Wednesday, July 21, 2010

ഭീകരസംഘടനകളും യു ഡി എഫിന്റെ മുഖംമൂടിയും

മതത്തെ ഭീകരതയ്ക്കായി ഉപയോഗപ്പെടുത്തുന്ന ദുഷ്ട ശക്തികള്‍ കേരളത്തിനും രാജ്യത്തിനും ഉയര്‍ത്തുന്ന ഭീഷണി ചെറുതൊന്നുമല്ല. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇത്തരം ശക്തികളുടെ കേരളത്തിലെ അനുചരന്‍മാര്‍ കേരളത്തിന്റെ സാമുദായിക മൈത്രിക്കും നവോത്ഥാന മഹിമയ്ക്കും പുരോഗമന ചിന്തയ്ക്കും കളങ്കം ചാര്‍ത്തുന്നവരാണ്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും യഥാര്‍ഥ മതവിശ്വാസത്തിനും രാജ്യത്തിനുതന്നെയും ഭീഷണി ഉയര്‍ത്തുന്ന ഇത്തരം പ്രതിലോമ ശക്തികള്‍ക്കെതിരായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റ് ഇടതുപക്ഷപാര്‍ട്ടികളും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കൈക്കൊള്ളുന്നത്. എന്നാല്‍ കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണിയും ഈ രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരായി ഇരട്ടമുഖമുള്ള നയവും സമീപനവുമാണ് കൈക്കൊള്ളുന്നത്. അവരെ ഉറച്ച് എതിര്‍ക്കുവാന്‍ തയ്യാറല്ലാത്ത കോണ്‍ഗ്രസും യു ഡി എഫും മയപ്പെടുത്തിയ വിമര്‍ശനങ്ങള്‍ പ്രത്യക്ഷത്തില്‍ നടത്തുകയും പരോക്ഷമായി അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നതാണ് കാലിക അനുഭവങ്ങളും യു ഡി എഫ് കക്ഷികളുടെ പ്രസ്താവനകളും തെളിയിക്കുന്നത്.

ആയുധങ്ങളില്‍ അഭിരമിക്കുകയും ആശയങ്ങളെ കയ്യൊഴിയുകയുമാണ് മതഭീകരവാദികള്‍ ചെയ്യുന്നത്. അക്കാര്യത്തില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ ഭേദമില്ല. ഹൈന്ദവ രാഷ്ട്രത്തിനായി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ സ്വയം സേവക്‌സംഘം വംശഹത്യാ സിദ്ധാന്തത്തില്‍ വിശ്വസിക്കുകയും ഫാഷിസ്റ്റ് സിദ്ധാന്തത്തിന്റെ പ്രയോക്താവായ ഹിറ്റ്‌ലറെ ആരാധിക്കുകയും ചെയ്യുന്നവരുടെ സംഘമാണ്. അതേ പാതയിലാണ് ന്യൂനപക്ഷ വര്‍ഗീയവാദികളും ഭീകരസംഘടനകളും സഞ്ചരിക്കുന്നത്. ആയുധങ്ങളും ഉന്മൂലന സിദ്ധാന്തവുമാണ് അവരും മുറുകെ പിടിക്കുന്നത്.
ഐ എസ് എസും എന്‍ ഡി എഫും പോപ്പുലര്‍ ഫ്രണ്ടും എസ് ഡി പി ഐയുമൊക്കെ രാജ്യദ്രോഹ നടപടികളെയും ഉന്മൂലന സിദ്ധാന്തത്തെയും ആശ്രയിക്കുന്നവരാണ്. പ്രച്ഛന്ന വേഷധാരണം മതമൗലിക വാദികളുടെയും ഫാഷിസ്റ്റ് സംഘടനകളുടെയും പ്രാഥമിക പരിപാടിയാണ്. അതുകൊണ്ടുതന്നെ സംഘടനയുടെ നാള്‍ക്കുനാളുള്ള പേരുമാറ്റം അവരെ അസ്വസ്ഥമാക്കുന്നില്ല. അധ്യാപകന്റെ കൈവെട്ടും അതിനുമുമ്പായി നടത്തിയ കൊലപാതകങ്ങളുമൊക്കെ ന്യൂനപക്ഷ മതഭീകരതയുടെ യഥാര്‍ഥ ചിത്രം വ്യക്തമാക്കുന്നുണ്ട്.

എല്ലാ മതേതര ജനാധിപത്യ കക്ഷികളും രാജ്യസ്‌നേഹമുള്ളവരും ഇത്തരം മത ഭീകര ശക്തികള്‍ക്കെതിരായി അടിയുറച്ച നിലപാട് സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. പക്ഷേ വര്‍ഗീയതയുമായും മതഭീകരതയുമായും എന്നും ഒളിഞ്ഞും തെളിഞ്ഞും കൈകോര്‍ത്ത ചിത്രമാണ് കോണ്‍ഗ്രസിനും കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിക്കുമുള്ളത്. അതുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഒരു ശക്തിയുടെയും വോട്ട് തങ്ങള്‍ക്ക് വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പറയുന്ന വേളയില്‍ തന്നെ ആരുടെയും വോട്ട് വേണ്ടെന്നു പറയാനുള്ള ധാര്‍ഷ്ട്യം തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറയുന്നത്. വോട്ട് വേണമോ വേണ്ടയോ എന്നതല്ല പ്രധാനമെന്നും സഹകരണമില്ലെന്നതാണ് പ്രാധാന്യമുള്ളകാര്യമെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അവ്യക്തമായ ഭാഷയില്‍ സംസാരിക്കുന്നതും യു ഡി എഫിന് ഇത്തരം വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളോടുള്ള ആഭിമുഖ്യവും ഐക്യവും കൊണ്ടാണ്.

സഹകരണത്തിന്റെ കാര്യത്തില്‍ തന്നെ കപടനാടകമാടുന്നവരാണ് യു ഡി എഫ് എന്ന് കഴിഞ്ഞകാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എഫിന്റെ ഇന്നത്തെ രൂപമായ എസ് ഡി പി ഐ എല്ലാ ലോക്‌സഭാ മണ്ഡലത്തിലും പിന്തുണ പ്രഖ്യാപിച്ചത് യു ഡി എഫിനാണ്. അവരുടെ പിന്തുണ യു ഡി എഫ് സഹര്‍ഷം സ്വാഗതം ചെയ്യുകയുമുണ്ടായി. യു ഡി എഫ് പരാജയപ്പെട്ട കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലും എന്‍ ഡി എഫിന്റെ പിന്തുണ യു ഡി എഫിനായിരുന്നു. അപ്പോഴും കോണ്‍ഗ്രസിന് അവരെല്ലാം പൂര്‍ണസമ്മതരായിരുന്നു.

ആര്‍ എസ് എസിനോടും കോണ്‍ഗ്രസിന്റെ സമീപനം വ്യത്യസ്തമല്ല. വടകര ലോക്‌സഭാ മണ്ഡലത്തിലും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും കോണ്‍ഗ്രസ്, ലീഗ്, ബി ജെ പി പരസ്യ സഖ്യം അരങ്ങേറിയത് ആരും മറന്നിട്ടില്ല. പിന്നീട് പല ലോക്‌സഭാ, നിയമസഭാ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലും രഹസ്യ സഖ്യം നടപ്പാക്കുകയും വോട്ടുമറിച്ചു നല്‍കലും വില്‍ക്കലും അരങ്ങേറുകയും ചെയ്തു. കേരളത്തില്‍ മാത്രമല്ല ദേശീയ തലത്തില്‍ തന്നെ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുമായി ഗൂഢവും അല്ലാത്തതുമായ ബാന്ധവം സൃഷ്ടിക്കുവാന്‍ കോണ്‍ഗ്രസ് മടികാണിച്ചിട്ടില്ലെന്നതിന് അനവധി അനുഭവങ്ങളുണ്ട്. അതില്‍ പ്രധാനമാണ് 1992 ഡിസംബര്‍ ആറിലെ ബാബറി മസ്ജിദ് തകര്‍ക്കല്‍. മുന്‍കൂട്ടി പ്രഖ്യാപിച്ച് സംഘപരിവാര അംഗങ്ങളായ സംഘങ്ങള്‍ നാലരനൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള പള്ളിപൊളിക്കുമ്പോള്‍ നിസ്സംഗതയോടെയും നിഷ്‌ക്രിയതയോടെയും നോക്കി നിന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരാണ്.

ആയുധങ്ങളും രാജ്യദ്രോഹ ലഘുലേഖകളും പിടികൂടുകയും കൈവെട്ട് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ഭീകര പ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും ചെയ്യുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്‍കുന്ന യു ഡി എഫും പൊതുജനമധ്യത്തില്‍ ആടുന്ന പൊറാട്ടു നാടകം പരിഹാസ്യമാണ്. അവര്‍ അണിഞ്ഞിരിക്കുന്ന മുഖംമൂടിക്കുള്ളിലെ യഥാര്‍ഥമുഖം കേരളീയ സമൂഹം കാണുന്നുണ്ടെന്ന് കോണ്‍ഗ്രസും യു ഡി എഫും തിരിച്ചറിയേണ്ടതാണ്.

ജനയുഗം മുഖപ്രസംഗം 21072010

1 comment:

  1. മതത്തെ ഭീകരതയ്ക്കായി ഉപയോഗപ്പെടുത്തുന്ന ദുഷ്ട ശക്തികള്‍ കേരളത്തിനും രാജ്യത്തിനും ഉയര്‍ത്തുന്ന ഭീഷണി ചെറുതൊന്നുമല്ല. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇത്തരം ശക്തികളുടെ കേരളത്തിലെ അനുചരന്‍മാര്‍ കേരളത്തിന്റെ സാമുദായിക മൈത്രിക്കും നവോത്ഥാന മഹിമയ്ക്കും പുരോഗമന ചിന്തയ്ക്കും കളങ്കം ചാര്‍ത്തുന്നവരാണ്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും യഥാര്‍ഥ മതവിശ്വാസത്തിനും രാജ്യത്തിനുതന്നെയും ഭീഷണി ഉയര്‍ത്തുന്ന ഇത്തരം പ്രതിലോമ ശക്തികള്‍ക്കെതിരായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റ് ഇടതുപക്ഷപാര്‍ട്ടികളും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കൈക്കൊള്ളുന്നത്. എന്നാല്‍ കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണിയും ഈ രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരായി ഇരട്ടമുഖമുള്ള നയവും സമീപനവുമാണ് കൈക്കൊള്ളുന്നത്. അവരെ ഉറച്ച് എതിര്‍ക്കുവാന്‍ തയ്യാറല്ലാത്ത കോണ്‍ഗ്രസും യു ഡി എഫും മയപ്പെടുത്തിയ വിമര്‍ശനങ്ങള്‍ പ്രത്യക്ഷത്തില്‍ നടത്തുകയും പരോക്ഷമായി അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നതാണ് കാലിക അനുഭവങ്ങളും യു ഡി എഫ് കക്ഷികളുടെ പ്രസ്താവനകളും തെളിയിക്കുന്നത്.

    ReplyDelete