Sunday, July 25, 2010

മതതീവ്രവാദവും കേരളവും

യാതൊരുവിധ ഭീകരാക്രമണവും നടക്കാത്ത ഇന്ത്യയിലെ ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. എന്നാല്‍ സമീപകാല സംഭവ വികാസങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത് തീവ്രവാദത്തിനെതിരായ ജാഗ്രത ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നാണ്. ഇന്ത്യയില്‍ പലയിടത്തും മത തീവ്രവാദവും മാവോയിസ്റ്റ് തീവ്രവാദവും ഒട്ടേറെ മനുഷ്യരുടെ ജീവന്‍ അപകടപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഈയിടെയായി നടക്കുന്ന മതത്തിന്റെ അടിസ്ഥാനത്തിലുള്ള തീവ്രവാദ ആക്രമണങ്ങളെ വലിയ വിപത്തായി നാം തിരിച്ചറിയേണ്ടതാണ്.

ഇന്ത്യയുടെ രാഷ്ട്രീയ അധികാരം പിടിച്ചുപറ്റാന്‍ ആര്‍എസ്എസും സംഘപരിവാറും മതപരമായ ധ്രുവീകരണം ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങളും കൂട്ടക്കൊലകളുമാണ് ഇതിന്റെ തുടക്കം. അതിനുമുമ്പ് പാകിസ്ഥാന്റെ പിന്തുണയോടെ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം, കാശ്മീര്‍ താഴ്വരയില്‍ രക്തച്ചൊരിച്ചിലുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സംഘപരിവാര്‍ ആസൂത്രണംചെയ്ത ന്യൂനപക്ഷ വിരുദ്ധ കലാപങ്ങള്‍ ഇന്ത്യയില്‍ പലയിടത്തും നടക്കുകയുണ്ടായി. 1992 ഡിസംബര്‍ 6-ാം തീയതി ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ മുസ്ളീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ രാജ്യ വ്യാപകമായി തീവ്രവാദ ആശയങ്ങള്‍ക്ക് വിത്തുപാകി. മസ്ജിദ് തകര്‍ക്കുന്നതില്‍ ഒന്നാം നമ്പര്‍ കുറ്റവാളി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്റാണ്.

കേരളത്തിലെ മത വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തനം വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ആരംഭിച്ചിരുന്നു. കേരള പൊലീസ് അഡ്മിനിസ്ട്രേറ്റീവ് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മതപരമായ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ കാണാം.

"മലബാര്‍ ഏരിയയില്‍ വിശേഷിച്ചും മുസ്ളിംലീഗ്, ജമാഅത്തെ-ഇസ്ളാമി, ഭാരതീയ ജനസംഘ്, ആര്‍എസ്എസ് എന്നിവപോലുള്ള സാമുദായിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവരികയായിരുന്നു. ഒരു മുസ്ളീംലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയ ഘോഷയാത്ര ഹിന്ദുക്കളാല്‍ ആക്രമിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംഭവത്തിന്റെ ബാക്കിപത്രമെന്നോണം ഭാരതീയ ജനസംഘത്തിന്റേയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിക്രിയാ വീക്ഷണത്തോടെ വിവിധ സ്ഥലങ്ങളില്‍ മുസ്ളീങ്ങള്‍ കളരികള്‍ ആരംഭിച്ചിട്ടുണ്ട്.'' (1965ലെ പൊലീസ് അഡ്മിനിസ്ട്രേഷന്‍ റിപ്പോര്‍ട്ട്.)

പിന്നീട് ലക്ഷണമൊത്ത വര്‍ഗീയ കലാപം 1971 ഡിസംബര്‍ അവസാനം തലശ്ശേരിയില്‍ നടന്നതാണ്. കലാപത്തെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ ഇതിനുപിന്നിലുള്ള ആര്‍എസ്എസ് ആസൂത്രണം തന്റെ റിപ്പോര്‍ട്ടില്‍ വരച്ചുകാട്ടിയിട്ടുണ്ട്. പിന്നീട് ബാബറി മസ്ജിദ് തകര്‍ച്ചയ്ക്കുശേഷം മുസ്ളീം ന്യൂനപക്ഷങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെടുകയുണ്ടായി. 1992 മുതല്‍ 1996 വരെയുള്ള കാലഘട്ടത്തില്‍ മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ സിനിമാ തീയറ്ററുകള്‍ അഗ്നിക്കിരയാക്കിയ 14 സംഭവങ്ങളുണ്ടായി. പിന്നീട് ചില കൊലപാതക കേസുകളും ഉണ്ടായി. ഈ കേസുകളില്‍ പലതും 'ജമാ-ഉത്തുള്‍ ഇസ്ഹാനിയ' എന്ന മത തീവ്രവാദ സംഘടന നടത്തിയതാണെന്ന് തെളിഞ്ഞു.

മലപ്പുറം ജില്ലയിലെ വേങ്ങര പൊലീസ് സ്റ്റേഷനതിര്‍ത്തിയില്‍ പൈപ്പ് ബോംബ് കണ്ടെടുത്തതും ഈ സമയത്താണ്. 2001-06 കാലത്ത് യുഡിഎഫ് ഭരിച്ചപ്പോഴാണ് ബേപ്പൂര്‍ ബോട്ട് സ്ഫോടനകേസ്, കോഴിക്കോട് ബസ്സ്റ്റാന്‍ഡില്‍ നടന്ന സ്ഫോടനങ്ങള്‍, എന്‍.ഡി.എഫ് ആസ്ഥാനമായ ഗ്രീന്‍വാലി ഫൌണ്ടേഷന്‍ വളപ്പില്‍ നടന്ന സ്ഫോടനം, വളപട്ടണത്തുനിന്ന് പൈപ്പ്ബോംബ് കണ്ടെടുത്ത കേസ്, കളമശ്ശേരിയില്‍ ബസ് കത്തിച്ച കേസ് എന്നിവയൊക്കെ ഉണ്ടായത്. ഇതിലെല്ലാം എന്‍ഡിഎഫ് തീവ്രവാദികളാണ് പങ്കുവഹിച്ചത്. തുടര്‍ന്നാണ് മാറാട് കൂട്ടക്കൊല നടന്നത്. മുസ്ളിം ലീഗിന്റെ സംരക്ഷണത്തില്‍ എന്‍ഡിഎഫ് ആണ് രണ്ടാം മാറാട് കലാപത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ എന്‍ഡിഎഫിനെ രക്ഷിക്കാന്‍ മുസ്ളിംലീഗും യുഡിഎഫ് ഗവണ്‍മെന്റും മുന്നോട്ടുവന്നു. മുസ്ളിംലീഗ് എംഎല്‍എ കെഎന്‍എ ഖാദര്‍ അടക്കം ശുപാര്‍ശ കത്തുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ എന്‍ഡിഎഫുകാര്‍ക്കെതിരായി ചാര്‍ജ്ജുചെയ്ത 9 കേസുകള്‍ മുഖ്യമന്ത്രി ആന്റണി പിന്‍വലിച്ചു. പിന്‍വലിച്ച 9 കേസുകളില്‍ മൂന്നെണ്ണം ദളിത് വിഭാഗം ആക്രമിക്കപ്പെട്ട കേസുകളായിരുന്നു.

മലപ്പുറം കോടതി - 287/2000, 765/96, 766/96, 767/96, പരപ്പനങ്ങാടി കോടതി-553/99, 116/94, തിരൂര്‍ കോടതി -118/94, മഞ്ചേരി കോടതി - 151/2000, 587/2000, പൊന്നാനി കോടതി - 93/99 എന്നീ കേസുകളാണ് ആന്റണി സര്‍ക്കാര്‍ പിന്‍വലിച്ചത്. മാത്രവുമല്ല സിഐടിയു നേതാവായിരുന്ന ഷംസു പുന്നക്കലിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുള്‍പ്പെടെ എന്‍ഡിഎഫുകാര്‍ പ്രതികളായ 68 കേസുകള്‍ പിന്‍വലിക്കാനാണ് മഞ്ചേരി എംഎല്‍എ ആയിരുന്ന ലീഗ് നേതാവ് ഇസഹാക്ക് കുരിക്കള്‍ ആന്റണിക്ക് ശുപാര്‍ശക്കത്ത് നല്‍കിയത്. ഇത് വിവാദമായതിനെ തുടര്‍ന്ന് അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന ഐ ഡി സ്വാമി ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചു. എന്‍ഡിഎഫ് നേതാക്കളെ ആരും അറിയാതെ രക്ഷപ്പെടുത്താനുള്ള യുഡിഎഫ് ഗവണ്‍മെന്റിന്റെ നീക്കം അങ്ങനെ പാളിപ്പോകുകയായിരുന്നു. യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് നടന്നിട്ടുള്ള മാറാട് കലാപം യുഡിഎഫിന്റെ മത തീവ്രവാദ പ്രീണനത്തിന്റെ ഫലമായിരുന്നു. അതിന്റെ ഒന്നാംതരം തെളിവാണ് അന്വേഷണ കമ്മീഷന്റെ മുമ്പാകെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് നല്‍കിയ മൊഴി. "സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ നിഷ്ക്രിയത്വവും വര്‍ഗീയ പ്രീണനനയവും വര്‍ഗീയശക്തികള്‍ക്കും ക്രിമിനലുകള്‍ക്കും അഴിഞ്ഞാടാന്‍ അവസരം ഉണ്ടാക്കി''.

സിപിഐ എമ്മിനെ പോലുള്ള മതനിരപേക്ഷ പാര്‍ടികളെ ഒഴിവാക്കി ആര്‍എസ്എസും ലീഗും കോണ്‍ഗ്രസും ഉണ്ടാക്കിയ മാറാട് ഒത്തുതീര്‍പ്പിലെ പ്രധാന വ്യവസ്ഥതന്നെ സംസ്ഥാനമെമ്പാടും ആര്‍എസ്എസ് കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്നായിരുന്നു.

മാറാട് കലാപത്തെക്കുറിച്ചന്വേഷിച്ച ജോസഫ് തോമസ് കമ്മീഷന്‍ മാറാട് കൂട്ടക്കൊലയ്ക്കുപിന്നില്‍ വിപുലമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ പിന്നിലുള്ള സാമ്പത്തിക ഉറവിടത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയുമുണ്ടായി. എന്നാല്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് കേന്ദ്ര ഗവണ്‍മെന്റിനോട് പലതവണ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കേന്ദ്ര ഗവണ്‍മെന്റ് അതിനു സന്നദ്ധമായില്ലെന്നുള്ളത് ശ്രദ്ധേയമാണ്. ഏറ്റവുമൊടുവില്‍ 2010 ജൂലൈ 8ന് നിലമ്പൂരില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്ക് പൈപ്പ് മുറിച്ച സംഭവത്തിനുപിന്നില്‍ വിദേശബന്ധമുള്ള തീവ്രവാദി സംഘടനയുണ്ടെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഈ കേസ് എന്‍ഐഎക്ക് വിടാനുള്ള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തോടും കേന്ദ്രം നിഷേധാത്മകമായാണ് പ്രതികരിച്ചത്. ഇത് അങ്ങേയറ്റം പ്രതിഷേധാത്മകമാണ്. കേന്ദ്രമന്ത്രിയുടെ നിലപാട് ദുരൂഹത നിറഞ്ഞതുമാണ്.

അബ്ദുള്‍ നാസര്‍ മഅദ്നിയെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബസ് തട്ടിയെടുത്ത് കളമശ്ശേരിയില്‍വച്ച് കത്തിച്ച സംഭവം 2005 സെപ്തംബറിലാണുണ്ടായത്. ഈ കേസിലെ പ്രതികളെ മുഴുവന്‍ നിയമത്തിനുമുമ്പില്‍ കൊണ്ടുവന്നത് എല്‍ഡിഎഫ് ഗവണ്‍മെന്റാണ്. ഇവിടെ മ്അദ്നിയും സിപിഐ എമ്മും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കേണ്ടതുണ്ട്. ആര്‍എസ്എസ് രാജ്യത്തുടനീളം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നടത്തിയതിനെത്തുടര്‍ന്നാണ് മ്അദ്നിയുടെ നേതൃത്വത്തില്‍ ഐഎസ്എസ് രൂപീകരിച്ചത്. ബാബറി മസ്ജിദ് തകര്‍ക്കുന്നതിനുമുമ്പുതന്നെ കേരളത്തിലെ മുസ്ളീം കേന്ദ്രങ്ങളില്‍ ഐഎസ്എസ് പ്രവര്‍ത്തനം ആരംഭിച്ചു. 1992 ജൂലൈ 19നാണ് തിരുവനന്തപുരത്ത് പൂന്തുറയിലും പരിസര പ്രദേശങ്ങളിലും വര്‍ഗീയകലാപം നടന്നത്. ഇതേക്കുറിച്ച് ജസ്റ്റിസ് അരവിന്ദാക്ഷമേനോന്‍ കമ്മീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍, ആര്‍എസ്എസിന്റെയും ഐഎസ്എസിന്റേയും പങ്കാളിത്തം എടുത്തുപറഞ്ഞിട്ടുണ്ട്. ഇക്കാലത്ത് മഅദ്നിയുടെയും പിഡിപിയുടെയും ശക്തമായ വിമര്‍ശകരായിരുന്നു സിപിഐ (എം) നേതാക്കള്‍. തുടര്‍ന്നുനടന്ന 1996ലെ നിയമസഭാ രെഞ്ഞെടുപ്പില്‍ പിഡിപിയുമായി യുഡിഎഫ് പ്രത്യക്ഷമായി യോജിക്കുകയാണുണ്ടായത്. എന്നാല്‍ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍നിന്ന് കുറ്റവിമുക്തനായതിനെ തുടര്‍ന്ന് തന്റെ പഴയ നിലപാടില്‍ മാറ്റം വരുത്തുമെന്നും മത നിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുമെന്നും മ്അദ്നി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിഡിപിയുടെ പിന്തുണ എല്‍ഡിഎഫ് സ്വീകരിച്ചത്.

2008 ഒക്ടോബര്‍ മാസം 4-ാം തീയതിയാണ് ജമ്മുകാശ്മീരിലെ കുപ്പുവാര ജില്ലയില്‍ അര്‍ദ്ധ സൈനിക വിഭാഗവുമായി നടന്ന ഏറ്റുമുട്ടലില്‍ നാലു മലയാളികള്‍ കൊല്ലപ്പെട്ടത്. ഇതോടെ കേരളം മത തീവ്രവാദികളുടെ പറുദീസയായി എന്ന പ്രചാരണം സംഘപരിവാറിന്റെ നേതൃത്വത്തില്‍ ശക്തിപ്പെടുത്തുകയുണ്ടായി. ഈ കേസിന്റെ അന്വേഷണത്തില്‍ വെളിപ്പെട്ടത് ഈ മലയാളികളുടെ റിക്രൂട്ടിംഗ് കേന്ദ്രം ഹൈദ്രാബാദ് ആണെന്നാണ്. 2007 ഡിസംബറില്‍ നിരോധിത സംഘടനയായ സിമി കോട്ടയം ജില്ലയിലെ വാഗമണ്‍ മല നിരകളില്‍ രഹസ്യ ക്യാമ്പ് നടത്തുകയുണ്ടായി. ഇതിനുമുമ്പാണ് എറണാകുളം ജില്ലയിലെ പാനായിക്കുളത്തെ സിമി ക്യാമ്പ്. ഈ കേസുകളില്‍ ഇതിനകം പത്തു പ്രതികളെ അറസ്റ്റുചെയ്തിട്ടുണ്ട്.

കാശ്മീരില്‍ കൊല്ലപ്പെട്ടവരില്‍ മലയാളികള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടു മാത്രമാണ് കേരള പൊലീസിനു ലഭിച്ചത്. എന്നാല്‍ കേരള പൊലീസ് നടത്തിയ അന്വേഷണങ്ങളെത്തുടര്‍ന്നാണ് കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞതും അവരെ റിക്രൂട്ടുചെയ്തവര്‍ക്കെതിരായ തുടര്‍ നടപടികള്‍ കൈക്കൊണ്ടതും. ഏഴുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തിട്ടുണ്ട്. ഭീകരാക്രമണങ്ങള്‍ കേരളത്തില്‍ നടക്കാത്തതിനു പ്രധാന കാരണം കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെ ജാഗ്രതാപൂര്‍വ്വമായ നടപടികളാണ്. ഇതൊക്കെയാണ് വസ്തുതയെങ്കിലും എല്‍ഡിഎഫിനോടുള്ള രാഷ്ട്രീയ വിരോധത്തിന്റെപേരില്‍ യുഡിഎഫും കൂട്ടരും വിഷലിപ്തമായ പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മതതീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികളാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് കൈക്കൊള്ളുന്നത്. ഇടുക്കിയിലെ തൊടുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിമാറ്റിയ സംഭവം കേരളത്തെ ഞെട്ടിച്ചതാണ്. ഇതിന്റെ പിന്നില്‍ എന്‍ഡിഎഫിന്റെ പേരുമാറ്റി പ്രവര്‍ത്തിച്ചുവരുന്ന പോപ്പുലര്‍ ഫ്രണ്ടാണെന്ന് വ്യക്തമായി. എന്നിട്ടും പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ തെരഞ്ഞെടുപ്പില്‍ വേണ്ടെന്നു പറയാന്‍ തങ്ങള്‍ തയ്യാറല്ല എന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്. മത തീവ്രവാദികള്‍ക്ക് പ്രോത്സാഹജനകമായ നിലപാടാണ് അത്. ഇടതുപക്ഷ വിരോധമുള്ള മുഖ്യധാരാ മാധ്യമങ്ങളും ഇതേ നിലപാടുതന്നെയാണ് തുടരുന്നത്.

കാശ്മീരില്‍ മലയാളികള്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് തെറ്റിദ്ധാരണാജനകവും വസ്തുതാപരമല്ലാത്തതുമായ ചില വാര്‍ത്തകള്‍ മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളില്‍ വരികയുണ്ടായി. 8-10-2008ലെ "റോ കോവളത്തേക്ക് - കാശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദിയുടെ ബന്ധം കോവളത്ത് '' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയില്‍ കാശ്മീരില്‍ ഏറ്റുമുട്ടലില്‍ ഷക്കീല്‍മുഹമ്മദ് എന്നയാള്‍ കൊല്ലപ്പെട്ടുവെന്നും അയാള്‍ക്ക് കോവളവുമായി ബന്ധം ഉണ്ടെന്നും ഇത് അന്വേഷിച്ച് റോ അടക്കമുള്ള രഹസ്യാന്വേഷണ വിഭാഗം കോവളത്തു വരും ദിനങ്ങളില്‍ തമ്പടിക്കുമെന്നും പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ശരിയല്ലെന്ന് ഇതേ പത്രത്തിലും മറ്റ് പത്രങ്ങളിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നുണ്ട്. 11-10-2008-ല്‍ റിപ്പോര്‍ട്ട് ചെയ്തത് "സ്ഫോടന പദ്ധതിയുമായി 600 തീവ്രവാദികള്‍ ഒളിവില്‍'' എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്തയാണ്. ആറ് മലയാളികള്‍ ഉള്‍പ്പെടെ 15 തീവ്രവാദികളെ മുംബെ പൊലീസ് അറസ്റ്റ്ചെയ്തുവെന്നും അവരെ ചോദ്യംചെയ്തതില്‍നിന്ന് മേല്‍പറഞ്ഞ വാര്‍ത്ത ലഭിച്ചുവെന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുകൂടാതെ "കേരളം തീവ്രവാദികളുടെ താവളമാണെന്ന് ഐബി, റോ, മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരവധി തവണ മുന്നറിയിപ്പു നല്‍കിയിട്ടും കേരള പൊലീസ് അനാസ്ഥ പുലര്‍ത്തിയെന്നും മറ്റും റിപ്പോര്‍ട്ടുചെയ്തതായി കാണുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വസ്തുതാപരമല്ലെന്ന് പിന്നീട് നടത്തിയ അന്വേഷണങ്ങളില്‍നിന്ന് വെളിവായിട്ടുണ്ട്. മേല്‍പറഞ്ഞ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളൊന്നുംതന്നെ ഇപ്രകാരത്തിലുള്ള മുന്നറിയിപ്പുകള്‍ തരുകയോ മേല്‍പറഞ്ഞ പ്രകാരമുള്ള പരാമര്‍ശം നടത്തുകയോ ചെയ്തിട്ടില്ല എന്നതാണ് വസ്തുത.

28-10-2008ലെ "കാശ്മീരിലേക്ക് കടന്നത് 300 മലയാളി ഭീകരര്‍'' എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ 27-10-2008ല്‍ ഇതിലൊരു പത്രം "കാശ്മീരിലെ ഭീകര ക്യാമ്പില്‍ കൂടുതല്‍ മലയാളികള്‍ എത്തിയിട്ടില്ല എന്ന് സൂചന''. എന്ന തലക്കെട്ടിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 4-11-2008-ലെ "65 മലയാളികള്‍ പാക് ഭീകര പരിശീലനത്തില്‍'' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയും യഥാര്‍ത്ഥ വസ്തുതകള്‍ക്കു നിരക്കുന്നതല്ല. 7-11-2008ലും 10-11-2008ലും "അസം സ്ഫോടനങ്ങള്‍ക്കും മലയാളി ബന്ധം: റെയ്ഡില്‍ മലയാളം പത്രങ്ങളും സ്റ്റിക്കറുകളും കണ്ടെത്തി'' എന്നും "അസം: രണ്ട് മലയാളികള്‍ കസ്റ്റഡിയിലെന്നും'' മറ്റും വാര്‍ത്തകള്‍ വന്നു. എന്നാല്‍ അങ്ങനെ മലയാളികളെ ആരെയും അറസ്റ്റുചെയ്തിരുന്നില്ല.

മേല്‍പറഞ്ഞ പ്രകാരത്തിലുള്ള, വസ്തുതകളുമായി ബന്ധമില്ലാത്ത വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും തീവ്രവാദികള്‍ക്കെതിരെ ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന ശക്തമായ നടപടികളെ പ്രതികൂലമായി ബാധിക്കാനും വിവിധ സമുദായങ്ങള്‍ തമ്മില്‍ ഭിന്നത ഉണ്ടാക്കുവാനും മാത്രമേ സഹായിക്കുകയുള്ളു.

പ്രത്യേക അന്വേഷണസംഘം ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന 'നൂറിഷ തരീഖത്ത്' എന്ന സംഘടനയാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലെ ചില യുവാക്കളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി കാശ്മീരിലേക്ക് അയച്ചതെന്ന് വെളിവായിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം ഇതുവരെ അബ്ദുള്‍ജലീല്‍, ഫൈസല്‍, മുജീബ്, നൈനാര്‍ അലി, ബദറുദ്ദീന്‍, ഫിറോസ് എന്നീ പ്രതികളെ ഈ കേസിലേക്ക് അറസ്റ്റ്ചെയ്തിട്ടുണ്ട്. കേരളത്തിലെ മത തീവ്രവാദ പ്രവര്‍ത്തനങ്ങളെ അതിശക്തമായി നേരിടുന്നതിനും അവയെ വേരോടെ പിഴുതെറിയുന്നതിനും ശക്തമായ പൊലീസ് നടപടികള്‍ ആവശ്യമാണ്. ആ ദിശയിലേക്കുള്ള ആദ്യ പ്രവര്‍ത്തനമാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കലും ഇന്റലിജന്‍സ് വിഭാഗം ശക്തിപ്പെടുത്തലുംവഴി ചെയ്തത്. ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലില്‍ മലയാളികള്‍ മരിച്ച സംഭവത്തെതുടര്‍ന്ന് സംസ്ഥാനത്ത് പലഭാഗത്തുനിന്നും പ്രത്യേകിച്ച്, കണ്ണൂര്‍, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ നിന്നും ഒട്ടേറെപ്പേരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയുണ്ടായി.

പ്രബോധനങ്ങളിലൂടെയും ആഹ്വാനങ്ങളിലൂടെയും യുവാക്കളെ ഭീകരതയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയാതെ വരുമ്പോള്‍ പണത്തിനോട് ആര്‍ത്തി പ്രകടിപ്പിക്കുന്നവരും കുറ്റവാസനയുള്ളവരുമായ യുവാക്കളെ ആകര്‍ഷിക്കാനുള്ള ശ്രമമാണ് തീവ്രവാദ പ്രസ്ഥാനങ്ങള്‍ നടത്തി വരുന്നത്. അതുകൊണ്ടുതന്നെ ഹവാലാ, കള്ളനോട്ട്, റിയല്‍ എസ്റ്റേറ്റ് മാഫിയാ സംഘങ്ങള്‍ക്കെതിരായ കര്‍ശനമായ നടപടികളും അനിവാര്യമാണ്.

ഇവിടെ ഒരു കാര്യം പ്രത്യേകമായി എടുത്തുപറയേണ്ടതുണ്ട്. ഗവര്‍മെന്റു നടപടികള്‍കൊണ്ടു മാത്രം തീവ്രവാദത്തെ ഇല്ലാതാക്കാന്‍ കഴിയുകയില്ല. ഇത്തരം സംഘടനകളിലേക്ക് വഴിമാറിപ്പോകുന്നവരെ സ്വാധീനിക്കുന്ന മത തീവ്രവാദ ആശയങ്ങള്‍ക്കെതിരായ സമരം പ്രധാനമാണ്. അത് ഏറ്റെടുക്കേണ്ടത് മത നിരപേക്ഷ പ്രസ്ഥാനങ്ങളാണ്. എന്നാല്‍ മത നിരപേക്ഷത പ്രസംഗിക്കുന്ന കോണ്‍ഗ്രസിനെപ്പോലെയുള്ള പാര്‍ട്ടികള്‍ അതിനല്ല ശ്രമിക്കുന്നത്. പകരം മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന എല്‍ഡിഎഫ് ഗവണ്‍മെന്റിനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നതിലാണ് അവര്‍ക്ക് താല്‍പര്യം.

പി ജയരാജന്‍ ചിന്ത വാരിക 23072010

1 comment:

  1. യാതൊരുവിധ ഭീകരാക്രമണവും നടക്കാത്ത ഇന്ത്യയിലെ ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. എന്നാല്‍ സമീപകാല സംഭവ വികാസങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത് തീവ്രവാദത്തിനെതിരായ ജാഗ്രത ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നാണ്. ഇന്ത്യയില്‍ പലയിടത്തും മത തീവ്രവാദവും മാവോയിസ്റ്റ് തീവ്രവാദവും ഒട്ടേറെ മനുഷ്യരുടെ ജീവന്‍ അപകടപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഈയിടെയായി നടക്കുന്ന മതത്തിന്റെ അടിസ്ഥാനത്തിലുള്ള തീവ്രവാദ ആക്രമണങ്ങളെ വലിയ വിപത്തായി നാം തിരിച്ചറിയേണ്ടതാണ്.

    ReplyDelete