Saturday, July 24, 2010

വര്‍ഗീയതയെ പാലൂട്ടി വളര്‍ത്തിയവര്‍

കേരളത്തില്‍ ഭീകരത വളര്‍ത്തുന്നത് ഇടതുപക്ഷമാണെന്ന കെപിസിസിയുടെ ആരോപണം പഴകിയതും പലപാട് പറഞ്ഞുപൊളിഞ്ഞതുമാണ്. ബാബറി മസ്ജിദ് പൊളിച്ചുമാറ്റേണ്ടതാണെന്ന് ഇ എം എസ് പറഞ്ഞു എന്നൊരു നുണക്കഥ മാതൃഭൂമി രചിക്കുകയും അത് കാലാകാലങ്ങളില്‍, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാടുനീളെ പ്രചരിപ്പിച്ച് മുസ്ളിം സമൂഹത്തെ ഇടതുപക്ഷത്തിനെതിരെ തിരിക്കാന്‍ പ്രയോജനപ്പെടുത്തുകയുംചെയ്ത അനുഭവം കഴിഞ്ഞ ദിവസം 'ദേശാഭിമാനി' തുറന്നുകാട്ടിയിരുന്നു. തെളിവുകളുടെയോ അനുഭവത്തിന്റെയോ വെളിച്ചത്തില്‍ കേരളത്തിലെ ജനങ്ങളോട് പറയാന്‍ കഴിയുന്നതല്ല ഇടതുപക്ഷജനാധിപത്യമുന്നണി വര്‍ഗീയതയോട് സന്ധിചെയ്യുന്നു എന്ന പെരുംനുണ. ആരാണ് വര്‍ഗീയതയെ മാറിമാറി ഉപയോഗിച്ച് തെരഞ്ഞെടുപ്പു രാഷ്ട്രീയം കളിക്കുന്നതെന്നും ആരുടെ കൂടാരത്തിലാണ് വര്‍ഗീയ-ഭീകര ശക്തികള്‍ കൂട്ടത്തോടെ ഒളിച്ചുപാര്‍ക്കുന്നതെന്നും എന്തായിരുന്നു 'കോ-ലീ-ബി' എന്നറിയപ്പെടുന്ന കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമെന്നും ഒരു വിശദീകരണവുമില്ലാതെ മനസിലാക്കുന്നവരാണ് ഇന്നാട്ടിലെ ജനങ്ങള്‍. വര്‍ഗീയതയുടെ പ്രോത്സാഹകരും ഭീകരതയുടെ സംരക്ഷകരുമായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ നേട്ടങ്ങള്‍ക്കായി കണ്ണുനട്ടിരിക്കുന്നവര്‍ക്ക്, അത്തരമൊരു വിചിത്രമായ ഐക്യത്തെ ജനങ്ങള്‍ തിരസ്കരിക്കുമോ എന്ന ഭീതിയുണ്ടാകുന്നത് സ്വാഭാവികമാണ്. ആ ഭീതിയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടങ്ങുന്ന കെപിസിസി നേതൃത്വത്തെക്കൊണ്ട് ഇടതുപക്ഷത്തിനെതിരെ വാളെടുപ്പിച്ചത്.

'കമ്യൂണിസ്റുകാര്‍ ദൈവത്തിന്റെ നിലനില്‍പ്പില്‍ വിശസിക്കുന്നില്ല; മരണാനന്തര ജീവിതത്തിലും അവര്‍ക്ക് വിശ്വാസമില്ല' എന്ന് മതവിശ്വാസികളെ കമ്യൂണിസ്റ് വിരുദ്ധ പാളയത്തിലെത്തിക്കുന്നതിനായി മുതലാളിത്തത്തിന്റെ വക്താക്കള്‍ എക്കാലത്തും പറഞ്ഞുപരത്തിയിട്ടുണ്ട്. ഭൌതികവാദികളായതുകൊണ്ട് കമ്യൂണിസ്റുകാര്‍ക്ക് ദൈവവിശ്വാസമില്ലെന്നത് നേരുതന്നെ. എന്നാല്‍, ഓരോ കമ്യൂണിസ്റുകാരനും മനുഷ്യന്റെ വിവേകത്തിലും സത്യസന്ധതാ ബോധത്തിലും നീതിബോധത്തിലും സഹജീവികളോടുള്ള ഭൂതദയയിലും വിശ്വസിക്കുന്നു. സഹജീവികളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും അവനുള്ള ശുഷ്കാന്തിയിലും വിശ്വസിക്കുന്നു. അധ്വാനിക്കുന്നവരെ വര്‍ഗസമരത്തിന്റെ വഴിയില്‍നിന്ന് അടര്‍ത്തിയെടുക്കാന്‍ ചൂഷകഭരണകൂടങ്ങളും ബൂര്‍ഷ്വാ പ്രചാരകരും മതത്തെ സമര്‍ഥമായി ഉപയോഗിക്കുന്നു. വിശ്വാസികളുടെ വിശ്വാസത്തിനുള്ള സ്വാതന്ത്യ്രത്തെ എതിര്‍ക്കുന്നവരല്ല; അവര്‍ ഏതു മുദ്രാവാക്യങ്ങളെയാണോ ഉയര്‍ത്തിപ്പിടിക്കുന്നത്, അത് പിന്‍പറ്റുന്ന ലക്ഷ്യമെന്തെന്ന് വസ്തുനിഷ്ഠമായി പരിശോധിച്ച് നിലപാടെടുക്കുന്നവരാണ് കമ്യൂണിസ്റുകാര്‍. ഹിന്ദുത്വ ഭീകരത പാവപ്പെട്ട ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കുനേരെ അലറിയടുത്തപ്പോള്‍, എതിര്‍പ്പിന്റെ സ്വരമുയര്‍ത്തിയത് കമ്യൂണിസ്റുകാരുടെ ഹിന്ദുവിരോധംകൊണ്ടല്ല; മനുഷ്യസ്നേഹം കൊണ്ടാണ്. അടിച്ചോടിക്കപ്പെട്ട കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും ഒറീസയില്‍ സിപിഐ എം ഓഫീസ് അഭയമായത് ആരോടെങ്കിലുമുള്ള പ്രത്യേക മമതകൊണ്ടല്ല-കമ്യൂണിസ്റുകാരന്റെ ഉലയാത്ത നീതിബോധംകൊണ്ടാണ്. ആര്‍എസ്എസിന്റെ മഴുവിന്റെ അതേ മൂര്‍ച്ച എന്‍ഡിഎഫുകാരന്റെ ആയുധത്തിനുമുണ്ടെന്നും ഇടയലേഖനങ്ങള്‍ രാഷ്ട്രീയ പ്രസംഗങ്ങളാകരുതെന്നും കമ്യൂണിസ്റുകാരന് ഉച്ചത്തില്‍ പറയാനാകുന്നത് ഏത് വര്‍ഗീയതയായാലും സന്ധിചെയ്യാനില്ല എന്ന ഉരുക്കിന്റെ ദാര്‍ഢ്യമുള്ള സമീപനംകൊണ്ടാണ്.

കേരളത്തില്‍ വര്‍ഗീയ-ഭീകര ശക്തികളെ ആര് വളര്‍ത്തി എന്ന് അന്വേഷിച്ച് കെപിസിസി എങ്ങോട്ടും പോകേണ്ടതില്ല. സമീപകാലത്തെ യുഡിഎഫിന്റെ ചരിത്രം ഓര്‍മിച്ചെടുത്താല്‍ മതിയാകും. തീവ്രവാദ ആശയങ്ങള്‍ ശക്തിയുക്തം പ്രചരിപ്പിക്കുന്ന ഘട്ടത്തില്‍ അബ്ദുനാസര്‍ മഅ്ദനി യുഡിഎഫിന്റെ കൂട്ടുകാരനായിരുന്നില്ലേ? ആ മഅ്ദനിയുടെ ചിത്രംവച്ചും മോചിപ്പിക്കുമെന്ന് വീമ്പടിച്ചും വോട്ടുതേടാത്ത എത്ര പേരുണ്ട് കോണ്‍ഗ്രസില്‍? ഒടുവില്‍, കേസില്‍നിന്നുവിട്ടയക്കപ്പെട്ട് ജയില്‍മോചിതനായി താനിനി മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊള്ളുമെന്ന് തുറന്നു പറഞ്ഞ്, പഴയകാല ചെയ്തികളില്‍ പശ്ചാത്താപം പ്രകടിപ്പിച്ച മഅ്ദനി എല്‍ഡിഎഫിന് പിന്തുണ നല്‍കുന്നു എന്നു വന്നപ്പോള്‍, അദ്ദേഹത്തെ കൊടും ഭീകരനായി പ്രചരിപ്പിച്ചത് ചെന്നിത്തലയുടെ പാര്‍ടിയല്ലേ? ഇ കെ നായനാരെ വധിക്കാന്‍ ശ്രമിച്ച കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് പറയാനാകുമോ?

2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎഫ് എന്ന മതഭീകര സംഘടനയുടെ വോട്ട് എണ്ണിവാങ്ങിയത് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നയിക്കുന്ന മുന്നണിതന്നെയല്ലേ? മുസ്ളിം ലീഗ് എംഎല്‍എമാര്‍ എന്‍ഡിഎഫ് ക്രിമിനലുകളെ ജാമ്യത്തിലെടുക്കാനും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്താനും ശ്രമിച്ചിരുന്നില്ലേ? മാറാട്ട് കൂട്ടക്കൊല നടത്തിയത് എന്‍ഡിഎഫാണെന്ന് വിളിച്ചുപറയാന്‍ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിക്ക് ഒരു മടിയുമുണ്ടായിട്ടില്ല. ആര്‍എസ്എസിനെ പേരുപറഞ്ഞ് എതിര്‍ക്കാനും ഒരിക്കലും മടിച്ചുനിന്നിട്ടില്ല. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ചൂണ്ടിക്കാട്ടാനുണ്ടോ സ്വന്തം പാര്‍ടിയുടെ ചരിത്രത്തില്‍ അത്തരമൊരു ധീര സമീപനത്തെക്കുറിച്ച്? മാറാട്ട് കൂട്ടക്കൊല നടത്തിയവര്‍ക്ക് പുറമെനിന്ന് ആയുധവും സഹായവും കിട്ടിയെന്നും അക്കാര്യം സിബിഐ അന്വേഷിക്കണമെന്നും ജോസഫ് കമീഷന്‍ ആവശ്യപ്പെട്ടിരുന്നുവല്ലോ. മറ്റുപലതിലേക്കും സിബിഐയെ ആനയിച്ചുകൊണ്ടുവരുന്ന യുഡിഎഫ് എന്തുകൊണ്ട് ഇക്കാര്യത്തില്‍ സിബിഐയെ മുടക്കി? ആരെ സഹായിക്കാനായിരുന്നു അത്? എന്‍ഡിഎഫിനെ സംരക്ഷിക്കാനല്ലേ? ജമാഅത്തെ ഇസ്ളാമിയുമായി ലീഗുനേതാക്കള്‍ പതിനൊന്നുതവണ കൂടിക്കാഴ്ച നടത്തിയത് കോഴിക്കോട്ടങ്ങാടിയിലെ വിലനിലവാരം തിട്ടപ്പെടുത്താനായിരുന്നുവോ? അതോ രാഷ്ട്രീയ സഖ്യം ഉണ്ടാക്കാനോ? ഇങ്ങനെ എത്ര ചോദ്യങ്ങളുണ്ട് മറുപടി പറയാനായി എന്ന് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വം ഓര്‍ത്തുനോക്കുന്നത് നല്ലതാണ്. യുഡിഎഫ് എന്ന മുന്നണി ഇന്ന് വര്‍ഗീയതയുടെയും ഭീകരതയുടെയും കൂടാരമാണ്. മതനിരപേക്ഷതയോ രാജ്യസ്നേഹമോ അവരുടെ അജന്‍ഡയിലില്ല. രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചവരുമായിപ്പോലും തെരഞ്ഞെടുപ്പുസഖ്യമുണ്ടാക്കാന്‍ മടിച്ചിട്ടില്ലാത്തവര്‍ ഇടതുപക്ഷത്തേക്ക് നോക്കി, അതാ വര്‍ഗീയതയുടെ സംരക്ഷകര്‍ എന്നു പറയുന്ന ശുദ്ധ അസംബന്ധം മറുപടിയര്‍ഹിക്കാത്തതും അറപ്പുളവാക്കുന്നതുമാണ്. അത്തരം ഒരാക്ഷേപത്തിന് അത് അച്ചടിക്കുന്ന കടലാസിന്റെ വിലപോലും കേരളത്തിലെ ജനങ്ങള്‍ നല്‍കില്ലെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തിരിച്ചറിയണം.

ദേശാഭിമാനി മുഖപ്രസംഗം 24072010

1 comment:

  1. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎഫ് എന്ന മതഭീകര സംഘടനയുടെ വോട്ട് എണ്ണിവാങ്ങിയത് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നയിക്കുന്ന മുന്നണിതന്നെയല്ലേ? മുസ്ളിം ലീഗ് എംഎല്‍എമാര്‍ എന്‍ഡിഎഫ് ക്രിമിനലുകളെ ജാമ്യത്തിലെടുക്കാനും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്താനും ശ്രമിച്ചിരുന്നില്ലേ? മാറാട്ട് കൂട്ടക്കൊല നടത്തിയത് എന്‍ഡിഎഫാണെന്ന് വിളിച്ചുപറയാന്‍ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിക്ക് ഒരു മടിയുമുണ്ടായിട്ടില്ല. ആര്‍എസ്എസിനെ പേരുപറഞ്ഞ് എതിര്‍ക്കാനും ഒരിക്കലും മടിച്ചുനിന്നിട്ടില്ല. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ചൂണ്ടിക്കാട്ടാനുണ്ടോ സ്വന്തം പാര്‍ടിയുടെ ചരിത്രത്തില്‍ അത്തരമൊരു ധീര സമീപനത്തെക്കുറിച്ച്? മാറാട്ട് കൂട്ടക്കൊല നടത്തിയവര്‍ക്ക് പുറമെനിന്ന് ആയുധവും സഹായവും കിട്ടിയെന്നും അക്കാര്യം സിബിഐ അന്വേഷിക്കണമെന്നും ജോസഫ് കമീഷന്‍ ആവശ്യപ്പെട്ടിരുന്നുവല്ലോ. മറ്റുപലതിലേക്കും സിബിഐയെ ആനയിച്ചുകൊണ്ടുവരുന്ന യുഡിഎഫ് എന്തുകൊണ്ട് ഇക്കാര്യത്തില്‍ സിബിഐയെ മുടക്കി? ആരെ സഹായിക്കാനായിരുന്നു അത്? എന്‍ഡിഎഫിനെ സംരക്ഷിക്കാനല്ലേ?

    ReplyDelete