Wednesday, June 9, 2010

കിനാലൂര്‍ വികസനം- റോഡ് അത്യാവശ്യം: പനങ്ങാട് പഞ്ചായത്ത്

കോഴിക്കോട്: കിനാലൂര്‍ വ്യവസായ വികസനകേന്ദ്രത്തിലേക്ക് റോഡ് നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്ന് പനങ്ങാട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ കിനാലൂരില്‍ വന്‍കിട പദ്ധതികള്‍ ഉയര്‍ന്നുവരണമെന്നത് ഗ്രാമവാസികളുടെ ചിരകാല സ്വപ്നമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

15 വര്‍ഷമായി കാടുകയറിക്കിടന്നിടത്താണ് വ്യവസായകേന്ദ്രം വരുന്നത്. ഇവിടേക്ക് നല്ല റോഡ് നിര്‍മിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ തെളിവാണ് സ്ഥലം കൈമാറുന്നതിന് 122 കുടുംബങ്ങള്‍ ധനമന്ത്രി മുഖേന മുഖ്യമന്ത്രിക്ക് നല്‍കിയ സമ്മതപത്രം. വട്ടോളി ബസാറില്‍നിന്ന് കിനാലൂര്‍ വരെയുള്ള റോഡ് 3.47 കി. മീറ്റര്‍ നീളത്തില്‍ 20 മീറ്റര്‍ വീതി കൂട്ടുന്നതിന് സ്ഥലം വിട്ടുകൊടുക്കാമെന്ന് ഉപാധികളോടെ നാട്ടുകാര്‍ സമ്മതിച്ചിട്ടുണ്ട്. മിക്കവര്‍ക്കും സെന്റിന് ലക്ഷം രൂപവരെ ലഭിക്കും. റോഡിന്റെ ഇരുഭാഗത്തും താമസിക്കുന്നവരും ഉടമകളുമാണിവര്‍. സര്‍ക്കാര്‍ നിര്‍ദേശിച്ച സ്പെഷ്യല്‍ പാക്കേജ് പ്രകാരം ഭൂമി നല്‍കാമെന്ന് ഉടമകള്‍ സമ്മതപത്രം നല്‍കിയിട്ടും റോഡ് നിര്‍മാണം സംബന്ധിച്ച് ചില തല്‍പരകക്ഷികള്‍ തെറ്റിദ്ധാരണ പടര്‍ത്തുകയാണ്. കടുത്ത സമ്മര്‍ദത്തെ അവഗണിച്ച് ഇത്രയും കുടുംബങ്ങള്‍ സമ്മതപത്രവും നല്‍കി. 80 ശതമാനത്തോളം പേരും ഭൂമി വിട്ടുകൊടുക്കുന്നതിന് തയ്യാറായിട്ടുണ്ട്. ശേഷിക്കുന്നവരും അനുകൂല നിലപാടിലാണ്. റോഡിനെ എതിര്‍ക്കുന്നത് ചില നിക്ഷിപ്ത താല്‍പര്യക്കാരാണ്.

ഒന്നരപ്പതിറ്റാണ്ട് മുമ്പ് അക്വയര്‍ ചെയ്യപ്പെട്ട കിനാലൂര്‍ വ്യവസായ വികസനകേന്ദ്രത്തില്‍ വ്യവസായ ശൃംഖലകള്‍ ആരംഭിക്കുന്നതിന്മുമ്പ് നിരവധി ഗ്രൂപ്പുകള്‍ മുന്നോട്ടുവന്നു. എന്നാല്‍ വെള്ളം, വൈദ്യുതി, റോഡ് ഗതാഗതം തുടങ്ങിയ അടിസ്ഥാനസൌകര്യത്തിന്റെ അഭാവംമൂലം ഇവര്‍ പിന്‍വലിഞ്ഞു. മലേഷ്യന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സിഐഡിബി എന്ന പൊതുമേഖലാസ്ഥാപനവും കെഎസ്ഐഡിസിയും ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിച്ച് പ്രാഥമിക ധാരണാപത്രം ഒപ്പുവെച്ചതിനെത്തുടര്‍ന്ന് വെള്ളം, വൈദ്യുതി എന്നീ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താനായി. എന്നാല്‍ റോഡിന്റെ പരിമിതിപദ്ധതിയെ വഴിമുട്ടിച്ചു. കിനാലൂരിനെ തുറമുഖനഗരവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന റോഡിന്റെ അപര്യാപ്തത പദ്ധതികള്‍ക്ക് തടസ്സമാകുന്നു. ഈ സഹചര്യത്തിലാണ് കിനാലൂര്‍-മാളിക്കടവ് നാലുവരിപ്പാതയെന്ന ആശയം കെഎസ്ഐഡിസി മുന്നോട്ടുവെച്ചത്.

നാലുവരിപ്പാത സംബന്ധിച്ച് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കണ്‍സള്‍ട്ടന്‍സി തയ്യാറാക്കിയ മൂന്ന് നിര്‍ദേശങ്ങള്‍ പനങ്ങാട് പഞ്ചായത്ത് ഭരണസമിതി പരിശോധിച്ചിരുന്നു. കൂടുതല്‍ കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തില്‍ മാളിക്കടവ്-കിനാലൂര്‍ നാലുവരിപ്പാത വരുന്നതാണ് അനുയോജ്യമെന്ന് പഞ്ചായത്ത് വിലയിരുത്തി. ഈ റോഡിന്റെ ദൈര്‍ഘ്യം 22.75 കിലോ മീറ്ററും വീതി 20 മുതല്‍ 30 മീറ്റര്‍ വരെ ആയിരിക്കണമെന്നും നിര്‍ദേശിച്ചു. കോഴിക്കോട് നിന്നും കിനാലൂരിലേക്ക് നിലവിലുള്ള റോഡില്‍ രണ്ടുഭാഗത്തായി ആറ് കി. മീറ്റര്‍ നീളത്തില്‍ റോഡിന്റെ ഇരുഭാഗത്തുനിന്നും നാല് മീറ്റര്‍ വീതം അക്വയര്‍ ചെയ്ത് 20 മീറ്റര്‍ വീതിയുള്ള റോഡായി വികസിപ്പിക്കാനാണ് ഉദ്ദേശ്യം. ശേഷിക്കുന്ന 16.75 കി. മീറ്റര്‍ നീളത്തില്‍ പുതിയ റോഡ് 30 മീറ്റര്‍ വരെ വീതിയില്‍ നിര്‍മിച്ച് നാലുവരിപ്പാത പൂര്‍ത്തിയാക്കാനും കെഎസ്ഐഡിസി ലക്ഷ്യമിടുന്നു.

ഭൂവുടമകളുടെ ആശങ്കകള്‍ അകറ്റാന്‍ ജനുവരി 25 ന് വട്ടോളിബസാറില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വ്യവസായമന്ത്രി പദ്ധതി വിശദീകരിച്ചതാണ്. ഇതിനുമുമ്പ്, ജനുവരി 18ന് റോഡ് വികസനത്തിന് ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ഭൂവുടമകള്‍ കലക്ടറെയും അറിയിച്ചു. തുടര്‍ന്നാണ് സര്‍വെ ആരംഭിച്ചതും ദൌര്‍ഭാഗ്യകരമായ ചില പ്രശ്നങ്ങള്‍ ഉണ്ടായതും. പ്രശ്നം പരിഹരിക്കുന്നതിന് സമവായം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. ഇതിന്റെ ഭാഗമായാണ് നിരവധി കുടുംബങ്ങള്‍ സമ്മതപത്രം നല്‍കിയത്. വികസനസ്വപ്നം സാക്ഷാത്കരിക്കുന്നതിന് വിവാദങ്ങള്‍ മാറ്റിവെച്ച് മുഴുവന്‍ രാഷ്ട്രീയകക്ഷി നേതാക്കളും സാമൂഹ്യ-സാംസ്കാരിക സംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കണം. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് ഭാരതി, പഞ്ചായത്തംഗങ്ങളായ വി വി വിജയന്‍, എം കെ സജിനി, പി കമല, ബിന്ദു, ലോഹിതാക്ഷന്‍, സ്ഥലം വിട്ടുകൊടുക്കാന്‍ സമ്മതപത്രം നല്‍കിയ അബ്ദുള്ള യൂസഫ് എന്നിവരും പങ്കെടുത്തു.

deshabhimani news

1 comment:

  1. കിനാലൂര്‍ വ്യവസായ വികസനകേന്ദ്രത്തിലേക്ക് റോഡ് നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്ന് പനങ്ങാട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ കിനാലൂരില്‍ വന്‍കിട പദ്ധതികള്‍ ഉയര്‍ന്നുവരണമെന്നത് ഗ്രാമവാസികളുടെ ചിരകാല സ്വപ്നമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete