Friday, July 16, 2010

വഖഫ് ബോര്‍ഡ് അഴിമതി വിജിലന്‍സ് അന്വേഷണത്തിന്

സംസ്ഥാന വഖഫ് ബോര്‍ഡിലെ അഴിമതിസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബോര്‍ഡിലെയും വഖഫ് സ്ഥാപനങ്ങളിലെയും ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച റിട്ട. ജഡ്ജി എം എ നിസാര്‍ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, നടപടി റിപ്പോര്‍ട്ടുസഹിതം വ്യാഴാഴ്ച മന്ത്രി പാലോളി മുഹമ്മദുകുട്ടി നിയമസഭയില്‍ സമര്‍പ്പിച്ചു. കമീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വഖഫ് നിയമവും സംസ്ഥാന വഖഫ് ചട്ടങ്ങളും പ്രകാരം നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണവും കമീഷന്‍ ശുപാര്‍ശപ്രകാരമാണ്. ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി എം ജമാലിനെ നീക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ സ്വീകരിച്ചു.

വഖഫ് സ്വത്ത് അന്യാധീനപ്പെടുത്തിയതടക്കമുള്ള വന്‍ ക്രമക്കേടുകള്‍ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. മുസ്ളിംലീഗ് സമ്മേളനത്തിന് വഖഫ് ഫണ്ടില്‍നിന്ന് അരലക്ഷം രൂപ സംഭാവന നല്‍കിയതുള്‍പ്പെടെ കമീഷന്‍ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷണത്തിന് വിടും. വഴിവിട്ടു നല്‍കിയ പണം തിരിച്ചുപിടിക്കാനും കമീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ബോര്‍ഡില്‍ സാമ്പത്തികക്രമക്കേടുകളുണ്ടായത്. അന്വേഷണ കമീഷന്‍ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ മുസ്ളിംലീഗ് നിരന്തരം ശ്രമിച്ചിരുന്നു. കമീഷനെ നിയോഗിച്ചതിനെതിരെ മുന്‍ ചെയര്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി അത് തള്ളി. ഭൂമി അന്യാധീനപ്പെടുത്തല്‍, സാമ്പത്തിക ക്രമക്കേടുകള്‍, ജീവനക്കാരുടെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, കെട്ടിടനിര്‍മാണത്തിലെ ക്രമക്കേടുകള്‍ തുടങ്ങിയവയാണ് കമീഷന്‍ അന്വേഷിച്ചത്.

എറണാകുളം കലൂരില്‍ വഖഫ് ആസ്ഥാനമന്ദിരം നിര്‍മാണത്തിന്റെ മറവില്‍ ഭീമമായ ക്രമക്കേട് നടന്നതായി തെളിഞ്ഞു. മാനദണ്ഡങ്ങള്‍ പാലിക്കാതെയും ടെന്‍ഡര്‍ വിളിക്കാതെയുമായിരുന്നു പ്രവൃത്തി. തളിപ്പറമ്പ് ജുമാ മോസ്ക് കമ്മിറ്റി മുസ്ളിംലീഗ് സമ്മേളനത്തിന് വഖഫ് ഫണ്ടില്‍നിന്ന് സംഭാവന നല്‍കിയ അരലക്ഷം രൂപ ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചു. തളിപ്പറമ്പ് ജുമാ അത്ത് പള്ളി കമ്മിറ്റി, മലപ്പുറം വളാഞ്ചേരി മൂന്നാക്കല്‍ പള്ളി, വാഴക്കാട് ദാറുല്‍ ഉലൂം മദ്രസ്സ- വിദ്യാഭ്യാസ കോംപ്ളക്സ് എന്നിവയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ല. ഇത് വിശദമായ ഓഡിറ്റിന് വിധേയമാക്കണം. മൂന്നാക്കല്‍ പള്ളിയിലേക്ക് വരുന്ന സംഭാവനകള്‍ കണക്കില്‍ ചേര്‍ക്കുന്നില്ല. ബോര്‍ഡില്‍ രജിസ്റര്‍ചെയ്ത സ്ഥാപനങ്ങളുടെ വാര്‍ഷിക വരവുചെലവ് പരിശോധിക്കുകയോ ബോര്‍ഡിന്റെ വിഹിതം ഈടാക്കുകയോ ചെയ്യുന്നില്ല. ഫാറൂഖ് കോളേജിന്റെ വികസനത്തിന് മട്ടാഞ്ചേരി വില്ലേജില്‍ വഖഫ് ചെയ്ത 404 ഏക്കര്‍ ഭൂമി കോളേജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി സമ്മാനമായി കിട്ടിയതെന്ന പേരില്‍ വിറ്റതിനെതിരെ നടപടി സ്വീകരിക്കാനും ഭൂമി വഖഫ് സ്വത്തായി സംരക്ഷിക്കാനും നടപടിയെടുക്കണം. തളിപ്പറമ്പ് ജുമാ അത്ത് പള്ളിക്ക് നഷ്ടപ്പെട്ട 400 ഏക്കര്‍ വഖഫ് ഭൂമി തിരിച്ചുപിടിക്കണം. എറണാകുളം വടക്കേക്കര വില്ലേജിലെ സത്താര്‍ ഐലന്റ് എന്ന പേരിലുള്ള 154 ഏക്കര്‍ വഖഫ് ഭൂമി വെറും അഞ്ചുകോടി രൂപയ്ക്ക് വില്‍പ്പന നടത്തിയത് വീണ്ടെടുക്കാന്‍ നിയമ നടപടിയെടുക്കണം. ജീവനക്കാരുടെ നിയമനത്തിലെ ക്രമക്കേടും അന്വേഷണവിധേയമാക്കും. കേന്ദ്ര- സംസ്ഥാന വഖഫ് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും.

deshabhimani 16072010

1 comment:

  1. സംസ്ഥാന വഖഫ് ബോര്‍ഡിലെ അഴിമതിസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബോര്‍ഡിലെയും വഖഫ് സ്ഥാപനങ്ങളിലെയും ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച റിട്ട. ജഡ്ജി എം എ നിസാര്‍ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, നടപടി റിപ്പോര്‍ട്ടുസഹിതം വ്യാഴാഴ്ച മന്ത്രി പാലോളി മുഹമ്മദുകുട്ടി നിയമസഭയില്‍ സമര്‍പ്പിച്ചു. കമീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വഖഫ് നിയമവും സംസ്ഥാന വഖഫ് ചട്ടങ്ങളും പ്രകാരം നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണവും കമീഷന്‍ ശുപാര്‍ശപ്രകാരമാണ്. ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി എം ജമാലിനെ നീക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ സ്വീകരിച്ചു.

    ReplyDelete