Saturday, July 31, 2010

ഭരണം താരതമ്യംചെയ്താല്‍ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം: വി എസ്

സംസ്ഥാന സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ജനക്ഷേമകരമായ ഭരണവും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധഭരണവും താരതമ്യംചെയ്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ എല്‍ഡിഎഫിന് പിന്നില്‍ അണിനിരക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളെ ന്യായീകരിക്കുന്ന ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ചുട്ടമറുപടി ലഭിക്കും. ജനവിരുദ്ധവും രാജ്യദ്രോഹകരവുമായ കേന്ദ്രനയങ്ങള്‍ തുറന്നുകാട്ടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള തെക്കന്‍മേഖലാജാഥ അരൂക്കുറ്റി വടുതല ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.

അങ്ങേയറ്റം ജനവിരുദ്ധനയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്റെ ഫലമായി ജനജീവിതം ദുസ്സഹമായി. ഇന്ധനവിലയും മറ്റും അടിക്കടി വര്‍ധിപ്പിച്ചും റിലയന്‍സ്പോലുള്ള വന്‍കിട കുത്തകകമ്പനികളെ നിരന്തരം സഹായിച്ചും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. അതേസമയം വന്‍തോതിലുള്ള അഴിമതിയുടെ കാര്യത്തില്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണം മുന്നിലെത്തുകയും ചെയ്തു. ഒരുലക്ഷം കോടി രൂപയുടെ സ്പെക്ട്രം അഴിമതി, ആയിരക്കണക്കിന് കോടി രൂപ മറിഞ്ഞ ക്രിക്കറ്റ് കോഴവിവാദം എന്നിവയെല്ലാം കേന്ദ്രത്തിലെ അഴിമതിക്ക് ഉത്തമ ഉദാഹരണങ്ങളാണ്. ഇതിനെയെല്ലാം ന്യായീകരിക്കുന്ന സമീപനമാണ് കേരളത്തില്‍ പ്രതിപക്ഷം പിന്തുടരുന്നത്.

കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച ഭരണനേട്ടം. അതോടൊപ്പം സമൂഹത്തിലെ മഹാഭൂരിപക്ഷംവരുന്ന പാവങ്ങള്‍ക്ക് സുരക്ഷിതമായ ജീവിതം ഉറപ്പ് നല്‍കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടികളെടുത്തു. 38 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപ നിരക്കില്‍ അരി വിതരണം ചെയ്യുന്നു. മുഴുവന്‍ സാമൂഹിക സുരക്ഷാപെന്‍ഷനുകളും 300 രൂപയാക്കി ഉയര്‍ത്തി. സാധാരണ രോഗങ്ങള്‍ക്ക് 30,000 രൂപയുടെവരെ സൌജന്യ ചികിത്സ ഉറപ്പാക്കി. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും അര്‍ബുദം പോലുള്ള മാരകരോഗങ്ങള്‍ക്കും 70,000 രൂപയുടെവരെ സൌജന്യ ചികിത്സ നല്‍കുന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നഷ്ടത്തിലായിരുന്ന മുഴുവന്‍ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും ഈ സര്‍ക്കാര്‍ ലാഭത്തിലാക്കി. മത്സ്യത്തൊഴിലാളികളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള സമഗ്ര ബില്ല് വ്യാഴാഴ്ച സംസ്ഥാന നിയമസഭ പാസാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തു. നെല്‍കൃഷി ഉപേക്ഷിച്ചുപോയവരെ ഉള്‍പ്പെടെ തിരികെ കൃഷിയിലേക്ക് കൊണ്ടുവരാനും 60,000ത്തിലേറെ ഏക്കര്‍ പ്രദേശത്ത് പുതുതായി നെല്‍കൃഷി വ്യാപിപ്പിക്കാനും സര്‍ക്കാരിന്റെ സമഗ്രമായ കാര്‍ഷികനയം സഹായിച്ചു. നെല്ലിന് രാജ്യത്ത് എവിടെയും ലഭിക്കാത്ത ഉയര്‍ന്ന വില നല്‍കാനും നെല്ല് നേരിട്ട് സംഭരിക്കാനും സംവിധാനമുണ്ടാക്കിയെന്ന് വി എസ് പറഞ്ഞു.

deshabhimani 30072010

1 comment:

  1. സംസ്ഥാന സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ജനക്ഷേമകരമായ ഭരണവും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധഭരണവും താരതമ്യംചെയ്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ എല്‍ഡിഎഫിന് പിന്നില്‍ അണിനിരക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളെ ന്യായീകരിക്കുന്ന ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ചുട്ടമറുപടി ലഭിക്കും. ജനവിരുദ്ധവും രാജ്യദ്രോഹകരവുമായ കേന്ദ്രനയങ്ങള്‍ തുറന്നുകാട്ടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള തെക്കന്‍മേഖലാജാഥ അരൂക്കുറ്റി വടുതല ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.

    ReplyDelete