Thursday, July 29, 2010

സ്വതന്ത്രനെ ഭയപ്പെടുന്നതാര്?

അള്‍ത്താരകള്‍ വീണ്ടും രാഷ്ട്രീയവേദികളാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി കത്തോലിക്കാ മെത്രാന്‍ സമിതിയാണ് ഇടയലേഖനവുമായി പ്രചാരണ പരിപാടിക്ക് തുടക്കമിടുന്നത്. ഉത്തമരും പ്രാപ്തരും പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും മൂല്യബോധമുള്ളവരും വിശ്വാസികളും തിരഞ്ഞെടുക്കപ്പെടണമെന്ന ആഹ്വാനം അസ്ഥാനത്തല്ല. പക്ഷേ എന്താണ് സത്യമെന്നതുപോലെ ആരാണ് വിശ്വാസി എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം കണ്ടെത്താനാവില്ല. തീവ്രമായ വിശ്വാസമുള്ളവരുടെ കൂട്ടായ്മയാണ് സംഘപരിവാര്‍. വിശ്വാസത്തിന്റെ തീക്ഷ്ണതയില്‍ അവര്‍ മതതീവ്രവാദികളാകുന്നു. ന്യൂമന്‍ കോളജിലെ അധ്യാപകനെ വെട്ടിയ അക്രമികളും വിശ്വാസികളാണ്. വ്യക്തിപരമായ വൈരാഗ്യമല്ല, വിശ്വാസപരമായ പകയാണ് അക്രമത്തിനു പ്രേരകമായത്. ഇത്തരം വിശ്വാസികള്‍ക്കും സഭയുടെ പിന്തുണ ലഭിക്കുമോയെന്ന് ഇടയലേഖനം വ്യക്തമാക്കുന്നില്ല. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ മാത്രമാണ് വിശ്വാസികളെങ്കില്‍ അത്തരക്കാരെല്ലാം ഉത്തമരും മൂല്യബോധമുള്ളവരും ആയിരിക്കുമെന്ന് സഭയ്ക്കുറപ്പുണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ സഭാവിശ്വാസികള്‍ മാത്രം വോട്ടു ചെയ്താല്‍ വിശ്വാസികളായ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമോ?

മതനിരപേക്ഷതയുടെ അടിസ്ഥാനത്തിലാണ് ജനാധിപത്യം പ്രവര്‍ത്തിക്കുന്നത്. മതത്തിന്റെ സ്വാധീനം തിരഞ്ഞെടുപ്പിലുണ്ടായാല്‍ പി സി തോമസിന്റെ അനുഭവമുണ്ടാകും. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തമരെ കണ്ടെത്താനാവില്ല. ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള അറിവ് വിശ്വാസത്തിന്റെ ഉരകല്ലാണ്. ആ അറിവ് വേണ്ടതിലധികം ഉള്ളയാളാണ് ലൂസിഫര്‍. ദൈവത്തെ മുഖാമുഖം വെല്ലുവിളിച്ച ലൂസിഫര്‍ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ്. ഭൂമിയിലെ വിശ്വാസികളില്‍ അധികവും ദൈവത്തില്‍ വിശ്വസിക്കുകയും ലൂസിഫറിനെ അനുസരിക്കുകയും ചെയ്യുന്നവരാണ്. അത്തരക്കാരുടെ കപടവേഷം തിരിച്ചറിയാന്‍ സഭാധികാരികള്‍ക്ക് കഴിയുന്നില്ല. ദൈവനാമം വൃഥാ പ്രയോഗിക്കരുതെന്ന കല്‍പനയെ ലംഘിച്ചുകൊണ്ട് ദൈവനാമത്തില്‍ ആണയിടുന്നവര്‍ വിശ്വാസികളെന്ന ലേബലില്‍ അള്‍ത്താരയിലെ വൈദികപ്രീതിക്ക് പാത്രമാകുന്നു.

ഇത്തരം വളച്ചുകെട്ടുകള്‍ ഒഴിവാക്കി കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന് വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നതിനുള്ള ആര്‍ജവമാണ് സഭാപിതാക്കന്മാര്‍ പ്രകടിപ്പിക്കേണ്ടത്. അപ്പോള്‍ ഇടയലേഖനം രാഷ്ട്രീയലേഖയാകും. വിശ്വാസത്തെ മാറ്റി നിര്‍ത്തി രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുന്നതാണ് ആരോഗ്യകരം. പള്ളിയില്‍ പോകുകയോ ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കുകയോ ചെയ്യാത്ത സോണിയ ഗാന്ധിയും റാഹുല്‍ ഗാന്ധിയും എ കെ ആന്റണിയും നയിക്കുന്ന കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന് പള്ളിയില്‍ വരുന്ന വിശ്വാസികളോട് ബലിമധ്യേ കാര്‍മികന്‍ പറയുന്നത് രാഷ്ട്രീയമായി മാത്രമല്ല വിശ്വാസപരമായും അനുചിതമാണ്. മതേതര സമൂഹത്തില്‍ മതവിശ്വാസികളുടെ അതിരുവിട്ട ഇടപെടല്‍ അപകടത്തിനു കാരണമാകും. വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നതും അപകടമാണ്. ജനാധിപത്യത്തിലെ അക്രമംപോലും മൂവാറ്റുപുഴയിലെപ്പോലെ വിശ്വാസപരമാകരുത്; മതേതരമാകണം.

വിശ്വാസികളെ കബളിപ്പിക്കുന്നതിനുവേണ്ടിയാണ് പാര്‍ട്ടികള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുന്നതെന്ന് ഇടയലേഖനത്തില്‍ പറയുന്നു. ആട്ടിന്‍തോലിട്ട ചെന്നായയെ ആദ്യം തിരിച്ചറിയുന്നത് ഇടയനാണ്. അങ്ങനെ തുറന്നു പറയുന്നില്ലെങ്കിലും സ്വതന്ത്രരെ തിരഞ്ഞെടുക്കുന്നത് അപകടമാണെന്ന് ഇടയര്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നു. കടുത്ത രാഷ്ട്രീയ ചേരിതിരിവിനിടയിലും അപൂര്‍വമായി സ്വതന്ത്രര്‍ തിരഞ്ഞെടുക്കപ്പെടുന്നത് പൊതുസമ്മതിയുടെ അടിസ്ഥാനത്തിലാണ്. ജനാധിപത്യത്തില്‍ പൊതുസമ്മതിയെന്നത് പ്രധാനപ്പെട്ട ഘടകമാണ്. പൊതുസമ്മതിയെ വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന മതപരമായ വിഭാഗീയത മതേതര സമൂഹത്തിന് സ്വീകാര്യമല്ല.

പൊതുസമ്മതരായ വ്യക്തികളെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി രാഷ്ട്രീയകക്ഷികള്‍ രംഗത്തിറക്കുന്നത് സമ്മതിദായകരെ കബളിപ്പിക്കുന്നതിനുവേണ്ടിയല്ല. രാഷ്ട്രീയപരിമിതികള്‍ക്കപ്പുറം ചിലരെ ജനസഭകളിലെത്തിക്കുകയെന്ന ഉദ്ദേശ്യം അതിലുണ്ട്. രാഷ്ട്രീയപരിമിതികള്‍ക്കപ്പുറം വിജയത്തിനാവശ്യമായ ജനസമ്മതി അവരിലൂടെ ആര്‍ജിക്കുകയെന്നത് മറ്റൊരു ഉദ്ദേശ്യം. തുല്യശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ അപ്രതീക്ഷിതമായി ഗോളടിക്കുന്നവനാണ് സ്വതന്ത്രന്‍. സംശുദ്ധമായ ജീവിതത്തിലൂടെയും മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെയുമാണ് അവര്‍ അതിനുള്ള ശക്തിയാര്‍ജിക്കുന്നത്. പരിഹസിച്ച് തള്ളപ്പെടേണ്ടവരല്ല അവര്‍.

മെത്രാന്മാര്‍ക്ക് മാത്രമല്ല സ്വതന്ത്രന്‍ അനഭിമതനാകുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സ്വതന്ത്രര്‍ക്കെതിരെ രംഗത്തുവന്നു. രാഷ്ട്രീയത്തിലെ പിടിച്ചുപറിക്കാരെന്നാണ് മന്‍മോഹന്‍ സിങ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ വിശേഷിപ്പിച്ചത്. ഗുവാഹതിയില്‍ സ്ഥിരതാമസമെന്ന് വ്യാജരേഖയുണ്ടാക്കി അസമില്‍നിന്ന് രാജ്യസഭയിലെത്തുന്ന മന്‍മോഹന്‍ സിങ്ങിന് ജനങ്ങളുടെ വോട്ടുനേടി ലോക്‌സഭയിലെത്തുന്ന സ്വതന്ത്രരോട് അമര്‍ഷം തോന്നുന്നതില്‍ അത്ഭുതമില്ല. പക്ഷേ മന്‍മോഹനും സോണിയയും മുംബൈയില്‍ സ്വതന്ത്രരെ ആക്ഷേപിക്കുമ്പോള്‍ ഗാന്ധിനഗറില്‍ എല്‍ കെ അഡ്വാനിക്കെതിരെ മല്ലിക സാരാഭായ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു. സ്വതന്ത്രര്‍ക്കെതിരെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപം ബിജെപി നേതാവിന് പ്രയോജനപ്പെട്ടു.

മന്‍മോഹന്‍ സിങ് സ്‌പോയ്‌ലേഴ്‌സ് എന്ന് പരിഹാസത്തോടെ വിളിച്ച സ്വതന്ത്രരെ നൂറ്റമ്പതിലേറെത്തവണ ലോക്‌സഭയിലെത്തിച്ചവരാണ് ഇന്ത്യയിലെ വോട്ടര്‍മാര്‍. അവര്‍ അത്ര നിസാരക്കാരായിരുന്നില്ല. ആദ്യത്തെ ലോക്‌സഭയില്‍ സ്വതന്ത്രരുടെ എണ്ണം 36 ആയിരുന്നു. ആചാര്യ ജെ ബി കൃപലാനി, വി കെ കൃഷ്ണമേനോന്‍, മിനു മസാനി, വി പി സിങ് എന്നിങ്ങനെ ലോക്‌സഭയിലെ സ്വതന്ത്രാംഗങ്ങളുടെ നിര വളരെ പ്രശസ്തമാണ്. കേരളത്തില്‍നിന്നുള്ള സ്വതന്ത്രാംഗങ്ങളില്‍ കൃഷ്ണമേനോനു പുറമേ ആനി മസ്‌ക്രീനും എസ് കെ പൊറ്റെക്കാട്ടും സേവ്യര്‍ അറക്കലും ഉള്‍പ്പെടുന്നു. എറണാകുളത്തുനിന്ന് മൂന്നു പ്രാവശ്യം സ്വതന്ത്രാംഗമായി ലോക്‌സഭയിലെത്തിയ ഞാനും അക്കൂട്ടത്തിലുണ്ട്. സവിശേഷമായ സാഹചര്യങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ചിലപ്പോള്‍ ജയിച്ചേക്കാമെന്നല്ലാതെ തുടര്‍ച്ചയായി ജയിക്കുന്ന അവസ്ഥ ഉണ്ടാകാറില്ല. ഡോ. കാര്‍ണി സിങ് ബിക്കാനീറില്‍നിന്ന് അഞ്ചു പ്രാവശ്യം ജയിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം ബിക്കാനീറിലെ മഹാരാജാവായിരുന്നു. മൂന്ന് പ്രവശ്യം ജയിച്ചിട്ടുള്ളയാളാണ് പി വി ശാസ്ത്രി. പക്ഷേ ഓരോ തവണയും വ്യത്യസ്തമായ മണ്ഡലങ്ങളിലാണ് അദ്ദേഹം മത്സരിച്ചത്.

രാഷ്ട്രീയ സമവാക്യങ്ങളില്‍ വരുത്തുന്ന തന്ത്രപരമായ കൂട്ടിച്ചേര്‍ക്കലാണ് സ്വതന്ത്രന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിഭാസം. ഒപ്പത്തിനൊപ്പമുള്ള റിലേ ഓട്ടത്തില്‍ വിജയത്തിലേക്കുള്ള അവസാനത്തെ കുതിപ്പാണ് രാഷ്ട്രീയേതരമായ പൊതുസമ്മതി കൈമുതലായുള്ള സ്വതന്ത്രന്‍ നടത്തുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിന് അപരിചിതമായ ഒന്നല്ല ഇക്കാര്യം. ഇടതുപക്ഷകക്ഷികള്‍ തങ്ങള്‍ക്ക് മുന്നേറാന്‍ കഴിയാത്ത കളങ്ങളില്‍ ചാതുരിയോടെ പുത്തന്‍ കരുക്കള്‍ നിരത്തി വിജയം ഉറപ്പിക്കാറുണ്ട്. സമ്മതിദായകരില്‍നിന്ന് ഒന്നും ഒളിച്ചുവയ്ക്കുന്നില്ല. വോട്ടു ചെയ്യാതെ മാറിനില്‍ക്കുന്നവരെയും ബൂത്തിലേക്കാകര്‍ഷിക്കാന്‍ ഈ ഏര്‍പ്പാടിലൂടെ ചിലപ്പോള്‍ കഴിയാറുണ്ട്.

വിജയാനന്തരം സ്വതന്ത്രന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നാണ് ഇടയലേഖനത്തില്‍ പറയുന്നത്. സ്വതന്ത്രനായി ജയിച്ചു ചെല്ലുന്നയാള്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗമായാല്‍ കൂറുമാറ്റനിരോധനനിയമപ്രകാരം അയോഗ്യനാകും. ഒരു പാര്‍ട്ടിയുടെയും വിപ്പ് അയാള്‍ക്ക് ബാധകമല്ല. തിരഞ്ഞെടുപ്പിനുമുമ്പ് എങ്ങനെയായിരുന്നുവോ അങ്ങനെതന്നെയായിരിക്കും അയാള്‍ അതിനുശേഷവും. പാര്‍ട്ടിയുടെ അച്ചടക്കത്തിനു വിധേയമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവരും എന്നാല്‍ പൊതുസമ്മതിയുള്ളവരുമായ നിരവധിയാളുകള്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരം ആളുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കടന്നുവരുന്നത് നല്ലതാണ്. അതിനുള്ള അവസരമാണ് ഇടയലേഖനത്തിലൂടെ സഭാധികാരികള്‍ വിശ്വാസികള്‍ക്ക് നിഷേധിക്കുന്നത്. ജനങ്ങളെ ഇടതും വലതുമായി വേര്‍തിരിച്ച് വിധി പറയുന്നതിനുള്ള ദിവസം ഇനിയും സമാഗതമായിട്ടില്ല. അല്ലെങ്കില്‍ത്തന്നെ ദൈവത്തിന്റെ ഇടതും വലതും നമുക്ക് തിരിച്ചറിയാന്‍ കഴിയില്ലല്ലോ! ഹൃദയം ഒന്നേയുള്ളു. അത് ഇടതുവശത്ത് സ്ഥാപിച്ച ദൈവം ഇടതുപക്ഷത്തെ പൂര്‍ണമായും തള്ളിക്കളയാനിടയില്ല.

സെബാസ്റ്റ്യന്‍ പോളിന്റെ ബ്ലോഗ് ഇവിടെ

2 comments:

  1. അള്‍ത്താരകള്‍ വീണ്ടും രാഷ്ട്രീയവേദികളാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി കത്തോലിക്കാ മെത്രാന്‍ സമിതിയാണ് ഇടയലേഖനവുമായി പ്രചാരണ പരിപാടിക്ക് തുടക്കമിടുന്നത്. ഉത്തമരും പ്രാപ്തരും പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും മൂല്യബോധമുള്ളവരും വിശ്വാസികളും തിരഞ്ഞെടുക്കപ്പെടണമെന്ന ആഹ്വാനം അസ്ഥാനത്തല്ല. പക്ഷേ എന്താണ് സത്യമെന്നതുപോലെ ആരാണ് വിശ്വാസി എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം കണ്ടെത്താനാവില്ല. തീവ്രമായ വിശ്വാസമുള്ളവരുടെ കൂട്ടായ്മയാണ് സംഘപരിവാര്‍. വിശ്വാസത്തിന്റെ തീക്ഷ്ണതയില്‍ അവര്‍ മതതീവ്രവാദികളാകുന്നു. ന്യൂമന്‍ കോളജിലെ അധ്യാപകനെ വെട്ടിയ അക്രമികളും വിശ്വാസികളാണ്. വ്യക്തിപരമായ വൈരാഗ്യമല്ല, വിശ്വാസപരമായ പകയാണ് അക്രമത്തിനു പ്രേരകമായത്. ഇത്തരം വിശ്വാസികള്‍ക്കും സഭയുടെ പിന്തുണ ലഭിക്കുമോയെന്ന് ഇടയലേഖനം വ്യക്തമാക്കുന്നില്ല. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ മാത്രമാണ് വിശ്വാസികളെങ്കില്‍ അത്തരക്കാരെല്ലാം ഉത്തമരും മൂല്യബോധമുള്ളവരും ആയിരിക്കുമെന്ന് സഭയ്ക്കുറപ്പുണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ സഭാവിശ്വാസികള്‍ മാത്രം വോട്ടു ചെയ്താല്‍ വിശ്വാസികളായ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമോ?

    ReplyDelete
  2. ഹൃദയം ഒന്നേയുള്ളു. അത് ഇടതുവശത്ത് സ്ഥാപിച്ച ദൈവം ഇടതുപക്ഷത്തെ പൂര്‍ണമായും തള്ളിക്കളയാനിടയില്ല.

    ReplyDelete