Saturday, June 12, 2010

പ്രവാസികളെ ജനസംഖ്യാ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കി

ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ പ്രവാസി ഇന്ത്യക്കാരെ ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. നിലവിലുള്ള നിയമപ്രകാരം പ്രവാസികളെ ഉള്‍പ്പെടുത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ജനസംഖ്യാ രജിസ്റ്ററില്‍ ഉള്‍പ്പെടാനുള്ള അവസരം ലക്ഷകണക്കിനു വരുന്ന വിദേശ ഇന്ത്യാക്കാര്‍ക്ക് നഷ്ടപ്പെടും. ജനസംഖ്യാ രജിസ്റ്ററില്‍ വരാത്തവര്‍ക്ക് വോട്ടവകാശവും ബുദ്ധിമുട്ടാകുമെന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പ്രവാസി വോട്ടവകാശ ബില്‍ പ്രഹസനമാകും. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്ക് ഇതു വലിയ നഷ്ടമാകും. ദേശീയ ജനസംഖ്യാ രജിസ്റ്ററിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച കേന്ദ്രം വിളിച്ചുചേര്‍ത്ത സംസ്ഥാന ചീഫ്സെക്രട്ടറിമാരുടെയും ഡിജിപിമാരുടെയും യോഗത്തിലാണ് പ്രവാസികളെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.

കേരളത്തെ പ്രതിനിധാനംചെയ്ത് എഡിജിപി സിബി മാത്യൂസാണ് യോഗത്തില്‍ പങ്കെടുത്തത്. ഗള്‍ഫ്രാജ്യങ്ങളിലും മറ്റുമായി ലക്ഷക്കണക്കിനു പ്രവാസികള്‍ കഴിയുന്നുണ്ടെന്നും ഇവരെക്കൂടി ജനസംഖ്യാ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള നിയമപ്രകാരം രജിസ്റ്ററില്‍ പേരുചേര്‍ക്കുന്ന സമയത്ത് സ്ഥലത്തുള്ളവരെ മാത്രമേ ഉള്‍പ്പെടുത്താനാകൂ എന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാല്‍, ബംഗ്ളാദേശില്‍നിന്നും മറ്റും അഭയാര്‍ഥികളായി വന്നിട്ടുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കും. ഇവരെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും.

കേരളത്തില്‍ സെന്‍സസ് പ്രക്രിയയുടെ ആദ്യഘട്ടം മെയില്‍ അവസാനിച്ചിരുന്നു. വീടുകളുടെ കണക്കെടുപ്പാണ് 35 ചോദ്യങ്ങളടങ്ങിയ ആദ്യ ഘട്ടത്തില്‍ നടന്നത്. ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് ആളുകളുടെ വിവരം ശേഖരിക്കുന്ന രണ്ടാംഘട്ടം 2011 ഫെബ്രുവരിയിലാണ് ആരംഭിക്കുക. ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടാത്തവരെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കാന്‍ സാധ്യതയില്ല. ചുരുക്കത്തില്‍ ആദ്യഘട്ടം സെന്‍സസ് നടന്നപ്പോള്‍ നാട്ടിലുണ്ടായിരുന്ന പ്രവാസികളൊഴികെയുള്ളവര്‍ ജനസംഖ്യാ രജിസ്റ്ററില്‍നിന്നു പുറത്താകും. ജനസംഖ്യാ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവര്‍ക്ക് എങ്ങനെ വോട്ടവകാശം ലഭിക്കുമെന്ന ചോദ്യവുമുണ്ട്. പ്രവാസി വോട്ടവകാശബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. പ്രവാസികളെ സെന്‍സസ് പ്രക്രിയയുടെ ഭാഗമാക്കണമെന്ന് നേരത്തെ കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു വ്യക്തമായ മറുപടി സര്‍ക്കാര്‍ നല്‍കിയില്ല.
(എം പ്രശാന്ത്)

deshabhimani 11062010

3 comments:

  1. ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ പ്രവാസി ഇന്ത്യക്കാരെ ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. നിലവിലുള്ള നിയമപ്രകാരം പ്രവാസികളെ ഉള്‍പ്പെടുത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ജനസംഖ്യാ രജിസ്റ്ററില്‍ ഉള്‍പ്പെടാനുള്ള അവസരം ലക്ഷകണക്കിനു വരുന്ന വിദേശ ഇന്ത്യാക്കാര്‍ക്ക് നഷ്ടപ്പെടും. ജനസംഖ്യാ രജിസ്റ്ററില്‍ വരാത്തവര്‍ക്ക് വോട്ടവകാശവും ബുദ്ധിമുട്ടാകുമെന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പ്രവാസി വോട്ടവകാശ ബില്‍ പ്രഹസനമാകും. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്ക് ഇതു വലിയ നഷ്ടമാകും. ദേശീയ ജനസംഖ്യാ രജിസ്റ്ററിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച കേന്ദ്രം വിളിച്ചുചേര്‍ത്ത സംസ്ഥാന ചീഫ്സെക്രട്ടറിമാരുടെയും ഡിജിപിമാരുടെയും യോഗത്തിലാണ് പ്രവാസികളെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.

    ReplyDelete
  2. നാട്ടില്‍ ദീര്‍ഘകാലമായി കഴിയുന്ന പാക് മുസ്ളിം പൌരന്മാര്‍ക്ക് ഇനിയും നീതിയില്ല. പാകിസ്ഥാനില്‍നിന്ന് എത്തിയ ഹിന്ദുക്കള്‍ക്കും മറ്റും ദീര്‍ഘകാല വിസ അനുവദിക്കാന്‍ തീരുമാനിച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇവരുടെ കാര്യത്തില്‍ തീരുമാനം നീട്ടുകയാണ്. വിഭജനത്തിനുമുമ്പ് പാകിസ്ഥാനില്‍ പോയി അവിടെ കുടുങ്ങുകയും പിന്നീട് പാക് പാസ്പോര്‍ട്ടോടെ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്ത നിരവധി പേര്‍ കേരളത്തിലുണ്ട്. ദേശീയ പൌരത്വകാര്‍ഡില്ലെന്ന കാരണത്താല്‍ പാകിസ്ഥാന്‍ ഇവരുടെ പാസ്പോര്‍ട്ട് കാലാവധി നീട്ടിക്കൊടുക്കാന്‍ വിസമ്മതിച്ചു. ഇതോടെ ഇന്ത്യയില്‍ കുടുങ്ങിയ ഇവര്‍ക്ക് വിസ കാലാവധി നീട്ടിക്കൊടുക്കാന്‍ കേന്ദ്രസര്‍ക്കാരും വിസമ്മതിക്കുകയാണ്. ഇവരുടെ അപേക്ഷ പരിശോധിച്ചെങ്കിലും സാധുതയുള്ള പാസ്പോര്‍ട്ടോ വിസയോ ഇല്ലാത്തതിനാല്‍ പൌരത്വത്തിന് പരിഗണിക്കാനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പാക് പാസ്പോര്‍ട്ടുള്ള ഹിന്ദു-സിഖ് വിഭാഗം, ഇന്ത്യക്കാരെ വിവാഹം കഴിച്ച് ഇവിടെ കഴിയുന്ന പാക് സ്ത്രീകള്‍, പാകിസ്ഥാന്‍ പൌരന്മാരെ വിവാഹം കഴിച്ച് വൈധവ്യം, വിവാഹമോചനം എന്നിവയാല്‍ നാട്ടിലേക്കു മടങ്ങിയ സ്ത്രീകള്‍, അങ്ങേയറ്റം ദയ അര്‍ഹിക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വിദേശമന്ത്രാലയവും നിയമമന്ത്രാലയവുമായി ആലോചിച്ചാണ് തീരുമാനം.

    ReplyDelete
  3. താൽക്കാലികമായി ഇന്ത്യ വിടുന്നവർ ഇന്ത്യക്കാർ അല്ലാതാകുന്ന എല്ലാ കിരാത നിയമങ്ങളും കേന്ദ്രവും കേരളവും മാറ്റിയെഴുതണം.

    ഇലക്ഷൻ സമയത്ത്‌ നാട്ടിൽ വരുന്നവർക്ക്‌ വോട്ടവകാശം കേന്ദ്രം നൽകണം.

    പ്രവാസികൾക്ക്‌ റേഷൻ കാർഡ്‌ കേരളം നൽകണം.

    പ്രവാസനാടുകളിൽ ഭുരിഭാഗവും പഠിക്കുന്നത്‌ C.B.S.E സിലബസ്സ്‌ പ്രകാരമാണ്‌. അതിനാൽ തന്നെ അവർക്ക്‌ +2 ന്‌ ചേരാനുള്ള വഴി കേരളം തുറന്നുകൊടുക്കണം.

    ഭുമി വാങ്ങുന്നതിന്‌ നേരിട്ട് ഹാജരാകണമെന്ന നിബന്ധനയിൽ നിന്ന്‌ കേരളം പ്രവാസികളെ ഒഴുവാക്കണം.

    ReplyDelete