Wednesday, June 30, 2010

കയര്‍ത്തൊഴിലാളികള്‍ക്ക് രണ്ടിരട്ടി നേട്ടം

നാലുവര്‍ഷത്തിനിടെ കയര്‍ത്തൊഴിലാളികളുടെ വേതനം ഇരട്ടിയോളം വര്‍ധിച്ചു; പെന്‍ഷന്‍ രണ്ടിരട്ടിയും. എല്‍ഡിഎഫ് സര്‍ക്കാര്‍ കയര്‍ വികസന വകുപ്പിനെയും സഹകരണ മേഖലയെയും ബന്ധപ്പെടുത്തിയും സമന്വയിപ്പിച്ചുമുള്ള വികസന പദ്ധതിയിലൂടെ ഈ പരമ്പരാഗത വ്യവസായത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ആശ്വാസം പകര്‍ന്നത്. കയര്‍പിരി തൊഴിലാളികളുടെ പ്രതിദിന വേതനം 150 രൂപയാക്കി പുതുക്കിനിശ്ചയിക്കുമെന്ന് കയര്‍-സഹകരണ വകുപ്പുമന്ത്രി ജി സുധാകരന്‍ പ്രഖ്യാപിച്ചു. ഇപ്പോഴും നൂറുരൂപപോലും വേതനം നല്‍കാന്‍ തയ്യാറാകാത്ത കയര്‍മുതലാളിമാര്‍ക്ക് മറ്റൊരു താക്കീതാകും സര്‍ക്കാരിന്റെ നടപടി.

തൊഴിലുറപ്പ് പദ്ധതിയില്‍ നൂറും നൂറ്റിഇരുപതും രൂപ കൂലി കിട്ടുമ്പോള്‍ കൂടുതല്‍ അധ്വാനത്തോടെയും ദുഷ്കരമായ പശ്ചാത്തലത്തിലും ജോലിചെയ്യുന്ന കയര്‍ത്തൊഴിലാളികള്‍ക്ക് 150 രൂപയെങ്കിലും ലഭിക്കണമെന്നത് സാമാന്യ നീതിമാത്രമാണെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല, ട്രേഡ്യൂണിയനുകളുടെ യോഗം വിളിച്ചശേഷം കയര്‍വികസന വകുപ്പ് ഡയറക്ടര്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ച കാര്യവും മന്ത്രി വെളിപ്പെടുത്തി. മലബാര്‍ മേഖലയില്‍ 125 രൂപയും തെക്കന്‍ മേഖലയില്‍ 150 രൂപയും നിശ്ചയിക്കാനാണ് ശുപാര്‍ശ. ഇത് നടപ്പാകുമ്പോള്‍ കേരളത്തിലെ കയര്‍പിരി മേഖലയിലെ അഞ്ചുലക്ഷത്തോളം തൊഴിലാളികുടുംബങ്ങള്‍ക്കാണ് നേട്ടം. നാലുവര്‍ഷംമുമ്പ് 100 രൂപയായിരുന്ന കയര്‍തൊഴിലാളി പെന്‍ഷനും മറ്റു സാമൂഹ്യപെന്‍ഷനോടൊപ്പം മുന്നൂറ് രൂപയാക്കുമ്പോള്‍ ചരിത്രത്തിലാദ്യമായി ജൂലൈ അവസാനം അഡ്വാന്‍സ് പെന്‍ഷനടക്കം 1800 രൂപവീതം കയര്‍ത്തൊഴിലാളി കുടുംബങ്ങളിലുമെത്തും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഓണസമ്മാനമാണ് കൂലിയിലും പെന്‍ഷനിലും രണ്ടിരട്ടിയുള്ള ഈ ഇരട്ടനേട്ടം. 57,000 കയര്‍ത്തൊഴിലാളി കുടുംബങ്ങള്‍ക്കായി 10,26,00,000 രൂപയാണ് എത്തുക.

കയര്‍വികസന വകുപ്പ് നടപ്പാക്കുന്ന കയര്‍കടാശ്വാസ പദ്ധതി ചെറുകിട ഉല്‍പാദകര്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും സ്തംഭനം ഒഴിവാക്കി സുഗമമായി പ്രവര്‍ത്തിക്കാന്‍ സഹായകമാണ്. ധനകാര്യസ്ഥാപനങ്ങളില്‍നിന്നും സ്ഥിരം മൂലധനമായും പ്രവര്‍ത്തനമൂലധനമായും 2008 മാര്‍ച്ച് 31നോ അതിനുമുമ്പോ വായ്പയെടുത്ത് സ്ഥാപനം തുടങ്ങുകയോ വിപുലീകരിക്കുകയോ ചെയ്തവര്‍ക്കാണ് സഹായം ലഭ്യമാക്കുന്നത്. യഥാസമയം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് പിഴപ്പലിശ മാത്രമല്ല, പലിശപോലും ഒഴിവാക്കുകയാണ്. 91 സഹകരണസംഘങ്ങള്‍ക്കും 199 ചെറുകിട ഉല്‍പാദകര്‍ക്കുമായി ഇതിനകം 2.18 കോടി രൂപ അനുവദിച്ചു. കയര്‍പിരി മേഖലയിലെ തൊഴിലാളികള്‍ക്ക് 5000 രൂപ വീതവും ഉല്‍പാദന മേഖലയിലും തൊണ്ടുതല്ല് മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു തൊഴിലാളിക്ക് 15,000 രൂപ എന്ന ക്രമത്തിലും ലഭിക്കും. സഹകരണമേഖല ഒഴികെ സൂക്ഷ്മ സംരംഭങ്ങളിലെ ചെറുകിട ഉല്‍പാദകര്‍ക്കും 25,000 രൂപ നിരക്കില്‍ കടാശ്വാസം നല്‍കുന്നുണ്ട്.

കയര്‍വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനായി പതിറ്റാണ്ടുകളായി ഈ മേഖലയില്‍ പോരാട്ടം തുടരുകയാണ്. വ്യവസായ പുനരുദ്ധാരണവും വികസനവും കൊണ്ടല്ലാതെ തൊഴിലാളികളുടെ ദുരിതം അവസാനിക്കില്ലെന്ന തിരിച്ചറിവാണ് ഈ പരമ്പരാഗത തൊഴിലാളികളെ പ്രക്ഷോഭത്തിനിറക്കിയിട്ടുള്ളത്. 1967ലെ ഇ എം എസ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായമന്ത്രി ടി വി തോമസ് കൊണ്ടുവന്ന കയര്‍വികസന പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചില്ല. പതിനഞ്ചുകോടി രൂപയുടെ ധനസഹായം അക്കാലത്ത് കേന്ദ്രം നല്‍കിയിരുന്നെങ്കില്‍, അനേകകോടി ഡോളര്‍ നേടിത്തരുന്ന വിദേശ കയറ്റുമതിയുള്ള ഈ വ്യവസായത്തിന് അടിസ്ഥാനവികസനമാകുമായിരുന്നു. കേന്ദ്രഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള കയര്‍ ബോര്‍ഡ്, കയറ്റുമതിക്കാരായ കുത്തക വ്യവസായികളുടെ താല്‍പര്യത്തിനൊത്താണ് നയരൂപീകരണവും വികസനപദ്ധതികളും നടപ്പാക്കുന്നത്. ഈ സാഹചര്യത്തിലും പരിമിതമായ അധികാരവും വിഭവദാരിദ്രവുമുള്ള സംസ്ഥാന ഗവണ്‍മെന്റ് ഇത്തരം വികസന-ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നത് ശ്ളാഘനീയമാണ്.

സഹകരണ മേഖലയില്‍ പണിയെടുക്കുന്ന രണ്ടുലക്ഷത്തോളം കയര്‍പിരി തൊഴിലാളികള്‍ക്ക് 150 രൂപ ക്രമത്തിലുള്ള കൂലി ആദ്യം ഉറപ്പാക്കും. തുടര്‍ന്ന് സ്വകാര്യമേഖലയിലെ മൂന്നുലക്ഷത്തോളംപേര്‍ക്കും അത് ലഭിക്കാനുള്ള ക്രമീകരണങ്ങള്‍ ഉല്‍പാദകരുടെ സഹകരണത്തോടെ നടപ്പാക്കുകയാണ് കയര്‍ക്ഷേമ വകുപ്പിന്റെ ലക്ഷ്യം. കൂലിവര്‍ധന നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന അധിക ഉല്‍പാദനച്ചെലവ് കണക്കാക്കിയുള്ള വില കയറിന് നല്‍കാന്‍ കയര്‍ഫെഡിന് ആവശ്യമായ പണവും നല്‍കിയിട്ടുണ്ട്. സ്വകാര്യമേഖലയില്‍ പ്രഖ്യാപിച്ച കൂലി നല്‍കി ഉല്‍പാദിപ്പിച്ച ചെറുകിടക്കാരുടെ കയര്‍, സഹകരണസംഘങ്ങളിലൂടെ സംഭരിക്കാനുള്ള തുടര്‍നടപടിയും ഉണ്ടാകാനാണ് സാധ്യത. ഇക്കാര്യം കയര്‍വികസന വകുപ്പ് ഗൌരവപൂര്‍വം പരിഗണിക്കും. സഹകരണമേഖല ചെറുകിട ഉല്‍പാദകരില്‍നിന്ന് ഏറ്റെടുക്കുന്ന കയറിന് അതുല്‍പാദിപിച്ച തൊഴിലാളികള്‍ക്ക് നിശ്ചിത കൂലി നല്‍കിയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

നാലുവര്‍ഷംമുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ എഴുപത്തഞ്ചും എണ്‍പതും രൂപയായുരുന്നു കയര്‍ത്തൊഴിലാളികള്‍ക്ക് പ്രതിദിനം കിട്ടിയിരുന്നത്. കയര്‍വ്യവസായ കുത്തകകളുടെ ചൂഷണം ചെറുകിട ഉല്‍പാദകരിലേക്കും നീളുന്ന സാഹചര്യത്തില്‍, കുറഞ്ഞ കൂലി ഏതറ്റംവരെ താഴ്ത്താനും ഉല്‍പാദകരെയാണ് ഉപയോഗിക്കുന്നത്. ഉല്‍പന്നങ്ങളുടെ വില കൂട്ടാതെ നിശ്ചത കൂലി നല്‍കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ടായി. ഈഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ആദ്യവര്‍ഷംതന്നെ സഹകരണ സ്ഥാപനങ്ങളില്‍ കെട്ടിക്കിടന്ന കയറും ഉല്‍പന്നങ്ങളും ലക്ഷക്കണക്കിന് രൂപയുടെ സബ്സിഡി നല്‍കി ശേഖരിച്ചു.

കയര്‍ സഹകരണസംഘങ്ങളുടെ സര്‍ക്കാര്‍ വായ്പകളും എന്‍സിഡിസി വായ്പകളും ഓഹരിയാക്കി. 53 കോടി രൂപയുടെ ആശ്വാസം സഹകരണസംഘങ്ങള്‍ക്കുണ്ടായി. 23 കോടി രൂപയാണ് പ്രവര്‍ത്തനമൂലധനമായി നല്‍കിയത്. കയര്‍ഫെഡിന്റെ 20 കോടി രൂപ സര്‍ക്കാര്‍ വായ്പയും പലിശയും ഓഹരിയാക്കി. പ്രവര്‍ത്തനമൂലധനമായി 15 കോടി രൂപയും നല്‍കി. കയര്‍ ക്രയവില സ്ഥിരതാപദ്ധതി മുഖേന 100 കോടി രൂപയുടെ ഓര്‍ഡര്‍ ചെറുകിട ഉല്‍പാദകര്‍ക്ക് നല്‍കിയപ്പോള്‍ ചെറുകിട ഫാക്ടറികളിലും കയര്‍പിരി കേന്ദ്രങ്ങളിലും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടായി. ഇതിനുപുറമേ കയര്‍ കോര്‍പറേഷന്‍ പരമാവധി ഉല്‍പന്നങ്ങള്‍ ശേഖരിച്ചും ഓര്‍ഡര്‍ നല്‍കി ചെറുകിട ഫാക്ടറികളുടെ പ്രവര്‍ത്തനം സജീവമാക്കിയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചു. ആഭ്യന്തര കമ്പോളം വികസിപ്പിക്കാനുള്ള സ്റാളുകളും ഫെസ്റിവല്‍ മേളകളും വന്‍ വിജയമായി. കയര്‍ഫെഡും ഫോംമാറ്റിങ്സ് ഇന്ത്യയും ഈ വഴിക്കാണ് വിപണി വിപുലപ്പെടുത്തിയത്.

ഈ സംയുക്തസംരംഭത്തിന് സംസ്ഥാന കയര്‍വികസന വകുപ്പ് നേതൃത്വം നല്‍കി. ഓരോ പ്രതിസന്ധിഘട്ടത്തെയും തരണംചെയ്യാനുള്ള ഉല്‍പാദന-വിതരണ തന്ത്രങ്ങളും സ്തംഭനം ഉണ്ടാകാത്തവിധം ഉല്‍പന്നങ്ങളുടെ സംഭരണവും സുഗമമാക്കാന്‍ കോടികളാണ് സര്‍ക്കാര്‍ വിനിയോഗിച്ചത്. പൊതുമേഖലയിലും സഹകരണ മേഖലയിലും പ്രവര്‍തിക്കുന്ന സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുമായി കയര്‍-സഹകരണവകുപ്പുമന്ത്രി ജി സുധാകരന്‍ നടത്തിയ കൂടിയാലോചനകളുടെയും ഉല്‍പാദനമേഖയെ സജീവമാക്കാനായി വിളിച്ചുകൂട്ടിയ കോണ്‍ഫറന്‍സുകളുടെയും നാള്‍വഴി പരിശോധിച്ചാല്‍ ഈ ഗവണ്‍മെന്റിന് കയര്‍വ്യവസായത്തോടും അതിലെ തൊഴിലാളികളോടുമുള്ള പ്രതിബദ്ധതയാണ് തെളിയുക.

1960കള്‍ക്ക് മുമ്പുള്ള കയര്‍വ്യവസായരംഗത്തെ സുവര്‍ണകാലത്തെക്കുറിച്ച് പലരും പറയാറുണ്ട്. വിദേശ ഓര്‍ഡറുകളെമാത്രം ആശ്രയിച്ച് ഉല്‍പന്നങ്ങളുണ്ടാക്കി കയറ്റുമതിചെയ്യുന്ന കൂറ്റന്‍ ഫാക്ടറികള്‍ ഏറെയും വിദേശികളായ മുതലാളിമാരുടേതായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടെ വ്യവസായത്തിന് 'നങ്കൂര'മിട്ട വെള്ളക്കാര്‍ ബ്രിട്ടനിലെ തൊഴില്‍നിയമങ്ങളാണ് ഭരണകൂടത്തിന്റെ പിന്തുണയോടെ അടിച്ചേല്‍പ്പിച്ചിരുന്നത്. എന്നാല്‍, കുറഞ്ഞ കൂലിയാണെങ്കിലും വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ടായിരുന്നു; തൊഴില്‍ സ്ഥിരതയും. നവോത്ഥാന പ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലും ചാലകശക്തിയായിരുന്ന കയര്‍വ്യവസായ തൊഴിലാളികള്‍ നടത്തിയ ധീരമായ പോരാട്ടവും പണിമുടക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധങ്ങളും അവരുടെ സംഘടനാശേഷിയുടെ ഉരകല്ലായിരുന്നു. കൂറ്റന്‍ ഫാക്ടറികളില്‍ പണിയെടുത്ത ആയിരങ്ങള്‍ 'സൈറണ്‍' മുഴങ്ങാതെതന്നെ നിരനിരയായി ഇറങ്ങിവന്ന് സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ അണിചേര്‍ന്നത് പിറന്ന നാടിന്റെയും ജനങ്ങളുടെയും മോചനത്തിനായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തിലെ മുന്നണിപ്പോരാളികളും കയര്‍വ്യവസായ തൊഴിലാളികളായിരുന്നുവെന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

തൊഴിലാളികളുടെ സംഘടിതശക്തിയെ ഇല്ലാതാക്കാന്‍ 1950 കളില്‍ കരുപ്പിടിപ്പിച്ച തന്ത്രമായിരുന്നു കയര്‍വ്യവസായത്തിലെ വികേന്ദ്രീകരണം. കൂറ്റന്‍ ഫാക്ടറികള്‍ ഓരോന്നായി പൊളിച്ചടുക്കി; ആയിരങ്ങള്‍ തൊഴില്‍രഹിതരായി. ചെറുകിട ഫാക്ടറികള്‍ കൂണുപോലെ പൊങ്ങി. വന്‍ ഫാക്ടറി നടത്തി ഉല്‍പന്നങ്ങള്‍ കയറ്റുമതിചെയ്ത മുതലാളിമാരുടെ ഉല്‍പാദനകേന്ദ്രങ്ങള്‍ ചെറുകിട ഫാക്ടറികളായി. കൂലിയും ബോണസും ക്ഷാമബത്തയും വെട്ടിക്കുറച്ചു. ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്ന മുതലാളിമാരുടെ ഡിപ്പോകള്‍ 'ഇടത്തട്ടു' താവളമായി. ഇങ്ങനെയാണ് വ്യവസായ പ്രതിസന്ധി രൂക്ഷമായത്.

തൊഴിലാളികളെ ചൂഷണംചെയ്തും ലാഭത്തില്‍മാത്രം കണ്ണുവെച്ചും എങ്ങനെയും വ്യവസായം നടത്താന്‍ കയറ്റുമതിക്കാരായ മുതലാളിമാര്‍ക്ക് ഇന്ത്യയിലെ വ്യവസായ-തൊഴില്‍ നിയമങ്ങള്‍ പരിരക്ഷ നല്‍കുന്നു. സംസ്ഥാന ഗവണ്‍മെന്റിന് നിയന്ത്രിക്കാനുള്ള അധികാരമില്ല. തൊഴിലാളികളുടെ അവകാശസമരങ്ങളെ അടിച്ചമര്‍ത്താന്‍ പൊലീസിനെ അയക്കാതിരിക്കാനും, കള്ളക്കേസ് തടയാനും സംസ്ഥാന ഗവണ്‍മെന്റിനാകും. ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ ആ സംരക്ഷണം ഉണ്ടായിട്ടുമുണ്ട്. സമരത്തിലൂടെ പരിമിതമായ നേട്ടങ്ങളെങ്കിലും സ്ഥാപിക്കാനുമായി. ആദ്യത്തെയും രണ്ടാമത്തെയും ഇ എം എസ് ഗവണ്‍മെന്റുകളാണ് പൊതുമേഖലയിലും സഹകരണ മേഖലയിലും കയര്‍ഫാക്ടറി സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്. വ്യവസായത്തിന്റെ അടിസ്ഥാനമാറ്റത്തിന് പിന്നീട് വന്ന നായനാര്‍ ഗവണ്‍മെന്റും വിവിധ ഘട്ടങ്ങളില്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി. ഇപ്പോള്‍ വി എസ് സര്‍ക്കാര്‍ നടപ്പാക്കുന്ന കയര്‍വികസന-വിപണന പദ്ധതികള്‍ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും കമ്പോളങ്ങളുണ്ടാക്കി. തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലിനും സഹകരണമേഖലവഴി ആനുകൂല്യങ്ങള്‍ക്കും വഴിതുറന്നു. പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യക്ഷേമ പരിപാടികളും വിപുലമാക്കി. തൊഴിലാളികളോടും കയര്‍വ്യവസായത്തോടും ഈ സര്‍ക്കാരിനുള്ള പ്രതിബദ്ധതയാണിത്.

പി വി പങ്കജാക്ഷന്‍ ചിന്ത വാരിക 02072010

3 comments:

  1. നാലുവര്‍ഷത്തിനിടെ കയര്‍ത്തൊഴിലാളികളുടെ വേതനം ഇരട്ടിയോളം വര്‍ധിച്ചു; പെന്‍ഷന്‍ രണ്ടിരട്ടിയും. എല്‍ഡിഎഫ് സര്‍ക്കാര്‍ കയര്‍ വികസന വകുപ്പിനെയും സഹകരണ മേഖലയെയും ബന്ധപ്പെടുത്തിയും സമന്വയിപ്പിച്ചുമുള്ള വികസന പദ്ധതിയിലൂടെ ഈ പരമ്പരാഗത വ്യവസായത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ആശ്വാസം പകര്‍ന്നത്. കയര്‍പിരി തൊഴിലാളികളുടെ പ്രതിദിന വേതനം 150 രൂപയാക്കി പുതുക്കിനിശ്ചയിക്കുമെന്ന് കയര്‍-സഹകരണ വകുപ്പുമന്ത്രി ജി സുധാകരന്‍ പ്രഖ്യാപിച്ചു. ഇപ്പോഴും നൂറുരൂപപോലും വേതനം നല്‍കാന്‍ തയ്യാറാകാത്ത കയര്‍മുതലാളിമാര്‍ക്ക് മറ്റൊരു താക്കീതാകും സര്‍ക്കാരിന്റെ നടപടി.

    ReplyDelete
  2. കയർ തൊഴിലാളികൾക്ക് മാത്രമല്ല, എല്ലാവർക്കും നല്ലത് മാത്രമാണ് കേരള സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.

    ReplyDelete
  3. സുവര്‍ണ നാര് പിരിക്കുന്ന കയര്‍ തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും വരുമാനം ഉറപ്പാക്കല്‍ പദ്ധതി പ്രാബല്യത്തില്‍ വന്നതോടെ ഇനി മുതല്‍ കൂലി 200 രൂപയായിരിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പ്രഖ്യാപിച്ചു. കയര്‍ പിരി മേഖലയിലെ വരുമാനം ഉറപ്പാക്കല്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്ളാനിങ് ബോര്‍ഡ്, ധനകാര്യ, തൊഴില്‍, സഹകരണ-കയര്‍ വകുപ്പുകള്‍ എന്നിവ ചേര്‍ന്ന് കയര്‍ പിരി മേഖലയിലെ വരുമാനം ഉറപ്പാക്കല്‍ പദ്ധതിക്കായി 20 കോടി രൂപയാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കയര്‍ പിരി തൊഴിലാളികള്‍ക്ക് 40 രൂപയായിരുന്നു കൂലി. അത് പിന്നീട് 90, 100, 150 എന്നിങ്ങനെ വര്‍ധിപ്പിച്ചു. ന്യായമായ വേതനം ലഭിക്കുമെന്ന് ഉറപ്പായതോടെ കയര്‍ മേഖലയെ ഉപേക്ഷിച്ചുപോയവര്‍ തിരിച്ചുവരാന്‍ തുടങ്ങി. ഇതോടെ ഉല്‍പ്പാദനത്തില്‍ വര്‍ധനയുണ്ടായി. വിപണന സാധ്യതയുമേറി. ഇത് കയര്‍ സഹകരണ സംഘങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി. സ്വകാര്യ കയര്‍ മുതലാളിമാരുടെ ചൂഷണത്തില്‍നിന്ന് ചെറുകിട കയര്‍ ഉല്‍പ്പാദകരെ രക്ഷിക്കാനായി അവരുടെ സഹകരണ സംഘങ്ങള്‍ക്ക് അംഗീകാരം നല്‍കിയതിന് പുറമെ ഗ്രാന്റ് നല്‍കുകയും അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന കയര്‍ കയര്‍ഫെഡിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ കഴിഞ്ഞതും സര്‍ക്കാരിന്റെ നേട്ടമാണ്. 4000 തൊണ്ടുതല്ലുന്ന മെഷിനുകള്‍ സൌജന്യമായി നല്‍കി. ചകിരിക്കാവശ്യമായ തൊണ്ട് ലഭിക്കണമെങ്കില്‍ നാളികേര കര്‍ഷകരേയും സംരക്ഷിക്കണമെന്ന് സുധാകരന്‍ പറഞ്ഞു

    ReplyDelete