Saturday, May 15, 2010

എണ്ണ വിലനിയന്ത്രണം നീക്കാന്‍ വീണ്ടും ശ്രമം

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള അവകാശം കമ്പനികള്‍ക്ക് വിട്ടുകൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണ്ടും സജീവമായി. കുതിച്ചുയരുന്ന വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച തീരുമാനമാണ് വീണ്ടും പരിഗണിക്കുന്നത്. പെട്രോളിയം വിലനിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന കേന്ദ്ര മന്ത്രിസഭാസമിതി 21ന് യോഗം ചേര്‍ന്ന് വില നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിനുള്ള നിയന്ത്രണം എടുത്തുകളയാനുള്ള തീരുമാനമെടുക്കുമെന്നാണ് സൂചന. ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനായ സമിതിയില്‍ പെട്രോളിയംമന്ത്രി മുരളി ദേവ്ര, കൃഷിമന്ത്രി ശരദ് പവാര്‍, രാസവളം മന്ത്രി എം കെ അഴഗിരി, റെയില്‍മന്ത്രി മമതാ ബാനര്‍ജി, ഉപരിതല ഗതാഗതമന്ത്രി കമല്‍നാഥ് എന്നിവര്‍ അംഗങ്ങളാണ്. ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനും യോഗത്തില്‍ പങ്കെടുക്കും.

അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടത്തിനനുസരിച്ച് ആഭ്യന്തര വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനുള്ള നിയന്ത്രണാവകാശം എടുത്തുകളയാനും സ്വകാര്യ പെട്രോളിയം കമ്പനികള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. നിയന്ത്രണം നീക്കിയാല്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതിനനുസരിച്ച് കമ്പനികള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയും ഉയര്‍ത്തും. എന്നാല്‍, വില താഴ്ന്നാല്‍ അതിന് ആനുപാതികമായി കുറയ്ക്കാന്‍ തയ്യാറാവുകയുമില്ല. ഇങ്ങനെ ഉപയോക്താക്കളെ ചൂഷണംചെയ്യാന്‍ എണ്ണക്കമ്പനികള്‍ക്ക് അവസരം ലഭിക്കും.

പാചകവാതകത്തിനും ബിപിഎല്‍ വിഭാഗക്കാര്‍ക്കുള്ള മണ്ണെണ്ണയ്ക്കും നല്‍കിയിരുന്ന സബ്സിഡി വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചും മന്ത്രിസഭാ സമിതി ചര്‍ച്ചചെയ്യും. ഇതോടെ പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില കുതിച്ചുയരും. കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും നികുതി വര്‍ധിപ്പിച്ച് വില കൂട്ടിയതിലുള്ള പ്രതിഷേധം കെട്ടടങ്ങുന്നതിനു മുമ്പുതന്നെ അടുത്ത വര്‍ധനയ്ക്ക് കളമൊരുക്കുകയാണ് കേന്ദ്രം. പെട്രോള്‍ ലിറ്ററിന് 6.63 രൂപയും ഡീസല്‍ 6.25 രൂപയും നഷ്ടത്തിലാണ് വില്‍ക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. മണ്ണെണ്ണ ലിറ്ററിന് 19.74 രൂപയും പാചകവാതക സിലിണ്ടര്‍(14.2 കിലോ) 254.37 രൂപയും നഷ്ടം സഹിച്ച് വില്‍ക്കുകയാണെന്നും ഇതിനായി നല്‍കേണ്ടിവരുന്ന സബ്സിഡി ഖജനാവിനെ വെളുപ്പിക്കുന്നുവെന്നുമാണ് സര്‍ക്കാര്‍ ന്യായം. വിലനിയന്ത്രണം നീക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായാല്‍ പെട്രോളിന്റെ വിലമാത്രം നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കാനാവും ശ്രമം. ഡീസല്‍ വിലവര്‍ധന നിത്യോപായോഗ സാധനങ്ങളുടെ വിലയില്‍ ഉടന്‍ പ്രതിഫലിക്കുമെന്നതുകൊണ്ട് അക്കാര്യത്തില്‍ വലിയ കടുംപിടിത്തം വേണ്ടെന്ന് ചില മന്ത്രിമാര്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍, സ്വകാര്യ എണ്ണക്കമ്പനികളുടെ മാനസപുത്രനായ പെട്രോളിയംമന്ത്രി ദീര്‍ഘനാളായി വിലനിയന്ത്രണം നീക്കാനുള്ള പരിശ്രമത്തിലാണ്.

വി ജയിന്‍

deshabhimani 15052010

1 comment:

  1. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള അവകാശം കമ്പനികള്‍ക്ക് വിട്ടുകൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണ്ടും സജീവമായി. കുതിച്ചുയരുന്ന വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച തീരുമാനമാണ് വീണ്ടും പരിഗണിക്കുന്നത്. പെട്രോളിയം വിലനിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന കേന്ദ്ര മന്ത്രിസഭാസമിതി 21ന് യോഗം ചേര്‍ന്ന് വില നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിനുള്ള നിയന്ത്രണം എടുത്തുകളയാനുള്ള തീരുമാനമെടുക്കുമെന്നാണ് സൂചന. ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനായ സമിതിയില്‍ പെട്രോളിയംമന്ത്രി മുരളി ദേവ്ര, കൃഷിമന്ത്രി ശരദ് പവാര്‍, രാസവളം മന്ത്രി എം കെ അഴഗിരി, റെയില്‍മന്ത്രി മമതാ ബാനര്‍ജി, ഉപരിതല ഗതാഗതമന്ത്രി കമല്‍നാഥ് എന്നിവര്‍ അംഗങ്ങളാണ്. ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനും യോഗത്തില്‍ പങ്കെടുക്കും.

    ReplyDelete