Thursday, May 6, 2010

ലാവ്ലിന്‍ കേസിനെ ആര്‍ക്കാണ് പേടി?

'കാരാട്ട് പഴയതുതന്നെ പാടി'

വിശ്വസിക്കുക, ഇതൊരു ഫലിത പരിപാടിയുടെ തലക്കെട്ടല്ല. ഒരു കാര്‍ടൂണിന്റെ ശീര്‍ഷകവുമല്ല. ഒരു വാര്‍ത്തയുടെ തലക്കെട്ടാണ്. ജയ്ഹിന്ദ് ടിവിയില്‍ വന്നതല്ല, മനോരമ ടിവിയില്‍ നിന്നെടുത്തതാണ്.

2010 ഏപ്രില്‍ 23. സമയം രാത്രി 9 മണി. വേദി മനോരമ ടി വി. സ്ക്രീനില്‍ കൌണ്ടര്‍ പോയിന്റ്.

അത്, ടെലിവിഷന്‍ ക്ളോക്കിലെ വാര്‍ത്താവിശകലനത്തിന്റെ നേരമായിരുന്നു. അത്, മനോരമ ടിവിയുടെ ഔദ്യോഗിക വാര്‍ത്താ വിശകലന പരിപാടിയായിരുന്നു. പത്രത്തിലെ മുഖപ്രസംഗത്തിനു സമാനമായ പംക്തി. അതിലാണ് നേരത്തെ കേട്ട പരാമര്‍ശം കടന്നുവന്നത്. അതും തലക്കെട്ടുകളില്‍.

'കൌണ്ടര്‍ പോയിന്റി'ന്റെ ഹെഡ്‌ലൈന്‍ ഗ്രാഫിക്സ്റോള്‍ ചെയ്യുന്നു. വശ്യമായ ഉപകരണസംഗീതം ഉയര്‍ന്നു താഴുന്നു. അവതാരകന്റെ ശബ്ദം മുഴങ്ങുന്നു: "കാരാട്ട് പഴയതുതന്നെ പാടി.'' പിന്നീട്, ഹെഡ്ലൈന്‍ ഗ്രാഫിക്സിലെ ജാലകത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ മുഖം വരുന്നു. കാരാട്ട് പറയുന്നു.-"We have said from the beginning that is why the case can not stand, that we face it leagaly and will prove that this is not a case of corruption". (അതുകൊണ്ടാണ് തുടക്കം മുതലേ ഞങ്ങള്‍ പറയുന്നത് ഈ കേസ് നിലനില്‍ക്കില്ലെന്ന്, ഞങ്ങള്‍ ഇതിനെ നിയമപരമായി നേരിടുമെന്ന്, ഇത് ഒരു അഴിമതി കേസല്ലെന്ന് തെളിയിക്കുമെന്ന്.)

കാരാട്ടിന്റെ പ്രതികരണത്തിന്റെ ദൃശ്യം കാരാട്ട് പഴയതുതന്നെ പാടി എന്നു വിളിച്ചുപറഞ്ഞുകൊണ്ട് ജനങ്ങള്‍ക്കു നല്‍കുമ്പോള്‍ മനോരമ ഒരു മുഖ്യധാരാ മാധ്യമത്തിന്റെ അതിരുകള്‍ അതിലംഘിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തനപരമായ ഒരു ന്യായീകരണവുമില്ലാതെ.

ഏപ്രില്‍ 23 നാണ് ലാവ്ലിന്‍ കേസില്‍ ക്രൈം ദ്വൈവാരിക ഉടമയും പത്രാധിപരുമായ ടി പി നന്ദകുമാറിന്റെ ഉപഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി തള്ളിയത്. അതിനോടുള്ള പ്രതികരണമായിരുന്നു കാരാട്ടിന്റേത്.

ഏപ്രില്‍ 17ന് ഉപഹര്‍ജിക്കെതിരായ റിപ്പോര്‍ട് സിബിഐ കോടതിയില്‍ വച്ചു -"ലാവ്ലിന്‍ കരാറില്‍ പിണറായി വിജയന്‍ കോഴ വാങ്ങി എന്ന ആരോപണത്തിന് തെളിവില്ല.'' മനോരമ ആ വാര്‍ത്തയ്ക്ക് കൊടുത്ത മേല്‍ക്കുറിപ്പ് ഇങ്ങനെയായിരുന്നു -പിണറായിക്ക് സര്‍ട്ടിഫിക്കറ്റ്. സിബിഐ റിപ്പോര്‍ട് സന്തോഷകരമാണെന്ന് പിണറായി പ്രതികരിച്ചു. അത് മനോരമ വാര്‍ത്തയാക്കിയത് "സിബിഐ കൊള്ളാം'' എന്ന മേലെഴുത്തോടെയായിരുന്നു.

അതേ വാര്‍ത്ത, ന്യൂസ് നൈറ്റില്‍ ഇന്ത്യാവിഷന്‍ ചര്‍ച്ചയ്ക്കെടുത്തു. എതിര്‍പക്ഷങ്ങളില്‍ ഇ പി ജയരാജനും കാളീശ്വരം രാജുമുണ്ടായിരുന്നു. പക്ഷേ, ഇന്ത്യാവിഷന്‍ അവതാരകന്‍ സ്വയം ഒരു പക്ഷത്തു ചേര്‍ന്നു. അദ്ദേഹം വ്യാഖ്യാനിച്ചു: "ഇടപാടില്‍ സാമ്പത്തിക അഴിമതിയില്ല എന്നല്ല, ഇടപാടുകള്‍ക്കു തെളിവില്ല എന്നാണ് സിബിഐ പറഞ്ഞത്.'' "സിബിഐയുടെ പരാമര്‍ശങ്ങള്‍ ഈ കേസിന്റെ മെറിറ്റിനെ ബാധിക്കുന്നില്ല.'' "കുറ്റപത്രത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ വിട്ടുവീഴ്ചയോ 'യു ടേണോ' സിബിഐ എടുത്തിട്ടില്ല.''

ലാവ്ലിന്‍ കേസിലെ ഉപഹര്‍ജിയിലെ സിബിഐ റിപ്പോര്‍ടും കോടതിവിധിയും കേരളത്തില്‍ നേരേ ചൊവ്വേ ചര്‍ച്ച ചെയ്യുന്നതിനെ ആരോ പേടിച്ചിരുന്നോ? അതെ, എന്നാണ് മലയാളത്തിലെ കോര്‍പറേറ്റ് ചാനലുകള്‍ തെളിയിച്ചത്.

ഏഷ്യാനെറ്റ്, മനോരമ, ഇന്ത്യാവിഷന്‍ ചാനലുകള്‍ക്ക് സിബിഐ റിപ്പോര്‍ട് -പിണറായി വിജയന്‍ കോഴ വാങ്ങി എന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന അന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍ -ഒന്നാം വാര്‍ത്തയായില്ല. എട്ടു കൊല്ലമായി കേരളത്തെ പിടിച്ചു കുലുക്കുന്ന ഈ കേസിലെ ഈ ഘട്ടം തത്സമയ അവിരാമ ചര്‍ച്ചയാക്കാനോ, വിശകലനം ചെയ്യാനോ, അതു മുന്‍നിര്‍ത്തി എസ്എംഎസ് വോട്ടെടുപ്പു നടത്താനോ, ടോക്ഷോ സംഘടിപ്പിക്കാനോ അവ തയ്യാറായില്ല.

ഇന്ത്യാവിഷനാണ് ഇത് പ്രൈം ടൈമില്‍ 20 മിനിറ്റു നീണ്ട ചര്‍ച്ചയാക്കിയത്. ചര്‍ച്ചയില്‍ സിപിഐ എമ്മിനുവേണ്ടി ഇ പി ജയരാജനുണ്ടായിരുന്നു. പിണറായി വിജയനെതിരെ സംസാരിക്കാന്‍ അഡ്വ. കാളീശ്വരം രാജുണ്ടായിരുന്നു. പക്ഷേ, പിണറായി വിജയനെതിരെ കൂടുതല്‍ ശക്തിയായി വാദിച്ചത് അവതാരകനാണ്.''

"സിബിഐയുടെ പരാമര്‍ശങ്ങള്‍ ഈ കേസിന്റെ മെറിറ്റിനെ ബാധിക്കുന്നില്ല'' എന്നും "കുറ്റപത്രത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ വിട്ടുവീഴ്ചയോ 'യു ടേണോ' സിബിഐ എടുത്തിട്ടില്ല.'' എന്നും പിണറായി വിജയന് എതിരായാണ് അവതാരകന്‍ വ്യാഖ്യാനിച്ചത്. എന്നാല്‍, കേസിന്റെ മെറിറ്റ് മാറ്റാനുള്ള ശ്രമം നടത്തിയത് ഉപഹര്‍ജിക്കാരനാണെന്നും മെറിറ്റ് മാറാത്തത് ഉപഹര്‍ജിയുടെ താല്പര്യത്തിന് എതിരാണെന്നും ഉള്ള മറുവ്യാഖ്യാനം ഒരു ചോദ്യമായെങ്കിലും ഉന്നയിക്കാന്‍ ഇന്ത്യാവിഷന്‍ അവതാരകന്‍ മറന്നു.

പിണറായി സാമ്പത്തിക ഇടപാടു നടത്തി എന്ന സൂചനപോലും ഇന്ത്യാവിഷന്‍ അവതാരകന്‍ നല്‍കി. "ഇടപാടില്‍ സാമ്പത്തിക അഴിമതിയില്ല എന്നല്ല, ഇടപാടുകള്‍ക്കു തെളിവില്ല എന്നാണ് സിബിഐ പറഞ്ഞത്'' എന്ന് അവതാരകന്‍ ആവര്‍ത്തിച്ചു വ്യാഖ്യാനിച്ചു. അഴിമതി നടന്നില്ല എന്ന് ഒരന്വേഷണ ഏജന്‍സിയും പറയില്ല എന്നും അഴിമതിക്കു തെളിവില്ല എന്നത് നിയമപരമായ ഭാഷ മാത്രമാണെന്നും ഉള്ള സരള സത്യം ഒരു ചോദ്യമായെങ്കിലും ഉന്നയിക്കാന്‍ ഇന്ത്യാവിഷന്‍ അവതാരകന്‍ തയാറായില്ല.

എന്തിനായിരുന്നു ഉപഹര്‍ജി? ലാവ്ലിനില്‍നിന്ന് പിണറായി കോഴ കൈപ്പറ്റിയതിനെപ്പറ്റിയും കോഴപ്പണം കൈകാര്യം ചെയ്യാന്‍ നൂറിലേറെ തവണ നടത്തിയ സിംഗപ്പുര്‍-ദുബായ് സന്ദര്‍ശനത്തെപ്പറ്റിയും അദ്ദേഹത്തിന്റെ അനധികൃത സമ്പാദ്യങ്ങളെപ്പറ്റിയും മുന്‍ വൈദ്യുതി ബോര്‍ഡ് സെക്രട്ടറി രാജഗോപാലിന്റെ ദുരൂഹ മരണത്തെപ്പറ്റിയും സിബിഐ അന്വേഷിച്ചിട്ടില്ലെന്നും ഇതിന് കോടതി നിര്‍ദേശം നല്‍കണമെന്നും ആയിരുന്നു.

എന്തായിരുന്നു ഉപഹര്‍ജിയോടുള്ള സിബിഐ നിലപാട്? ഉപഹര്‍ജിക്കാരന്റെ ഈ ആരോപണങ്ങളില്‍ അന്വേഷണം നടന്നെന്നും ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അവയ്ക്ക് തെളിവു കണ്ടെത്താനുള്ള വിലമതിക്കേണ്ട സൂചനകള്‍പോലും ഇല്ലെന്നും ആരോപണകര്‍ത്താക്കള്‍ പറയുന്നത് കേട്ടുകേള്‍വികളോ അര്‍ധസത്യങ്ങളോ ആണെന്നും തെളിവുകിട്ടിയാല്‍ കോടതിയെ ബോധിപ്പിക്കുമെന്നും ആയിരുന്നു.

ലാവ്ലിന്‍ വിവാദത്തില്‍ എന്നും രണ്ട് പക്ഷങ്ങളുണ്ടായിരുന്നു.

ഒരു പക്ഷം പ്രചണ്ഡമായ പ്രചാരണം നടത്തി: "ലാവ്ലിന്‍ കേസ് അഴിമതിക്കേസാണ്. 500 കോടിയുടെ അഴിമതി. 374.50 കോടി സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയ അഴിമതി. അഴിമതി നടത്തിയത് പിണറായി വിജയന്‍. ഇടനിലക്കാരന്‍ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന്റെ മകന്‍. അഴിമതിപ്പണംകൊണ്ടാണ് കൈരളി ടി വി ഉണ്ടാക്കിയത്. എകെജി സെന്റര്‍ പുതുക്കിപ്പണിതത്. പാര്‍ടി നേതാക്കള്‍ക്ക് തിരുവനന്തപുരത്ത് ആഡംബര സുഖവാസ മന്ദിരങ്ങളുണ്ടാക്കിയത്. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ മകന് കമീഷനായി 25 കോടി കിട്ടി. പാര്‍ടിയുടെ ദേശീയ നേതാക്കള്‍ക്കും കോഴയുടെ പങ്കുകിട്ടി. പാര്‍ടി പി ബി കോഴപ്പണത്തിന്റെ തടവറയിലാണ്. പങ്കിട്ടതിന്റെ ബാക്കി പിണറായി സിംഗപ്പുരേക്കു കടത്തി. അവിടെ ഭാര്യയുടെ പേരില്‍ കയറ്റുമതി കമ്പനി -തുടങ്ങി. കമല എക്സ്പോര്‍ട്സ് ഇന്റര്‍നാഷണല്‍. അതിന് അനധികൃത വൃക്കവ്യാപാരം നടത്തുന്ന കിഡ്നി ഫൌണ്ടേഷനുമായി ബന്ധമുണ്ടായിരുന്നു. പിണറായി അധോലോക വ്യവസായിയാണ്. വ്യവസായ നടത്തിപ്പിനായി അദ്ദേഹം നൂറോളം തവണ സിംഗപ്പുര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം പിണറായിയില്‍ ഒരു കോടി ചെലവിട്ട് ആര്‍ഭാടവസതി പണിതു. മക്കളെ ഒരുകോടി വീതം ചെലവുള്ള കോഴ്സുകള്‍ പഠിപ്പിച്ചു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കിട്ടിയ പണം ടെക്നിക്കാലിയ എന്ന കടലാസ് കമ്പനിയിലൂടെ വിഴുങ്ങി. ടെക്നിക്കാലിയ പിണറായി വിജയന്റെ ബിനാമി കമ്പനിയാണ്. മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ രാജഗോപാലിന്റെ മരണം ദുരൂഹമാണ്. അതിന് ലാവ്ലിന്‍ ഇടപാടുമായി ബന്ധമുണ്ട്. പന്നിയാര്‍ നിലയത്തില്‍ ഉണ്ടായ ദുരന്തം ലാവ്ലിനില്‍നിന്നു കൊണ്ടുവന്ന മോശം ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ച് ഉണ്ടായതാണ്. അതല്ല, അത് അട്ടിമറിയാണ്. അവിടെ മരിച്ച എട്ടുപേരുടെ മരണത്തിന് ഉത്തരവാദികള്‍ ലാവ്ലിന്‍ ഇടപാടിലെ പ്രതികളാണ്.''

മറുപക്ഷം പ്രതിരോധിച്ചു: "ലാവ്ലിന്‍ ഇടപാടില്‍ പിണറായി അഴിമതി നടത്തിയിട്ടില്ല. ഒരു രൂപപോലും അദ്ദേഹം കോഴയായി കൈപ്പറ്റിയിട്ടുമില്ല. ലാവ്ലിന്‍ കരാര്‍തന്നെ മുന്‍ സര്‍ക്കാരിന്റേതാണ്. അത് സംസ്ഥാന താല്‍പര്യങ്ങള്‍ കൂടുതല്‍ കാക്കുംവിധമാക്കി തുടരുകയാണ് പിണറായി ചെയ്തത്. ക്യാന്‍സര്‍ സെന്ററിനുള്ള 86 കോടി നഷ്ടപ്പെട്ടത് പിന്നാലെ വന്ന മന്ത്രിസഭയുടെ താല്പര്യക്കുറവുകൊണ്ടാണ്. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്.''

വിവാദത്തിലെ ഈ രണ്ടു പക്ഷങ്ങള്‍ക്കും ഇടയില്‍നിന്നാണ് സിബിഐ കേസന്വേഷിച്ചത്. പ്രമാദമായ ആരോപണങ്ങള്‍ ഒന്നൊന്നായി അന്വേഷണ ഘട്ടത്തില്‍ കൊഴിഞ്ഞുവീണു. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ തലശേരിയില്‍ കൊണ്ടുവരാനായി ലാവലിനു തന്നെ വൈദ്യുതി കരാര്‍ കൊടുക്കാന്‍ പിണറായി വിജയന്‍ അമിതതാല്പര്യം കാട്ടിയെന്നും ഗൂഢാലോചന നടത്തിയെന്നും അധികാരദുര്‍വിനിയോഗം കാട്ടിയെന്നുമായി കുറ്റപത്രം വന്നപ്പോള്‍ പിണറായി വിജയന്റെ 'കുറ്റ'ങ്ങള്‍. പിണറായിക്ക് കരാറിലുള്ള അമിത താല്പര്യത്തിനു തെളിവായി പിന്നീട് പച്ചക്കള്ളമാണെന്നു തെളിഞ്ഞ വരദാചാരിയുടെ തലക്കഥ സിബിഐ കുറ്റപത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുമുണ്ട്. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 86 കോടി രൂപ കിട്ടാതെ പോയതിനും അത് ലാവ്ലിന് ലാഭമാകുന്നതിനും ഇടവരുത്തിയതും കുറ്റപത്രത്തില്‍ പിണറായിയുടെ 'കുറ്റ'മാണ്.

ഈ അവശിഷ്ടാപരാധങ്ങളുടെ കുറ്റപത്രത്തില്‍ പഴയ ക്രൈം ലക്കങ്ങളിലെ അപസര്‍പ്പക-അപവാദ കഥകളില്‍ സാധ്യമാവുന്നതത്രയും കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമമായിരുന്നു നന്ദകുമാറിന്റെ ഉപഹര്‍ജി. അതാണ് തള്ളപ്പെട്ടത്.

എന്താണ്, മുഖ്യധാരാ മാധ്യമങ്ങള്‍ക്കു പറ്റിയത്? ലാവ്ലിന്‍ വിവാദത്തില്‍ രണ്ടു പക്ഷങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ അവ വിവാദമുണ്ടാക്കിയവര്‍ക്കൊപ്പമായിരുന്നു. അവര്‍ കൊടുത്ത കള്ളക്കഥകള്‍ സ്വന്തമായി ഏറ്റെടുത്തു പ്രചരിപ്പിച്ചത് മുഖ്യധാരാ മാധ്യമങ്ങളാണ്. കോളങ്ങളിലൂടെ ലാവലിന്‍ വിവാദവും കോടതികളിലൂടെ ലാവലിന്‍ കേസും മുന്നോട്ടുകൊണ്ടുപോയ ക്രൈം നന്ദകുമാറിന്റെ വിശ്വാസ്യത സ്വന്തം വിശ്വാസ്യതയുടെ ഭാഗമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ക്ക്.

മാധ്യമ ഉള്ളടക്കത്തെ നിര്‍ണയിക്കുന്ന അഞ്ച് ഘടകങ്ങളില്‍ ഒന്നായി ഉറവിടങ്ങളെ ചൂണ്ടിക്കാട്ടിയത് നോം ചോംസ്കിയും എഡ്വേഡ് ഹെര്‍മനുമാണ്. ഒരു ഉറവിടത്തോട് മാധ്യമങ്ങള്‍ക്കുണ്ടാകുന്ന ദാസ്യത്തിന്റെ പ്രഖ്യാപനമാണ് ലാവ്ലിന്‍ കേസ് വാര്‍ത്തകളില്‍ മനോരമയിലും ഇന്ത്യാവിഷനിലും കണ്ടത്.

കാരാട്ട് പഴയതുതന്നെ പാടി എന്ന അതിരുലംഘനം മനോരമ ചാനലിന് നടത്താതെ വയ്യ; വരദാചാരിയുടെ തലക്കഥയുടെ പ്രചാരകരായ മനോരമ പത്രത്തിന്റെ ചാനലാണത്. ഉപഹര്‍ജി തള്ളിയത് നന്ദകുമാറിന് തിരിച്ചടിയായെന്ന് ഇന്ത്യാവിഷനു പറയാന്‍ വയ്യ; ക്രൈമിന്റെ അപവാദകഥകളാണ് ഇന്ത്യാവിഷന്റെ രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടികളുടെ ചൂരും ചുണയും.

എന്‍ പി ചന്ദ്രശേഖരന്‍ deshabhimani weekly 09052010

2 comments:

  1. വിശ്വസിക്കുക, ഇതൊരു ഫലിത പരിപാടിയുടെ തലക്കെട്ടല്ല. ഒരു കാര്‍ടൂണിന്റെ ശീര്‍ഷകവുമല്ല. ഒരു വാര്‍ത്തയുടെ തലക്കെട്ടാണ്. ജയ്ഹിന്ദ് ടിവിയില്‍ വന്നതല്ല, മനോരമ ടിവിയില്‍ നിന്നെടുത്തതാണ്.

    2010 ഏപ്രില്‍ 23. സമയം രാത്രി 9 മണി. വേദി മനോരമ ടി വി. സ്ക്രീനില്‍ കൌണ്ടര്‍ പോയിന്റ്.

    ReplyDelete
  2. സി.ബി.ഐ-ലെ കൊള്ളാവുന്നവരെക്കൊണ്ട് അന്വേഷിപ്പിക്കണമായിരുന്നു എന്നാണു ഒരു സുഹൃത്ത്‌ എന്നോടു പ്രതികരിച്ചത്‌.... അവനോടു എന്ത് പറയും? പിണറായി കുറ്റം ചെയ്തു എന്ന മാധ്യമങ്ങളുടെ ദുഷ്പ്രചരണം ഒരു നിക്ഷ്പക്ഷന്റെ മനസ്സില്‍ എത്ര ആഴത്തിലിറങ്ങി എന്നതിന്റെ തെളിവായിരുന്നു അത്.

    ReplyDelete