Thursday, July 8, 2010

ഖാദിയെയും ഗാന്ധിജിയെയും മറക്കുന്നുവോ?

കോണ്‍ഗ്രസിന്റെ അടയാളമാണ് ഖാദി. ഗാന്ധിജി ഖാദി പ്രചരിപ്പിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ രോഷത്തിന്റെ പ്രതീകമെന്ന നിലയിലാണ്. ഇന്ത്യയിലെ എല്ലാവര്‍ക്കും ധരിക്കാനാകുന്ന വസ്ത്രമാണതെന്ന് മഹാത്മാവ് കരുതി. ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ തൊഴിലില്ലാതെ നരകിക്കുമ്പോള്‍ ഇറക്കുമതിചെയ്ത വിദേശ വസ്ത്രങ്ങള്‍ നാട്ടില്‍ പ്രചരിപ്പിക്കുന്നതിനെതിരായ പോരാട്ടത്തിലൂടെ, ഇന്നാട്ടുകാര്‍ നെയ്തെടുത്ത വസ്ത്രമാണ് ഉല്‍കൃഷ്ടമെന്ന് വിളംബരംചെയ്ത ഗാന്ധിജി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നത് ജീവിതചര്യയാക്കി മാറ്റി. അര്‍ധപട്ടിണിക്കാരും അര്‍ധ തൊഴില്‍രഹിതരുമായ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിയും അതുവഴി ഇന്ത്യന്‍ ജനതയെ ഖാദിവസ്ത്രം ധരിപ്പിക്കലാണെന്റെ ലക്ഷ്യം എന്നാണദ്ദേഹം പ്രഖ്യാപിച്ചത്. ആ ചര്‍ക്ക പിന്നീട് കോണ്‍ഗ്രസിന്റെ കൊടിയടയാളമായി. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഖാദി വസ്ത്ര പ്രചാരണം സര്‍ക്കാരിന്റെ ഔദ്യോഗിക അജന്‍ഡയായി മാറി.

മറ്റു പല രംഗങ്ങളിലുമെന്നപോലെ കോണ്‍ഗ്രസിന്റെ ഖാദിയോടുള്ള സ്നേഹവും സമീപനവും കാപട്യമാണെന്ന് വ്യക്തമാകുന്ന അനുഭവമാണ് പില്‍ക്കാലത്തുണ്ടായത്. ഇന്ന് കോണ്‍ഗ്രസുകാര്‍ക്ക് ഖാദിയോടല്ല, ഖാദിയെന്നു തോന്നിക്കുന്ന വിലയേറിയ വസ്ത്രങ്ങളോടായി പ്രണയം. രാജ്യത്ത് ഏറ്റവുമധികം അവഗണിക്കപ്പെടുന്ന തൊഴിലാളി വിഭാഗങ്ങളിലൊന്നാണ് ഇന്ന് ഖാദിത്തൊഴിലാളികള്‍. ഏറ്റവുമൊടുവില്‍ റിബേറ്റുപോലും നിര്‍ത്തലാക്കിയിരിക്കുന്നു ചര്‍ക്ക കൊടിയടയാളമാക്കിയ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ ഗവമെന്റ്. കേന്ദ്രസര്‍ക്കാര്‍ ഖാദിക്ക് നല്‍കിവന്നിരുന്ന 20 ശതമാനം റിബേറ്റ് 2010 ഏപ്രില്‍ ഒന്നുമുതല്‍ ഇല്ല. നിര്‍ത്തലാക്കിയിരിക്കുന്നു. സംസ്ഥാന ഗവമെന്റിന്റെ പത്തുശതമാനം റിബേറ്റും ഖാദി വസ്ത്ര പ്രചാരണ നടപടികളും മാത്രമാണ് ഇനി ഈ മേഖലയ്ക്ക് ആശ്വാസം.

റിബേറ്റുള്ളതുകൊണ്ടാണ് ഖാദിവസ്ത്രങ്ങള്‍ ജനങ്ങള്‍ വാങ്ങുന്നത്. റിബേറ്റ് പോയാല്‍ വില്‍പ്പന കുറയും. അതുവഴി ഉല്‍പ്പാദനവും. തൊഴിലാളികള്‍ കൊഴിഞ്ഞുപോകും. ആത്യന്തികമായി ഖാദിവ്യവസായം തകരും.

"ഉദാരവല്‍ക്കരിക്കപ്പെട്ട ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഖാദി മറ്റു മേഖലയുമായി മത്സരിച്ച് സ്വന്തം കാലില്‍ നില്‍ക്കണം. സര്‍ക്കാരും ഖാദി കമീഷനും ഖാദിയുടെ പ്രധാനപ്പെട്ട ഒരു ദൌര്‍ബല്യത്തെക്കുറിച്ച് ബോധ്യമുള്ളതാണ്. തൊഴിലധിഷ്ഠിതമായ വ്യവസായഘടന ഈ മേഖലയുടെ സ്വതഃസിദ്ധമായ ദൌര്‍ബല്യമാണ്''-ഖാദി കമീഷന്‍ പറയുന്നു.

ഇവിടെയും വില്ലന്‍ ഉദാരവല്‍ക്കരണമാണ്. കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തോടുള്ള അപരിമിതമായ വിധേയത്വമാണ്. ആഗോളവല്‍ക്കരണമോ ഗാന്ധിജിയോ വേണ്ടതെന്ന ചോദ്യത്തിന് ഖദറിട്ട കോണ്‍ഗ്രസുകാര്‍ മറുപടി പറയുന്നു-ആഗോളവല്‍ക്കരണം മതി. പലിശരഹിത വായ്പകളും ഗ്രാന്റുകളും നിര്‍ത്തലാക്കിയും മറ്റുനിരവധി ദ്രോഹ നടപടികളെടുത്തും ഖാദി വ്യവസായത്തെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിച്ചു. അതിന്റെയെല്ലാം ഒടുക്കമാണ് റിബേറ്റ് പിന്‍വലിക്കല്‍. പകരം മാര്‍ക്കറ്റ് വികസിപ്പിക്കാനുള്ള സഹായം നല്‍കുമെന്നാണ് പറയുന്നത്. റിബേറ്റില്ലായ്മയിലൂടെ സ്വാഭാവിക തകര്‍ച്ചയിലേക്ക് വ്യവസായം നീങ്ങിയാല്‍ പിന്നെന്ത് മാര്‍ക്കറ്റ് വികസനം?
സ്വാതന്ത്ര്യ സമരത്തിന്റെയും ഗാന്ധിജിയുടെയും പിന്മുറക്കാരെന്നും ഖദറിന്റെ കുത്തകാവകാശികളെന്നും ഊറ്റംകൊള്ളുന്ന കോണ്‍ഗ്രസിന്റെ സമീപനം ഇതാണെങ്കില്‍ ഇടതുപക്ഷ-ജനാധിപത്യ ശക്തികള്‍ നയിക്കുന്ന കേരള സര്‍ക്കാര്‍ ഖാദി വസ്ത്ര പ്രോത്സാഹനം അതിന്റെ പ്രധാന ദൌത്യമായി ഏറ്റെടുത്ത അനുഭവമാണുള്ളത്. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ഖാദിക്കുള്ള വാറ്റ് നികുതി ഒഴിവാക്കും, ഖാദിബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും, മിനിമം കൂലി നടപ്പാക്കും എന്നീ വാഗ്ദാനങ്ങളാണുണ്ടായത്. മൂന്നും നിറവേറ്റിയിരിക്കുന്നു. കൂലി വര്‍ധന, തൊഴിലാളികള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ നല്‍കല്‍, ഖാദി വസ്ത്ര പ്രചാരണം തുടങ്ങി നാനാവിധമായ നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഖാദി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികളെ സംരഷിക്കുന്നതിനുമായി ഏറ്റെടുത്തത്.

സംസ്ഥാന സര്‍ക്കാരിന്റെ ഈ അനുകൂല സമീപനം ഖാദി വ്യവസായത്തില്‍ പുതിയ പ്രതീക്ഷകളാണുയര്‍ത്തിയത്. പട്ടിണിക്കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് കുടുംബം പോറ്റാനുള്ള വരുമാന മാര്‍ഗമാണുണ്ടായത്. ഈ വെളിച്ചത്തെയാകെ തല്ലിക്കെടുത്തിയാണ് ഇനി റിബേറ്റില്ല എന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. ഇത് അനീതിയാണ്. ഇതിനെതിരെ ഖാദിമേഖലയിലെ തൊഴിലാളികള്‍ ആരംഭിച്ച പ്രക്ഷോഭത്തെ അവഗണിച്ച് മുന്‍തീരുമാനവുമായി മുന്നോട്ടുപോവുകയാണ് കേന്ദ്രം. ജീവിക്കാനുള്ള സാഹചര്യം നിലനിര്‍ത്താനായി തൊഴിലാളികള്‍ കക്ഷിഭേദമില്ലാതെ ഒന്നിച്ചുനിന്ന് പോരാടുകയാണ്. ഖാദി വ്യവസായ സംരക്ഷണ സമിതി രൂപീകരിച്ച തൊഴിലാളികള്‍ കേന്ദ്രറിബേറ്റ് പുനഃസ്ഥാപിക്കുക, സ്ളൈവറിന്റെ വിലവര്‍ധന പിന്‍വലിക്കുക, മിനിമം കൂലി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കടുത്ത സമരമാര്‍ഗത്തിലേക്ക് നീങ്ങേണ്ടിവന്നിരിക്കുന്നു. കേരളത്തിലെ മുഴുവന്‍ ഖാദിസ്ഥാപനങ്ങളും അടച്ചിട്ട് ബുധനാഴ്ച നടത്തിയ ഖാദി ബന്ദ് ഈ സമരത്തിന്റെ ഭാഗമാണ്.

ഖാദി ബന്ദിന്റെ സമ്പൂര്‍ണവിജയം തൊഴിലാളികളുടെ അടക്കിനിര്‍ത്താനാവാത്ത പ്രതിഷേധത്തെയാണ് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ മനസ്സില്‍ ഇന്ന് ഗാന്ധിജിയില്ല; ശരീരത്തില്‍ യഥാര്‍ഥ ഖാദിയുമില്ല. ഗാന്ധിജിയെ മറക്കുന്നവര്‍ക്ക് പാവപ്പെട്ട ഖാദിത്തൊഴിലാളിയുടെ പ്രാരാബ്ധവും കഷ്ടപ്പാടും കാണാന്‍ കഴിയുകയുമില്ല. കേന്ദ്ര ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ പ്രക്ഷോഭത്തിന്റെ മാര്‍ഗമേയുള്ളൂ. ഖാദിത്തൊഴിലാളികളുടെ സമരത്തെ പിന്തുണച്ച് വിജയത്തിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയെയും ഗാന്ധിജിയെയും സ്നേഹിക്കുന്ന എല്ലാവരുടേതുമാണ്.

ദേശാഭിമാനി മുഖപ്രസംഗം 08072010

1 comment:

  1. കോണ്‍ഗ്രസിന്റെ അടയാളമാണ് ഖാദി. ഗാന്ധിജി ഖാദി പ്രചരിപ്പിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ രോഷത്തിന്റെ പ്രതീകമെന്ന നിലയിലാണ്. ഇന്ത്യയിലെ എല്ലാവര്‍ക്കും ധരിക്കാനാകുന്ന വസ്ത്രമാണതെന്ന് മഹാത്മാവ് കരുതി. ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ തൊഴിലില്ലാതെ നരകിക്കുമ്പോള്‍ ഇറക്കുമതിചെയ്ത വിദേശ വസ്ത്രങ്ങള്‍ നാട്ടില്‍ പ്രചരിപ്പിക്കുന്നതിനെതിരായ പോരാട്ടത്തിലൂടെ, ഇന്നാട്ടുകാര്‍ നെയ്തെടുത്ത വസ്ത്രമാണ് ഉല്‍കൃഷ്ടമെന്ന് വിളംബരംചെയ്ത ഗാന്ധിജി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നത് ജീവിതചര്യയാക്കി മാറ്റി. അര്‍ധപട്ടിണിക്കാരും അര്‍ധ തൊഴില്‍രഹിതരുമായ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിയും അതുവഴി ഇന്ത്യന്‍ ജനതയെ ഖാദിവസ്ത്രം ധരിപ്പിക്കലാണെന്റെ ലക്ഷ്യം എന്നാണദ്ദേഹം പ്രഖ്യാപിച്ചത്. ആ ചര്‍ക്ക പിന്നീട് കോണ്‍ഗ്രസിന്റെ കൊടിയടയാളമായി. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഖാദി വസ്ത്ര പ്രചാരണം സര്‍ക്കാരിന്റെ ഔദ്യോഗിക അജന്‍ഡയായി മാറി.

    ReplyDelete