Tuesday, June 29, 2010

കൊടുക്കണം ഫിഫയ്ക്ക് കപ്പ്; പിടിപ്പുകേടിന്

മലബാറിലെ വിതയും കൊയ്ത്തുമില്ലാത്ത പാടങ്ങളില്‍, മുളങ്കമ്പുകളാല്‍ കെട്ടിയുയര്‍ത്തിയ ഗാലറികള്‍ക്കു നടുവില്‍ നടക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍പ്പോലും ഇപ്പോള്‍ ഗോളുകള്‍ ഒരു തര്‍ക്കവിഷയമല്ല. എന്നാല്‍, ലോകഫുട്ബോളിലെ സൃഷ്ടി, സ്ഥിതി, സംഹാരമൂര്‍ത്തിയായ ഫിഫയുടെ മുഖ്യകാര്‍മികത്വത്തില്‍ ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറുന്ന ലോകകപ്പില്‍ വിവാദങ്ങള്‍ മലവെള്ളംപോലെ. കളി നിയന്ത്രിക്കുന്നതിലെ പിഴവുകളും അതു പരിഹരിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായം ഉപയോഗിക്കില്ലെന്നു ദുര്‍വാശി പിടിക്കുന്ന ഭരണാധികാരികളും ഒത്തുചേരുമ്പോള്‍ ഒന്നുറപ്പ്; പിടിപ്പുകേടിന് ലോകകപ്പുണ്ടെങ്കില്‍ അത് ഫിഫയ്ക്കു നല്‍കണം.

ലയണല്‍ മെസിയും കാകയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമൊക്കെ എന്തു മായാജാലം കാട്ടിയാലും കളിയെ കളിക്കളത്തില്‍ കൊന്നുകൊലവിളിച്ച റഫറിമാരുടെ പിഴവുകളുടെ പേരിലാകും ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ചരിത്രത്തില്‍ രേഖപ്പെടുത്തുക. 52 മത്സരങ്ങള്‍ മാത്രം പൂര്‍ത്തിയായപ്പോള്‍ ഒന്നും രണ്ടുമല്ല ഒരു ഡസനോളം മത്സരങ്ങളെയാണ് റഫറിമാര്‍ ഞെരിച്ചുകൊന്നത്. മജീഷ്യനെപ്പോലെ കാര്‍ഡുകള്‍ വാരിവിതറിയും ഗോളുകള്‍ തോന്നുംപോലെ നല്‍കിയും നിഷേധിച്ചും റഫറിമാര്‍ കോമാളിക്കൂട്ടമായി മാറുന്ന കാഴ്ച ദയനീയമാണ്.

ഞായറാഴ്ച പ്രിക്വാര്‍ട്ടറില്‍ ജര്‍മനിക്കെതിരെ ഇംഗ്ളണ്ടിന്റെ ഫ്രാങ്ക് ലംബാര്‍ഡിന്റെ ഷോട്ട് ഗോള്‍വര കടന്നിട്ടും നിഷേധിച്ചതും മെക്സിക്കോക്കെതിരെ അര്‍ജന്റീനയുടെ കാര്‍ലോസ് ടെവസ് ഓഫ്സൈഡ് കയറി അടിച്ച ഗോള്‍ അനുവദിച്ചതും ഫുട്ബോളിലെ ഏതു മാനദണ്ഡത്തിന്റെ പേരിലാണ് അംഗീകരിക്കപ്പെടുക. നേരത്തെ, അമേരിക്കയും ചിലിയുമൊക്കെ റഫറിമാരുടെ പിഴവിന് വിലകൊടുക്കേണ്ടിവന്നവരാണ്.

ഫുട്ബോളില്‍ ഇത്തരം വിവാദങ്ങള്‍ പുത്തരിയല്ല. 1966 ലോകകപ്പിന്റെ ഫൈനലില്‍ ജര്‍മനിക്കെതിരെ ജെഫ് ഹേഴ്സ്റ്റിന്റെ വിവാദഗോള്‍, 1986ല്‍ ഇംഗ്ളണ്ടിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാറഡോണ കൈകൊണ്ടുനേടിയ ഗോള്‍, ഈ ലോകകപ്പിന്റെ യോഗ്യതയില്‍ അയര്‍ലന്‍ഡിനെതിരെ ഫ്രാന്‍സിന്റെ തിയറി ഒന്റിയും 'ദൈവത്തിന്റെ കൈകൊണ്ട്' നേടിയ ഗോള്‍.... വിവാദ തീരുമാനങ്ങളുടെ ദീപശിഖ റഫറിമാര്‍ തലമുറകളിലൂടെ കെടാതെ സൂക്ഷിക്കുകയാണ്.

എന്തുകൊണ്ടാണ് ഫുട്ബോളില്‍ മാത്രം റഫറിമാരുടെ തെറ്റായ തീരുമാനങ്ങള്‍ ഇത്രയേറെ കോലാഹലമുയര്‍ത്തുന്നത്? മറ്റു സ്പോര്‍ട്സ് ഇനങ്ങളില്‍ പരാതികള്‍ നാമമാത്രമാകുന്നത്?

ഉത്തരം ലളിതമാണ്. അമ്പയര്‍മാരുടെ തെറ്റായ തീരുമാനങ്ങള്‍ തിരുത്താന്‍ ക്രിക്കറ്റിലും റഗ്ബിയിലും ടെന്നീസിലുമൊക്കെ സാങ്കേതികവിദ്യയുടെ സഹായം പ്രയോജനപ്പെടുത്തുന്നു. പക്ഷേ, ഫുട്ബോളില്‍ മാത്രം കളി എന്നു തുടങ്ങിയോ ആ കാലത്തേതുപോലെ റഫറി എന്ന സാധാരണ മനുഷ്യന്‍ ചോദ്യംചെയ്യപ്പെടാത്ത, കല്ലേപ്പിളര്‍ക്കുന്ന കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്ന പൊന്നുതമ്പുരാനായി തുടരുന്നു. ഫിഫയും ഫുട്ബോളിലെ നിയമനിര്‍മാതാക്കളായ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡും (ഐഎഫ്എബി) കാളവണ്ടിയുഗത്തില്‍നിന്ന് മാറിച്ചിന്തിക്കാന്‍ തയ്യാറാകാത്തിടത്തോളം ഇത്തരം പിഴവുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

ഞായറാഴ്ചത്തെ വിവാദ സംഭവങ്ങള്‍ക്കുശേഷവും ഫുട്ബോളില്‍ സാങ്കേതികവിദ്യയുടെ സഹായം ഉപയോഗപ്പെടുത്തില്ലെന്ന പിടിവാശിയിലാണ് ഫിഫ. അടുത്ത ലോകകപ്പില്‍ രണ്ട് ഗോള്‍ലൈന്‍ റഫറിമാരെ അധികമായി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നാണ് ഫിഫ വക്താവ് നിക്കോളാസ് മെയ്ന്‍ഗോട്ട് പറയുന്നത്. മലബാറിലെ പല സെവന്‍സ് ടൂര്‍ണമെന്റുകളിലും എത്രയോ വര്‍ഷംമുമ്പ് ഏര്‍പ്പെടുത്തിയ കാര്യമാണ് ഫിഫയുടെ നാവില്‍നിന്നു കേള്‍ക്കുന്നത് എന്നതിലും പരിഹാസ്യമായി മറ്റൊന്നില്ല.

ഫുട്ബോളിലെ നിയമങ്ങള്‍ മാറ്റാനോ നിര്‍മിക്കാനോ ഫിഫയ്ക്ക് അധികാരമില്ല. 1882ല്‍ രൂപീകൃതമായ ഐഎഫ്എബിയാണ് പുതിയ നിയമങ്ങള്‍ക്ക് രൂപംനല്‍കുന്നത്. ഇതിന് അംഗീകാരം നല്‍കുന്നതിലൊതുങ്ങുന്നു ഫിഫയുടെ അധികാരം. ഐഎഫ്എബിയുടെ ഘടനതന്നെയാണ് പുതിയ നിയമങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രധാന തടസ്സം. ആകെയുള്ള എട്ടുപേരില്‍ നാലും യുണൈറ്റഡ് കിങ്ഡത്തില്‍പ്പെടുന്ന ഇംഗ്ളണ്ട്, സ്കോട്ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ്, വെയ്ല്‍സ് എന്നിവയില്‍നിന്നുള്ളവര്‍. ഫിഫയില്‍ അംഗങ്ങളായ മറ്റ് ഇരുന്നൂറിലധികം രാജ്യങ്ങളില്‍നിന്ന് നാലുപേര്‍ മാത്രം. നിയമനിര്‍മാണത്തിനോ ഭേദഗതിക്കോ എട്ടില്‍ ആറു പേരുടെ പിന്തുണ വേണം. യുകെ രാജ്യങ്ങള്‍ ഒന്നിച്ചുനിന്നാല്‍ ഏതു തീരുമാനത്തെയും അട്ടിമറിക്കാമെന്നു ചുരുക്കം. വര്‍ഷത്തില്‍ രണ്ടുതവണ കൂടുന്ന ഐഎഫ്എബി ഒരു പ്രധാന നിയമഭേദഗതി വരുത്തിയിട്ട് ഇപ്പോള്‍ കാലങ്ങളായി മൈനസ് പാസ് ഗോള്‍കീപ്പര്‍മാര്‍ കൈകൊണ്ടു പിടിക്കാന്‍ പാടില്ലെന്ന 1992ലെ ഭേദഗതിയും 1993ല്‍ കൊണ്ടുവന്ന് 2004ല്‍ പിന്‍വലിച്ച ഗോള്‍ഡന്‍ഗോളുമാണ് രണ്ടു പതിറ്റാണ്ടിനിടെ ഐഎഫ്എബിയുടെ സംഭാവനകള്‍.

deshabhimani 29062010

1 comment:

  1. മലബാറിലെ വിതയും കൊയ്ത്തുമില്ലാത്ത പാടങ്ങളില്‍, മുളങ്കമ്പുകളാല്‍ കെട്ടിയുയര്‍ത്തിയ ഗാലറികള്‍ക്കു നടുവില്‍ നടക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍പ്പോലും ഇപ്പോള്‍ ഗോളുകള്‍ ഒരു തര്‍ക്കവിഷയമല്ല. എന്നാല്‍, ലോകഫുട്ബോളിലെ സൃഷ്ടി, സ്ഥിതി, സംഹാരമൂര്‍ത്തിയായ ഫിഫയുടെ മുഖ്യകാര്‍മികത്വത്തില്‍ ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറുന്ന ലോകകപ്പില്‍ വിവാദങ്ങള്‍ മലവെള്ളംപോലെ. കളി നിയന്ത്രിക്കുന്നതിലെ പിഴവുകളും അതു പരിഹരിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായം ഉപയോഗിക്കില്ലെന്നു ദുര്‍വാശി പിടിക്കുന്ന ഭരണാധികാരികളും ഒത്തുചേരുമ്പോള്‍ ഒന്നുറപ്പ്; പിടിപ്പുകേടിന് ലോകകപ്പുണ്ടെങ്കില്‍ അത് ഫിഫയ്ക്കു നല്‍കണം.

    ReplyDelete