Saturday, May 29, 2010

ഫിക്കിയുടെ അതിമോഹം ആപല്‍ക്കരം

ഭക്ഷ്യധാന്യസംഭരണവും വിതരണവും പൂര്‍ണമായും സ്വകാര്യമേഖലയെ ഏല്‍പ്പിച്ചുകൊടുക്കണമെന്നും സര്‍ക്കാര്‍ ഈ മേഖലയില്‍നിന്ന് പിന്മാറണമെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അത്യന്തം ആപല്‍ക്കരമായ അതിമോഹമാണ്.

ഭക്ഷ്യവസ്തുക്കളുടെ വില മുമ്പൊരിക്കലും ഇല്ലാത്തവിധം കുതിച്ചുകയറിയിരിക്കുന്നു. ഫുഡ് ഇന്‍ഫ്ളേഷന്‍ (ഭക്ഷ്യവിലക്കയറ്റം) എന്ന ഒരു വാക്കുതന്നെ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ പ്രയോഗത്തില്‍വന്നിരിക്കുന്നു. ബഹുഭൂരിപക്ഷംവരുന്ന സാധാരണജനങ്ങള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുകയാണ്. ഭക്ഷ്യവസ്തുക്കളുടെ അവധിവ്യാപാരവും തന്മൂലമുള്ള പൂഴ്ത്തിവയ്പും കരിഞ്ചന്തയും വിലക്കയറ്റത്തിന്റെ മുഖ്യഹേതുവാണെന്ന് വ്യക്തം. കേന്ദ്രസര്‍ക്കാരാകട്ടെ സാമ്രാജ്യത്വ ആഗോളവല്‍ക്കരണനയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യധാന്യസംഭരണം, വിതരണം എന്നീ മേഖലകളില്‍നിന്ന് പടിപടിയായി പിന്മാറിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യധാന്യസംഭരണം സ്വകാര്യ കുത്തകവ്യാപാരികളെ ഏല്‍പ്പിക്കുകമാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള ഗോഡൌണുകള്‍പോലും അവര്‍ക്ക് പാട്ടത്തിന് നല്‍കി സഹായിക്കുകയാണ്. വിലക്കയറ്റം തടയാന്‍ സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം നടപ്പാക്കണമെന്ന ഇടതുപക്ഷത്തിന്റെ തികച്ചും ന്യായമായ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതേവരെ തയ്യാറായിട്ടില്ല.

കേന്ദ്രസര്‍ക്കാരിന്റെ അവഗണന കേരളത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രകടമാണ്. സ്റാറ്റ്യൂട്ടറി റേഷന്‍സമ്പ്രദായം നിലനിര്‍ത്താന്‍ കേരളത്തിന് പ്രതിമാസം 1,13,000 ട അരി വിട്ടുതരണമെന്ന ആവശ്യം, കേന്ദ്രസര്‍ക്കാര്‍ നിഷ്കരുണം തള്ളിക്കളഞ്ഞിരിക്കുന്നു. 17,000 ട അരിമാത്രമാണ് നല്‍കുന്നത്. ക്രമാതീതമായ വിലക്കയറ്റം അനുഭവപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനല്ല കൂടുതല്‍ ലാഭം കൊയ്തെടുക്കാനാണ് കോര്‍പറേറ്റ് മേഖല ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പരമാവധി ലാഭംമാത്രമാണ് അവരുടെ ലക്ഷ്യമെന്ന് വ്യക്തമാണ്. അത്തരമൊരു സാഹചര്യത്തില്‍ പരിമിതമായ തോതിലുള്ള ഭക്ഷ്യധാന്യസംഭരണം, വിതരണം എന്നിവപോലും സ്വകാര്യ കുത്തകവ്യാപാരികളെ ഏല്‍പ്പിക്കണമെന്ന ആവശ്യം, സാധാരണജനങ്ങളെ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് എറിഞ്ഞുകൊടുക്കുന്നതായിരിക്കുമെന്ന് വളരെ വ്യക്തമാണ്.

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയം സ്വകാര്യ കുത്തകകള്‍ക്ക് അനുകൂലമാണെന്ന് അറിയാത്തവരില്ല. ഈ നയത്തിന്റെ ഫലമായിത്തന്നെയാണ് ശതകോടീശ്വരന്മാര്‍ രാജ്യത്ത് പെരുകിവരുന്നത്. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി സ്വകാര്യകമ്പനികള്‍ക്ക് വില്‍പ്പന നടത്തി ഈ വര്‍ഷം 40,000 കോടി രൂപ ലഭ്യമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചതാണ്. പ്രതിവര്‍ഷം കേന്ദ്ര ഖജനാവിലേക്ക് 20,000 കോടി രൂപ ലാഭവിഹിതം അടയ്ക്കുന്ന കമ്പനികളാണിതെന്നും വ്യക്തം.

ഇത്തരമൊരു സാഹചര്യത്തില്‍ ഫിക്കിയുടെ ആവശ്യം അംഗീകരിക്കുന്നതിന് രണ്ടാം യുപിഎ സര്‍ക്കാരിന് വൈമനസ്യമൊന്നും കാണാനിടയില്ല. ഇതാകട്ടെ നാടിനെ നാശത്തിലേക്ക് നയിക്കാന്‍മാത്രമേ ഉപകരിക്കൂ. ഈ ആപത്ത് മുന്‍കൂട്ടി മനസ്സിലാക്കി ഇതിനെതിരെ സംഘടിതമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ വൈകിക്കൂടാ. പൊതുമേഖല സംരക്ഷിക്കുന്നതിനായി അഞ്ച് ദേശീയ തൊഴിലാളിസംഘടന യോജിച്ച നിലപാട് സ്വീകരിക്കാന്‍ തയ്യാറായത് മാതൃകയാണ്. ഇതേമാതൃകയില്‍ തൊഴിലാളിസംഘടനകളുടെയും ബഹുജനങ്ങളുടെയും കൂട്ടായ്മ ഉയര്‍ത്തിക്കൊണ്ടുമാത്രമേ യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ- പിന്തിരിപ്പന്‍ നയങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിയൂ. ഫിക്കിയുടെ ആവശ്യത്തിന്റെ ആപത്ത് മനസ്സിലാക്കി ജാഗ്രതപാലിക്കാന്‍ എല്ലാവരും തയ്യാറാകേണ്ടതുണ്ട്.

ദേശാ‍ഭിമാനി മുഖപ്രസംഗം 29052010

1 comment:

  1. ഭക്ഷ്യധാന്യസംഭരണവും വിതരണവും പൂര്‍ണമായും സ്വകാര്യമേഖലയെ ഏല്‍പ്പിച്ചുകൊടുക്കണമെന്നും സര്‍ക്കാര്‍ ഈ മേഖലയില്‍നിന്ന് പിന്മാറണമെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അത്യന്തം ആപല്‍ക്കരമായ അതിമോഹമാണ്.

    ReplyDelete