Thursday, June 10, 2010

3 വ്യവസായശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് (പെരുമ്പാവൂര്‍), കുണ്ടറ അലൂമിനിയം ഇന്‍ഡസ്ട്രീസ്, കോഴിക്കോട് കോംട്രസ്റ്റ് എന്നിവ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് സ്വകാര്യ കമ്പനിയും പുനരുദ്ധരിക്കാന്‍ വ്യവസായവകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. തൊഴിലാളികളെ സംരക്ഷിക്കുന്നതിനും വ്യവസായം നിലനിര്‍ത്തുന്നതിനും സ്വകാര്യ കമ്പനികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് അസാധാരണ നടപടിയാണ്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2001 ജൂലൈ 20നാണ് പെരുമ്പാവൂര്‍ റയോണ്‍സ് ലേ ഓഫ് ചെയ്തത്. 2002 ജനുവരിയില്‍ കമ്പനി അടച്ചു. പൂട്ടുമ്പോള്‍ 1022 തൊഴിലാളികളുണ്ടായിരുന്നു. എട്ടു കോടി ആസ്തിയും 215 കോടിയുടെ ബാധ്യതയുമാണ് നിലവിലുള്ളത്. സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ സ്ഥലത്ത് 1946ലാണ് റയോണ്‍സ് പ്രവര്‍ത്തനം ആരംഭിച്ചത്. കുണ്ടറ അലിന്‍ഡിനെ 1987ല്‍ പീഡിതവ്യവസായമായി പ്രഖ്യാപിച്ചതാണ്. കുണ്ടറയ്ക്കു പുറമെ മാന്നാര്‍, വിളപ്പില്‍ശാല, ഹൈദരാബാദ്, ഹിരാകുഡ് (ഒറീസ) എന്നിവിടങ്ങളിലും കമ്പനിയുടെ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നു.

പീഡിതവ്യവസായമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സോമാനി ഗ്രൂപ്പ് പ്രൊമോട്ടര്‍മാരായി രംഗത്തു വന്നെങ്കിലും പുനുരുദ്ധരിക്കാന്‍ കാര്യമായ ശ്രമമുണ്ടായില്ല. 1994ല്‍ സോമാനി ഗ്രൂപ്പ് പിന്‍വാങ്ങി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുണ്ടറയിലെയും ഒറീസയിലെയും യൂണിറ്റ് വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം കമ്പനി തുറക്കാന്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

വ്യവസായമന്ത്രിക്കു പുറമെ മന്ത്രിമാരായ എം എ ബേബി, പി കെ ഗുരുദാസന്‍ എന്നിവരും ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തിരുന്നു. നിരവധി സ്വകാര്യ കമ്പനികള്‍ അലിന്‍ഡ് ഏറ്റെടുക്കാന്‍ രംഗത്തു വന്നെങ്കിലും എല്ലാവര്‍ക്കും കമ്പനിയുടെ ഭൂമിയിലായിരുന്നു നോട്ടം. ഹൈദരാബാദില്‍മാത്രം 98 ഏക്കര്‍ സ്ഥലം കമ്പനിക്കുണ്ട്. ഭൂമിമാത്രം 1500 കോടിയുടെ ആസ്തി വരുമെന്നാണ് കണക്ക്. പുനരുദ്ധാരണപദ്ധതി നീട്ടിക്കൊണ്ടുപോയി റിയല്‍ എസ്റേറ്റ് വില്‍പ്പനയാണ് പലരും ലക്ഷ്യമിട്ടത്. അഞ്ച് യൂണിറ്റിലുമായി ആയിരത്തോളം തൊഴിലാളികളുണ്ട്. പിരിഞ്ഞുപോയവര്‍ക്ക് ആനുകൂല്യമായി കോടികള്‍ നല്‍കാനുണ്ട്.

1946ലാണ് കമ്പനി സ്ഥാപിച്ചത്. കോമവെല്‍ത്ത് ട്രസ്റിനു കീഴിലുള്ള ടെക്സ്റൈല്‍ യൂണിറ്റായ കോഴിക്കോട് നഗരത്തിലെ കമ്പനിക്ക് 250 വര്‍ഷത്തിലേറെ പഴക്കമുണ്ട്. മുന്നൂറില്‍പ്പരം തൊഴിലാളികളാണ് ഇവിടെയുള്ളത്. മാനാഞ്ചിറക്കടുത്ത സ്ഥലവും ഫാക്ടറിയും ഏറ്റെടുത്ത് ടെക്സ്റൈല്‍ യൂണിറ്റ്, പൈതൃക മ്യൂസിയം എന്നിവ സ്ഥാപിക്കാനാണ് ഇപ്പോള്‍ പദ്ധതി. ടെക്സ്റൈല്‍ യൂണിറ്റ് ആധുനികവല്‍ക്കരിച്ച് പ്രവര്‍ത്തനം തുടങ്ങും. നിലവില്‍ ട്രസ്റിനു കീഴിലുള്ള ടൈല്‍ ഫാക്ടറി തുടര്‍ന്നും പ്രവര്‍ത്തിക്കും. 4.45 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

വ്യവസായരംഗത്ത് ധീരമായ ബദല്‍

വ്യവസായവികസനത്തില്‍ സംസ്ഥാനം അഭിമാനകരമായ മറ്റൊരു ചുവടുവയ്പ്പുകൂടി പിന്നിട്ടു. യുഡിഎഫ് സര്‍ക്കാര്‍ വില്‍ക്കാന്‍ വച്ച പൊതുമേഖലാസ്ഥാപനങ്ങളെ ആധുനികവല്‍ക്കരണത്തിന്റെ പാതയിലൂടെ ലാഭത്തിലേക്ക് നയിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വകാര്യവ്യവസായ സ്ഥാപനങ്ങളും ഏറ്റെടുത്ത് നാടിന്റെ സ്വത്താക്കുകയാണ്. പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സ്, കുണ്ടറ അലുമിനിയം ഇന്‍ഡസ്ട്രീസ്, കോഴിക്കോട്ടെ കോംട്രസ്റ്റ് ഫാക്ടറി എന്നിവ ഏറ്റെടുക്കാനുള്ള തീരുമാനം രാജ്യത്തിനാകെ മാതൃകയായ വ്യവസായനയത്തിന്റെ തിളക്കം കൂട്ടുന്നു. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനം വിറ്റുതുലയ്ക്കുന്ന ഘട്ടത്തിലാണ് പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഖലാവ്യവസായവും സ്വകാര്യവല്‍ക്കരിക്കില്ലെന്ന തീരുമാനവുമായി എല്‍ഡിഎഫ് മുന്നോട്ടുപോകുന്നത്. പൊതുമേഖലയുടെ ലാഭം ഉപയോഗിച്ച് എട്ട് പുതിയ വ്യവസായം തുടങ്ങാന്‍ നടപടിയായി. വിമാനത്താവളം ഉള്‍പ്പെടെയുള്ള സംരംഭങ്ങളിലും ഈ വ്യവസായശാലകള്‍ പങ്കാളികളാണ്.

യുഡിഎഫ് അടച്ച കോഴിക്കോട് മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവീങ് മില്‍ തുറന്നാണ് വ്യവസായരംഗത്തെ ബദല്‍ മാതൃക എല്‍ഡിഎഫ് കാണിച്ചത്. തുടര്‍ന്ന് ആലപ്പുഴ കെഎസ്ഡിപിയും കെല്‍ എടരിക്കോട് യൂണിറ്റും പ്രവര്‍ത്തനം പുനരാരംഭിച്ചു. കേരള സോപ്സ് ആന്‍ഡ് ഓയില്‍സ്, തിരുവണ്ണൂര്‍ കോട്ടണ്‍മില്‍, ബാലരാമപുരം സ്പിന്നിങ് മില്‍ എന്നിവയുടെ പുനരുജ്ജീവനവും ആവേശം പകരുന്നതാണ്.

യുഡിഎഫ് അധികാരമൊഴിയുമ്പോള്‍ 12 പൊതുമേഖലാസ്ഥാപനം മാത്രമാണ് പേരിന് ലാഭത്തിലുണ്ടായിരുന്നത്. എല്ലാ പൊതുമേഖലാസ്ഥാപനങ്ങളുംകൂടി അന്ന് 69.49 കോടി നഷ്ടമുണ്ടാക്കി. എന്നാല്‍, 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാവ്യവസായങ്ങളെ 91.43 കോടി രൂപ ലാഭത്തിലേക്ക് നയിച്ചു. ഇന്ന് 32 സ്ഥാപനങ്ങള്‍ മൊത്തം 239.75 കോടി ലാഭം കൈവരിച്ചു. ആധുനികവല്‍ക്കരണവും പ്രൊഫഷണലിസവും കേന്ദ്രസ്ഥാപനങ്ങളുമായുള്ള സംയുക്തസംരംഭങ്ങളും കേരളത്തില്‍ വ്യവസായവികസനത്തിന്റെ പുതുവെളിച്ചം പരത്തുന്നു.

അടിസ്ഥാനസൌകര്യവികസനത്തില്‍ സംസ്ഥാനം കൈവരിച്ച മുന്നേറ്റം സംരംഭകരെ ആകര്‍ഷിക്കുന്നു. വിവിധ കേന്ദ്രങ്ങളില്‍ നിന്നുയരുന്ന തടസ്സം അതിജീവിച്ചാണ് ഈ വിജയഗാഥ. ലാഭമുണ്ടാക്കുക മാത്രമല്ല, സംസ്ഥാനത്തെ പൊതുമേഖലാവ്യവസായങ്ങള്‍ പുതിയ സംരംഭങ്ങള്‍ക്ക് തുണയാകുന്നതും അഭിമാനകരമായ കാഴ്ചയാണ്.

മരവിപ്പ് മാറി; അലിന്‍ഡില്‍ ആഹ്ളാദവും പ്രതീക്ഷയും

അലിന്‍ഡ് യൂണിറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കുണ്ടറ അലിന്‍ഡിലെ തൊഴിലാളികളെ ആഹ്ളാദഭരിതരാക്കി. 14 വര്‍ഷത്തെ കാത്തിരിപ്പിന്റെ മരവിപ്പില്‍നിന്ന് ഉണര്‍ന്ന തൊഴിലാളികള്‍ തങ്ങളുടെ പ്രതീക്ഷകള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാരിനും മന്ത്രി എം എ ബേബിക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

അലിന്‍ഡിലെ സുവര്‍ണകാലം തിരികെ എത്തുമെന്ന പ്രതീക്ഷയില്‍ ചുറ്റും കാടുപിടിച്ച് പൊട്ടിപ്പൊളിഞ്ഞ ക്വാര്‍ട്ടേഴ്സുകള്‍ക്കുള്ളില്‍ എഴുപത്തഞ്ചോളം കുടുംബങ്ങളാണ് ഇപ്പോഴും ദുരിതജീവിതം നയിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം അറിഞ്ഞതോടെ കുടുംബങ്ങളില്‍ ആഹ്ളാദം അലതല്ലി. ആരും തിരിഞ്ഞുനോക്കിനില്ലാതെ കാടുപിടിച്ചുകിടക്കുന്ന 56 ഏക്കറില്‍ അടഞ്ഞുകിടക്കുന്ന ഫാക്ടറിയിലേക്ക് കണ്ണുംനട്ട് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ കഴിയുന്നവരുടെ നിറഞ്ഞകണ്ണുകളില്‍ പ്രതീക്ഷയുടെ വെളിച്ചം പകരുന്നതായി സര്‍ക്കാര്‍ തീരുമാനം. വിരമിക്കല്‍ പ്രായം എത്തുന്നതിനുമുമ്പ് വീണ്ടും ജോലിചെയ്യാനുള്ള ആവേശം. ഫാക്ടറി അടഞ്ഞുകിടക്കുന്ന കാലയളവില്‍ പ്രായമെത്തി വിരമിച്ചുപോയവര്‍ക്ക് ആനുകൂല്യങ്ങളെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷ. മരിച്ചുപോയവരുടെ ആശ്രിതര്‍ക്ക് തൊഴില്‍കിട്ടുമെന്ന പ്രത്യാശ. ദുരിതജീവിതത്തില്‍നിന്നുള്ള മോചനം മനസ്സില്‍നിറച്ച് ആഹ്ളാദം തുളുമ്പുന്ന മുഖവുമായി സര്‍ക്കാരിന്റെ തുടര്‍പരിപാടികള്‍ക്കായി കാത്തിരിക്കുകയാണ് അലിന്‍ഡിലെ തൊഴിലാളികള്‍.

കുണ്ടറയുടെ പ്രതാപവും ഐശ്വര്യവും ആയിരുന്ന അലിന്‍ഡ് 87ലാണ് സിക്ക് യൂണിറ്റായി പ്രഖ്യാപിച്ചത്. കേബിള്‍ വര്‍ക്സ്, സ്റ്റീല്‍ പവര്‍പ്ളാന്റ് എന്നീ രണ്ടു പ്ളാന്റുകളിലായി എഴുന്നൂറോളം തൊഴിലാളികള്‍ ഫാക്ടറിയില്‍ ജോലിചെയ്തിരുന്നു. '89ല്‍ സോമാനിയ ഗ്രൂപ്പ് ഫാക്ടറി ഏറ്റെടുത്തു കുറച്ചുകാലം ബംഗളൂരിലെ ദീപക് കമ്പനിക്കുവേണ്ടി ഉല്‍പ്പാദനം തുടര്‍ന്നെങ്കിലും 96ല്‍ അടച്ചുപൂട്ടി. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അലിന്‍ഡ് ഫാക്ടറിയുടെ പുനരുദ്ധാരണമായിരുന്നു കടവൂര്‍ ശിവദാസന്റെ മുഖ്യവാഗ്ദാനം. മന്ത്രി ആയിരുന്നിട്ടുപോലും കടവൂരിന്റെ ഭാഗത്തുനിന്ന് അലിന്‍ഡ് തൊഴിലാളികള്‍ക്ക് പ്രതീക്ഷനല്‍കുന്ന ഒരുനീക്കവും ഉണ്ടായില്ല. തുടര്‍ന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതും സ്ഥലം എംഎല്‍എ കൂടിയായ എം എ ബേബി മന്ത്രിയായതും. കുണ്ടറയില്‍ പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ ലാഭത്തിലാക്കുന്നതിനും നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍ മന്ത്രി ബേബി അലിന്‍ഡിന്റെ പുനരുദ്ധാരണം എന്നും പരിഗണിച്ചിരുന്നു. സോമാനിയ ഗ്രൂപ്പിനെക്കൊണ്ടുതന്നെ ഫാക്ടറി ഏറ്റെടുപ്പിക്കാന്‍ ഇതിനിടയില്‍ ചില ശ്രമങ്ങള്‍ നടത്തി. തുടര്‍ന്ന് തൊഴിലാളികള്‍ തങ്ങളുടെ നേതാവില്‍ അര്‍പ്പിച്ച വിശ്വാസമാണ് സര്‍ക്കാര്‍ തീരുമാനത്തോടെ പൂവണിയുന്നത്. സര്‍ക്കാര്‍ തീരുമാനം അറിഞ്ഞതോടെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് എങ്ങനെയും തടസ്സങ്ങള്‍ സൃഷ്ടിക്കാനുള്ള രാഷ്ട്രീയകുതന്ത്രങ്ങള്‍ ഫാക്ടറിക്കുള്ളില്‍തന്നെ ചിലര്‍ തുടങ്ങിക്കഴിഞ്ഞതായി തൊഴിലാളികള്‍ പറഞ്ഞു.
(കെ ബി ജോയി)

ലക്ഷ്യത്തിലെത്തിയ സിപിഐ എം പ്രക്ഷോഭം

കുണ്ടറ അലിന്‍ഡ് പൊളിച്ചുവില്‍ക്കാനുള്ള ബിഐഎഫ്ആര്‍ തീരുമാനത്തിനെതിരെ എല്ലാ തൊഴിലാളികളെയും സംഘടിപ്പിച്ച് പ്രക്ഷോഭം നയിച്ച സിപിഐ എമ്മിനും സിഐടിയുവിനും ഇത് അഭിമാന നിമിഷം. പൊളിച്ചടുക്കലിനെ പ്രക്ഷോഭത്തിലൂടെ പരാജയപ്പെടുത്തി നിലനിര്‍ത്തിയ ഫാക്ടറി ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ വീണ്ടും തൊഴിലാളികളുടെ ജീവിതമാര്‍ഗ്ഗമാകുന്നു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് എംഎല്‍എ ആയിരുന്ന ജെ മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെ സഹകരണസംഘം രൂപീകരിച്ച് ഫാക്ടറി പ്രവര്‍ത്തിക്കാനുള്ള ശ്രമത്തെ ചിലര്‍ രാഷ്ട്രീയ കുതന്ത്രങ്ങളില്‍ പരാജയപ്പെടുത്തി. എന്നാല്‍ അന്നുമുതല്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിവന്ന പരിശ്രമങ്ങളും പ്രക്ഷോഭങ്ങളുമാണ് ഇന്ന് സര്‍ക്കാര്‍ തീരുമാനത്തിലൂടെ പൂവണിയുന്നത്. ഫാക്ടറി അടച്ചുപൂട്ടിയപ്പോള്‍ തൊഴിലാളികളെ സംഘടിപ്പിച്ചു നടത്തിയ സമരങ്ങള്‍ നീണ്ട കാലയളവിനു ശേഷമാണെങ്കിലും ഫലപ്രാപ്തിയിലെത്തുന്നതിന്റെ അഭിമാനത്തിലാണ് കുണ്ടറയിലെ സിപിഐ എം നേതൃത്വം.

deshabhimani 10062010

14 comments:

  1. പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് (പെരുമ്പാവൂര്‍), കുണ്ടറ അലൂമിനിയം ഇന്‍ഡസ്ട്രീസ്, കോഴിക്കോട് കോംട്രസ്റ്റ് എന്നിവ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് സ്വകാര്യ കമ്പനിയും പുനരുദ്ധരിക്കാന്‍ വ്യവസായവകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. തൊഴിലാളികളെ സംരക്ഷിക്കുന്നതിനും വ്യവസായം നിലനിര്‍ത്തുന്നതിനും സ്വകാര്യ കമ്പനികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് അസാധാരണ നടപടിയാണ്.

    ReplyDelete
  2. what was the reasons for closing down these factories? is there any prospect of honouring the debts and making the project viable? any feasibility study done?

    ReplyDelete
  3. മൂന്ന് സ്വകാര്യ കമ്പനിയും പുനരുദ്ധരിക്കാന്‍ വ്യവസായവകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്

    ReplyDelete
  4. സങ്ങതി ഒക്കെ പെരിത്ത് എഷ്ട്ടായീ.. പക്ഷേങ്കില് പൊതുമേഖല സ്താപനങ്ങൾ ലാഭത്തിൽ എന്നു പറയുന്നതു ശരിയാണോ എന്ന് അടുത്ത ഭരണം എത്തിയതിനു ശേഷം അറിയാം... പത്ത്ര വാർത്തകൾ മാത്രം കണ്ട് വെറുതെ കുളിരു കോരെണ്ട...
    നഷ്ട്ടത്തിൽ പ്രവർത്തിക്കുന്ന മീറ്റർ നിർമ്മാണ കമ്പനിയിൽ നിന്നും ആർക്കും വേണ്ടാത്ത മീറ്റർ K.S.E.B ക്കൊണ്ട് വാങ്ങിപ്പിച്ച് മീറ്റർ നിർമ്മാണ കമ്പനിയെ ലാഭത്തിലാക്കുന്ന തരത്തിലുള്ള പ്രവർത്നമാണോ സർക്കെർ ചെയ്തത് എന്ന് കുറച്ച് നാൾ ക്ഴിഞ്ഞ് അറിയാം...

    ReplyDelete
  5. my question was: what were the reasons for CLOSING DOWN these factories?

    ReplyDelete
  6. രഞ്ജിത് തന്നെ കണ്ടുപിടിക്കുക.എന്നിട്ട് ഇവിടെ പോസ്റ്റ് ചെയ്യുക. നമുക്ക് ചര്‍ച്ച ചെയ്യാം.

    ReplyDelete
  7. so am thnking u dont know the answer. i dont know the reasons, thts y i asked u since u were writing with authority on this matter.

    ReplyDelete
  8. അടച്ചിട്ടിരുന്ന കമ്പനികള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നു. കൂടാതെ മിക്കവാറും പൊതുമേഖലാ സ്ഥാ‍പനങ്ങള്‍ ഇപ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. ഈ പോസ്റ്റിലെ ഏതെങ്കിലും കാര്യം തെറ്റാണെന്ന് തോന്നുന്നുവെങ്കില്‍ പറയുക. ഒറ്റവരിയില്‍ ചോദ്യം ചോദിച്ചിട്ട് പോവുക എന്നതിനപ്പുറം എതിരഭിപ്രായമുള്ള കാര്യങ്ങള്‍ വിശദമായി എഴുതുക.

    ReplyDelete
  9. see, all i did was ask a question : what were the reasons for closing down the factories. i askd so coz i dont know the reasons. simple. did u get tht? i thot u knew the answer for tht. now its clear that u dont know.
    abt taking over loss making companies. its good. very good on paper. but will those companies be efficiently managed so that they can repay the debts and make prrofits and run without govt aid. i asked whether any project reports or feasibility study was conducted. once again, iasked coz i DONT KNOW. so how the hell can i answer?

    ReplyDelete
  10. മൂന്ന് സ്വകാര്യ കമ്പനിയും പുനരുദ്ധരിക്കാന്‍ വ്യവസായവകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് എന്ന് വീണ്ടും ഉത്തരമായി എഴുതിയത് വായിച്ചില്ലേ? പിന്നെയും പിന്നെയും ഉത്തരം ഉത്തരം എന്ന് ചോദിക്കുന്നതെന്തിനു രഞ്ജിത്? പുനരുദ്ധരിക്കാന്‍ വേണ്ടി തന്നെയാണ് ഏറ്റെടുക്കുന്നത്. മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കിയത് ചൂണ്ടിക്കാണിച്ചത് ഇതും വിജയമാകും എന്ന് വ്യക്തമാക്കാന്‍‍. എങ്ങിനെ പൂട്ടി എന്നതിനു ഇനി പ്രസക്തിയില്ല.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. കാര്യം പറഞ്ഞാല്‍ മനസ്സിലാവില്ലെങ്കില്‍ പിന്നെന്ത് ചെയ്യാന്‍/

    ReplyDelete
  13. yeah.. so me too finished.. u wont understand what am asking..

    ReplyDelete
  14. പൊതുമേഖലാ സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോര്‍പറേഷന്റെ (കാംകോ) പുതിയ മിനി ട്രാക്ടര്‍ അസംബ്ളിങ് യൂണിറ്റിന് 26ന് അത്താണിയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശിലയിടും.ക്രോംപ്ട ഗ്രീവ്സില്‍നിന്ന് ഏറ്റെടുത്ത ഭൂമിയില്‍നിന്ന് സര്‍ക്കാര്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയ 10 ഏക്കറിലാണ് യൂണിറ്റ്. ഇരുനൂറോളംപേര്‍ക്ക് തൊഴിലവസരമുണ്ടാകും. ക്രോംപ്ട ഗ്രീവ്സില്‍ ജോലിയുണ്ടായിരുന്നവരില്‍ അനുയോജ്യരായവര്‍ക്ക് തൊഴില്‍ നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ബംഗാള്‍, ത്രിപുര, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഇന്ത്യന്‍വിപണി. ഹെയ്ത്തിയിലേക്കും ഇറാനിലേക്കും മികച്ച കയറ്റുമതിയുണ്ട്.എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചു തുടങ്ങുന്ന യൂണിറ്റിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ മന്ത്രിമാരായ മുല്ലക്കര രത്നാകരന്‍, എസ് ശര്‍മ, കെ പി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

    ReplyDelete