Monday, May 24, 2010

ഞങ്ങളുടെ നാവ് കെട്ടിയിട്ടിട്ടില്ലെന്ന് വീരന്‍ ഓര്‍ക്കണം

സിപിഐ എമ്മിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ വല്ലാതെ പറയുമ്പോള്‍ ഞങ്ങളുടെ നാവ് കെട്ടിയിട്ടിട്ടില്ലെന്ന് വീരേന്ദ്രകുമാര്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. മൈലാമ്പാടിയില്‍(കോഴിക്കോട്) സിപിഐ എം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.

ഒരു പത്രത്തിന്റെ പിന്‍ബലമുണ്ടെന്ന് കരുതി എന്തും വിളിച്ചുപറയാമെന്നാണ് വീരന്‍ കരുതുന്നത്. പേരാമ്പ്രയില്‍ ഒരു വിദ്വാന്‍ മാവോയിസ്റ്റുകളെ ന്യായീകരിച്ച് പൊതുയോഗത്തില്‍ പറഞ്ഞപ്പോള്‍ കേള്‍വിക്കാര്‍ പ്രതിഷേധിച്ചതിന്റെ പിന്നില്‍ പിണറായി വിജയനാണെന്നാണ് വീരന്‍ പറയുന്നത്. ലാവ്ലിന്‍ സംബന്ധിച്ച് ആ വിദ്വാന്‍ പുസ്തകം എഴുതിയതിന് പ്രതികാരമായി പിണറായി ചെയ്യിക്കുന്നതാണിതെന്നും വീരന്‍ കണ്ടെത്തുന്നു. ലാവ്ലിനെക്കുറിച്ച് വീരനും ഒരുപാട് എഴുതിയിട്ടുണ്ടല്ലോ. വീരന്‍ പടച്ചുവിട്ട കുമാരന്മാരും കേരളമാകെ പറഞ്ഞുനടക്കുന്നുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചോ?

സ്വന്തം മാന്യതപോലും കണക്കാക്കാതെ വീരന്‍ സംസാരിക്കുകയാണിപ്പോള്‍. ഇതിന് മറുപടിയായി വീരന്‍കഥ പറയാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ ഇനി പറഞ്ഞുതുടങ്ങും. പേരാമ്പ്രയില്‍ കിരാതമായ അക്രമമാണെന്നാണ് വീരന്‍ പറഞ്ഞത്. എന്നാല്‍ തന്റെ നിലപാടിനൊപ്പം നില്‍ക്കാതെ, ജനതാദളില്‍ ഉറച്ചുനിന്ന ലോഹ്യ എന്ന യുവനേതാവിനെ കോഴിക്കോട് നഗരത്തിലിട്ട് പൊതിരെ തല്ലി ആശുപത്രിയിലാക്കിയപ്പോള്‍ വീരനില്‍ എന്തേ ജനാധിപത്യബോധം ഉണര്‍ന്നില്ല? അന്ന്, ലോഹ്യയെ ആദ്യം തല്ലിയത് താനാണെന്നുപറഞ്ഞ് വീരന്റെ മുന്നില്‍ നില്‍ക്കാന്‍ ജില്ലാ നേതാക്കള്‍ മത്സരിക്കുകയായിരുന്നില്ലേ. അതെന്തേ നമ്മുടെ മാധ്യമങ്ങള്‍ക്ക് പ്രധാന വാര്‍ത്തയായില്ല?

സിപിഐ എമ്മിന്റെ വിശ്വാസ്യത കൂടിവരുന്നതുകൊണ്ടാണ് എന്ത് പ്രശ്നമുണ്ടാകുമ്പോഴും അതിനെ പാര്‍ടിയുമായി കൂട്ടിക്കെട്ടി വിവാദമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. മലയാളികളുടെ പ്രിയങ്കരനായ നേതാവ് ഇ കെ നായനാരുടെ പേരില്‍ കണ്ണൂരിലുണ്ടാക്കുന്ന സ്മാരകത്തിന് പണം കണ്ടെത്താന്‍ പ്രവാസി മലയാളികളെ സമീപിച്ചതിന്റെ പേരിലും വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു. പക്ഷെ അത് വേണ്ടവിധം കാറ്റുപിടിക്കാതെ പോയപ്പോഴാണ് പുതിയ കഥകളെന്നും പിണറായി പറഞ്ഞു.

ജമാഅത്തെ ഇസ്ളാമിയുടെ നിലപാട് യുഡിഎഫ് സ്വീകരിക്കരുത്: പിണറായി

ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ വികസനം പാടില്ലെന്ന ജമാഅത്തെ ഇസ്ളാമിയുടെ സമീപനം യുഡിഎഫും സ്വീകരിക്കുന്നത് നാടിന് ആപത്താണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മൈലാമ്പാടിയില്‍ പാര്‍ടിയുടെ രണ്ട് ബ്രാഞ്ചുകള്‍ക്കായി പണിത പി കൃഷ്ണപിള്ള സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏത് നല്ല കാര്യത്തെയും എതിര്‍ക്കുക എന്നത് നയമായി കരുതുന്ന പാര്‍ടിയാണ് സോളിഡാരിറ്റി. ഇസ്ളാമിക രാഷ്ട്രത്തിനായി നിലകൊള്ളുന്നവരാണവര്‍. മുസ്ളിം സമുദായത്തിലെ മറ്റ് സംഘടനകളെല്ലാം ഇന്ത്യന്‍ മതേതരത്വം അംഗീകരിച്ച് മതകാര്യങ്ങളില്‍ അവരുടേതായ അഭിപ്രായം പറയുന്നവരാണ്. അവര്‍ക്കൊന്നുമില്ലാത്ത മുഖമാണ് ജമാഅത്തെ ഇസ്ളാമിക്ക്. സ്ഥാപക നേതാവിന്റെ ആശയങ്ങളെപ്പോലും തള്ളിപ്പറഞ്ഞാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. ഈ പൊയ്മുഖം ഇപ്പോള്‍ അഴിഞ്ഞുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് എന്‍ഡിഎഫ് എന്ന ഭീകര സംഘടനയെ കൂടെനിര്‍ത്തിയിരിക്കുന്ന മുസ്ളിംലീഗിനുപോലും ജമാഅത്തെ ഇസ്ളാമിയെ തള്ളിപ്പറയേണ്ടിവന്നത്. എന്‍ഡിഎഫിനൊപ്പം ജമാഅത്തെ ഇസ്ളാമിയെയും കൂടെനിര്‍ത്തി രാഷ്ട്രീയം കളിക്കാമെന്നായിരുന്നു ലീഗിന്റെ പ്രതീക്ഷ. അതാണിപ്പോള്‍ തകര്‍ന്നത്. കഴിഞ്ഞ നാല് കൊല്ലത്തിനിടയില്‍ പല തവണ രഹസ്യയോഗം ചേര്‍ന്നിട്ടുണ്ടെന്ന് ജമാഅത്തെയുടെ അമീറിനു തന്നെ പറയേണ്ടിവന്നു. തങ്ങളുടെ പൊയ്മുഖം പുറത്തായതിന്റെ ദേഷ്യമാണ് അമീര്‍ സിപിഐ എമ്മിനോട് കാട്ടുന്നത്. അതില്‍ തങ്ങള്‍ക്ക് ഒട്ടും ഭയമില്ല.

ഈ സംഘടനയൊടൊപ്പം ചേര്‍ന്നാണ് വികസനവിരുദ്ധ പോരാട്ടം യുഡിഎഫ് നയിക്കുന്നത്. കിനാലൂരിലെ നാലുവരിപ്പാതക്കെതിരായ സമരം ഇതിലൊന്നാണ്. നാഷണല്‍ ഹൈവേ വീതിയുടെ കാര്യത്തിലുള്ള യുഡിഎഫ് നിലപാടും കേരളത്തിന് ഗുണകരമല്ല. 60 മീറ്റര്‍ വീതിയില്‍ പാതയില്ലെങ്കില്‍ സാമ്പത്തിക സഹായം നല്‍കില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. ഇതിനുപുറമെ ടോള്‍ വാങ്ങണമെന്നും നിര്‍ബന്ധമാക്കി. ടോള്‍ പിരിക്കാതെ കേന്ദ്ര ഫണ്ട് ചെലവിട്ട് റോഡ് നന്നാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. അറ്റകുറ്റപ്പണിപോലും ചെയ്യാതെ തിരിച്ചടിക്കുകയാണ് കേന്ദ്രം ചെയ്തത്.

പാലക്കാട്- തൃശൂര്‍ റോഡില്‍ കാല്‍നടപോലും പറ്റാത്തവിധം റോഡ് തകര്‍ന്നു. ഇതിന്റെ പേരിലും സംസ്ഥാനത്തെ കുറ്റപ്പെടുത്താനാണ് കോണ്‍ഗ്രസ് തയ്യാറായത്. ഒടുവില്‍ വീതി 45 മീറ്ററിലൊതുക്കണമെന്ന സംസ്ഥാനത്തിന്റെ അഭ്യര്‍ഥന കേന്ദ്രം അംഗീകരിച്ചു. ഉമ്മന്‍ചാണ്ടി അപ്പോള്‍ പറഞ്ഞത് കേരളത്തിലെ ദേശീയപാത 30 മീറ്ററില്‍ മതിയെന്നാണ്. എല്ലാവര്‍ക്കും ഇത് സ്വീകാര്യമാണെങ്കില്‍ 30 മീറ്ററാക്കാമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ഇതേത്തുടര്‍ന്ന് ദില്ലിയില്‍ പോയി സര്‍വകക്ഷി നിവേദനം നല്‍കി. എന്നാല്‍ അതിനുശേഷവും കേന്ദ്രമന്ത്രി പറയുന്നത് 45 മീറ്ററില്‍ കുറഞ്ഞ വീതി ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ്.

കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും ഇക്കാര്യത്തില്‍ സംസ്ഥാന താല്പര്യം പരിഗണിക്കാനാണ് തയാറാകേണ്ടത്. എന്നാല്‍ അതിന് അവര്‍ തയാറാകുന്നില്ല. ഏത് വഴിയിലൂടെയായാലും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനരോഷം ഉയരണമെന്നാണ് ഇവരുടെ നിലപാട്. ഇത് തികഞ്ഞ അല്പത്തമാണെന്നും പിണറായി പറഞ്ഞു.

ദേശാഭിമാനി 24052010

1 comment:

  1. സിപിഐ എമ്മിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ വല്ലാതെ പറയുമ്പോള്‍ ഞങ്ങളുടെ നാവ് കെട്ടിയിട്ടിട്ടില്ലെന്ന് വീരേന്ദ്രകുമാര്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. മൈലാമ്പാടിയില്‍(കോഴിക്കോട്) സിപിഐ എം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.

    ReplyDelete