Tuesday, June 29, 2010

നടപ്പാക്കാനാവാത്തവിധി

അപ്രായോഗികവും അയുക്തികവും ജനവിരുദ്ധവും അധാര്‍മികവുമായ വിധികള്‍ പുറപ്പെടുവിക്കുന്നതിന് നമ്മുടെ ജുഡീഷ്യറി കുപ്രസിദ്ധിനേടിക്കഴിഞ്ഞിരിക്കുന്നു. താഴേതട്ടിലുള്ള കോടതി മുതല്‍ പരമോന്നത കോടതിവരെ അക്കാര്യത്തില്‍ പിറകോട്ടല്ല എന്നാണ് ഭോപ്പാല്‍ കേസിലെ വിധിയും അതിന് ആധാരമായി പ്രതികള്‍ക്ക് കുറ്റവകുപ്പുകളില്‍ ഇളവ് നല്‍കിക്കൊണ്ട് 1996ല്‍ സുപ്രിംകോടതി നടത്തിയ ഇടപെടലും തെളിയിക്കുന്നത്. 25000 പേരുടെ കൊലപാതകത്തിനും ആറുലക്ഷത്തോളം പേരുടെ തീരാദുരിതത്തിനും ഇടവരുത്തിയ സംഭവത്തെ ഒരു പെറ്റിക്കേസിന്റെ ലാഘവത്തോടെ കണ്ട ജുഡീഷ്യറി, പക്ഷേ ജനങ്ങളുടെ സംഘടനാസ്വാതന്ത്ര്യം സംബന്ധിച്ച പ്രശ്നംവരുമ്പോള്‍ ഉരുക്കുമുഷ്ടിതന്നെയാണ് പ്രയോഗിക്കുന്നത്. ജൂണ്‍ 23ന് കേരള ഹൈക്കോടതിയില്‍നിന്നുണ്ടായ, പൊതുനിരത്തുകള്‍ക്ക് സമീപം പൊതുയോഗങ്ങള്‍ നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് അതാണ് ചൂണ്ടിക്കാണിക്കുന്നത്. ബന്ദുകളും ഹര്‍ത്താലുകളും നിരോധിച്ചുകൊണ്ടും ബീഡിവലി നിരോധിച്ചുകൊണ്ടും മറ്റും പ്രസിദ്ധമായ വിധി പുറപ്പെടുവിച്ചിട്ടുള്ള ഹൈക്കോടതി, അത്തരം ജനാധിപത്യവിരുദ്ധ- ജനവിരുദ്ധ ഉത്തരവുകളുടെ കൂട്ടത്തിലേക്ക് പുതിയ ഒരെണ്ണംകൂടി തിരുകിക്കയറ്റിയിരിക്കുന്നു.

നടപ്പാക്കാന്‍ കഴിയുന്ന വിധിയേ പുറപ്പെടുവിക്കാവൂ എന്നതാണ് വിധിക്കുപിന്നിലെ പ്രാഥമിക യുക്തി. ബീഡിവലിക്കുന്നത് തടയാനും ഹര്‍ത്താല്‍ നിരോധിക്കാനും കോളേജ് ക്യാമ്പസ് രാഷ്ട്രീയം തടയാനും ആദിവാസികളെ വെടിവെച്ചിട്ടായാലും ഇറക്കിവിടാനും മറ്റും കല്‍പിക്കുന്നത് അതിന്റെ പ്രായോഗികതയെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ്. അതുപോലെതന്നെ റോഡരികിലെ പൊതുയോഗങ്ങള്‍ നിരോധിക്കാന്‍ കല്‍പിച്ചതും പ്രായോഗികത പരിഗണിച്ചല്ല. പൊതുയോഗങ്ങള്‍ നടത്താന്‍ നിര്‍മിച്ചിട്ടുള്ള മൈതാനത്തിന് ഈ ഉത്തരവ് ബാധകമല്ലെന്ന് പ്രസ്താവിച്ച കോടതി, കേരളത്തില്‍ എത്രസ്ഥലത്ത് പൊതുയോഗങ്ങള്‍ നടത്താനായി നിര്‍മിക്കപ്പെട്ടിട്ടുള്ള മൈതാനങ്ങളുണ്ടെന്ന് പരിഗണിച്ചില്ല. പ്രധാന നഗരങ്ങളില്‍പോലും ഇതിനുള്ള മൈതാനങ്ങളില്ല എന്നതാണ് യാഥാര്‍ഥ്യം. തിരുവനന്തപുരത്തെ പ്രസിദ്ധമായ പുത്തരിക്കണ്ടം മൈതാനവും കോഴിക്കോട്ടെ മുതലക്കുളം മൈതാനവുമെല്ലാം എന്നേ മൈതാനമല്ലാതായി കഴിഞ്ഞു. എന്നിട്ടും ഒരു സൌജന്യമെന്നനിലയില്‍ അങ്ങനെ വിധിക്കുന്ന കോടതി ജനങ്ങളുടെ ജനാധിപത്യപരമായ അവകാശത്തിനുനേരെ വാളോങ്ങുന്നത്.

ഈ കേസില്‍ ആലുവ റെയില്‍വേസ്റ്റേഷന്‍ മൈതാനിയില്‍ പൊതുയോഗം നടത്തുന്നത് വഴിതടസ്സമാകും എന്നതായിരുന്നു അന്യായക്കാരന്റെ ആവലാതി. അവിടെ പൊതുയോഗം നടക്കുന്നത് റോഡുവക്കത്തല്ല, മൈതാനത്താണെന്നും അന്യായം അന്യായമാണെന്നും അതില്‍നിന്നുതന്നെ വ്യക്തമാണ്. എന്നിട്ടും അതനുവദിച്ച ഹൈക്കോടതി,തങ്ങളുടെ മുന്നില്‍വന്ന പ്രശ്നത്തില്‍ ഒതുങ്ങിനില്‍ക്കാതെ, കേരളത്തില്‍ ഒരിടത്തും റോഡരികില്‍ പൊതുയോഗം നടത്താന്‍ പാടില്ല എന്ന സമഗ്രവും സര്‍വവ്യാപിയുമായ കല്‍പന പുറപ്പെടുവിക്കുകയാണ് ചെയ്തത്. നാട്ടിന്‍പുറത്തെ പഞ്ചായത്തുകളെപോലും അതില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. ഇത്തരം പൊതുയോഗങ്ങള്‍ കൊണ്ടാണത്രേ റോഡപകടങ്ങള്‍ ഉണ്ടാകുന്നത്! 25,000 പേരുടെ കൊലപാതകത്തെ സുപ്രിംകോടതി പെറ്റിക്കേസ് ആക്കിയെങ്കില്‍, പെറ്റിക്കേസിനെ സംസ്ഥാനവ്യാപകമായ മഹാസംഭവമാക്കി മറ്റൊരു കോടതികാണുന്നു! നാളെ നാലാളുകള്‍ റോഡില്‍നിന്ന് വര്‍ത്തമാനം പറഞ്ഞാല്‍ പൊലീസിന് വേണമെങ്കില്‍ കേസെടുക്കാം!

യഥാര്‍ഥത്തില്‍ ഇതില്‍ അന്തര്‍ഭവിച്ചിട്ടുള്ളത് റോഡപകടങ്ങളല്ല, ജനങ്ങളുടെ സംഘടനാസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണവും നിരോധനവുമാണ്. കേന്ദ്രഗവണ്‍മെന്റിന്റെ നാനാവിധ ജനദ്രോഹനയങ്ങള്‍ കാരണം പൊറുതിമുട്ടിയ ജനങ്ങള്‍, തങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച, സംഘംചേരുന്നതിനും അഭിപ്രായപ്രകടനത്തിനും ഉള്ള സ്വാതന്ത്ര്യം വിനിയോഗിക്കാന്‍ തുനിയുമ്പോള്‍ അതിന് വിലങ്ങുതടിയിടുകയാണ് കോടതി. സമീപകാലത്ത് ഇത്തരം ജനദ്രോഹകരവും ജനാധിപത്യവിരുദ്ധവുമായ നിരവധി വിധികള്‍ വിവിധ കോടതികളില്‍നിന്നുണ്ടായിട്ടുണ്ട്. പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ കാരണം വീര്‍പ്പുമുട്ടുന്ന ജനങ്ങളുടെ പ്രതിഷേധപ്രകടനാവകാശംപോലും നിരോധിക്കുന്ന ഈ വിധി അതിന്റെ തുടര്‍ച്ചയാണ്. കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങളില്‍നിന്ന് ജനങ്ങള്‍ക്ക് പരിമിതമായ ആശ്വാസങ്ങളെങ്കിലും നല്‍കാന്‍ ശ്രമിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടികളെ മിക്കപ്പോഴും തടഞ്ഞിട്ടുള്ള (സ്വാശ്രയനിയമത്തിന്റെ കാര്യത്തിലെന്നപോലെ) കോടതി, ജനങ്ങളുടെ സംഘടനാസ്വാതന്ത്ര്യത്തിന്മേലും അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്മേലും നടത്തുന്ന ഈ കൈയേറ്റത്തെ കേരളജനത ആ അര്‍ഥത്തില്‍തന്നെ കാണണം.

chintha editorial 02072010

1 comment:

  1. അപ്രായോഗികവും അയുക്തികവും ജനവിരുദ്ധവും അധാര്‍മികവുമായ വിധികള്‍ പുറപ്പെടുവിക്കുന്നതിന് നമ്മുടെ ജുഡീഷ്യറി കുപ്രസിദ്ധിനേടിക്കഴിഞ്ഞിരിക്കുന്നു. താഴേതട്ടിലുള്ള കോടതി മുതല്‍ പരമോന്നത കോടതിവരെ അക്കാര്യത്തില്‍ പിറകോട്ടല്ല എന്നാണ് ഭോപ്പാല്‍ കേസിലെ വിധിയും അതിന് ആധാരമായി പ്രതികള്‍ക്ക് കുറ്റവകുപ്പുകളില്‍ ഇളവ് നല്‍കിക്കൊണ്ട് 1996ല്‍ സുപ്രിംകോടതി നടത്തിയ ഇടപെടലും തെളിയിക്കുന്നത്. 25000 പേരുടെ കൊലപാതകത്തിനും ആറുലക്ഷത്തോളം പേരുടെ തീരാദുരിതത്തിനും ഇടവരുത്തിയ സംഭവത്തെ ഒരു പെറ്റിക്കേസിന്റെ ലാഘവത്തോടെ കണ്ട ജുഡീഷ്യറി, പക്ഷേ ജനങ്ങളുടെ സംഘടനാസ്വാതന്ത്ര്യം സംബന്ധിച്ച പ്രശ്നംവരുമ്പോള്‍ ഉരുക്കുമുഷ്ടിതന്നെയാണ് പ്രയോഗിക്കുന്നത്. ജൂണ്‍ 23ന് കേരള ഹൈക്കോടതിയില്‍നിന്നുണ്ടായ, പൊതുനിരത്തുകള്‍ക്ക് സമീപം പൊതുയോഗങ്ങള്‍ നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് അതാണ് ചൂണ്ടിക്കാണിക്കുന്നത്. ബന്ദുകളും ഹര്‍ത്താലുകളും നിരോധിച്ചുകൊണ്ടും ബീഡിവലി നിരോധിച്ചുകൊണ്ടും മറ്റും പ്രസിദ്ധമായ വിധി പുറപ്പെടുവിച്ചിട്ടുള്ള ഹൈക്കോടതി, അത്തരം ജനാധിപത്യവിരുദ്ധ- ജനവിരുദ്ധ ഉത്തരവുകളുടെ കൂട്ടത്തിലേക്ക് പുതിയ ഒരെണ്ണംകൂടി തിരുകിക്കയറ്റിയിരിക്കുന്നു.

    ReplyDelete