Tuesday, June 22, 2010

ഭോപാല്‍: തുടരുന്ന ഇടപെടലുകള്‍

കമ്പനിക്കുവേണ്ടി കമല്‍നാഥും ഇടപെട്ടു

ഭോപാല്‍ ദുരന്തത്തിന്റെ വിഷമാലിന്യം നീക്കുന്ന ബാധ്യതയില്‍നിന്ന് യൂണിയന്‍ കാര്‍ബൈഡിന്റെ പുതിയ ഉടമസ്ഥരായ ഡൌ കെമിക്കല്‍സിനെ ഒഴിവാക്കാന്‍ പി ചിദംബരത്തിനു പുറമെ കേന്ദ്രമന്ത്രി കമല്‍നാഥും ഇടപെട്ടു. മാലിന്യം നീക്കാന്‍ ഡൌവില്‍നിന്ന് മുന്‍കൂറായി 100 കോടി രൂപ ഈടാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കമല്‍നാഥ് 2007 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നല്‍കിയ കുറിപ്പ് പുറത്തുവന്നു. കമല്‍നാഥിന്റെ ആവശ്യം ചര്‍ച്ചചെയ്യണമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി ക്യാബിനറ്റ് സെക്രട്ടറിക്ക് കുറിപ്പ് കൈമാറി. വിഷമാലിന്യം നീക്കുന്നതില്‍നിന്ന് ഡൌ കെമിക്കല്‍സിനെ പൂര്‍ണമായി ഒഴിവാക്കാന്‍ ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചതിനു പിന്നാലെയാണ് കമല്‍നാഥിന്റെ ഇടപെടല്‍ പുറത്തുവന്നത്.

ഡൌവില്‍നിന്ന് 100 കോടി ഈടാക്കണമെന്നാവശ്യപ്പെട്ട് 2005ല്‍ കേന്ദ്ര രാസവസ്തു-രാസവളം വകുപ്പാണ് ജബല്‍പുര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. 2006 ഒക്ടോബര്‍ 25ന് ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഇന്തോ-യുഎസ് സിഇഒ ഫോറത്തില്‍, സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ഡൌ മേധാവികള്‍ ആവശ്യപ്പെട്ടു. ധനമന്ത്രിയായിരുന്ന ചിദംബരം, വാണിജ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ മടങ്ങിയെത്തിയ ഇരുവരും ഡൌവിനായി ചരടുവലി തുടങ്ങി. സത്യവാങ്മൂലം നല്‍കിയ രാസവളം മന്ത്രി രാംവിലാസ് പാസ്വാന്‍ അറിയാതെയായിരുന്നു നീക്കങ്ങള്‍. മാലിന്യങ്ങള്‍ നീക്കാന്‍ പ്രത്യേക ട്രസ്റ്റ് എന്ന ആശയവുമായി ചിദംബരം 2006 നവംബറില്‍ പ്രധാനമന്ത്രിക്ക് പ്രത്യേകകുറിപ്പ് നല്‍കി. ഇതിന്റെ തുടര്‍ച്ചയായി 2007 ഫെബ്രുവരിയിലാണ് കമല്‍നാഥ് കുറിപ്പ് നല്‍കിയത്. സത്യവാങ്മൂലം പിന്‍വലിക്കുക. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ക്യാബിനറ്റ്സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിക്കുക എന്നീ ആവശ്യങ്ങളാണ് കുറിപ്പില്‍ കമല്‍നാഥ് ഉന്നയിച്ചത്. അമേരിക്കന്‍ വൈദ്യുതി കുത്തകയായ എന്‍റോണിന്റെ കാര്യത്തില്‍ ഇത്തരമൊരു സമിതിയെ വച്ച കാര്യവും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ ബിസിനസ് സമൂഹത്തിന് നല്ല സന്ദേശം നല്‍കാന്‍ കോടതിയിലെ സത്യവാങ്മൂലം പിന്‍വലിക്കണമെന്നാണ് കമല്‍നാഥ് ആവശ്യപ്പെട്ടത്.
(എം പ്രശാന്ത്)

ഭോപാല്‍: കമ്പനിക്ക് ബാധ്യതയില്ല

ഭോപാലില്‍ കാല്‍നൂറ്റാണ്ടുമുമ്പ് അമേരിക്കന്‍ കമ്പനി നടത്തിയ കൂട്ടക്കൊലയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പരിഹാരം നിര്‍ദേശിച്ച് കേന്ദ്ര മന്ത്രിസഭാസമിതി തടിതപ്പി. ദുരിതബാധിതര്‍ക്കായി 1,500 കോടിയുടെ പാക്കേജിന് ശുപാര്‍ശ ചെയ്ത മന്ത്രിസമിതി ഭോപാലിലെ വിഷമാലിന്യം കുഴിച്ചുമൂടാനുള്ള സാമ്പത്തിക ബാധ്യതയും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു നിര്‍ദേശിച്ചു. ഇതോടെ വിഷം വമിപ്പിച്ച യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ ഡൌ കെമിക്കല്‍സ് സാമ്പത്തിക ബാധ്യതയൊന്നും ഏറ്റെടുക്കേണ്ടി വരില്ലെന്നു വ്യക്തമായി. ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സമിതി തിങ്കളാഴ്ച വൈകിട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സമിതിയുടെ ശുപാര്‍ശകള്‍ ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച കേന്ദ്രമന്ത്രിസഭ പ്രത്യേക യോഗം ചേരും.

വാതകദുരന്തക്കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ എല്ലാ അവസരവും ഒരുക്കിക്കൊടുത്ത കേന്ദ്രസര്‍ക്കാര്‍ ദുരന്തബാധിതരുടെ അവസാന പ്രതീക്ഷയും അസ്ഥാനത്താക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയും സ്ഥിരമായ അവശത അനുഭവിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപയും നല്‍കാനാണ് ശുപാര്‍ശയെന്നാണ് റിപ്പോര്‍ട്ട്. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരമെന്ന പേരില്‍ തുക അനുവദിക്കുക, വിഷമാലിന്യങ്ങള്‍ അവിടെത്തന്നെ കുഴിച്ചുമൂടുക, മുഖ്യപ്രതി വാറന്‍ ആന്‍ഡേഴ്സനെ വിട്ടുകിട്ടാന്‍ എന്തെങ്കിലും ചെയ്തെന്നുവരുത്തുക, ഇന്ത്യക്കാരായ പ്രതികള്‍ക്കെതിരായ കുറ്റപത്രത്തില്‍ വെള്ളംചേര്‍ത്ത സുപ്രീം കോടതിവിധിക്കെതിരെ പരിഹാരഹര്‍ജി നല്‍കുക എന്നീ നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ മുഖ്യമായും ഉള്ളത്.

കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയ ഭോപാല്‍ ദുരന്തവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എത്രയുംവേഗം അവസാനിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു വ്യക്തമാക്കുന്നതാണ് മന്ത്രിസമിതിയുടെ പ്രവര്‍ത്തനവും ശുപാര്‍ശകളും. 26 വര്‍ഷമായിട്ടും ഒരു നടപടിയും എടുക്കാതിരുന്ന വിഷയങ്ങളില്‍ മൂന്നുദിവസം കൊണ്ടാണ് ഒമ്പതു മന്ത്രിമാര്‍ പരിഹാരം നിര്‍ദേശിച്ചത്. കോണ്‍ഗ്രസിന്റെ മുഖംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രയോഗിക്കാനുദ്ദേശിച്ച പൊടിക്കൈകളല്ലാതെ മറ്റൊന്നും ശുപാര്‍ശകളിലില്ല. കാല്‍നൂറ്റാണ്ടു പിന്നിട്ടിട്ടും വിഷം വമിക്കുന്ന ഫാക്ടറിയും മലിനമായ മണ്ണും ശാസ്ത്രീയമായ ഒരു പഠനവും നടത്താതെ അതേസ്ഥലത്തുതന്നെ കുഴിച്ചുമൂടാനാണ് ശുപാര്‍ശ. ഇതിനു 300 കോടി രൂപയാണ് അനുവദിക്കുക.

ദുരിതബാധിതര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചതും കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് ഭോപാലിലെ ഇരകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഭോപാല്‍ ഗ്യാസ് പീഡിത് സംഘര്‍ഷ് സഹയോഗ് സമിതി കോ കണ്‍വീനര്‍ എന്‍ ഡി ജയപ്രകാശ് പറഞ്ഞു. ദുരന്തബാധിതരില്‍ 92 ശതമാനം പേര്‍ക്കും പരമാവധി 25,000 രൂപയുടെ നഷ്ടപരിഹാരം ലഭിക്കാന്‍ മാത്രമേ നിലവില്‍ സഹചര്യമുള്ളൂവെന്നും ജയപ്രകാശ് പറഞ്ഞു. സമിതിയുടെ തട്ടിപ്പില്‍ പ്രതിഷേധിച്ച് ഭോപാല്‍ ദുരിതബാധിതര്‍ ആഭ്യന്തരമന്ത്രാലയത്തിനു മുന്നില്‍ പ്രകടനം നടത്തി.
(വിജേഷ് ചൂടല്‍)

ആന്‍ഡേഴ്സന്‍: മന്ത്രിസഭാ സമിതിയുടെ നിര്‍ദേശം പ്രഹസനം

ഭോപാലിലെ കൂട്ടക്കൊലയുടെ പ്രധാന ഉത്തരവാദി യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ തലവന്‍ വാറന്‍ ആന്‍ഡേഴ്സനെ വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രിസഭാ സമിതിയുടെ ശുപാര്‍ശ പ്രഹസനമാകും. രണ്ടരപ്പതിറ്റാണ്ട് ഒന്നും ചെയ്യാതിരുന്ന കേന്ദ്രം ദുരിതബാധിതരുടെയും ജനങ്ങളുടെയും കണ്ണില്‍ പൊടിയിടാനാണ് ഇപ്പോള്‍ ഈ ആവശ്യമുന്നയിക്കുന്നത്. ഭോപാല്‍ കോടതിവിധിയെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളില്‍ പ്രതിക്കൂട്ടിലായ സര്‍ക്കാരിന്റെ പിടിച്ചുനില്‍ക്കാനുള്ള അടവായാണ് പുതിയ നീക്കം വിലയിരുത്തുന്നത്. 90 വയസ്സുള്ള ആന്‍ഡേഴ്സനെ ഇന്ത്യക്ക് വിട്ടുതരാന്‍ അമേരിക്ക തയ്യാറാകില്ലെന്നത് വ്യക്തമാണ്. നിയമനടപടികളിലൂടെ ഇത് ഏറെ വൈകിപ്പിക്കാനും സാധിക്കും.

ദുരന്തശേഷം അമേരിക്കയില്‍ നിന്നെത്തിയ ആന്‍ഡേഴ്സനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കടത്തുകയും നാട്ടിലേക്ക് യാത്രയാക്കുകയും ചെയ്യുകയായിരുന്നു. സുരക്ഷിതനായി മടക്കി അയക്കാമെന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ഉറപ്പുനല്‍കിയശേഷമാണ് ആന്‍ഡേഴ്സന്‍ ഇന്ത്യയിലെത്തിയത്. പലപ്പോഴും ആന്‍ഡേഴ്സനെ വിചാണചെയ്യണമെന്ന് മുറവിളി ഉയര്‍ന്നു. എന്നാല്‍, അയാള്‍ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചത്. സിബിഐയുടെ നിര്‍ദേശം പോലും കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുത്തില്ല. കഴിഞ്ഞ 26 വര്‍ഷത്തിനിടെ ആന്‍ഡേഴ്സനെ ഇന്ത്യയുടെ നീതിപീഠത്തിനു മുന്നിലെത്തിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്തവര്‍ ഇപ്പോള്‍ അതിനു ശ്രമിക്കുമെന്ന് പറയുന്നതുതന്നെ തട്ടിപ്പാണ്.

ഭോപാല്‍: കേന്ദ്രം വസ്തുതകള്‍ വെളിപ്പെടുത്തണം-പന്ഥെ

ഭോപാല്‍ വിഷവാതക ദുരന്ത കേസിലെ എല്ലാ വസ്തുതകളും രാജ്യത്തോട് വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ഡോ. എം കെ പന്ഥെ പറഞ്ഞു. പ്രധാന പ്രതി വാറന്‍ ആന്‍ഡേഴ്സനെ രക്ഷിച്ചതില്‍ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പങ്ക് മറച്ചുവയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമം. സിഐടിയു സംസ്ഥാന പഠനക്യാമ്പ് ആലുവയില്‍ ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയിരങ്ങളെ കുരുതികൊടുത്ത കൊടും കുറ്റവാളിക്ക് പ്രധാനമന്ത്രി അറിയാതെ രാജ്യംവിടാനാകില്ല. അമേരിക്കയുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ആന്‍ഡേഴ്സനെ രക്ഷിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ രാജീവ്ഗാന്ധിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ആന്‍ഡേഴ്സനെ രക്ഷപ്പെടുത്താനുള്ള അധികാരം അന്ന് മുഖ്യമന്ത്രിയായിരുന്ന തനിക്കുണ്ടായിരുന്നില്ലെന്ന അര്‍ജുന്‍സിങ്ങിന്റെ വെളിപ്പെടുത്തല്‍ വിരല്‍ചൂണ്ടുന്നതും രാജീവ്ഗാന്ധിയിലേക്കുതന്നെ. ഈ പശ്ചാത്തലത്തില്‍ ഇനിയെങ്കിലും ഇതുസംബന്ധിച്ച വസ്തുതകള്‍ വെളിപ്പെടുത്തണം- അദ്ദേഹം പറഞ്ഞു ഭോപാലില്‍ പുതിയ തലമുറയും വിഷവാതകദുരന്തത്തിന്റെ പ്രത്യാഘാതം അനുഭവിക്കുകയാണ്. ഇന്ത്യ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തിന്റെ എട്ടിലൊന്നു മാത്രമാണ് അമേരിക്കന്‍ കോടതി നല്‍കിയത്. ഇത് സര്‍ക്കാരും ജുഡീഷ്യറിയുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലമായിരുന്നു. യൂണിയന്‍ കാര്‍ബൈഡ് മേധാവികള്‍ക്ക് ഇന്ത്യന്‍ കോടതിയാകട്ടെ ട്രക്ക് ദുരന്തത്തിന് ഡ്രൈവര്‍ക്കു നല്‍കുന്ന ശിക്ഷയാണ് വിധിച്ചത്. ഭോപാലിലെ ദുരന്തബാധിതര്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും കഴിഞ്ഞില്ലെന്നാണ് ഇതു തെളിയിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുക, തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുക, ഓഹരിവില്‍പ്പന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യയിലെ തൊഴിലാളിപ്രസ്ഥാനങ്ങള്‍ ഒന്നിച്ച് ഇതാദ്യമായി സെപ്തംബറില്‍ പണിമുടക്കുമെന്നും പന്ഥെ പറഞ്ഞു.

ഭോപാല്‍ ഇരകള്‍ ഡല്‍ഹിയില്‍ പ്രകടനം നടത്തി

ഭോപാല്‍ കൂട്ടക്കൊലയിലെ ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഭോപാല്‍ ഗ്യാസ് പീഡിത് ന്യായ് മോര്‍ച്ചാ പ്രവര്‍ത്തകര്‍ ഭോപാല്‍ മന്ത്രിസമിതി യോഗംചേരുന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ നോര്‍ത്ത് ബ്ളോക്ക് ഓഫീസിനു മുന്നില്‍ പ്രകടനം നടത്തി. യോഗം തുടങ്ങുന്നതിനു മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു പ്രകടനം. ഭോപാല്‍ ദുരന്തത്തിന്റെ ഇര അബ്ദുള്‍ നഫിസിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം കനത്ത സുരക്ഷാമേഖലയായ നോര്‍ത്ത് ബ്ളോക്കില്‍ സുരക്ഷാ ഭടന്മാര്‍ തടഞ്ഞു.

ദേശാഭിമാനി 22062010

1 comment:

  1. ഭോപാല്‍ ദുരന്തത്തിന്റെ വിഷമാലിന്യം നീക്കുന്ന ബാധ്യതയില്‍നിന്ന് യൂണിയന്‍ കാര്‍ബൈഡിന്റെ പുതിയ ഉടമസ്ഥരായ ഡൌ കെമിക്കല്‍സിനെ ഒഴിവാക്കാന്‍ പി ചിദംബരത്തിനു പുറമെ കേന്ദ്രമന്ത്രി കമല്‍നാഥും ഇടപെട്ടു. മാലിന്യം നീക്കാന്‍ ഡൌവില്‍നിന്ന് മുന്‍കൂറായി 100 കോടി രൂപ ഈടാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കമല്‍നാഥ് 2007 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നല്‍കിയ കുറിപ്പ് പുറത്തുവന്നു. കമല്‍നാഥിന്റെ ആവശ്യം ചര്‍ച്ചചെയ്യണമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി ക്യാബിനറ്റ് സെക്രട്ടറിക്ക് കുറിപ്പ് കൈമാറി. വിഷമാലിന്യം നീക്കുന്നതില്‍നിന്ന് ഡൌ കെമിക്കല്‍സിനെ പൂര്‍ണമായി ഒഴിവാക്കാന്‍ ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചതിനു പിന്നാലെയാണ് കമല്‍നാഥിന്റെ ഇടപെടല്‍ പുറത്തുവന്നത്.

    ReplyDelete