Sunday, June 20, 2010

ക്യാമ്പസിനെ വര്‍ഗീയതയുടെ പരീക്ഷണശാലയാക്കരുത്

സഭാ മാസികയിലെ പരാമര്‍ശം വിവാദമാകുന്നു

താമരശേരി രൂപത മെത്രാന്‍ മാര്‍ റെമിഞ്ചിയോസ് ഇഞ്ചനാനി സഭയുടെ മാസികയില്‍ സഭയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ വ്യാഖ്യാനിച്ചിരിക്കുന്നത് വിവാദമാകുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച പ്രത്യേക അവകാശംമൂലമാണ് അധ്യാപക നിയമനം നടത്തുന്നത്. ഇത്തരം അധ്യാപകര്‍ ന്യൂനപക്ഷങ്ങള്‍ക്ക്വേണ്ടി നിലകൊള്ളണം. സഭയുടെ ആനുകൂല്യം പറ്റുന്നവര്‍ സഭക്ക് വേണ്ടി പ്രവര്‍ത്തിക്കണം. മറ്റ് വിശ്വാസത്തിലോ പ്രത്യയശാസ്ത്രത്തിലോ വ്യാപൃതരാവരുതെന്നും മാസികയില്‍ വിവരിക്കുന്നു.

ചില സഭകള്‍ക്ക് ഫാസിസ്റ്റ് രീതി: വൈക്കം വിശ്വന്‍

ഉന്നതമായ ക്രൈസ്തവ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ക്രൈസ്തവസഭകള്‍ മറ്റ് ആശയങ്ങളും പ്രത്യേയശാസ്ത്രങ്ങളും പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും ഇത് ഫാസിസ്റ്റ് സംഘടനകളുടെ രീതിയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ന്യൂനപക്ഷ അവകാശം അനുഭവിക്കുന്നവര്‍ വിഭിന്ന പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കരുത് എന്ന താമരശേരി അതിരൂപതയുടെ സര്‍ക്കുലറിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ക്രൈസ്തവസഭയില്‍ തന്നെ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകളെ എതിര്‍ക്കുന്ന പാരമ്പര്യമാണ് സഭയ്ക്കുള്ളത്.

എസ്എഫ്ഐ മറ്റ് വിദ്യാര്‍ഥി പ്രസ്ഥാനത്തേക്കാള്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. എസ്എഫ്ഐയുടെ പ്രവര്‍ത്തകനെ കോളേജില്‍ നിന്ന് പുറത്താക്കിയതിനെതിരെ സമരം ചെയ്യാന്‍ അവര്‍ക്ക് അവകാശമുണ്ട്. സമര്‍ഥനായ വിദ്യാര്‍ഥിയുടെ ഭാവി തകര്‍ത്തതിനെയാണ് അവര്‍ ചോദ്യം ചെയ്യ്തത്. അതിനെ മറ്റൊന്നായി വ്യാഖ്യാനിക്കേണ്ടതില്ല. വിദ്യാര്‍ഥിയെ പുറത്താക്കിയപ്പോള്‍ ഉണ്ടായ സ്വാഭാവിക സമരം മാത്രമാണ് നടന്നത്. ഇതേക്കുറിച്ചുള്ള മന്ത്രിമാരുടെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വിദ്യാര്‍ഥികളും മാനേജ്മെന്റും തമ്മിലുളള പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് എം എ ബേബി പറഞ്ഞത്. ചില വിഷയങ്ങളില്‍ പലപ്പോഴും മാധ്യമങ്ങള്‍ മന്ത്രിമാരെ തെറ്റിദ്ധരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അധ്യാപകന് ജാതിബോധം, വര്‍ഗീയബോധം ഉയര്‍ത്താന്‍ കാരണമാകും: വൈക്കം വിശ്വന്‍

ഒരു അധ്യാപകന്‍ ജനിച്ച മതത്തിനും ജാതിക്കും വേണ്ടി നിലനില്‍ക്കണമെന്ന് പറയുന്നത് വര്‍ഗീയബോധം ശക്തമാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. എകെപിസിടിഎയുടെ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശ്വാസം അടിച്ചേല്‍പ്പിച്ച് സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ ഫീസ് ഘടന മാത്രമാണ് പ്രശ്നമെന്ന പ്രചാരണത്തിന്റെ മറവില്‍ യഥാര്‍ഥ പശ്നങ്ങള്‍ വിസ്മരിക്കപ്പെടുന്നു. വിശ്വാസം ഉപയോഗിച്ച് വിദ്യാഭ്യാസത്തെ തകര്‍ക്കാനുളള ശ്രമമാണ്. വിദ്യാഭ്യാസത്തെ ജനാധിപത്യവല്‍ക്കരിക്കാനാണ് സിപിഐ എം ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമ്മേളനത്തോടനുബന്ധിച്ച് നഗരത്തില്‍ ഉജ്വല പ്രകടനം നടന്നു. ലോകത്താകമാനം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ ഇതിന്റെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണെന്ന് പ്രൊഫ. ടി എന്‍ സീമ എംപി പറഞ്ഞു. എകെപിസിടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ-സാംസ്ക്കാരിക വനിതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പാര്‍ലമെന്റിലടക്കം സ്ത്രീകളുടെ പ്രാതിനിധ്യം പത്ത് ശതമാനത്തില്‍ താഴെയാണ്. ഇതിന് മാറ്റമുണ്ടാകണം. വനിതാസംവരണബില്‍ പാസ്സായാല്‍ മാത്രം എല്ലാ പ്രശ്നങ്ങളും തീരില്ലെന്നും ഇത് പ്രശ്നപരിഹാരത്തിനുളള ചവിട്ട്പടി മാത്രമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ക്യാമ്പസിനെ വര്‍ഗീയതയുടെ പരീക്ഷണശാലയാക്കരുത്: ഡിവൈഎഫ്ഐ

കേരളത്തിലെ കലാലയങ്ങളെ വര്‍ഗീയതയുടെ പരീക്ഷണശാലയാക്കാനുള്ള നീക്കം ചെറുത്തുതോല്‍പ്പിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കലാലയത്തെ ഏതെങ്കിലും മതവിഭാഗത്തിന്റെ സ്വത്താക്കി മാറ്റാനുള്ള ശ്രമം മതേതരശക്തികള്‍ പരാജയപ്പെടുത്തണം. സഭാ സ്ഥാപനങ്ങളിലെ അധ്യാപകര്‍ സഭാ വിശ്വാസത്തിനായി നിലകൊള്ളണമെന്ന താമരശേരി അതിരൂപതയുടെ പ്രതിമാസ ബുള്ളറ്റിനിലെ പ്രഖ്യാപനം മതേതര സംസ്കാരത്തോടുള്ള വെല്ലുവിളിയാണ്. ക്രിസ്തീയ വിദ്യാര്‍ഥികള്‍ ക്രിസ്ത്യന്‍ സ്കൂളില്‍ത്തന്നെ പഠിക്കണമെന്ന ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പൌവ്വത്തിലിന്റെ പ്രസ്താവനയുടെ തുടര്‍ച്ചയാണ് ഇത്.

വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കോളേജില്‍നിന്നു പുറത്താക്കുകയാണ് കോട്ടയം സിഎംഎസ് കോളേജ് മാനേജ്മെന്റ് ചെയ്തത്. തങ്ങളുടെ കച്ചവട താല്‍പ്പര്യം സംരക്ഷിക്കാനാണ് മാനേജ്മെന്റ്, തങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ പുറത്താക്കുന്നത്. സര്‍ക്കാര്‍ സര്‍വീസിലെ വിവിധ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും നിയമനത്തിലും വീഴ്ച ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് രാജേഷ് ആവശ്യപ്പെട്ടു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്തിെരെ നടപടിയെടുക്കണം. ഏതെങ്കിലും തസ്തികയ്ക്കുള്ള അടിസ്ഥാനയോഗ്യത മാറ്റുംമുമ്പ് യുവജനസംഘടനകളുമായി ചര്‍ച്ചചെയ്യണമെന്നും രാജേഷ് ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ എസ് സുനില്‍കുമാര്‍, പ്രസിഡന്റ് ഐ ബി സതീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി 20062010

2 comments:

  1. താമരശേരി രൂപത മെത്രാന്‍ മാര്‍ റെമിഞ്ചിയോസ് ഇഞ്ചനാനി സഭയുടെ മാസികയില്‍ സഭയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ വ്യാഖ്യാനിച്ചിരിക്കുന്നത് വിവാദമാകുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച പ്രത്യേക അവകാശംമൂലമാണ് അധ്യാപക നിയമനം നടത്തുന്നത്. ഇത്തരം അധ്യാപകര്‍ ന്യൂനപക്ഷങ്ങള്‍ക്ക്വേണ്ടി നിലകൊള്ളണം. സഭയുടെ ആനുകൂല്യം പറ്റുന്നവര്‍ സഭക്ക് വേണ്ടി പ്രവര്‍ത്തിക്കണം. മറ്റ് വിശ്വാസത്തിലോ പ്രത്യയശാസ്ത്രത്തിലോ വ്യാപൃതരാവരുതെന്നും മാസികയില്‍ വിവരിക്കുന്നു.

    ReplyDelete
  2. നന്ദി ജോണി. വിവാദമായ പരാമര്‍ശം അതിലുണ്ടല്ലോ.

    ReplyDelete