Wednesday, June 16, 2010

മാതൃഭൂമിയുടേത് ഇരട്ടത്താപ്പ്

ധനവകുപ്പിന്റെ ഇടപെടല്‍മൂലം സംസ്ഥാനത്തെ 63 വികസനപദ്ധതികള്‍ അനിശ്ചിതത്വത്തിലായി എന്ന മാതൃഭൂമി വാര്‍ത്ത അവരുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണെന്നു മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വടക്കന്‍ മേഖലകളില്‍ ചില ജീവനക്കാരുടെ ഒത്താശയോടെ 20 മുതല്‍ 40 ശതമാനംവരെ വര്‍ധിച്ച നിരക്കില്‍ ടെന്‍ഡര്‍ ഒത്തുപിടിക്കുന്നു എന്നായിരുന്നു മാതൃഭൂമി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് തടയാന്‍ ശ്രമിക്കുമ്പോള്‍ പദ്ധതികള്‍ മുടങ്ങുന്നു എന്ന മുറവിളിയുമായി അവര്‍തന്നെ രംഗത്തുവരുന്നു. ഇതു നന്നല്ല.

വടക്കന്‍ മേഖലയില്‍ മാത്രമല്ല തെക്കന്‍ മേഖലയിലും കണ്ടു വരുന്ന പ്രവണതയാണ് ടെണ്ടര്‍ ഒത്തുപിടിക്കല്‍. ഇത് തടയേണ്ടതു തന്നെയാണ്. ടെന്‍ഡറുകള്‍ മുപ്പതും നാല്‍പ്പതും ശതമാനം അധികരിക്കുമ്പോള്‍ അക്കാര്യം പരിശോധിക്കാനുള്ള അവകാശം ധനമന്ത്രിക്കില്ലേ - ഐസക് ചോദിച്ചു. ഈ സന്ദര്‍ഭങ്ങളില്‍ പദ്ധതികള്‍ വൈകുന്നുവെന്ന് ആക്ഷേപം ഉന്നയിക്കുന്നത് ഇരട്ടത്താപ്പാണ്. ഇത്തരം സങ്കുചിത ഇടപെടല്‍ നാടിന്റെ വികസനത്തിന് വിലങ്ങുതടിയാകും. ഇ-ടെന്‍ഡറിങ് സമ്പ്രദായത്തിലേക്ക് പോയില്ലെങ്കില്‍ പൊതുമുതല്‍ കൊള്ളയടിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും ഐസക് പറഞ്ഞു. മന്ത്രി എളമരം കരിം അധ്യക്ഷനായി.

deshabhimani 16062010

1 comment:

  1. ധനവകുപ്പിന്റെ ഇടപെടല്‍മൂലം സംസ്ഥാനത്തെ 63 വികസനപദ്ധതികള്‍ അനിശ്ചിതത്വത്തിലായി എന്ന മാതൃഭൂമി വാര്‍ത്ത അവരുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണെന്നു മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വടക്കന്‍ മേഖലകളില്‍ ചില ജീവനക്കാരുടെ ഒത്താശയോടെ 20 മുതല്‍ 40 ശതമാനംവരെ വര്‍ധിച്ച നിരക്കില്‍ ടെന്‍ഡര്‍ ഒത്തുപിടിക്കുന്നു എന്നായിരുന്നു മാതൃഭൂമി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് തടയാന്‍ ശ്രമിക്കുമ്പോള്‍ പദ്ധതികള്‍ മുടങ്ങുന്നു എന്ന മുറവിളിയുമായി അവര്‍തന്നെ രംഗത്തുവരുന്നു. ഇതു നന്നല്ല.

    ReplyDelete