Saturday, May 29, 2010

സ്ത്രീശാക്തീകരണത്തിലെ തില്ലങ്കേരി/പനമരം മാതൃകകള്‍

സ്ത്രീശാക്തീകരണത്തിലെ തില്ലങ്കേരി മാതൃക

മട്ടന്നുര്‍: സ്ത്രീശാക്തീകരണത്തില്‍ ഇതിഹാസം രചിച്ച തില്ലങ്കേരിയിലെ കുടുംബശ്രീ സിഡിഎസിന് സംസ്ഥാന അംഗീകാരം. സംസ്ഥാനത്തെ പഞ്ചായത്തുകളിലെ മികച്ച അഞ്ച് സിഡിഎസുകളിലൊന്നാണ് തില്ലങ്കേരി. ഇത് പഞ്ചായത്തിലെ 2300 സിഡിഎസ് അംഗങ്ങളുടെ മാതൃകാ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ്. നൂറുശതമാനം കുടുംബശ്രീ ബാങ്ക് ലിങ്കേജ് നേടിയ സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായിരുന്നു തില്ലങ്കേരി. 106000 വാഴകള്‍ നട്ടുപിടിപ്പിച്ച് രാജ്യത്തെ വലിയ വാഴഗ്രാമം പദ്ധതി നടപ്പിലാക്കുകയും ചെയ്തു.

തില്ലങ്കേരിയിലെ വനിതകള്‍ മികച്ചനേട്ടം കൈവരിച്ചപ്പോള്‍ കഠിന പ്രയത്നത്തിന്റെ കഥകളാണ് അതിന് പിന്നിലുള്ളത്. 129 അയല്‍ക്കൂട്ടങ്ങളിലായി 8764800 രൂപ നിക്ഷേപവും 30360800 രൂപ വായ്പയുമുള്ള ഇവിടെ വനിതാ കൂട്ടായ്മയില്‍ വൈവിധ്യങ്ങളായ പദ്ധതികളാണ് നടപ്പാക്കിയത്. ഭവനശ്രീ പദ്ധതിയില്‍ 89 വീട് നിര്‍മിച്ചു. സബ്സിഡിയായി 890000 രൂപ നല്‍കി. നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി. 22 ആട് വളര്‍ത്തല്‍ യൂണിറ്റ്, ഒമ്പത് കോഴിഫാം, 16 ഡെയ്റിഫാം, ഏഴ് മണ്ണിരകമ്പോസ്റ്റ് യൂണിറ്റ്, രണ്ടുവീതം ചിപ്സ് നിര്‍മാണ യൂണിറ്റ്, വാഴനാരുല്‍പന്ന യൂണിറ്റ്, വനിതാ ടെയ്ലറിങ് യൂണിറ്റ്, കരകൌശല യൂണിറ്റ് എന്നിവ പ്രവര്‍ത്തിക്കുന്നു. 66 സ്വയം തൊഴില്‍ സംരഭക യൂണിറ്റുകള്‍ക്ക് 2550000 രൂപയാണ് സബ്സിഡിയായി നല്‍കിയത്. 114 ഹെക്ടറിലാണ് സ്തീകളുടെ വാഴകൃഷിയുള്ളത്. 15 ഹെക്ടര്‍ തരിശ് നിലത്ത് നെല്‍കൃഷിയിറക്കി. ഒരു വീട്ടില്‍ ഒരു സെന്റ് വയല്‍ എന്ന നിലയില്‍ 1500 കുട്ടിവയലുകളും തില്ലങ്കേരിയിലുണ്ട്.

കാര്‍ഷിക മേഖലയിലൂടെ സ്വയം പര്യാപ്തത കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ആരോഗ്യ മേഖലയിലും കുടുംബശ്രീ മികവ് പുലര്‍ത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ എ ഷാജി പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിന് 107 ജനസഖ്യ യൂണിറ്റുകളാണുള്ളത്. കിടപ്പിലായ 65 രോഗികളുടെ പരിചരണം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പദ്ധതിയില്‍ ഏറ്റെടുത്തു. 49 ബാലസഭകളിലായി 980 കുട്ടികളുടെ സംഘവുമുണ്ട്. ആശ്രയപദ്ധതിയില്‍ 34 വീടുകള്‍ നിര്‍മിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ 32 ലക്ഷംരൂപയുടെ പ്രവൃത്തികളാണ് നടത്തിയത്. വികസന മുരടിപ്പും തൊഴിലില്ലായ്മയും നിലനിന്ന തില്ലങ്കേരിയിലെ ഗ്രാമങ്ങളില്‍ വനിതാ സംഘങ്ങളിലുടെ വികസനവും തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ ചെയര്‍പേഴ്സ എം കെ സുബൈറയുടെ നേതൃത്വത്തിലുള്ള സിഡിഎസിനായി.

നേട്ടങ്ങളുടെ നെറുകയില്‍ പനമരം കുടുംബശ്രീ

പനമരം: പട്ടികവര്‍ഗ്ഗ മേഖലയിലെ വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതല അംഗീകാരം ലഭിച്ചതിന്റെ ആവേശത്തിലാണ് പനമരം കുടുംബശ്രീ പ്രവര്‍ത്തകര്‍. പഞ്ചായത്തിലെ 2300 പട്ടികവര്‍ഗ്ഗ കുടുംബങ്ങളെയും മുഖ്യധാരയിലെത്തിക്കാന്‍ കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. 530 കുടുംബശ്രീ യൂണിറ്റുകളുള്ള പനമരം പഞ്ചായത്തില്‍ 154 പട്ടിക വര്‍ഗ്ഗ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരും സഹായത്തിനില്ലാത്ത ആദിവാസി കുടുംബങ്ങളെ പരിചരിക്കുന്നതില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്നിലാണ്. 19 അഗതി കുടുംബങ്ങളുടെ സംരക്ഷണം സിഡിഎസിന്റെ നേരിട്ടുള്ള ചുമതലയിലാണ്. ഇവരുടെ എല്ലാ പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതില്‍ സിഡിഎസ് പ്രവര്‍ത്തകര്‍ ശ്രദ്ധാലുക്കളാണ്.

മലങ്കരയിലെ രോഗിയായ ഓണത്തിയെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരാന്‍ കഴിഞ്ഞത് ചാരിതാര്‍ത്ഥ്യമുളവാക്കുന്നതായി സിഡിഎസ് ചെയര്‍പേഴ്സ ലീന ജോളി പറഞ്ഞു. വയറ്റില്‍ എട്ട് കിലോ തൂക്കമുള്ള മുഴയുമായിക്കഴിഞ്ഞ ഓണത്തിയെ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചത് ലീനയാണ്. ഓപ്പറേഷന് ശേഷം ഓണത്തി മരിച്ചെന്ന വാര്‍ത്ത നാട്ടില്‍ പരന്നു. എല്ലാവരും തന്നെ കുറ്റപ്പെടുത്തി. എന്നാല്‍ ഓപ്പറേഷന് ശേഷം ഓണത്തി തിരികെ നാട്ടിലെത്തിയപ്പോള്‍ കുറ്റപ്പെടുത്തിയവരെ ജനം തിരിച്ചറിഞ്ഞു. ഇന്ന് ഓണത്തി തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്നതായി ലീന പറഞ്ഞു.

റേഷന്‍ കാര്‍ഡില്ലാത്ത 600 പട്ടിക വര്‍ഗ്ഗ കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. ഇവര്‍ക്ക് റേഷന്‍കാര്‍ഡ് ലഭിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സിഡിഎസ് നടത്തി വരികയാണ്. 120 കുടുംബങ്ങള്‍ക്ക് സിഡിഎസിന്റെ ഇടപെടലിനെ തുടര്‍ന്ന് റേഷന്‍കാര്‍ഡ് ലഭിച്ചു കഴിഞ്ഞു. ജില്ലയില്‍ കുടുംബശ്രീമിഷന്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് പനമരത്താണ്. 50 ലക്ഷം രൂപയാണ് പനമരം പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിച്ചത്. ഈ തുക മൈക്രോ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് പ്രധാനമായും ചെലവഴിച്ചത്. പഞ്ചായത്തില്‍ ആരംഭിച്ച മൈക്രോ സംരംഭങ്ങള്‍ സ്ത്രീകളുടെ വരുമാനം വര്‍ദ്ധിപ്പിച്ചതിനൊപ്പം കുടുംബ ഭദ്രതയും മെച്ചപ്പെട്ടതാക്കി.

സ്ത്രീകള്‍ പവര്‍ടില്ലര്‍ ഉപയോഗിച്ച് വയലില്‍ പണിയെടുക്കുന്നത് പനമരം പഞ്ചായത്തിന്റെ പ്രത്യേകതയാണ്. പനമരം പഞ്ചായത്തിലെ കുടുംബശ്രീകള്‍ കൃഷി ചെയ്ത മത്സ്യമാണ് ജില്ലക്കകത്തും പുറത്തുമുള്ള റിസോര്‍ട്ടുകളില്‍ ഉപയോഗിക്കുന്നത്. രണ്ട് വലിയ കുളങ്ങളിലാണ് മത്സ്യ കൃഷി നടത്തുന്നത്.മത്സ്യ കൃഷിയോടൊപ്പം 880 ഏക്കര്‍ സ്ഥലത്ത് പാട്ടകൃഷിയും ചെയ്യുന്നുണ്ട്. ഇതിന്റെ ഗുണം മൂവ്വായിരം കുടുംബങ്ങള്‍ക്കാണ്. വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ ചുമതല ബോധത്തോടെ ഏറ്റെടുത്ത് നടപ്പിലാക്കുന്ന സിഡിഎസ് പ്രവര്‍ത്തകര്‍ അഗതി ആശ്രയ പദ്ധതിയിലൂടെ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകപരമാണ്.

deshabhimani news

1 comment:

  1. സ്ത്രീശാക്തീകരണത്തിലെ തില്ലങ്കേരി/പനമരം മാതൃകകള്‍

    ReplyDelete