Wednesday, June 16, 2010

കോള്‍ ഇന്ത്യ, കോപ്പര്‍ ഓഹരി വില്‍ക്കുന്നു

ഖനനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ കോള്‍ ഇന്ത്യയുടെയും ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെയും ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നവരത്ന സ്ഥാപനമായ കോള്‍ ഇന്ത്യയുടെ 10 ശതമാനവും ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ 20 ശതമാനവും ഓഹരികളാണ് വില്‍ക്കുക. ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതിയുടേതാണ് തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് പരമാവധി തുക സമാഹരിക്കുകയെന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഓഹരിവില്‍പ്പന. നടപ്പുവര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയിലൂടെ 40,000 കോടി രൂപ സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ പത്തുശതമാനം ഓഹരി വില്‍ക്കുന്നതിനൊപ്പം നിലവിലുള്ള അടച്ചുതീര്‍ത്ത മൂലധനത്തിന്റെ പത്തുശതമാനം പുതിയ ഓഹരിയായി വിപണിയില്‍ ഇറക്കുകയുംചെയ്യും. അഞ്ചുരൂപ മുഖവിലയോടെ ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ ഒമ്പതേകാല്‍ കോടി പുതിയ ഓഹരികളാണ് ആഭ്യന്തരവിപണിയില്‍ ഇറക്കുക. ഇതേ നിരക്കില്‍തന്നെയാണ് നിലവിലുള്ള ഓഹരിയുടെ പത്തുശതമാനവും വില്‍ക്കുന്നത്. ഹിന്ദുസ്ഥാന്‍ കോപ്പറിലെ ജീവനക്കാര്‍ക്കും ചെറുകിട നിക്ഷേപകര്‍ക്കും അഞ്ചുശതമാനം കിഴിവോടെ ഓഹരികള്‍ നല്‍കും. 462.61 കോടി ഓഹരിമൂലധനമുള്ള ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ 99.59 ശതമാനവും നിലവില്‍ സര്‍ക്കാര്‍ ഓഹരിയാണ്. പുതിയ വില്‍പ്പനയോടെ ഓഹരി 80 ശതമാനമായി കുറയും.

നൂറുശതമാനവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യയുടെ വില്‍പ്പനയ്ക്കു വയ്ക്കുന്ന ഓഹരികളില്‍ ഒരു ശതമാനംവീതം ജീവനക്കാര്‍ക്കും കമ്പനിയുടെ എട്ട് ഉപസ്ഥാപനങ്ങള്‍ക്കുമായി നീക്കിവയ്ക്കും. അഞ്ച് ശതമാനം കിഴിവോടെയായിരിക്കും ഈ വില്‍പ്പന. ചെറുകിട നിക്ഷേപകര്‍ക്കും അഞ്ച് ശതമാനം കിഴിവ് അനുവദിക്കും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെറുകിട നിക്ഷേപകര്‍ക്ക് ഇളവ് അനുവദിക്കുന്നതെന്നാണ് സര്‍ക്കാര്‍വാദം.

ദേശാഭിമാനി 16062010

2 comments:

  1. ഖനനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ കോള്‍ ഇന്ത്യയുടെയും ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെയും ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നവരത്ന സ്ഥാപനമായ കോള്‍ ഇന്ത്യയുടെ 10 ശതമാനവും ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ 20 ശതമാനവും ഓഹരികളാണ് വില്‍ക്കുക. ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതിയുടേതാണ് തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് പരമാവധി തുക സമാഹരിക്കുകയെന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഓഹരിവില്‍പ്പന. നടപ്പുവര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയിലൂടെ 40,000 കോടി രൂപ സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

    ReplyDelete
  2. കോള്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സിഐടിയു അപലപിച്ചു. രാജ്യത്തെ പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്ന വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങളെ ഘട്ടംഘട്ടമായി സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ് കോള്‍ ഇന്ത്യയുടെ ഓഹരിവില്‍പ്പനയെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കരുതെന്ന് സിഐടിയുവും ഐഎന്‍ടിയുസിയും അടക്കമുള്ള കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓഹരിവില്‍പ്പനയോടുള്ള എതിര്‍പ്പടക്കം അഞ്ച് വിഷയങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകപണിമുടക്ക് ആസൂത്രണം ചെയ്യുന്നുണ്ട്. ഓഹരിവില്‍പ്പനയില്‍ പ്രതിഷേധിച്ച് കോള്‍ ഇന്ത്യ ജീവനക്കാര്‍ മെയ് അഞ്ചിന് പണിമുടക്കിയിരുന്നു. ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഓള്‍ ഇന്ത്യാ കല്‍ക്കരിത്തൊഴിലാളി ഫെഡറേഷന്‍ ഒരുങ്ങുകയാണ്. പ്രകൃതിവിഭവങ്ങള്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വത്താണ്. ഇക്കാര്യം സുപ്രീംകോടതിതന്നെ അടുത്തിടെ സര്‍ക്കാരിനെ ഓര്‍മിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം പൂര്‍ണമായോ ഭാഗികമായോ സ്വകാര്യകമ്പനികള്‍ക്ക് കൈമാറാനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണ്. ഓഹരിവില്‍പ്പന വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ശ്രമം. തിടുക്കത്തിലുള്ള വില്‍പ്പനമൂലം പൊതുമേഖലാ ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് സ്വകാര്യകരങ്ങളിലെത്തുകയാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ ഇതുവരെ വിറ്റ പൊതുമേഖലാ ഓഹരികളെല്ലാം വിപണിവിലയേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലാണ്്. ഇത് വഞ്ചനപരമായ നിലപാടാണെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete