Thursday, June 10, 2010

ഹൃദയം തുളുമ്പി ലോകം; പന്തുരുളുകയേ വേണ്ടൂ

ലോകത്തിനു വിരുന്നൊരുക്കി ഇതാ ദക്ഷിണാഫ്രിക്ക. സുവര്‍ണനഗരിയെന്നറിയപ്പെടുന്ന ജൊഹനസ്ബര്‍ഗിലെ സോക്കര്‍സിറ്റി സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്ബോളിന്റെ പത്തൊമ്പതാം പതിപ്പിന് വെള്ളിയാഴ്ച പന്തുരുളുകയേ വേണ്ടൂ. ഒരു പന്തില്‍ കണ്ണും മനസ്സുമര്‍പ്പിച്ച് ശതകോടിക്കണക്കിനു മനുഷ്യര്‍ ഇനി ആഫ്രിക്കന്‍ വന്‍കരയുടെ തെക്കേ മുനമ്പിലേക്ക്. സംഗീതവും നൃത്തച്ചുവടുകളും നിറയുന്ന ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങ് മാനവികതയുടെ മഹാനായ പുത്രന്‍ നെല്‍സ മണ്ടേലയുടെ സാന്നിധ്യത്താല്‍ ധന്യമാവും. ഇരുളിന്റെ ആഴങ്ങള്‍ വിട്ടുണരുന്ന ആഫ്രിക്കയ്ക്ക് ഇത് കാലത്തിന്റെ പ്രണാമമാണ്. വര്‍ണവെറിയുടെ വേലികള്‍ ഭേദിച്ചുമുന്നേറിയ ദക്ഷിണാഫ്രിക്ക ലോകത്തെയാകെ ഒരു മനസ്സായി സ്വീകരിക്കുന്നത് മനുഷ്യാവസ്ഥയുടെ വിജയപ്രഖ്യാപനംതന്നെ. ഫുട്ബോളിനായി ഒഴുകിയെത്തുന്ന മനുഷ്യരാശിയെ വര്‍ണ, വംശ ഭേദമില്ലാതെ വരവേല്‍ക്കുന്ന മണ്ടേലയുടെ നാട് ലോകത്തിനുമേല്‍ ഹൃദയത്തിന്റെ കയ്യൊപ്പു ചാര്‍ത്തുന്നു.

ആതിഥേയരായ ദക്ഷിണാഫ്രിക്ക മെക്സിക്കോയെ നേരിടുന്ന ഉദ്ഘാടനമത്സരത്തിനുമുമ്പേ ആവേശം ആകാശത്തോളമെത്തിക്കഴിഞ്ഞു. ഫുട്ബോളിനെ ആഘോഷിച്ചുതീര്‍ക്കുന്ന കളിക്കമ്പക്കാര്‍ തെരുവുകള്‍ കീഴടക്കിയിരിക്കുന്നു. എങ്ങും സംഗീതവും നൃത്തവും കൊമ്പും കുഴലും മേളങ്ങളും. പ്രശസ്ത കൊളംബിയന്‍ സംഗീതജ്ഞ ഷക്കീറ ശബ്ദവും ചലനവും നല്‍കുന്ന ലോകകപ്പ് ഗീതം 'വാക്ക വാക്ക' വ്യാഴാഴ്ചയേ തുടങ്ങുന്ന ഉദ്ഘാടനപരിപാടികളില്‍ മുഖ്യയിനമാണ്. 'ഇത്തവണ ആഫ്രിക്കയ്ക്ക്' എന്നര്‍ഥംവരുന്ന 'വാക്ക വാക്ക' ഫ്രഷ്ലി ഗ്രൌണ്ട്സ് എന്ന ദക്ഷിണാഫ്രിക്കന്‍ പോപ്പ് സംഗീതസംഘത്തോടൊപ്പമാണ് ഷക്കീറ വേദിയില്‍ സാക്ഷാത്കരിക്കുക. അഞ്ചുതവണ ദക്ഷിണാഫ്രിക്കന്‍ സംഗീതപുരസ്കാരം നേടിയ ഫ്രഷ്ലി ഗ്രൌണ്ട്സിനെ കൂടാതെ സംഗീത ഇതിഹാസം ഹ്യൂ മസേക്കേലയും ഉദ്ഘാടനച്ചടങ്ങിനെ രാഗാര്‍ദ്രമാക്കും. ലോകമാകെ 200 കോടി ജനങ്ങള്‍ ടെലിവിഷനില്‍ ദര്‍ശിക്കുന്ന ഉദ്ഘാടനത്തില്‍ തൊണ്ണൂറ്റൊന്നുകാരനായ മണ്ടേലയുടെ ശബ്ദവും മുഴങ്ങും. കഴിഞ്ഞമാസം അകാലത്തില്‍ വിടവാങ്ങിയ ദക്ഷിണാഫ്രിക്കന്‍ ഓപ്പറ ഗായകന്‍ സിഫിവോ എന്‍ഷെബെ ഒരുക്കിയ ഗാനത്തിലാവും ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യനായകന്റെ വാക്കുകള്‍ നിറയുക. എന്‍ഷെബെ ലോകത്തോടു വിടപറയുന്നതിന് രണ്ടുദിവസംമുമ്പാണ് മണ്ടേലയുടെ പ്രസംഗം ലോകകപ്പ് ഗാനത്തിനായി ശബ്ദലേഖനംചെയ്തത്. ഇനി 30 നാള്‍ ലോകം ഫുട്ബോളിനു സമര്‍പ്പിക്കുകയാണ്.

ഭ്രാന്ത്... മുഴുത്ത കളിഭ്രാന്ത്

ലണ്ടന്‍: ഇന്ദുലേഖയിലെ സൂരി നമ്പൂതിരിയെപ്പോലെയാണിപ്പോള്‍ ഫുട്ബോള്‍ ആരാധകര്‍- കളിഭ്രാന്ത്. പൊതുവെ ഫുട്ബോള്‍ ആരാധകര്‍ അല്‍പ്പം കൂടിയ ഇനമാണ്. ആരാധന മൂത്ത് എന്തും ചെയ്യുന്നവര്‍. ഇംഗ്ളണ്ടില്‍നിന്നുള്ളവരാണ് ഇവരുടെ ആശാന്മാര്‍. കൊളോണിയല്‍ ഭരണകാലത്ത് ഫുട്ബോള്‍ ലോകം മുഴുവന്‍ എത്തിച്ചവരുടെ പിന്മുറക്കാര്‍ ഇപ്പോള്‍ ശരിക്കും ഭ്രാന്തന്മാരെപ്പോലെയാണ്. വിശ്വസിച്ചില്ലെങ്കില്‍ മാഞ്ചസ്റ്ററിലെ ഷേക്സ്പിയര്‍ ഇന്‍ ബാറുടമയുടെ കഥ കേള്‍ക്കുക. ആരാധന മൂത്ത ഉടമ സ്വന്തം പേരു മാറ്റി. പകരം സ്വീകരിച്ചത് ദേശീയ പരിശീലകന്‍ ഫാബിയോ കാപ്പല്ലോയുടേതും; അതും ഔദ്യോഗികമായിത്തന്നെ. കൊല്ലുന്ന രാജാവിന് തിന്നുന്ന പ്രജ എന്നു പറഞ്ഞതുപോലെ ബാറിലെ ജീവനക്കാരും പുതിയ നാമം സ്വീകരിച്ചു- എല്ലാവരും വെയ്ന്‍ റൂണി.

സാമ്പത്തികത്തകര്‍ച്ചയുടെ പരാധീനതയിലാണെങ്കിലും ഇംഗ്ളീഷ് വ്യവസായത്തില്‍ ഒരു ഗവേഷണം നടക്കുകയാണ്. വ്യവസായം മെച്ചപ്പെടുത്താന്‍ ഉടമകളല്ല ഈ ഗവേഷണം നടത്തുന്നത്. പകരം ജീവനക്കാരാണ് ഗവേഷകര്‍. വിഷയം- ഒരുമാസം അവധിയെടുത്ത് വീട്ടിലിരിക്കാന്‍ ഓഫീസില്‍ എന്തൊക്കെ കാരണങ്ങള്‍ പറയും. ലക്ഷ്യം- ശല്യമില്ലാതെ ലോകകപ്പ് കാണുക. ഓരോ നാലു വര്‍ഷം കൂടുമ്പോഴും ഈ ഗവേഷണം നടക്കാറുള്ളതാണ്. മാതാപിതാക്കളുടെ മരണം മുമ്പ് റിപ്പോര്‍ട്ട് ചെയ്തവര്‍, കുട്ടികളെ ഒരുമാസം രോഗക്കിടക്കയില്‍ കിടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വയറ്റിളക്കം, ചൊറി, പകര്‍ച്ചവ്യാധി, ഭാര്യ പിണങ്ങിപ്പോയി എന്നീ വിശ്വസനീയമായ കാരണങ്ങള്‍ ഗവേഷണശാലയില്‍ തയ്യാറാകുന്നുണ്ട്. ലോകകപ്പിനിടെ ജീവനക്കാര്‍ പൊതുവെ മന്ദഗതിക്കാരാകും. ഉല്‍പ്പാദനം കുത്തനെ ഇടിയും. ഹാജര്‍ കുറയും. ഇത് പതിവായതിനാല്‍ ഉടമകള്‍ക്ക് ലോകകപ്പ് കഴിയുന്നതുവരെ കാത്തിരിക്കാനേ കഴിയൂ.

ആല്‍ബിയനിലെ നാല്‍പ്പത്തിനാലുകാരനായ പോള്‍ ഹാക്കര്‍ ഇന്‍ഷുറന്‍സ് എടുത്തു. അത് വാര്‍ത്തയുമല്ല. പക്ഷേ, ഇന്‍ഷുര്‍ ചെയ്തതാകട്ടെ ഇംഗ്ളണ്ട് ലോകകപ്പില്‍നിന്ന് നേരത്തെ പുറത്തായാലുണ്ടാകുന്ന മാനസിക, ശാരീരിക ആഘാതത്തില്‍നിന്ന് പരിരക്ഷ തേടിയും. പക്ഷേ, റഷ്യയിലെ സ്ഥിതി വ്യത്യസ്തമാണ്. 1994ലെ ലോകകപ്പിനിടെ റഷ്യയില്‍ കുറ്റകൃത്യങ്ങളില്‍ 70 ശതമാനമാണ് കുറവു വന്നത്. കള്ളന്മാരെയും കൊള്ളക്കാരെയുംവരെ ലോകകപ്പ് ലഹരി ബാധിച്ചെന്നു ചുരുക്കം. എന്നാല്‍, ബ്രസീല്‍ ഭരണാധികാരികള്‍ അല്‍പ്പം ഭയത്തിലാണ്. മഞ്ഞപ്പട കളത്തിലിറങ്ങുന്ന ദിവസം നേരത്തെ അടയ്ക്കാന്‍ ബാങ്കുകള്‍ക്ക് അവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടീം തോറ്റാലും ജയിച്ചാലും ബാങ്ക് കൊള്ളയടിച്ച് പ്രതികരിക്കാന്‍ ആരാധകര്‍ തീരുമാനിച്ചാല്‍...അതിനാണീ മുന്‍കരുതല്‍.

ഷൂട്ടൌട്ട് അഥവാ മരണത്തിന്റെ വിളി

ലണ്ടന്‍: 1994ലെ ലോകകപ്പ് ഫൈനല്‍ റോബര്‍ട്ടോ ബാജിയോയുടെ മനസ്സില്‍ ഇന്നും ഉണങ്ങാത്ത മുറിവാണ്. നോക്കൌട്ട് റൌണ്ടില്‍ ഈ ലോകോത്തര സ്ട്രൈക്കര്‍ നേടിയ അഞ്ച് ഗോളുകളാണ് ഇറ്റലിയെ അവസാനകടമ്പയോളമെത്തിച്ചത്. പക്ഷേ, ഫൈനലിലെ ഷൂട്ടൌട്ടില്‍ ബാജിയോയുടെ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നുപോയപ്പോള്‍ ഇറ്റാലിയന്‍ സ്വപ്നങ്ങള്‍ വീണുടഞ്ഞു. ബ്രസീലിന് അഞ്ചാം ലോകകപ്പ്. അതുവരെ ഇറ്റലിയുടെ വീരനായകനായിരുന്ന ബാജിയോ ഒറ്റ നിമിഷംകൊണ്ട് വില്ലനായി മാറി.

ഇത്തവണ കിരീടമോഹവുമായി ദക്ഷിണാഫ്രിക്കയില്‍ എത്തുന്നവരെല്ലാം കരുതിയിരിക്കേണ്ടിവരും. മുന്നോട്ടുള്ള വഴിയില്‍ എവിടെയും ഷൂട്ടൌട്ടിന്റെ രൂപത്തില്‍ ദുരന്തം പതിയിരിക്കുന്നുണ്ടാകാം. ഒടുവില്‍ നടന്ന അഞ്ചു ലോകകപ്പില്‍ നാലിലും ജേതാക്കളായവര്‍ ജീവിതവും മരണവും മുഖാമുഖം നില്‍ക്കുന്ന ഈ നൂല്‍പ്പാലത്തിലൂടെ നടന്നുകയറിയവരാണ്. '94ല്‍ ബ്രസീലും 2006ല്‍ ഇറ്റലിയും ഫൈനലില്‍തന്നെ ഷൂട്ടൌട്ടിനെ അഭിമുഖീകരിക്കേണ്ടിവന്നു. രണ്ടു മണിക്കൂറിനുശേഷവും സമനിലയില്‍ കരുങ്ങിക്കിടക്കുന്ന മത്സരങ്ങളില്‍ വിധി നിര്‍ണയിക്കാനുള്ള വഴിയായ ഷൂട്ടൌട്ട് ലോട്ടറിയാണെന്ന വിമര്‍ശനമുണ്ട്. പക്ഷേ, കേവലം ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ മാറ്റംമറിച്ചിലുകള്‍ക്കപ്പുറം ഷൂട്ടൌട്ട് മനസ്സുകള്‍ തമ്മിലുള്ള പോരാട്ടംകൂടിയാണ്. ഋഷിതുല്യമായ സംയമനത്തോടെ സമ്മര്‍ദത്തെ അതിജീവിക്കുന്നവര്‍ക്കേ ഈ മരണച്ചുഴിയില്‍ മുങ്ങിനിവരാനാകൂ.

1982ല്‍ ആദ്യമായി പരീക്ഷിക്കപ്പെട്ടശേഷം ഇതുവരെ ഏഴു ലോകകപ്പുകളില്‍ 20 മത്സരങ്ങളുടെ ഫലമെഴുതിയത് ഷൂട്ടൌട്ടാണ്. ഇന്നോളമുള്ള 186 കിക്കുകളില്‍ 56 എണ്ണം, അതായത് 30 ശതമാനവും പാഴായെന്നാണ് കണക്ക്. ഷൂട്ടൌട്ടുകളുടെ കണക്കെടുത്താല്‍ ജര്‍മനിയാണ് കേമന്‍മാര്‍. ഇതുവരെ ലോകകപ്പില്‍ നേരിട്ട നാലു ഷൂട്ടൌട്ടിലും ജയിച്ച ചരിത്രമാണ് അവര്‍ക്കുള്ളത്. മൂന്ന് ഷൂട്ടൌട്ടിലും പരാജയപ്പെട്ട ഇംഗ്ളണ്ടിന്റേതാണ് മോശം റെക്കോഡ്. ഇംഗ്ളീഷ് താരങ്ങള്‍ ആകെയെടുത്ത 14 കിക്കുകളില്‍ പകുതിയെണ്ണം മാത്രമേ വലയില്‍ കയറിയുള്ളു. സ്വിറ്റ്സര്‍ലന്‍ഡ്, മെക്സിക്കോ, റുമേനിയ, ഹോളണ്ട് എന്നീ ടീമുകളും ലോകകപ്പില്‍ ഇതുവരെ ഷൂട്ടൌട്ടിനെ അതിജീവിച്ചിട്ടില്ല. ഇത്തവണ പന്തയക്കുതിരകളായ സ്പെയിനിന്റെ റെക്കോഡും മോശമാണ്. മൂന്നു ഷൂട്ടൌട്ടുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇതുവരെ അവര്‍ക്ക് ജയിക്കാനായത്. ഇറ്റലിയാകട്ടെ, ആദ്യ മൂന്നുതവണ പരാജയപ്പെട്ട ശേഷം കഴിഞ്ഞതവണ ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഷൂട്ടൌട്ടില്‍ ജയം നേടി.

പെനല്‍റ്റി ഷൂട്ടൌട്ട് മനഃശാസ്ത്രപരമായ ഒരു യുദ്ധമാണെന്ന് നോര്‍വീജിയന്‍ സ്കൂള്‍ ഓഫ് സ്പോര്‍ട്സ് സയന്‍സിലെ അസോസിയേറ്റ് പ്രൊഫസറായ ജെയ്ര്‍ ജോര്‍ഡറ്റ് പറയുന്നു. ഷൂട്ടൌട്ടില്‍ കിക്കിന്റെ കണിശതയെക്കാള്‍, സമ്മര്‍ദത്തെ കളിക്കാര്‍ എങ്ങനെ നേരിടുന്നു എന്നതാണ് പ്രധാനം. താരമൂല്യം കൂടുതലായതാണ് ഇംഗ്ളണ്ട്, ഇറ്റലി, സ്പെയിന്‍, ഹോളണ്ട് എന്നീ ടീമുകളിലെ കളിക്കാര്‍ ഷൂട്ടൌട്ടില്‍ കൂടുതല്‍ പിഴവുവരുത്താന്‍ കാരണം. മറ്റേതൊരു ടീമിലെ കളിക്കാരെക്കാളും വേഗത്തിലാണ് ഇംഗ്ളീഷ് താരങ്ങള്‍ കിക്കെടുക്കുന്നതെന്ന് ജോര്‍ഡറ്റിന്റെ പഠനം തെളിയിക്കുന്നു. സമ്മര്‍ദനിമിഷങ്ങളെ പെട്ടെന്ന് ഒഴിവാക്കാനുള്ള ശ്രമമാണ് ഇതിനു കാരണമെന്നാണ് വിശകലനം. അതേസമയം, ഇക്കാര്യത്തില്‍ ശാസ്ത്രീയമായ സമീപനമാണ് ജര്‍മന്‍കാരുടേത്. പതിനായിരത്തോളം പെനല്‍റ്റി ഷൂട്ടൌട്ടുകള്‍ വിശകലനം ചെയ്ത രേഖകള്‍ ഹൃദിസ്ഥമാക്കിയാണ് അവര്‍ ഇറങ്ങുന്നത്.

2006 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ ഷൂട്ടൌട്ട് നടക്കുമ്പോള്‍ ജര്‍മന്‍ ഗോളി യെന്‍സ് ലേമന്‍ സോക്സിനുള്ളില്‍ തിരുകിയിരുന്ന ഈ രേഖകള്‍ വായിച്ചുപഠിക്കുന്നത് വേറിട്ടൊരു കാഴ്ചയായിരുന്നു. ഇപ്പോള്‍ ജര്‍മനിയില്‍നിന്ന് പാഠം പഠിക്കുകയാണ് മറ്റ് ടീമുകളും. എതിര്‍ ഗോളിയുടെയും സ്ട്രൈക്കറുടെയും മനസ്സ് വായിക്കാന്‍ താരങ്ങള്‍ക്ക് സ്പോര്‍ട്സ് ശാസ്ത്രകാരന്‍മാരുടെയും മനഃശാസ്ത്രവിദഗ്ധരുടെയും സേവനം എല്ലാ ടീമുകളുംതന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദേശാഭിമാനി

1 comment:

  1. ലോകത്തിനു വിരുന്നൊരുക്കി ഇതാ ദക്ഷിണാഫ്രിക്ക. സുവര്‍ണനഗരിയെന്നറിയപ്പെടുന്ന ജൊഹനസ്ബര്‍ഗിലെ സോക്കര്‍സിറ്റി സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്ബോളിന്റെ പത്തൊമ്പതാം പതിപ്പിന് വെള്ളിയാഴ്ച പന്തുരുളുകയേ വേണ്ടൂ. ഒരു പന്തില്‍ കണ്ണും മനസ്സുമര്‍പ്പിച്ച് ശതകോടിക്കണക്കിനു മനുഷ്യര്‍ ഇനി ആഫ്രിക്കന്‍ വന്‍കരയുടെ തെക്കേ മുനമ്പിലേക്ക്. സംഗീതവും നൃത്തച്ചുവടുകളും നിറയുന്ന ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങ് മാനവികതയുടെ മഹാനായ പുത്രന്‍ നെല്‍സ മണ്ടേലയുടെ സാന്നിധ്യത്താല്‍ ധന്യമാവും. ഇരുളിന്റെ ആഴങ്ങള്‍ വിട്ടുണരുന്ന ആഫ്രിക്കയ്ക്ക് ഇത് കാലത്തിന്റെ പ്രണാമമാണ്. വര്‍ണവെറിയുടെ വേലികള്‍ ഭേദിച്ചുമുന്നേറിയ ദക്ഷിണാഫ്രിക്ക ലോകത്തെയാകെ ഒരു മനസ്സായി സ്വീകരിക്കുന്നത് മനുഷ്യാവസ്ഥയുടെ വിജയപ്രഖ്യാപനംതന്നെ. ഫുട്ബോളിനായി ഒഴുകിയെത്തുന്ന മനുഷ്യരാശിയെ വര്‍ണ, വംശ ഭേദമില്ലാതെ വരവേല്‍ക്കുന്ന മണ്ടേലയുടെ നാട് ലോകത്തിനുമേല്‍ ഹൃദയത്തിന്റെ കയ്യൊപ്പു ചാര്‍ത്തുന്നു.

    ReplyDelete