Tuesday, July 27, 2010

അമേരിക്കയ്ക്ക് കനത്ത ആഘാതം

ഒരുലക്ഷത്തില്‍പ്പരം രഹസ്യരേഖകളുടെ ചോര്‍ച്ചയും പരസ്യപ്പെടുത്തലും അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. 2001 സെപ്തംബര്‍ 11ന്റെ ഭീകരാക്രമണത്തിനുശേഷമുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായിവേണം ഈ സംഭവത്തെ വിലയിരുത്താന്‍. ലോകത്തില്‍തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണസംവിധാനമാണെന്ന് അവകാശപ്പെട്ട ഫെഡറല്‍ രഹസ്യഅന്വേഷണ ഏജന്‍സിയെപ്പറ്റി ഊറ്റംകൊണ്ട അമേരിക്കയ്ക്ക് 'വിക്കിലീക്ക്സ്' എന്ന മാധ്യമത്തിന് മുന്നില്‍ ലജ്ജിച്ച് തലതാഴ്ത്തേണ്ടിവന്നിരിക്കുന്നു. മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ വിദഗ്ധമായ അന്വേഷണം നടത്താന്‍ ഫെഡറല്‍ ഏജന്‍സിയുടെ സഹായം നല്‍കാമെന്ന് അമേരിക്ക അഭിമാനത്തോടും അല്‍പ്പം അഹങ്കാരത്തോടും ഇന്ത്യയെ അറിയിച്ചിരുന്നു. ആ അഹങ്കാരത്തിനാണ് ഇപ്പോള്‍ അടിയേറ്റത്.

ഏകധ്രുവലോകത്തിന്റെ നായകസ്ഥാനം ഉദ്ഘോഷിച്ച് സൈനികശക്തി ഉപയോഗിച്ച് ഏത് രാജ്യത്തെയും കീഴ്പ്പെടുത്താനാണ് അമേരിക്ക ശ്രമിച്ചത്. ആ ധാരണയിലാണ് ഇറാഖിനെ ആക്രമിച്ച് കീഴ്പ്പെടുത്തി എണ്ണപ്പാടം ഊറ്റിയെടുക്കാന്‍ യുദ്ധം ആരംഭിച്ചത്. രണ്ടാഴ്ചയ്ക്കകം യുദ്ധം അവസാനിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. സ്വതന്ത്ര പരമാധികാരരാഷ്ട്രത്തിന്റെ ഭരണാധികാരിയായ സദ്ദാംഹുസൈനെ പിടികൂടി തൂക്കിലേറ്റി. നീണ്ട എട്ടുവര്‍ഷം കടന്നുപോയത് ഇറാഖിലെ ജനതയുടെ ചെറുത്തുനില്‍പ്പ് തുടരുകയാണ്. വമ്പിച്ച കടബാധ്യതയും സാമ്പത്തികത്തകര്‍ച്ചയുമാണ് കൈമുതലായി കിട്ടിയത്. അഫ്ഗാനിസ്ഥാനിലും അമേരിക്കയുടേത് നടുക്കടലില്‍ അകപ്പെട്ട് കരകാണാനാകാതെ കാലിട്ടടിക്കുന്ന നിലയാണ്. ഭീകരതയ്ക്കെതിരായ ആഗോളയുദ്ധം പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ പലതും കടന്നുപോയെങ്കിലും ഭീകരാക്രമണത്തിന് തെല്ലും ശമനമുണ്ടായിട്ടില്ല.

അഫ്ഗാനിസ്ഥാനില്‍ താലിബാനെ വളര്‍ത്തിയത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്. പ്രസിഡന്റ് നജീബുള്ളയെ കൊന്ന് വിളക്കുകാലില്‍ കെട്ടിത്തൂക്കി കാക്കയും കഴുകനും കൊത്തിത്തിന്നുന്നത് കണ്ട് ആഹ്ളാദിച്ച അമേരിക്കന്‍ ഭരണാധികാരികള്‍ താലിബാനെതിരെ വാളെടുക്കുന്നത് കൌതുകമുള്ള കാഴ്ചയാണ്. താലിബാന്‍കാര്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്ന് അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തി തിരികെപോയി രക്ഷപ്പെടുന്നു. ഇത് നേരിടാനാണ് അഫ്-പാക്തന്ത്രത്തിന് രൂപം നല്‍കിയത്.

എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന രഹസ്യരേഖകള്‍ വെളിപ്പെടുത്തുന്ന വിവരം അമേരിക്കന്‍ ഭരണാധികാരികളുടെ ഉറക്കംകെടുത്തുന്നതാണ്. താലിബാന്‍ ഭീകരരെയും അല്‍ ഖായ്ദയെയും നേരിടാന്‍ വര്‍ഷതോറും 100 കോടി ഡോളര്‍വീതം പാകിസ്ഥാന് അമേരിക്ക നല്‍കിവരുന്നു. ഈ പണം കൈപ്പറ്റുന്നത് താലിബാന്‍ ഭീകരരെ സഹായിക്കാനാണെന്ന രഹസ്യമാണ് പുറത്തുവന്നിരിക്കുന്നത്. പാകിസ്ഥാനിലെ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെയും ഒത്താശയോടെയുമാണ് താലിബാന്‍ ശക്തിപ്പെടുന്നത്. ഭീകരവിരുദ്ധയുദ്ധത്തില്‍ പാകിസ്ഥാന്‍സേന ഒരേസമയം ശത്രുവായും സഹായിയായും പ്രവര്‍ത്തിച്ചിരുന്നു എന്നതാണ് പുറത്തുവന്ന രഹസ്യം. പാകിസ്ഥാനിലെ ഐഎസ്ഐ ഒരേസമയം അല്‍ ഖായ്ദയോടൊപ്പം ചേര്‍ന്ന് ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ഭീകരതയ്ക്കെതിരെ നിലപാടെടുക്കുന്നതായി യജമാനന്മാരെ ബോധ്യപ്പെടുത്തുകയുമായിരുന്നു. താലിബാന്‍ നേതൃത്വവുമായി ഐഎസ്ഐ മേധാവികള്‍ നിരന്തരം ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരുന്നു. പാകിസ്ഥാന്‍ ഭരണാധികാരികളില്‍നിന്ന് ഇതിനൊക്കെ സഹായം ലഭിച്ചിരുന്നു.

ഈ വിവരം അമേരിക്കയ്ക്ക് മാത്രമല്ല ഇന്ത്യക്കും ഉല്‍ക്കണ്ഠയ്ക്ക് ഇടനല്‍കുന്നതാണ്. ഇതിലും ഗൌരവമുള്ളതാണ് നമ്മുടെ പ്രതിരോധമന്ത്രി എ കെ ആന്റണി വെളിപ്പെടുത്തിയ കാര്യം. പാകിസ്ഥാന് അമേരിക്ക ഈയിടെ നല്‍കിയ ആധുനിക സൈനികസഹായം ഇന്ത്യക്കെതിരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതിരോധമന്ത്രി വെളിപ്പെടുത്തിയ സുപ്രധാനവിവരം. ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് വേണ്ടതൊക്കെ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുമായി തന്ത്രപരമായ ബന്ധം സ്ഥാപിച്ച രാജ്യമാണ് ഇന്ത്യ. പാകിസ്ഥാന്‍ തുടക്കംമുതലേ അമേരിക്കയുടെ പട്ടാളകൂട്ടുകെട്ടില്‍ അംഗമായിരുന്നു. പാകിസ്ഥാനെയും ഇന്ത്യയെയും ചൈനക്കെതിരെ ഉപയോഗിക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. അതോടൊപ്പം അയല്‍രാജ്യങ്ങളെ തമ്മിലടിപ്പിച്ച് യുദ്ധഭീതി സൃഷ്ടിക്കേണ്ടതും അമേരിക്കയുടെ ആവശ്യമാണ്. യുദ്ധസാമഗ്രിവ്യവസായം തഴച്ചുവളരേണ്ടതും അതിനായി അസമാധാനം നിലനില്‍ക്കേണ്ടതും ബഹുരാഷ്ട്രകുത്തകകളുടെയും അതുവഴി സാമ്രാജ്യത്വത്തിന്റെയും ആവശ്യമാണ്. അമേരിക്കന്‍ സാമ്രാജ്യത്വം നാളിതുവരെ ഏതെങ്കിലും ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ എന്തെങ്കിലും ചെയ്ത ചരിത്രമില്ല. അവര്‍ മനുഷ്യരാശിയെ ക്രൂരമായി കൊന്നൊടുക്കിയ ചരിത്രമേ ഉള്ളൂ. പരമാധികാരരാഷ്ട്രങ്ങളുടെ ഭരണാധികാരികളെ പരസ്യമായും രഹസ്യമായും കൊന്നൊടുക്കിയ ചരിത്രമേയുള്ളു.

അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാതെ അമേരിക്കന്‍ദാസ്യവേലയില്‍ ഏര്‍പ്പെടുന്ന യുപിഎ സര്‍ക്കാരിന് അമേരിക്കയില്‍നിന്ന് പുറത്തുവന്ന രഹസ്യരേഖ ഒരു പാഠമായിരിക്കേണ്ടതാണ്. വൈകിയെങ്കിലും വിവേകമുദിച്ചാല്‍ നന്ന്. അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധം ഉപേക്ഷിച്ച് അയല്‍രാഷ്ട്രങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുകയാണ് വേണ്ടത്.

ദേശാഭിമാനി മുഖപ്രസംഗം 28072010

1 comment:

  1. ഒരുലക്ഷത്തില്‍പ്പരം രഹസ്യരേഖകളുടെ ചോര്‍ച്ചയും പരസ്യപ്പെടുത്തലും അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. 2001 സെപ്തംബര്‍ 11ന്റെ ഭീകരാക്രമണത്തിനുശേഷമുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായിവേണം ഈ സംഭവത്തെ വിലയിരുത്താന്‍. ലോകത്തില്‍തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണസംവിധാനമാണെന്ന് അവകാശപ്പെട്ട ഫെഡറല്‍ രഹസ്യഅന്വേഷണ ഏജന്‍സിയെപ്പറ്റി ഊറ്റംകൊണ്ട അമേരിക്കയ്ക്ക് 'വിക്കിലീക്ക്സ്' എന്ന മാധ്യമത്തിന് മുന്നില്‍ ലജ്ജിച്ച് തലതാഴ്ത്തേണ്ടിവന്നിരിക്കുന്നു. മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ വിദഗ്ധമായ അന്വേഷണം നടത്താന്‍ ഫെഡറല്‍ ഏജന്‍സിയുടെ സഹായം നല്‍കാമെന്ന് അമേരിക്ക അഭിമാനത്തോടും അല്‍പ്പം അഹങ്കാരത്തോടും ഇന്ത്യയെ അറിയിച്ചിരുന്നു. ആ അഹങ്കാരത്തിനാണ് ഇപ്പോള്‍ അടിയേറ്റത്.

    ReplyDelete