍ഗ്രസ് ഗവമെന്റ് അരിയെ രാഷ്ട്രീയ ആയുധമായിട്ടാണ് ഉപയോഗിച്ചത്. ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായ 1958ല്‍ കേരളത്തിനാവശ്യമായ ഭക്ഷ്യധാന്യം ചോദിച്ച മുഖ്യമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും വെറുംകൈയോടെ ഇറക്കിവിട്ട സംഭവം മലയാളിക്ക് മറക്കാനാവില്ല. അര്‍ഹമായ ഭക്ഷ്യവിഹിതം കേന്ദ്രത്തില്‍നിന്ന് നേടിയെടുക്കാന്‍ ഇ എം എസിന്റെയും എ കെ ജിയുടെയുമെല്ലാം നേതൃത്വത്തില്‍ നടന്ന ഇടപെടലുകളുടെയും പോരാട്ടങ്ങളുടെയും പരിണതഫലമായിട്ടാണ് സ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനം യാഥാര്‍ഥ്യമായത്. നാണ്യവിളകള്‍കൊണ്ട് രാജ്യത്തിന്റെ ഖജനാവിനെ സമ്പന്നമാക്കുന്ന നമുക്ക് ഭക്ഷ്യധാന്യങ്ങള്‍ ന്യായവിലയ്ക്ക് നല്‍കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചതിന്റെ കൂടി ഭാഗമായാണ് സ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനം നിലവില്‍ വന്നത്.

ഇന്ത്യയിലെ എറ്റവും വലിയ പൊതുവിതരണ സമ്പ്രദായം കേരളത്തിലാണ്. ഗ്രാമ നഗര വ്യത്യാസമില്ലാതെ ഏതാണ്ട് മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡുകളുണ്ട്. ജനങ്ങളില്‍ എറിയ പങ്കും പ്രത്യേകിച്ചും ദരിദ്രരും, താഴ്ന്ന ഇടത്തരക്കാരും അവരുടെ ധാന്യ ആവശ്യത്തിന് റേഷന്‍ സംവിധാനത്തെമാത്രം ആശ്രയിക്കുന്ന സംസ്ഥാനമാണ് കേരളം. ഭക്ഷ്യസുരക്ഷ, പോഷണ ലഭ്യത, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലുണ്ടായ മുന്നേറ്റം ഒരു പരിധിവരെ റേഷന്‍സംവിധാനത്തിന്റെ പരോക്ഷ നേട്ടങ്ങളാണെന്നത് നിസ്തര്‍ക്കമാണ്. പൊതുസംവിധാനങ്ങളിലെ സര്‍ക്കാര്‍ ഇടപെടല്‍ കുറയ്ക്കുകയെന്ന ആഗോളീകരണ നയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയതാണ് റേഷന്‍ സംവിധാനം പ്രതിസന്ധിയിലാകാന്‍ കാരണം. റേഷന്‍ സംവിധാനം ദരിദ്രര്‍ക്കുമാത്രമായി പരിമിതപ്പെടുത്തണമെന്ന ആഗോളീകരണ കാഴ്ചപ്പാട് കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്തിയതിനെത്തുടര്‍ന്നാണ് എപിഎല്‍, ബിപിഎല്‍, വിഭജനത്തിന് തുടക്കം കുറിച്ചത്. ഈ വിഭജനം സ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനത്തിലൂടെ എല്ലാവര്‍ക്കും ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍, ബിപിഎല്‍ ലിസ്റിലുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുകയും ബിപിഎല്‍ ലിസ്റ് വര്‍ഷം തോറും വെട്ടിക്കുറയ്ക്കുകയുംചെയ്തു. ഇതു ഫലത്തില്‍ റേഷന്‍ സംവിധാനത്തെ ദുര്‍ബലമാക്കുന്നതിനും തകര്‍ക്കുന്നതിനും കാരണമായി. റേഷന്റെ തകര്‍ച്ച കേരളീയ സമൂഹത്തില്‍ വിവരണാതീതമായ പ്രത്യാഘാതം സൃഷ്ടിക്കും.

പൊള്ളുന്ന വിലക്കയറ്റത്തിനു മുന്നില്‍ പല സംസ്ഥാനങ്ങളും നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുമ്പോള്‍ കേരളം സ്വീകരിക്കുന്ന ശക്തവും തീക്ഷ്ണവുമായ നടപടികള്‍ വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നു. സംസ്ഥാനസര്‍ക്കാറിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് കഴിയാവുന്നതെല്ലാം ചെയ്തിട്ടും വിലക്കയറ്റത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് യുഡിഎഫിന്റെയും ഏതാനും മാധ്യമങ്ങളുടെയും ശ്രമം. ഭക്ഷ്യധാന്യ ശേഖരണത്തിന്റെ കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ കേരളത്തിന് അര്‍ഹമായ ഭക്ഷ്യവിഹിതം നല്‍കാത്തതെന്തുകൊണ്ടെന്ന് വിശദീകരിക്കാനുള്ള ബാധ്യത കേന്ദ്രമന്ത്രിമാര്‍ക്കും കോണ്‍ഗ്രസിനുമുണ്ട്.

റേഷന്‍വിഹിതം ഏതാണ്ട് പൂര്‍ണമായി ഇല്ലാതാക്കിക്കൊണ്ട് കേരളത്തെ പട്ടിണിക്കിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. നാണ്യവിളകളിലൂടെയും പ്രവാസിമലയാളികളിലൂടെയും കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന ആയിരക്കണക്കിന് കോടി രൂപയുടെ വിദേശനാണയത്തിന് ഒരു വിലയും കല്‍പ്പിക്കാത്ത വെറും ഭിക്ഷാംദേഹികളായി മൂന്നേകാല്‍കോടി മലയാളികളെ കാണുന്ന കേന്ദ്രത്തിന്റെ മാടമ്പിത്തരത്തെ മലയാളിസമൂഹം ഒന്നാകെ ചോദ്യം ചെയ്തേ മതിയാകൂ. ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയായ ഫെഡറലിസത്തിന് വെല്ലുവിളി ഉയര്‍ത്തുംവിധം ഏറെക്കാലമായി കേന്ദ്രഗവമെന്റ് കേരളത്തോട് കാണിക്കുന്ന കൊടുംക്രൂരതയ്ക്കെതിരായ, കേരളീയ യൌവനത്തിന്റെ ആത്മാഭിമാനപ്പോരാട്ടമാണ് 3ന് പാര്‍ലമെന്റിനു മുന്നില്‍ ഡിവൈഎഫ്ഐ നേതൃത്വം നല്‍കുന്ന അരിസമരം.

(ടി വി രാജേഷ്)

ദേശാഭിമാനി 03052010

1 comment:

  1. കേരളത്തിന് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവിഹിതം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കേന്ദ്രഗവമെന്റ് തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ അരിസമരം സംഘടിപ്പിക്കുകയാണ്. അന്ധമായ രാഷ്ട്രീയ വിരോധത്താല്‍ കേരളത്തിന് ന്യായമായും ലഭിക്കേണ്ട ഭക്ഷ്യവിഹിതം നല്‍കാതെ ക്രൂരമായി അവഗണിക്കുകയാണ് കേന്ദ്രം. ഉത്സവഘട്ടങ്ങളില്‍ നല്‍കിവന്ന വിഹിതംപോലും വെട്ടിക്കുറയ്ക്കുന്ന നീതിരഹിത സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍, കേന്ദ്രവിഹിതം, റെയില്‍വേ തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തോടുള്ള അവഗണനയുടെ ചിത്രം തെളിഞ്ഞുകാണാം.

    ReplyDelete