Friday, July 16, 2010

കേരളം രാജ്യത്തിന് വീണ്ടും മാതൃക

ഇന്ത്യയിലെ ക്ഷേമസംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍ കേരളമാണെന്ന് ഐക്യരാഷ്ട്രസഭയുടെ പഠനം. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (യുഎന്‍ഡിപി) പുതിയ ബഹുമുഖ ദാരിദ്യ്ര സൂചിക പ്രകാരമാണ് കേരളം രാജ്യത്തിന് മാതൃകയാകുന്നത്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 55 ശതമാനവും ദരിദ്രരാണെന്നും കേരളത്തിലിത് 16 ശതമാനം മാത്രമാണെന്നും യുഎന്‍ഡിപി സര്‍വേ വ്യക്തമാക്കുന്നു. ഡല്‍ഹി, ഗോവ തുടങ്ങിയ ചുരുക്കം ചെറിയ സംസ്ഥാനങ്ങള്‍മാത്രമാണ് കേരളത്തിനൊപ്പം ദരിദ്രരുടെ എണ്ണത്തില്‍ പിന്നില്‍ നില്‍ക്കുന്നത്. യുഎന്‍ഡിപി പുറത്തിറക്കാന്‍ പോകുന്ന മനുഷ്യവികസന റിപ്പോര്‍ട്ടിന്റെ ഇരുപതാം വാര്‍ഷിക എഡിഷനിലാണ് പുതിയ കണക്ക് പുറത്തുവിട്ടത്.

യുഎന്‍ഡിപിക്കുവേണ്ടി ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ് (ഒപിഎച്ച്ഐ) തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചികപ്രകാരമാണ് കണക്കെടുപ്പ് നടത്തിയത്. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, കുടിവെള്ളം, ശുചിത്വം, മറ്റ് ജീവിതനിലിവാരം തുടങ്ങി പത്ത് സൂചികയാണ് റിപ്പോര്‍ട്ടിന് ആധാരമാക്കിയത്. സൂചികയുടെ 10 മാനദണ്ഡത്തില്‍ മൂന്ന് എണ്ണത്തിലെങ്കിലും പിന്നോക്കം നില്‍ക്കുന്നവരെയാണ് ദരിദ്രരായി കണക്കാക്കിയത്. ഇന്ത്യക്കു പുറമെ മറ്റ് ലോകരാജ്യങ്ങളിലെ ദാരിദ്ര്യനിരക്കും പുതിയ സൂചികപ്രകാരം യുഎന്‍ഡിപി തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയിലെ 65 കോടി ജനങ്ങള്‍ (55 ശതമാനം) ദരിദ്രരാണെന്നാണ് യുഎന്‍ഡിപിയുടെ കണക്ക്.

പോഷകാഹാരക്കുറവാണ് ഇന്ത്യയിലെ ദാരിദ്യ്രത്തിന്റെ മുഖ്യഘടകം. ദരിദ്രരില്‍ 40 ശതമാനത്തിലേറെയും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരും പട്ടിണിയെ അഭിമുഖീകരിക്കുന്നവരുമാണ്. ബിഹാറും ജാര്‍ഖണ്ഡുമാണ് ദാരിദ്ര്യ സൂചികയില്‍ ശതമാനക്കണക്കില്‍ മുന്നില്‍. ബിഹാറില്‍ 81 ശതമാനവും ജാര്‍ഖണ്ഡില്‍ 77 ശതമാനവും ജനങ്ങള്‍ ദരിദ്രരാണ്. ദരിദ്രരുടെ എണ്ണത്തില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യയാണ് ലോകത്ത് മുന്നില്‍. ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലെ ദരിദ്രരുടെ എണ്ണം ആഫ്രിക്കയിലെ 26 രാജ്യത്തെ ദരിദ്രരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. യുഎന്‍ഡിപി കണക്കുപ്രകാരം പാകിസ്ഥാനില്‍ 51 ശതമാനവും ബംഗ്ളാദേശില്‍ 58 ശതമാനവും നേപ്പാളില്‍ 65 ശതമാനവുമാണ് ദരിദ്രര്‍. ഇന്ത്യയില്‍ പട്ടികവര്‍ഗ ജനങ്ങളില്‍ 81 ശതമാനവും പട്ടികജാതി വിഭാഗങ്ങളില്‍ 66 ശതമാനവും ദരിദ്രരാണ്. മറ്റ് പിന്നോക്കവിഭാഗങ്ങളില്‍ 58 ശതമാനം ദരിദ്രരാണ്. സര്‍ക്കാരിന്റെ ഔദ്യോഗികണക്കുപ്രകാരം രാജ്യത്ത് 29 ശതമാനംമാത്രമാണ് ദരിദ്രര്‍. ആസൂത്രണകമീഷന്റെ കണക്കില്‍ ബിഹാറില്‍ 41.4 ശതമാനമാണ് ദരിദ്രര്‍. കശ്മീരില്‍ അഞ്ചു ശതമാനംമാത്രം ദരിദ്രരെന്ന് ആസൂത്രണകമീഷന്‍ പറയുമ്പോള്‍ യുഎന്‍ഡിപി കണക്കിലിത് 50 ശതമാനമാണ്.

ദേശാഭിമാനി 16072010

1 comment:

  1. ഇന്ത്യയിലെ ക്ഷേമസംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍ കേരളമാണെന്ന് ഐക്യരാഷ്ട്രസഭയുടെ പഠനം. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (യുഎന്‍ഡിപി) പുതിയ ബഹുമുഖ ദാരിദ്യ്ര സൂചിക പ്രകാരമാണ് കേരളം രാജ്യത്തിന് മാതൃകയാകുന്നത്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 55 ശതമാനവും ദരിദ്രരാണെന്നും കേരളത്തിലിത് 16 ശതമാനം മാത്രമാണെന്നും യുഎന്‍ഡിപി സര്‍വേ വ്യക്തമാക്കുന്നു. ഡല്‍ഹി, ഗോവ തുടങ്ങിയ ചുരുക്കം ചെറിയ സംസ്ഥാനങ്ങള്‍മാത്രമാണ് കേരളത്തിനൊപ്പം ദരിദ്രരുടെ എണ്ണത്തില്‍ പിന്നില്‍ നില്‍ക്കുന്നത്. യുഎന്‍ഡിപി പുറത്തിറക്കാന്‍ പോകുന്ന മനുഷ്യവികസന റിപ്പോര്‍ട്ടിന്റെ ഇരുപതാം വാര്‍ഷിക എഡിഷനിലാണ് പുതിയ കണക്ക് പുറത്തുവിട്ടത്.

    ReplyDelete