Sunday, June 27, 2010

ഒരു ലിറ്റര്‍ പെട്രോളിന് ചെലവ് 30 രൂപ മാത്രം

ഇന്ധനവില വര്‍ധന: പൊതുമേഖലാനഷ്ടം കള്ളക്കഥ

പൊതുമേഖലാ കമ്പനികളുടെ നഷ്ടത്തിന്റെ പേര് പറഞ്ഞ് ഇന്ധനവില വര്‍ധിപ്പിച്ചത് സ്വകാര്യമേഖലയെ സഹായിക്കാനെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വില കുറച്ച് വില്‍ക്കുന്നതു കാരണം പൊതുമേഖലാ കമ്പനികള്‍ വന്‍ നഷ്ടം സഹിക്കുകയാണെന്നും അതിനാലാണ് വിലനിയന്ത്രണം ഒഴിവാക്കി വില വര്‍ധിപ്പിച്ചതെന്നുമുള്ള കേന്ദ്രത്തിന്റെ വാദം പൊള്ളയാണെന്ന് വെളിപ്പെടുന്നതാണ് പൊതുമേഖലാകമ്പനികളുടെ വരുമാനം.

രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ലാഭം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയ്ക്ക് മൂന്നിരട്ടിയായാണ് വര്‍ധിച്ചത്. 2008-09 സാമ്പത്തിക വര്‍ഷം ഐഒസിയുടെ ലാഭം 2949 കോടിയാണെങ്കില്‍ 2009-10 സാമ്പത്തികവര്‍ഷം ഇത് 10,224 കോടി രൂപയായി ഉയര്‍ന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലകുറച്ച് വിറ്റതിന്റെ ഫലമായി കമ്പനിക്ക് വന്‍ നഷ്ടമുണ്ടായെങ്കില്‍ ലാഭം കുറയേണ്ടതായിരുന്നു. ഭാരത് പെട്രോളിയത്തിന്റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെയും കണക്കും മറിച്ചല്ല.

സര്‍ക്കാര്‍ വന്‍ തുക സബ്സിഡിയായി നല്‍കുന്നതാണ് പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്നതെന്ന വാദം തെറ്റാണെന്ന് ആസൂത്രണ കമീഷനിലെ മുന്‍ മുഖ്യ ഉപദേഷ്ടാവ് സൂര്യ പി സേഥി പറഞ്ഞു. 2008-09 സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാരിന് പെട്രോളിയംമേഖലയില്‍നിന്ന് നികുതിയിനത്തില്‍ 1,61,798 കോടി രൂപ ലഭിച്ചപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ സബ്സിഡിയാകട്ടെ 1,06,980 കോടി രൂപയാണ്. സബ്സിഡി നല്‍കുന്നതിനേക്കാള്‍ തുക എക്സൈസ്- കസ്റംസ് തീരുവയിലൂടെ സമാഹരിക്കുന്ന സര്‍ക്കാര്‍, സബ്സിഡിയുടെ കാര്യം പറയുന്നതില്‍ അര്‍ഥമില്ലെന്നും സേഥി പറഞ്ഞു.

2009-10ല്‍ മാര്‍ച്ചുമുതല്‍ ഡിസംബര്‍വരെ പെട്രോളിയം മേഖലയില്‍നിന്ന് സര്‍ക്കാരിന് ലഭിച്ച വരുമാനം 56,365 കോടി രൂപയാണെങ്കില്‍ സബ്സിഡിയായി നല്‍കിയത് 14,058 കോടി രൂപയും. അതായത്, സാധരണ ജനങ്ങളില്‍നിന്ന് നികുതിയിനത്തില്‍ ഒരു രൂപ പിരിച്ചെടുത്ത് 25 പൈസമാത്രം സബ്സിഡിയായി തിരുച്ചു നല്‍കി. തുച്ഛമായ ഈ സബ്സിഡിയുടെ ഭാരം ഏറ്റെടുക്കുക വഴി പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്ന് പറയുന്നത് നിരര്‍ഥകമാണ്.

2,20,000 കോടി രൂപയുടെ നഷ്ടം പൊതുമേഖലാ കമ്പനികള്‍ക്ക് ഉണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. ഇത് സാങ്കല്‍പ്പികനഷ്ടം മാത്രമാണെന്ന് മുന്‍ രാജ്യസഭാംഗവും സിഐടിയു നേതാവുമായ ദീപാങ്കര്‍ മുഖര്‍ജി പറഞ്ഞു. പൊതുമേഖലാ കമ്പനികളുടെ ബാലന്‍സ്ഷീറ്റ് പരിശോധിച്ചാല്‍ ഈ കൊട്ടക്കണക്കിന് അടിസ്ഥാനമില്ലെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണക്കമ്പനികളെ സഹായിക്കാന്‍ സര്‍ക്കാരിന് പല വഴിയും ഉണ്ടായിരുന്നു. എക്സൈസ് തീരുവയില്‍ 10 ശതമാനം കുറവ് വരുത്തിയാല്‍മാത്രം 12,000 കോടി അവര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. എണ്ണവ്യവസായത്തിന്റെ വികസനം ലക്ഷ്യമാക്കി 1974ല്‍ പാസാക്കിയ നിയമമനുസരിച്ച് ഇതുവരെ 81,106 കോടി രൂപ സംഭരിച്ചിട്ടുണ്ട്. ഇതില്‍ 902 കോടി രൂപമാത്രമാണ് ചെലവഴിച്ചത്. ബാക്കി 80,204 കോടി രൂപ സര്‍ക്കാരിന്റെ കൈവശമുണ്ട്. ഇത് പൊതുമേഖലാ കമ്പനികള്‍ക്ക് നല്‍കാമായിരുന്നു. അതൊന്നും ചെയ്യാതെ എല്ലാ ബാധ്യതയും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. വിലനിയന്ത്രണംമൂലം കൊള്ളലാഭം നേടാന്‍ കഴിയാത്ത സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാന്‍മാത്രമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
(വി ബി പരമേശ്വരന്‍)

ഒരു ലിറ്റര്‍ പെട്രോളിന് ചെലവ് 30 രൂപ മാത്രം

ഇന്ധന വിലവര്‍ധനയിലൂടെ ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഈടാക്കുന്ന നികുതി ഇളവുചെയ്യാന്‍ തയ്യാറാകുന്നില്ല. അന്താരാഷ്ട്രവിപണിയിലെ വിലയ്ക്കനുസരിച്ച് പരമാവധി 30 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ രാജ്യത്ത് വില്‍ക്കാനാകുമെന്നതാണ് യാഥാര്‍ഥ്യം. ബാക്കി തുക മുഴുവന്‍ സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയും എണ്ണക്കമ്പനികളുടെയും വിതരണക്കാരുടെയും കമീഷനുമാണ്.

ശനിയാഴ്ച അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 76.51 ഡോളറാണ് (ഏകദേശം 2,150 രൂപ). 158.76 ലിറ്റര്‍ (42 ഗ്യാലന്‍) എണ്ണയാണ് ഒരു ബാരലില്‍ ഉണ്ടാകുക. അതനുസരിച്ച് ഒരു ലിറ്റര്‍ അസംസ്കൃത എണ്ണയ്ക്ക് 22.24 രൂപ. ഇത് സംസ്കരിച്ചെടുക്കാന്‍ ലിറ്ററിന് 52 പൈസ ചെലവാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എണ്ണശുദ്ധീകരണശാലകളുടെ മറ്റ് ആവശ്യങ്ങള്‍ക്കായി ലിറ്ററിന് ആറു രൂപയോളവും ചെലവാകും. ഇതെല്ലാമടക്കം ഒരു ലിറ്റര്‍ പെട്രോളിന് ചെലവ് 28.76 രൂപ. നിലവില്‍ ജനങ്ങളില്‍നിന്ന് ഈടാക്കുന്നതിന്റെ പകുതിമാത്രം. ബാക്കി തുക മുഴുവന്‍ കസ്റംസ് നികുതി, എക്സൈസ് തീരുവ, സ്പെഷ്യല്‍ എക്സൈസ് തീരുവ, വിദ്യാഭ്യാസ സെസ് തുടങ്ങിയ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്നതാണ്. ഇതടക്കം മൊത്തം വിലയുടെ 54 ശതമാനത്തോളം നികുതിയിനത്തില്‍ ജനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിഴിയുന്നു. നിലവിലുള്ള അന്താരാഷ്ട്രവിലയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.

കഴിഞ്ഞ ആറുമാസമായി ബാരലിന് 70-80 ഡോളറാണ് അന്താരാഷ്ട്രകമ്പോളത്തില്‍ എണ്ണവില. എന്നാല്‍, കഴിഞ്ഞവര്‍ഷം ജൂണില്‍ ബാരലിന് 30 ഡോളറായിരുന്നു. ഇഷ്ടാനുസരണം വില വര്‍ധിപ്പിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതോടെ ആനുപാതികമായ കമീഷന്റെയും നികുതികളുടെയും പേരില്‍ വന്‍ കൊള്ളയാകും സ്വകാര്യ കമ്പനികള്‍ നടത്തുക. ഒരു ദിവസം ലിറ്ററിന് അമ്പതു പൈസ അധികം ഇടാക്കിയാല്‍ എണ്ണക്കമ്പനികള്‍ക്ക് കോടികളാണ് ലാഭം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് പെട്രോളും ഡീസലും വില്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാനെന്ന പേരില്‍ വന്‍ തുകയാണ് സ്വകാര്യകമ്പനികള്‍ക്ക് നല്‍കുന്നത്
(വിജേഷ് ചൂടല്‍)

deshabhimani 27062010

2 comments:

  1. ഇന്ധന വിലവര്‍ധനയിലൂടെ ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഈടാക്കുന്ന നികുതി ഇളവുചെയ്യാന്‍ തയ്യാറാകുന്നില്ല. അന്താരാഷ്ട്രവിപണിയിലെ വിലയ്ക്കനുസരിച്ച് പരമാവധി 30 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ രാജ്യത്ത് വില്‍ക്കാനാകുമെന്നതാണ് യാഥാര്‍ഥ്യം. ബാക്കി തുക മുഴുവന്‍ സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയും എണ്ണക്കമ്പനികളുടെയും വിതരണക്കാരുടെയും കമീഷനുമാണ്.

    ശനിയാഴ്ച അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 76.51 ഡോളറാണ് (ഏകദേശം 2,150 രൂപ). 158.76 ലിറ്റര്‍ (42 ഗ്യാലന്‍) എണ്ണയാണ് ഒരു ബാരലില്‍ ഉണ്ടാകുക. അതനുസരിച്ച് ഒരു ലിറ്റര്‍ അസംസ്കൃത എണ്ണയ്ക്ക് 22.24 രൂപ. ഇത് സംസ്കരിച്ചെടുക്കാന്‍ ലിറ്ററിന് 52 പൈസ ചെലവാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എണ്ണശുദ്ധീകരണശാലകളുടെ മറ്റ് ആവശ്യങ്ങള്‍ക്കായി ലിറ്ററിന് ആറു രൂപയോളവും ചെലവാകും. ഇതെല്ലാമടക്കം ഒരു ലിറ്റര്‍ പെട്രോളിന് ചെലവ് 28.76 രൂപ. നിലവില്‍ ജനങ്ങളില്‍നിന്ന് ഈടാക്കുന്നതിന്റെ പകുതിമാത്രം. ബാക്കി തുക മുഴുവന്‍ കസ്റംസ് നികുതി, എക്സൈസ് തീരുവ, സ്പെഷ്യല്‍ എക്സൈസ് തീരുവ, വിദ്യാഭ്യാസ സെസ് തുടങ്ങിയ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്നതാണ്. ഇതടക്കം മൊത്തം വിലയുടെ 54 ശതമാനത്തോളം നികുതിയിനത്തില്‍ ജനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിഴിയുന്നു. നിലവിലുള്ള അന്താരാഷ്ട്രവിലയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.

    ReplyDelete
  2. വില കൂടുതലാണേല്‍ ഒരു ദിവസം കുറച്ച് ഉപയോഗിക്കാന്‍ പറയൂ സഖാവേ! ആവശ്യക്കാരു കൂടുതലും, സപ്ലെ കോസ്റ്റന്റും ആയാല്‍ വില ഇനിയും കൂടും :)

    ReplyDelete