Thursday, July 29, 2010

ലോട്ടറി പ്രശ്നത്തില്‍ ഒമ്പത് ചോദ്യങ്ങള്‍

അന്യസംസ്ഥാന ലോട്ടറി സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിലുന്നയിച്ച അഴിമതി ആരോപണങ്ങള്‍, നിയമവിരുദ്ധ ലോട്ടറി സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള തങ്ങളുടെ കള്ളക്കളി പുറത്തുകാണാതിരിക്കാനുള്ള പുകമറ സൃഷ്ടിക്കല്‍ മാത്രമാണ്. വസ്തുതകള്‍ സൂക്ഷ്മമായി പഠിച്ചാല്‍, ലോട്ടറി മാഫിയയുടെ രക്ഷകര്‍, ഇന്ന് ആരോപണവുമായി വന്ന കോണ്‍ഗ്രസും അതിന്റെ കേന്ദ്രഗവണ്‍മെന്റുമാണ് എന്നു കാണാന്‍ വിഷമമില്ല. ഈ സത്യം ജനങ്ങളറിയുന്നതിലുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അസ്വസ്ഥതയാണ് അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് ചോദ്യങ്ങള്‍ ഞങ്ങള്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ മുമ്പില്‍ വയ്ക്കുന്നു. ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉമ്മന്‍ചാണ്ടി മറുപടി പറയുമെങ്കില്‍ ജനങ്ങള്‍ക്ക് യാഥാര്‍ഥ്യം ബോധ്യപ്പെടും.

ഒന്ന്: അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടി എടുക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിന് അധികാരമുണ്ടെന്നാണല്ലോ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും വാദം. എങ്കില്‍പിന്നെ നടപടി അധികാരം സംസ്ഥാനത്തിനു നല്‍കണമെന്നാവശ്യപ്പെടുന്ന കഴിഞ്ഞ ആഗസ്തിലെ സര്‍വകക്ഷി നിവേദനത്തില്‍ ഉമ്മന്‍ചാണ്ടി എന്തിന് ഒപ്പുവച്ചു?

രണ്ട്: സുപ്രീംകോടതിയിലെ ലോട്ടറി കേസ് കേരള ഗവണ്‍മെന്റിന് അനുകൂലമായി നീങ്ങിയ ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പാര്‍ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഗവമെന്റ് ലോട്ടറി എന്നതില്‍ ഓണ്‍ലൈന്‍ ലോട്ടറിയും പെടും എന്ന നിര്‍വചനത്തോടെ കേന്ദ്ര ലോട്ടറി നിയന്ത്രണച്ചട്ടങ്ങള്‍ ധൃതിപിടിച്ച് ഭേദഗതിപ്പെടുത്തിയത് ആര്‍ക്കുവേണ്ടിയായിരുന്നു?

മൂന്ന്: കേന്ദ്രം പുറപ്പെടുവിച്ച ആ ചട്ടമല്ലേ കേരളത്തിന്റെ ഓണ്‍ലൈന്‍ ലോട്ടറി നിരോധനത്തെ ത്രിശങ്കുവിലാക്കിയതും ഒരു പ്രൊമോട്ടര്‍ക്ക് ഒരു ദിവസം 24 നറുക്കെടുപ്പുവരെ നടത്താം എന്ന അവസ്ഥ ഉണ്ടാക്കിവച്ചതും?

നാല്: കേരളം ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ച് ചട്ടമുണ്ടാക്കിയപ്പോള്‍ അതിനെ അത്തരം ലോട്ടറിക്കാര്‍ക്കുവേണ്ടി ചോദ്യംചെയ്തുകൊണ്ട് കോടതിയില്‍ ഹാജരായത് താങ്കളുടെ പാര്‍ടിയിലെ പ്രമുഖനായ പി ചിദംബരമല്ലേ?

അഞ്ച്: ആ ചിദംബരം ആഭ്യന്തരമന്ത്രിയായപ്പോഴല്ലേ, ഓണ്‍ലൈനെ നിയമവിധേയമാക്കുംവിധമുള്ള ചട്ടഭേദഗതി വരുത്തിയത്?

ആറ്: അന്യസംസ്ഥാന ലോട്ടറിക്കെതിരെ സംസ്ഥാനത്തിന് നടപടി എടുക്കാന്‍ അവകാശമില്ലെന്നുമാത്രമല്ല, നടപടി എടുക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്നു നിര്‍ദേശിക്കാന്‍ കോടതിക്ക് അവകാശമില്ല എന്നുപോലും സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ചിനുമുമ്പില്‍ വാദിച്ചത് ഉമ്മന്‍ചാണ്ടിയുടെ പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അല്ലേ. ആരുടെ താല്‍പ്പര്യത്തിലുള്ളതായിരുന്നു ആ വാദം? ആ വാദമല്ലേ കേരളത്തെ കേസില്‍ തോല്‍പ്പിച്ചത്?

ഏഴ്: ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചതും അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയതും ആ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ കാണിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചതും യുഡിഎഫ് ഗവണ്‍മെന്റല്ല, എല്‍ഡിഎഫ് ഗവണ്‍മെന്റാണ് എന്നത് കാണുന്നില്ലേ?

എട്ട്: ഓണ്‍ലൈന്‍ ലോട്ടറിക്കാര്‍ക്കെതിരായ നടപടികള്‍ പിന്‍വലിക്കുമെന്ന് വിശദീകരിക്കുകയും ഇനി നടപടി എടുക്കില്ല എന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്ന സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നില്ലേ യുഡിഎഫ് ഗവമെന്റ് ചെയ്തത്?

ഒമ്പത്: കേരളത്തിന്റെ താല്‍പ്പര്യത്തെ അപകടപ്പെടുത്തുന്നതും ലോട്ടറി സ്ഥാപനങ്ങളുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നതുമായ ഈ സത്യവാങ്മൂലത്തിലെ അപകടം മുന്‍നിര്‍ത്തി അത് ഭേദഗതിപ്പെടുത്താനനുവദിക്കണമെന്ന് സുപ്രീംകോടതിയോട് അപേക്ഷിച്ചത് എല്‍ഡിഎഫ് ഗവണ്‍മെന്റാണെന്ന സത്യം നിഷേധിക്കാനാകുമോ?

ഈ ഒമ്പത് ചോദ്യങ്ങള്‍ക്ക് പൊതുജനസമക്ഷം മറുപടി പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായാല്‍ ലോട്ടറിക്കാര്യത്തില്‍ കള്ളക്കളി നടത്തിയതാരാണെന്ന് വ്യക്തമാകും. അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടപടിയെടുക്കുന്നതില്‍നിന്ന് സംസ്ഥാന ഗവണ്‍മെന്റിനെ വിലക്കുന്നത് കേന്ദ്രനിയമത്തിന്റെ നാലാംവകുപ്പാണ്. അത് നീക്കിയാല്‍ ആ നിമിഷം ഇത്തരം ലോട്ടറികള്‍ സംസ്ഥാനത്തിന് അടച്ചുപൂട്ടാവുന്നതേയുള്ളൂ. അക്കാര്യത്തില്‍ പൂര്‍ണ പ്രതിബദ്ധതയുള്ളതുകൊണ്ടാണ് കേരള ഗവണ്‍മെന്റ് വിജിലന്‍സ് അന്വേഷണം നടത്തിയത്; നിയമലംഘനം ചൂണ്ടിക്കാട്ടി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിനെയാണ് പേപ്പര്‍ ലോട്ടറിക്കാര്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്തത്. അപ്പോഴാണ് മറ്റൊരു സംസ്ഥാനത്തിലെ ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രത്തിനേ അധികാരമുള്ളൂ എന്ന് ഹൈക്കോടതി പറഞ്ഞത്. സംസ്ഥാനത്തിന് അധികാരം സ്ഥാപിച്ച് കിട്ടാന്‍ എല്‍ഡിഎഫ് ഗവമെന്റ് സുപ്രീംകോടതിയില്‍ പോയി. സുപ്രീംകോടതിയാകട്ടെ, കേന്ദ്രം ഉടന്‍ നടപടിയെടുക്കണമെന്ന് നിര്‍ദേശിക്കുകയാണ് ചെയ്തത്. പക്ഷേ ഇതുവരെ കേന്ദ്രനടപടിയില്ല!

ഓണ്‍ലൈന്‍ ലോട്ടറി കേസുകളുമായി കൂട്ടിച്ചേര്‍ത്ത് ഈ കേസുകളും പരിഗണിച്ചാല്‍ കാലതാമസമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ഗവണ്‍മെന്റ് വിധിതീര്‍പ്പ് നേരത്തെ ആക്കിയെടുത്തതാണ്. പക്ഷേ, കേന്ദ്രം അനങ്ങുന്നില്ല. ഒരു പ്രൊമോട്ടര്‍ക്ക് 24 നറുക്കെടുപ്പുവരെ ദിവസവും നടത്താമെന്ന നിലയ്ക്ക് കേന്ദ്രം ചട്ടത്തില്‍ ഇളവുവരുത്തിയ പശ്ചാത്തലമുപയോഗിച്ച് അരുണാചലില്‍നിന്ന് ചിലര്‍ നല്‍കിയ അപേക്ഷ തള്ളുകയാണ് കേരളം ചെയ്തത്. എന്നാല്‍, സുപ്രീംകോടതി ഇടപെട്ട് പാലക്കാട്ടെ അസിസ്റ്റന്റ് കൊമേഴ്സ്യല്‍ ടാക്സ് കമീഷണര്‍ക്ക് അത് അയച്ചുകൊടുക്കുകയാണ് ചെയ്തത്. രജിസ്ട്രേഷന്‍ നിഷേധിക്കാന്‍ സംസ്ഥാനത്തിന് കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തിന് അനുകൂലമായ നിലപാട് കേന്ദ്രം എടുക്കണമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. എന്നാല്‍, ലോട്ടറിക്കാര്‍ക്കുവേണ്ടിയുള്ള നിലപാടാണ് കേന്ദ്രം എടുത്തത്. സുപ്രീംകോടതിയില്‍ കേസ് കേരളത്തിന് അനുകൂലമാകുന്നു എന്നുവന്ന ഘട്ടത്തിലാണ് കേന്ദ്രം സെക്രട്ടറിതല പഠനഗ്രൂപ്പിന്റെ റിപ്പോര്‍ട്ടുകൊണ്ട് ആ സാധ്യതയും പൊളിച്ചത്.

ഇത്തരമൊരു സാഹചര്യത്തിലാണ് കേരള ഗവണ്‍മെന്റ് വിളിച്ചുകൂട്ടിയ സര്‍വകക്ഷിയോഗം സംസ്ഥാനത്തിന് നടപടിയെടുക്കാനുള്ള അധികാരം ആവശ്യപ്പെട്ടത്; ഓണ്‍ലൈന്‍ ലോട്ടറി നിയമവിധേയമാക്കരുതെന്ന് ആവശ്യപ്പെട്ടത്; സുപ്രീംകോടതിയില്‍ അന്യസംസ്ഥാന ലോട്ടറിക്കെതിരായ സംസ്ഥാന നിലപാടിനെ പിന്തുണയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഈ ആവശ്യങ്ങളടങ്ങിയ നിവേദനത്തില്‍ ഒപ്പുവച്ചവര്‍തന്നെ, സംസ്ഥാനത്തിന് നടപടി അധികാരമുണ്ടെന്ന് പറയുമ്പോള്‍ അത് കാപട്യമല്ലാതെ മറ്റെന്താകാന്‍? ഇത് മുന്‍നിര്‍ത്തി നിയമസഭയില്‍ അഴിമതി ആരോപണമുന്നയിക്കുന്നത് തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടല്ലാതെ, മറ്റെന്തുകൊണ്ടാകാന്‍?

ദേശാഭിമാനി മുഖപ്രസംഗം 29072010

4 comments:

  1. അന്യസംസ്ഥാന ലോട്ടറി സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിലുന്നയിച്ച അഴിമതി ആരോപണങ്ങള്‍, നിയമവിരുദ്ധ ലോട്ടറി സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള തങ്ങളുടെ കള്ളക്കളി പുറത്തുകാണാതിരിക്കാനുള്ള പുകമറ സൃഷ്ടിക്കല്‍ മാത്രമാണ്. വസ്തുതകള്‍ സൂക്ഷ്മമായി പഠിച്ചാല്‍, ലോട്ടറി മാഫിയയുടെ രക്ഷകര്‍, ഇന്ന് ആരോപണവുമായി വന്ന കോണ്‍ഗ്രസും അതിന്റെ കേന്ദ്രഗവണ്‍മെന്റുമാണ് എന്നു കാണാന്‍ വിഷമമില്ല. ഈ സത്യം ജനങ്ങളറിയുന്നതിലുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അസ്വസ്ഥതയാണ് അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് ചോദ്യങ്ങള്‍ ഞങ്ങള്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ മുമ്പില്‍ വയ്ക്കുന്നു. ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉമ്മന്‍ചാണ്ടി മറുപടി പറയുമെങ്കില്‍ ജനങ്ങള്‍ക്ക് യാഥാര്‍ഥ്യം ബോധ്യപ്പെടും.

    ReplyDelete
  2. നല്ല ചോദ്യങ്ങൾ..

    ReplyDelete
  3. ഒറ്റ രാത്രി കൊണ്ട് ലക്ഷ പ്രഭുക്കളെയും കൊടിശ്വരന്‍ മാരെയും പടച്ചു വിടുന്ന ഈ ചൂതാട്ടതിനോട് ഒരു ഇടതു പക്ഷ സര്‍ക്കാരിനു എങ്ങനെ യോജിക്കാന്‍ കഴിയുന്നു. ലക്ഷ പ്രഭുക്കളെയും കൊടിശ്വരന്മാരെയും പടച്ചു വിട്ടിട്ടു പിന്നെ അവരെ അടിച്ചു അമര്തുന്നതാണോ ലക്‌ഷ്യം. ആദ്യം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഈ ചൂതാട്ടം നിര്‍ത്തണം. എന്നിട്ട് മറ്റുള്ളവര്‍ നടത്തുന്നതിനെ എതിര്‍ക്കണം. അതല്ലേ വേണ്ടത്.

    ReplyDelete
  4. അങ്കിള്‍ ഞാന്‍ ഇടതന്‍ അല്ല,എന്നാല്‍ വലതു വിരുദ്ധന്‍ ആണ്."ഇടതിനെ"കുറിച്ചു ഇത്ര ആശങ്ക,ആ പരിശുദ്ധി നിലനിര്‍ത്താന്‍ നോമ്പ് നോല്‍ക്കുന്ന താങ്കളോട് ചോദിക്കട്ടെ,ഗാന്ധിജി ചൂതാട്ടത്തെ
    അനുകൂലിച്ചിരുന്നോ? രാജ്യത്തെ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഏതു നിയമം നിര്‍മ്മിക്കുംബോളും ആദ്യമോര്‍ക്കാന്‍ പറഞ്ഞ ഗാന്ധിയുടെ
    പാര്ടികാര്‍ എന്തെ ഒന്നുകില്‍ ചൂതാട്ടം നിര്‍ത്തുന്നില്ല അല്ലെങ്കില്‍ നിയന്ത്രിക്കാനുള്ള എല്ലാ
    അധികാരവും സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നില്ല. എന്തിനാണ് ലോട്ടറി മാഫിയക്ക് വേണ്ടി വാദിക്കാന്‍
    രാഷ്ട്രത്തിന്റെ ആഭ്യന്ദര മന്ത്രിയും,പുത്രനും ഭാര്യയും കോടതികളില്‍ എത്തുന്നത്.അതുകൂടി കൂട്ടത്തില്‍ കുണ്ടിതപ്പെട് സാര്‍.

    ReplyDelete