Wednesday, July 28, 2010

അധഃസ്ഥിതരെയും ജനാധിപത്യത്തെയും വഞ്ചിക്കുന്ന നടപടി

അധഃസ്ഥിതരെ മുന്‍നിരയിലേയ്‌ക്ക്‌ കൊണ്ടുവരുന്നതിനായാണ്‌ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജനാധിപത്യ വേദികളിലേയ്‌ക്കും ഉദ്യോഗസ്ഥ തസ്‌തികകളിലേയ്‌ക്കും സംവരണം ഏര്‍പ്പെടുത്താന്‍ ഭരണഘടനാ ശില്‍പ്പികള്‍ ശുപാര്‍ശ ചെയ്‌തത്‌. ആ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗ മണ്ഡലങ്ങളിലും പാര്‍ലമെന്ററി സ്ഥാനങ്ങളിലും നിശ്ചിതമായ സ്ഥാനങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്‌തു. അത്തരം സംവരണ സ്ഥാനങ്ങളില്‍ അര്‍ഹതയില്ലാത്തവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി നുഴഞ്ഞു കയറുന്നത്‌ കടുത്ത അപരാധമാണ്‌. പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ക്രൂരമായ പ്രവൃത്തിയാണത്‌. പാര്‍ലമെന്റ്‌ അംഗമായി പതിറ്റാണ്ടിലേറെക്കാലം തിരഞ്ഞെടുക്കപ്പെടുകയും അതിന്റെ ആനുകൂല്യങ്ങള്‍ പറ്റുകയും ചെയ്‌ത കോണ്‍ഗ്രസ്‌ നേതാവ്‌ കൊടിക്കുന്നില്‍ സുരേഷ്‌ ചെയ്‌തത്‌ ഇത്തരമൊരു കടുത്ത അപരാധവും ആര്‍ക്കും ന്യായീകരിക്കാനാവാത്ത ക്രൂരതയുമാണെന്നാണ്‌ ഹൈക്കോടതി വിധിന്യായത്തിലൂടെ തെളിയിക്കപ്പെടുന്നത്‌. പട്ടികജാതിക്കാര്‍ക്ക്‌ അവകാശപ്പെട്ട അവസരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ മുഖേന സുരേഷ്‌ കൈവശപ്പെടുത്തി. ഭരണഘടനാ ശില്‍പ്പികള്‍ എന്താണോ ലക്ഷ്യം വെച്ചത്‌ അതിനെ ധ്വംസിക്കുന്ന പ്രവൃത്തിയാണ്‌ സുരേഷ്‌ നടത്തിയത്‌. കോണ്‍ഗ്രസ്‌ പാര്‍ട്ടിയും അത്തരം നികൃഷ്‌ട പ്രവൃത്തിക്ക്‌ കൂട്ടുനിന്നുവെന്നത്‌ പട്ടികജാതി-പട്ടികവര്‍ഗക്കാരായ അവശ, അധഃസ്ഥിത ജനവിഭാഗങ്ങളോടുള്ള കോണ്‍ഗ്രസിന്റെ നിലപാടും സമീപനവും തെളിയിക്കുന്നു. പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ അന്യായമായ നിലയില്‍ അര്‍ഹതയില്ലാത്തവര്‍ കവര്‍ന്നെടുക്കുന്നതില്‍ കോണ്‍ഗ്രസിന്‌ അഭിപ്രായ ഭിന്നതയില്ലെന്നാണ്‌ ഇത്തരം അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്‌.

1989 ലും 91 ലും 96 ലും 98 ലും 99 ലും 2004 ലും 2009 ലും നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പട്ടികജാതി സംവരണമണ്ഡലത്തിലെ യു ഡി എഫ്‌ സ്ഥാനാര്‍ഥിയായിരുന്നൂ കൊടിക്കുന്നില്‍ സുരേഷ്‌. 96 ലും 99 ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുകയും മറ്റു തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും ചെയ്‌തു. അതായത്‌ ഒന്നര ദശകത്തോളം പട്ടികജാതിക്കാരെ പ്രതിനിധീകരിക്കേണ്ട മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു കൊടിക്കുന്നില്‍സുരേഷ്‌. പക്ഷേ അത്‌ വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലത്തിലായിരുന്നു എന്ന്‌ ഹൈക്കോടതിതന്നെ പ്രസ്‌താവിക്കുമ്പോള്‍ കൊടിക്കുന്നില്‍ സുരേഷും കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും പട്ടികജാതി-പട്ടികവര്‍ഗ സമൂഹത്തോട്‌ നടത്തിയ വഞ്ചനയുടെ യഥാര്‍ഥ ചിത്രമാണ്‌ വെളിവാക്കപ്പെടുന്നത്‌.

സുരേഷ്‌ ജനിക്കുന്നതിനും മുമ്പു തന്നെ മാതാപിതാക്കള്‍ ക്രൈസ്‌തവ മതത്തിലേയ്‌ക്കു പരിവര്‍ത്തനം നടത്തിയിരുന്നു. സുരേഷിന്റെ എസ്‌ എസ്‌ എല്‍ സി ബുക്ക്‌ അടക്കമുള്ള ആധികാരിക രേഖകളില്‍ അദ്ദേഹം ക്രൈസ്‌തവ മതത്തില്‍പെടുന്ന ആളാണ്‌ എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു. ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒരാളാണ്‌ എസ്‌ സി വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ട അടൂര്‍, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച്‌ പാര്‍ലമെന്റില്‍ പോയത്‌. ബോധപൂര്‍വ്വം നടത്തിയ ഈ കുതന്ത്രം പട്ടികജാതി സമൂഹങ്ങളെ കബളിപ്പിക്കല്‍ അല്ലെങ്കില്‍ മറ്റെന്താണ്‌?

വിവരാവകാശ നിയമം നിലവില്‍ വന്നതുകൊണ്ടാണ്‌ യഥാര്‍ഥ വസ്‌തുതകള്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞതും പ്രശ്‌നം നിയമത്തിന്റെ മുന്നില്‍ എത്തിക്കുവാന്‍ കഴിഞ്ഞതും. സത്യസന്ധമായ വിവരങ്ങള്‍ ലഭ്യമായതോടെയാണ്‌ രണ്ടുപതിറ്റാണ്ടിലേറെയായി നടന്ന പട്ടികജാതിക്കാരോടുള്ള വഞ്ചന വ്യക്തമായിരിക്കുന്നത്‌.

കോണ്‍ഗ്രസിലെ തന്റെ എതിരാളികള്‍ നടത്തിയ ഗൂഢാലോചനയുടെയും ആസൂത്രിത നീക്കങ്ങളുടെയും ഫലമായാണ്‌ ഹൈക്കോടതി വിധിയുണ്ടായതെന്നാണ്‌ കൊടിക്കുന്നില്‍ സുരേഷ്‌ പറഞ്ഞത്‌. നിയമ വ്യവസ്ഥയോടും നീതിന്യായ സംവിധാനത്തോടുമുള്ള അനാദരവും അതിനെക്കുറിച്ചുള്ള അജ്ഞതയുമാണ്‌ അദ്ദേഹത്തിന്റെ പ്രസ്‌താവനയില്‍ നിഴലിക്കുന്നത്‌. കോണ്‍ഗ്രസില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഉണ്ടാവാം. കുതികാല്‍ വെട്ടലും ചതിയും സ്വാഭാവിക പ്രവൃത്തികളായിരിക്കാം. പക്ഷേ ഇത്‌ ജൂഡീഷ്യറിയുടെ വിധിപ്രസ്‌താവമാണ്‌. ജുഡീഷ്യറിയെയും കോണ്‍ഗ്രസ്‌ ഗ്രൂപ്പിസത്തെയും കൂട്ടിയിണക്കി സ്വന്തം തെറ്റില്‍ മാന്യത കണ്ടെത്താന്‍ ശ്രമിക്കുന്നത്‌ അപലപനീയമാണ്‌. രേഖകളും വസ്‌തുതകളും ആഴത്തില്‍ പഠിക്കുകയും പരിഗണിക്കുകയും ചെയ്‌തതിനുശേഷമാണ്‌ തിരഞ്ഞെടുപ്പ്‌ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ സുദീര്‍ഘ വിധി പ്രസ്‌താവമെന്നത്‌ ശ്രദ്ധേയമാണ്‌. അത്തരം വിധിപ്രസ്‌താവങ്ങളെ വസ്‌തുതകള്‍കൊണ്ട്‌ പ്രതിരോധിക്കാന്‍ കഴിയാതെ വരുമ്പോള്‍ അബദ്ധ ജഡില പ്രസ്‌താവനകള്‍ ഉന്നയിക്കുന്നതില്‍ അദ്‌ഭുതമില്ല.

ഇക്കാര്യത്തില്‍ നിയമ വ്യവഹാരങ്ങള്‍ ഇനിയും തുടര്‍ന്നേക്കാം. പക്ഷേ അശരണരും അവശരും അധസ്ഥിതരുമായ ജനവിഭാഗത്തിന്റെ അവകാശം കവര്‍ന്നെടുക്കുന്നതിനെതിരായ പോരാട്ടത്തിലെ നിര്‍ണായക ചുവടുവെയ്‌പ്പാണ്‌ ഈ ഹൈക്കോടതിവിധി. അവകാശങ്ങള്‍ അര്‍ഹതയുള്ളവരില്‍ നിന്ന്‌ തട്ടിയെടുക്കുന്നത്‌ കടുത്ത നീതിനിഷേധം തന്നെയാണ്‌ എന്നതാണ്‌ പരമപ്രധാനമായ കാര്യം.

ജനയുഗം മുഖപ്രസംഗം 28072010

പ്രസക്തമായൊരു വാര്‍ത്ത

കൊടിക്കുന്നിലിന്റെ ഉറക്കം കെടുത്തുന്ന വേഷപ്പകര്‍ച്ചകള്‍

ജനിച്ചത് ക്രിസ്ത്യന്‍ ചേരമറായി. പുണ്യാഹം നടത്തി ഹിന്ദു ചേരമറായി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹിന്ദു പുലയയും. എഐസിസി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് കോടതിയില്‍ നല്‍കിയ രേഖകളിലാണ് ഈ വേഷപ്പകര്‍ച്ച. ഹിന്ദു മതത്തിലേക്കു മാറിയശേഷവും ക്രൈസ്തവ കോളേജില്‍ പഠിക്കാന്‍ ക്രിസ്ത്യന്‍ ചേരമറായി മാറുകയുംചെയ്തു. ജോസഫിന്റെ മകനായി 1962ല്‍ ജനിച്ച ജെ മണിയനെ ഐരൂപ്പാറ മലങ്കരപ്പള്ളിയിലാണ് മാമോദീസമുക്കിയത്. അച്ഛന്‍ മരിച്ച ശേഷം '78ല്‍ സുരേഷ് എന്ന പേരില്‍ ഹിന്ദു ചേരമറായി. എന്നാല്‍, '80വരെ പ്രീഡിഗ്രിക്കു പഠിച്ചപ്പോള്‍ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ കോളേജില്‍ ക്രിസ്ത്യന്‍ ചേരമായി തുടര്‍ന്നു. ഒടുവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥിരമായി താമസിക്കുന്ന കൊട്ടാരക്കരയില്‍ താലൂക്ക്ഓഫീസില്‍നിന്നു വാങ്ങിയ ജാതിതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിലാണ് ഹിന്ദു പുലയയായത്. ഇതിനിടയ്ക്ക് അച്ഛന്‍ ജോസഫിന്റെ പേര് കുഞ്ഞനെന്നും മാറ്റി.

പുലസമുദായാംഗമാണെന്നു തെളിയിക്കാന്‍ കെപിഎംഎസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന സംഗമത്തില്‍ പങ്കെടുത്തതിന്റെ മനോരമ വാര്‍ത്തയും ചിത്രവുമായിരുന്നു ഒരു തെളിവ്. സോണിയഗാന്ധി ഉദ്ഘാടനംചെയ്യുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റിനോടും പ്രതിപക്ഷനേതാവിനോടും ഒപ്പമാണ് സുരേഷും നിന്നിരുന്നത്. ഇത് തെളിവായി സ്വീകരിച്ച് സുരേഷ് പുലയയാണെന്നു പറഞ്ഞാല്‍ സോണിയയെയും ചെന്നിത്തലയെയും പുലയരായി പരിഗണിക്കേണ്ടിവരുമെന്ന വാദിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കെപിഎംഎസ് മുന്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനെ ഇതു തെളിയിക്കാന്‍ സാക്ഷിയായി കൊണ്ടുവന്നത് ഗുണത്തേക്കാളേറെ ദോഷംചെയ്തു. സുരേഷ് വിവാഹം കെപിഎംഎസില്‍ രജിസ്റ്റര്‍ചെയ്തിരുന്നില്ലെന്ന് പുന്നല വിസ്താരത്തില്‍ സമ്മതിച്ചു. പട്ടികജാതിക്കാരുടെ ഇത്തരം ഒട്ടേറെ അവകാശങ്ങള്‍ വ്യാജന്മാര്‍ അനുഭവിക്കുന്നുണ്ടെന്നും പുന്നല സമ്മതിച്ചു.

ഹിന്ദുമതത്തിലേക്കു മാറിയെങ്കിലും ചേരമര്‍ സമുദായത്തില്‍ രജിസ്റ്റര്‍ചെയ്യാത്ത സുരേഷ് ചേരമര്‍ വിഭാഗക്കാരാനാണെന്നു പറഞ്ഞ് ചേരമര്‍ പ്രസിഡന്റ് രാജരത്നം നല്‍കിയ സര്‍ട്ടിഫിക്കറ്റായിരുന്നു മറ്റൊരു തെളിവ്. വിവാഹച്ചടങ്ങും ഫോട്ടോകളുമായിരുന്നു മറ്റൊരു തെളിവ്. ഒരു കൃഷ്ണന്‍നായര്‍ കര്‍മിയായ വിവാഹച്ചടങ്ങില്‍ പേരിനുപോലും കെപിഎംഎസ് പ്രവര്‍ത്തരോ, ചേരമര്‍ നേതാക്കളോ ഇല്ലായിരുന്നു. നേതാക്കളുടെ ബാഹുല്യത്തില്‍ ഇവര്‍ പുറംതള്ളപ്പെട്ടുപോയതാകാമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് സുരേഷ് നല്‍കിയ ഉത്തരം. സഹോദരി ലീല ഹിന്ദു ചേരമറാണെന്നു തെളിയിക്കാന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റും ഇത്തരത്തില്‍പ്പെട്ടതുതന്നെ. '61ല്‍ ജനിച്ച ലീല 1977ല്‍ മൂന്നാം ക്ളാസില്‍ ചേര്‍ന്ന് മൂന്നാംദിവസം സ്കൂളില്‍ നിന്ന് വിടുതല്‍ചെയ്ത സര്‍ട്ടിഫിക്കറ്റായിരുന്നു ഇത്. ഇളയ സഹോദരി ക്രീസ്റ്റീന സുരേഷ് ലോക്സഭാംഗമായശേഷം 1989ലാണ് മതം മാറിയതെന്നും വ്യക്തമായി.
(ഡി ദിലീപ്)

ദേശാഭിമാനി 28072010

1 comment:

  1. അധഃസ്ഥിതരെ മുന്‍നിരയിലേയ്‌ക്ക്‌ കൊണ്ടുവരുന്നതിനായാണ്‌ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജനാധിപത്യ വേദികളിലേയ്‌ക്കും ഉദ്യോഗസ്ഥ തസ്‌തികകളിലേയ്‌ക്കും സംവരണം ഏര്‍പ്പെടുത്താന്‍ ഭരണഘടനാ ശില്‍പ്പികള്‍ ശുപാര്‍ശ ചെയ്‌തത്‌. ആ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗ മണ്ഡലങ്ങളിലും പാര്‍ലമെന്ററി സ്ഥാനങ്ങളിലും നിശ്ചിതമായ സ്ഥാനങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്‌തു. അത്തരം സംവരണ സ്ഥാനങ്ങളില്‍ അര്‍ഹതയില്ലാത്തവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി നുഴഞ്ഞു കയറുന്നത്‌ കടുത്ത അപരാധമാണ്‌. പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ക്രൂരമായ പ്രവൃത്തിയാണത്‌. പാര്‍ലമെന്റ്‌ അംഗമായി പതിറ്റാണ്ടിലേറെക്കാലം തിരഞ്ഞെടുക്കപ്പെടുകയും അതിന്റെ ആനുകൂല്യങ്ങള്‍ പറ്റുകയും ചെയ്‌ത കോണ്‍ഗ്രസ്‌ നേതാവ്‌ കൊടിക്കുന്നില്‍ സുരേഷ്‌ ചെയ്‌തത്‌ ഇത്തരമൊരു കടുത്ത അപരാധവും ആര്‍ക്കും ന്യായീകരിക്കാനാവാത്ത ക്രൂരതയുമാണെന്നാണ്‌ ഹൈക്കോടതി വിധിന്യായത്തിലൂടെ തെളിയിക്കപ്പെടുന്നത്‌

    ReplyDelete