Friday, June 11, 2010

കേരളം നിക്ഷേപ സൌഹൃദസംസ്ഥാനം

കേരളത്തില്‍ നിക്ഷേപത്തിന് തയ്യാറെന്ന് വ്യവസായികളുടെ കോണ്‍ഫെഡറേഷന്‍

കേരളത്തില്‍ നിക്ഷേപത്തിന് തയ്യാറാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) ഭാരവാഹികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഐടി, ടൂറിസം, ആയുര്‍വേദം, ഭക്ഷ്യവ്യവസായം തുടങ്ങിയ മേഖലകളില്‍ നിക്ഷേപത്തിന് ഏറെ അവസരമുള്ളതായി അവര്‍ ചൂണ്ടിക്കാണിച്ചു. നടപടികള്‍ ത്വരിതപ്പെടുത്താന്‍ സര്‍ക്കാരിന്റെയും സിഐഐയുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കര്‍മസമിതി 10 ദിവസത്തിനകം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇന്‍ഫോസിസ് മേധാവിയും സിഐഐ ദക്ഷിണമേഖലാ ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ കോണ്‍ഫെഡറേഷന്‍ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അടിസ്ഥാന സൌകര്യവികസനത്തിന് ഊന്നല്‍ നല്‍കുന്ന മാസ്റ്റര്‍പ്ളാനിന് സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കണമെന്ന് സിഐഐ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. സംസ്ഥാന സര്‍ക്കാരും സിഐഐയും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ട മേഖലകളെക്കുറിച്ചും ചര്‍ച്ചചെയ്തു. തൊഴില്‍ വൈദഗ്ധ്യം-സംരംഭകത്വം എന്നിവയുടെ വികസനം, പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ഊന്നല്‍നല്‍കിയുള്ള ജില്ലാ വികസനം, കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളുടെ പ്രോത്സാഹനം, ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കും ആഗോള സ്ഥാപനങ്ങള്‍ക്കുമിടയില്‍ കേരളത്തെ ഐടി-ആയുര്‍വേദ കേന്ദ്രമെന്ന നിലയില്‍ അവതരിപ്പിക്കുക, കേരളത്തിലെ നഗരങ്ങള്‍ക്കായി മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കുക തുടങ്ങിയ അഞ്ചിന അജന്‍ഡയാണ് സിഐഐക്കുള്ളത്. ഊര്‍ജമേഖലയിലെ ഉല്‍പ്പാദനം, വിതരണം തുടങ്ങിയ രംഗങ്ങളില്‍ സ്വകാര്യപങ്കാളിത്തം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മുന്‍ഗണന നല്‍കി പരിഷ്കാര നടപടികള്‍ക്ക് സിഐഐ തയ്യാറാകും. കാപ്ടീവ് പവര്‍പ്ളാന്റുകളില്‍നിന്ന് വൈദ്യുതി വാങ്ങല്‍, രാജ്യത്താകെ ഏകീകൃതനിരക്ക് തുടങ്ങിയ ആവശ്യങ്ങളും സിഐഐ മുന്നോട്ടുവച്ചു.

കേരളത്തിലെ നഗരങ്ങളുടെ അവസ്ഥയെക്കുറിച്ച് ശാസ്ത്രീയ വിശകലനം നടത്തി അടിസ്ഥാന സൌകര്യവികസനത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കണം. ദേശീയപാതകളുടെ വീതി 45 മീറ്ററായെങ്കിലും വര്‍ധിപ്പിക്കണം. ഉള്‍നാടന്‍ ജലഗതാഗത മാര്‍ഗങ്ങള്‍ പുനരുജ്ജീവിപ്പിക്കണം-സിഐഐ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. വ്യവസായ നിക്ഷേപത്തിന് അനുകൂലമായ കാലാവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ തൊഴില്‍ വൈദഗ്ധ്യത്തെപ്പറ്റി സിഐഐയുടെ പഠനറിപ്പോര്‍ട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി.സിഐഐ സതേ റീജ ഡെപ്യൂട്ടി ചെയര്‍മാന്‍ ടി ടി അശോക്, കേരള ചെയര്‍മാന്‍ പി ഗണേശ്, ജോസ് ഡൊമിനിക്, ഡോ. പ്രദീപ് ജ്യോതി എന്നിവരും സിഐഐ സംഘത്തിലുണ്ടായിരുന്നു.

കേരളം നിക്ഷേപ സൌഹൃദസംസ്ഥാനം: ക്രിസ് ഗോപാലകൃഷ്ണന്‍

വ്യവസായ നിക്ഷേപത്തിന് അനുകൂലമായ കാലാവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് ഇന്‍ഫോസിസ് മേധാവിയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ) ദക്ഷിണമേഖല ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഓരോ സംസ്ഥാനത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ അധികവും ഗുണങ്ങളാണ്. വ്യവസായ സംരംഭകര്‍ അതിന്റെ സാധ്യതകള്‍ പരമാവധി വിനിയോഗിക്കണം. ടൂറിസം വ്യവസായ വികസനത്തെ ദക്ഷിണേന്ത്യയില്‍ നയിക്കുന്നത് കേരളമാണ്. മറ്റ് പലതിലും മുന്നിലെന്ന് അവകാശപ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് ഈ രംഗത്തെ കുത്തക തകര്‍ക്കാന്‍ കഴിയുന്നില്ല. കേരളത്തിലെ ഐടി വ്യവസായം കുത്തനെ ഉയരുന്നില്ലെന്ന വിമര്‍ശനത്തെ ഇതുമായി തട്ടിച്ചുനോക്കണം. കൂടുതല്‍ സംരംഭകര്‍ കേരളത്തിലേക്ക് വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വഴിയൊരുക്കുകയാണ്. ടെക്നോപാര്‍ക്കിലും മറ്റും നടക്കുന്ന വികസനങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഇന്‍ഫോസിസിന്റെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയിലാണ് നടക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ മാറുന്ന നിക്ഷേപ അന്തരീക്ഷമാണ് കാണിക്കുന്നത്. ഐടി വ്യവസായത്തിന് കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്താനുള്ള കഴിവുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

deshabhimani 11062010

2 comments:

  1. കേരളത്തില്‍ നിക്ഷേപത്തിന് തയ്യാറാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) ഭാരവാഹികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഐടി, ടൂറിസം, ആയുര്‍വേദം, ഭക്ഷ്യവ്യവസായം തുടങ്ങിയ മേഖലകളില്‍ നിക്ഷേപത്തിന് ഏറെ അവസരമുള്ളതായി അവര്‍ ചൂണ്ടിക്കാണിച്ചു. നടപടികള്‍ ത്വരിതപ്പെടുത്താന്‍ സര്‍ക്കാരിന്റെയും സിഐഐയുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കര്‍മസമിതി 10 ദിവസത്തിനകം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇന്‍ഫോസിസ് മേധാവിയും സിഐഐ ദക്ഷിണമേഖലാ ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ കോണ്‍ഫെഡറേഷന്‍ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    ReplyDelete
  2. കേരളം നിക്ഷേപ സൌഹൃദസംസ്ഥാനം: ക്രിസ് ഗോപാലകൃഷ്ണന്‍... പക്ഷേ ഇവന്‍ ഇപ്പോഴും ഇന്‍ഫൊസിസിന്റെ നല്ലൊരു യൂണിറ്റ് കൊച്ചിയില്‍ കൊണ്ടുവരില്ലാ.. എന്തെ? ഇന്‍ഫോസിസ് ഈ വര്‍ഷം 25,000 പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നു... കേരളത്തില്‍ ഇപ്പോഴത്തെ യൂണിറ്റില്‍ എത്ര ജനം ഉണ്ടാവോ? “കേരളം നിക്ഷേപ സൌഹൃദസംസ്ഥാനം“ ആര്‍ക്ക്????

    ReplyDelete